അമ്മേ... അഭയം

അമ്മേ... അഭയം

HIGHLIGHTS

ശബരിമല ക്ഷേത്രത്തിലെന്നപോലെ ജാതി-മതഭേദമെന്യേ അമ്മന്‍ സന്നിധിയില്‍ ഭക്തര്‍ ദര്‍ശനം നടത്താറുണ്ട്. ശബരിമലയില്‍ നിശ്ചിത പ്രായത്തിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ വ്രതാനുഷ്ഠാനത്തിന് ശേഷം മണ്ടയ്ക്കാട്ട് ഭഗവതി അമ്മന്‍ ക്ഷേത്രത്തിലേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍ തീര്‍ത്ഥയാത്ര നടത്തുന്നു. കോവിലിന് അപ്പുറവും ഇപ്പുറവും കടലാണ്. സുനാമി കടപ്പുറം മുഴുവന്‍ തൂത്തുവാരിയെടുത്ത് കൊണ്ടുപോയെങ്കിലും അമ്മനരികിലെത്താന്‍ അവയ്ക്കായില്ല...'  പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി തുളുമ്പുന്ന കണ്ണുകളും ഇടറുന്ന നെഞ്ചകവുമായി ഭഗവതി അമ്മന് മുമ്പില്‍ കൈകൂപ്പുകയാണ്  ആയിരക്കണക്കിന് ഭക്തര്‍...


പാപഭാരമുള്ള ഇരുമുടിയേന്തി അയ്യപ്പസന്നിധിയിലെത്തും പോലെ സ്ത്രീകള്‍ ഇരുമുടിയേന്തി ദര്‍ശനം നടത്തുന്ന കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്ര സന്നിധിയിലേക്ക്...

കാലമേറെ കഴിഞ്ഞിരിക്കുന്നു അമ്മയുടെ സന്നിധിയിലെത്തിയിട്ട്. മനസ്സിനെ കാറ്റ് പിടിച്ച് ഉലച്ചപ്പോഴെല്ലാം ചേര്‍ത്തുനിര്‍ത്തി സങ്കടക്കടലില്‍ മുങ്ങിത്താഴാതെ അഭയമേകിയ അമ്മയാണിത്. വിങ്ങിപ്പൊട്ടി പറഞ്ഞ പരാതികളും, സങ്കടങ്ങളും, കുറ്റങ്ങളും കുറവുകളും കാതൊഴിയാതെ കേട്ടുനിന്നതും അമ്മ. 'എത്താന്‍ എന്തേ വൈകി' എന്ന പരിഭവമൊന്നും ഇല്ലാതെ ചന്ദനസുഗന്ധവും, തണുപ്പുമുള്ള കൈവിരലാല്‍ വാത്സല്യത്തോടെ അമ്മ നെറുകയില്‍ തൊടും. ആ നിമിഷമാണ് കണ്ണീരിന്‍റെ തിളയിളകുന്നത്. സര്‍വ്വതും അവ്യക്തമായി മിഴികള്‍ തുളുമ്പിത്തുടങ്ങും. നെഞ്ചില്‍ കൂടുകൂട്ടിയ ഭാരമിറങ്ങിക്കഴിഞ്ഞാല്‍ മനസ്സില്‍ ഹിമകണങ്ങള്‍ പരന്നൊഴുകും. നെഞ്ചിലെ നീറ്റലില്‍ അത് സൗഖ്യസ്പര്‍ശനമായി മാറും. അതാണ് അമ്മയെ കണ്ടിറങ്ങുന്ന അനുഭവം.. അമ്മയല്ലാതെ മറ്റൊരു അഭയമുണ്ടോ...?

അമ്മേ ശരണം, ദേവീശരണം
മണ്ടയ്ക്കാട് വാഴുന്ന ഭഗവതി ശരണം
ശരണം താ ദേവി.. ശരണം താ...
പാദം താ... പാദം താ....

കുളച്ചല്‍ ബസ്സ്റ്റാന്‍ഡില്‍ ഇരുമുടിക്കെട്ട് ശിരസ്സിലേറ്റിയ വൃദ്ധയുടെ ശരണം വിളിക്ക് ഭക്തിതീവ്രതയുടെ പൊന്‍തിളക്കം. ശര്‍ക്കരപ്പായസത്തിന്‍റെ സുഗന്ധമുള്ള ക്ഷേത്രപരിസരത്തുവച്ചാണ് വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ രാജലക്ഷ്മി എന്ന വയോധികയേയും കുടുംബത്തേയും പരിചയപ്പെടുന്നത്. 'നാല്‍പ്പത് വര്‍ഷമായി മിക്ക ചൊവ്വാഴ്ചയും അമ്മയെ കാണാനിങ്ങെത്തും. അമ്മയുടെ കാരുണ്യമാണ് ജീവിതത്തെ കരുപ്പിടിപ്പിക്കാനായത്. മൂന്ന് മക്കളുടെ വിശപ്പടക്കാന്‍ ഹോട്ടലുകളിലെ എച്ചില്‍പാത്രങ്ങള്‍ കഴുകിയ കാലത്തേക്കൊരു നിമിഷം രാജലക്ഷ്മി നടന്നു. രണ്ട് പെണ്‍മക്കള്‍ ഇന്ന് വിദേശത്ത് ഡോക്ടേഴ്സായി സന്തോഷമായി കുടുംബമായി ജീവിക്കുന്നു. മകന്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ജീവിതം ഇങ്ങനെ ആകുമെന്ന് കരുതിയിരുന്നില്ല. മൂന്നുനേരവും മക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയണേ എന്നുമാത്രമേ അമ്മയോട് ആവശ്യപ്പെട്ടിട്ടുള്ളൂ. ചോദിക്കുന്നതും ചോദിക്കുന്നതിന് അപ്പുറവും അമ്മ നല്‍കും.. അതാണ് അനുഭവം.. നിരവധി സ്ത്രീകള്‍ പ്രത്യേകിച്ച് മലയാളികള്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് അമ്മയുടെ, സന്നിധിയില്‍ എത്തുന്നത്. ഇരുമുടിക്കെട്ടേന്തിയാണ് അമ്മയെ ദര്‍ശിക്കുന്നത്. അമ്മ സാക്ഷാല്‍ പാര്‍വ്വതിദേവിയാണ്- രാജലക്ഷ്മി നിറകണ്ണുകളോടെ സംസാരിച്ച് ക്ഷേത്രത്തിലേയ്ക്ക്...

ഇരുമുടിക്കെട്ടുമായി എത്തിയ തക്കല സ്വദേശിനി രാജമ്മാളിനെ കാണുന്നത് ക്ഷേത്രത്തിന്‍റെ മുമ്പിലുള്ള പൂജാദ്രവ്യവ്യാപാരക്കടയുടെ അരികില്‍ വച്ചാണ്. 'ഇവിടേയ്ക്ക് എത്തുന്ന സ്ത്രീകള്‍ മാത്രമാണ് ഇരുമുടിക്കെട്ടുമായി വരിക. ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ഇരുമുടിപോലെ രണ്ട് അറകളാണിതിന് ഉള്ളത്. മുന്‍മുടിയും, പിന്‍മുടിയും. മുന്‍മുടിയില്‍ ചന്ദനം, ഭസ്മം, അവല്‍, മലര്‍, തേങ്ങ തുടങ്ങിയ പൂജാസാധനങ്ങളും കരിമഷി, ചാന്ത്, കുപ്പിവള, അലങ്കാരമാലകള്‍, കമ്മല്‍, പൊട്ട് തുടങ്ങിയ സ്ത്രീകളുടെ ഇഷ്ടവസ്തുക്കളും ഉണ്ടാകും. പിന്‍മുടിയില്‍ അരി, ശര്‍ക്കര, തേങ്ങ, പഴം എന്നിവയുമാണത്രേ നിറക്കുന്നത്..' അമ്മേ ശരണം.. ദേവീശരണം എന്ന ഹൃദയമന്ത്രം ജപിച്ച് രാജമ്മാള്‍ ക്ഷേത്രത്തിലേയ്ക്ക്...

തീയാറാത്ത പൊങ്കാല അടുപ്പുകള്‍

നിത്യപൊങ്കാല നടക്കുന്ന അപൂര്‍വ്വക്ഷേത്രസന്നിധിയാണിത.് പണ്ട് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലായിരുന്നു പൊങ്കാല. ഇപ്പോള്‍ ക്ഷേത്രത്തിന് മുമ്പിലുള്ള അന്നദാനമണ്ഡപത്തിന് ഉള്ളിലാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഇതിനായി എത്തുന്നവര്‍ സാധാരണ വൈകിട്ടോടെ ക്ഷേത്രത്തിലെത്തി ഇരുമുടിക്കെട്ടിറക്കി തൊഴുത് പ്രാര്‍ത്ഥിച്ച് കടലില്‍ ശരീരശുദ്ധി വരുത്തി ഇരുമുടിക്കെട്ടിലെ നാളികേരം കടല്‍വെള്ളത്തില്‍ മുക്കിയെടുത്ത് ക്ഷേത്രത്തില്‍ മടങ്ങിയെത്തും. കടലില്‍ മുക്കിയെടുത്ത തേങ്ങയാണ് പൊങ്കാല തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. അന്നുരാത്രി പൊങ്കാലപ്പുരയില്‍ വിശ്രമം. പുലര്‍ച്ച നിര്‍മ്മാല്യദര്‍ശനവും തൊഴുത് മടക്കയാത്ര. ഒരിക്കലെങ്കിലും ഈ പൊങ്കാലപ്പായസം കഴിച്ചിട്ടുള്ളവര്‍ക്ക് ഇതിന്‍റെ പ്രത്യേകരുചി നാവില്‍ നിന്ന് പോയിട്ടുണ്ടാവില്ല. ആ രുചിയും മണവും, കണ്ണടച്ചു പ്രാര്‍ത്ഥിച്ചു ക്ഷേത്രം ചുറ്റി വരുമ്പോള്‍ കിട്ടുന്ന ഉണര്‍വ്വും... എല്ലാം വാക്കുകള്‍ക്കതീതം.

ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം

'മന്തെക്കാട്' എന്ന നിബിഢ വനപ്രദേശമായിരുന്നു ഇവിടം. ജനവാസ മേഖലയിലുള്ളവര്‍ ഇവിടായിരുന്നത്രേ കന്നുകാലികളെ മേയ്ക്കാന്‍ കൊണ്ടുവന്നിരുന്നത്. അങ്ങനെ'മന്തെക്കാട്' കാലാന്തരത്തില്‍ 'മണ്ടയ്ക്കാട്' എന്നായി. പഴയ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്നു ഇവിടം. പിന്നീട് മണ്ടയ്ക്കാടും ജനവാസ ഇടമായി. കോളറയും, വസൂരിയും ഇവിടെ വ്യാപിച്ചതോടെ ജനങ്ങള്‍ സ്ഥലമൊഴിഞ്ഞ് പോകാന്‍ തുടങ്ങി. ഇക്കാലത്ത് ആദിശങ്കരന്‍റെ ഒരു ശിഷ്യന്‍ 'ശ്രീചക്രവു'മായി ഇവിടെ എത്തുകയും അദ്ദേഹം 63 കോണുകള്‍ ഉള്ള ഒരു ചിത്രം സ്ഥാപിച്ച് ദിനവും പ്രാര്‍ത്ഥനനടത്തി. ശേഷം അദ്ദേഹം തന്‍റെ ആത്മീയ ശക്തിയാല്‍ ജനങ്ങളുടെ രോഗങ്ങള്‍ സുഖപ്പെടുത്തി. ഗ്രാമവാസികള്‍ ഇദ്ദേഹം തങ്ങളെ സഹായിക്കാനെത്തിയ ദിവ്യനെന്ന് വിശ്വസിച്ചുപോരുന്നു. വളരെക്കാലം ഇദ്ദേഹം ഇവിടെ താമസിച്ചുപോന്നു. കാലക്രമേണ ദിവ്യന്‍ ശ്രീചക്രം സ്ഥാപിച്ച ഇടത്ത് ചിതല്‍പ്പുറ്റ് ഉണ്ടായത്രേ. അദ്ദേഹം ശ്രീചക്രത്തെ പൂജിച്ചും ധ്യാനിച്ചും കഴിച്ചുകൂട്ടി. സാവധാനം അതിന് ചുറ്റും ചിതല്‍പ്പുറ്റ് വളര്‍ന്നു. 

കാട്ടില്‍ അദ്ദേഹത്തെ ധ്യാനത്തില്‍ നിന്ന് ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണത്രേ അദ്ദേഹം അവിടെ 'ജീവസമാധി' ആയിത്തീര്‍ന്നെന്ന് പ്രദേശവാസികള്‍ക്ക് മനസ്സിലാവുന്നത്. ദിവ്യന്‍റെ സമാധിക്ക് ശേഷം അദ്ദേഹം സ്ഥാപിച്ച ശ്രീചക്രത്തിന് ചുറ്റുമുള്ള പുറ്റ് പതുക്കെ വളര്‍ന്നുകൊണ്ടിരുന്നത്രേ. നാട്ടിലെ കൊന്നക്കോട് നായര്‍ തറവാട്ടുകാര്‍ കാരണവരുടെ നേതൃത്വത്തില്‍ പരുത്തിവിള നാടാരുടെ സഹായത്തോടെ ക്ഷേത്രത്തിന് വേണ്ട സംവിധാനങ്ങള്‍ ചെയ്തു. മണ്‍പുറ്റിന് ചുറ്റും മരയഴി അടിച്ച് ആറുകാല്‍ പുര ഉയര്‍ത്തി. പിന്നീട് ഒരാണ്ട് കഴിഞ്ഞതോടെ മണ്‍പുറ്റ് വീണ്ടും വളര്‍ന്നു. തുടര്‍ന്ന് നിരവധി തവണ പുറ്റിന് ചുറ്റുമുള്ള പുരയുടെ ഉയരം ഉയര്‍ത്തേണ്ടതായി വന്നത്രേ.

ക്ഷേത്രത്തിന്‍റെ ഖ്യാതിയും വരുമാനവും മനസ്സിലാക്കിയ വേലുത്തമ്പി ദളവ ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന കാലത്തും സര്‍വ്വഭക്തര്‍ക്കും മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നത്രേ. പിന്നീട് കൊന്നക്കോട് നായര്‍ തറവാട്ടുകാരും, വേലുത്തമ്പി ദളവയും തമ്മിലുള്ള ശത്രുതയെ തുടര്‍ന്ന് 1803 ഏപ്രില്‍ 24ന് വേലുത്തമ്പി ദളവ ക്ഷേത്രവും സ്വത്തുക്കളും തിരുവിതാംകൂര്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ആദ്യക്ഷേത്രം ഇതാണെന്നാണ് പറയപ്പെടുന്നത്. അമ്മന്‍ പൂജകള്‍ പതിവായി നടന്നുകൊണ്ടിരുന്നു. അമ്മന്‍ വിഗ്രഹം(പുറ്റ്) വളര്‍ന്നുകൊണ്ടേയിരുന്നു. ഇപ്പോഴത് ഒരു ചെറിയ പര്‍വ്വതത്തിന്‍റെ ആകൃതിയിലായിട്ടുണ്ട്. ഏകദേശം നാല്‍പ്പതടി ചുറ്റളവും, അഗ്രഭാഗത്ത് രണ്ട്, മൂന്ന് ശിഖരങ്ങളുമായ ഇപ്പോഴും അമ്മന്‍റെ വളര്‍ച്ച അവസാനിച്ചിട്ടില്ലത്രേ. തമിഴകത്തെ ക്ഷേത്രങ്ങളില്‍ സാധാരണ കാണാറുള്ള വിശാലമായ പ്രദക്ഷിണ വഴികള്‍ ഇവിടില്ല. ശ്രീകോവിലിനോട് ചേര്‍ന്ന് വിളക്ക് മണ്ഡപവും മണിമേടയുമുണ്ട്. ശൈവരീതിയിലുള്ള നാല് കാല പൂജകളാണിവിടെ. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി ത്രിരൂപങ്ങള്‍ സമന്വയിച്ച കാളീരൂപമാണത്രേ മണ്ടയ്ക്കാട്ടമ്മ.

പ്രദക്ഷിണം തങ്കത്തേര് വലിച്ച്

മാസാവസാനത്തെ ചൊവ്വാഴ്ചയാണ് 'ഗോളക' പുറത്തേയ്ക്ക് എഴുന്നെള്ളിക്കുന്നത്. വിഗ്രഹത്തിന്‍റെ പ്രതിരൂപമാണത്രേ ഗോളക. വെള്ളിപ്പല്ലക്കിലാണ് ഗോളക എഴുന്നെളളിക്കുന്നത്. തങ്കത്തേര് വലിക്കാന്‍ ഭക്തര്‍ക്ക് ദിവസവും സൗകര്യമുണ്ട്. ഇവിടുത്തെ ഉത്സവകാഴ്ചകളിലെ പ്രധാന ഇനമാണ് 'പെരിയചക്ര തീവെട്ടി.' നിരന്തരമായ പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ തീവെട്ടി കത്തിച്ച് പിടിക്കാനാവുകയുള്ളത്രേ. ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന 'മണ്ടയപ്പം' എന്ന പ്രസാദം പ്രശസ്തമാണ്. മാര്‍ച്ച് മാസം നടക്കുന്ന 'കൊട മഹോത്സവം'(കൊടൈ വിഴ)യാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കുംഭമാസത്തില്‍ അവസാനത്തെ ചൊവ്വാഴ്ചയ്ക്ക് പത്തുദിവസം മുമ്പാണ് മണ്ടയ്ക്കാട്ട് അമ്മന്‍ ഭഗവതിക്ക് കൊടിയേറ്റ്. ഉത്സവത്തോട് അനുബന്ധിച്ചു നടക്കുന്ന ആചാരങ്ങളില്‍ വലിയ പടുക്ക, ഒടുക്കു പൂജ, ഏട്ടം കൊടൈ, ഭരണി കൊടൈ, മണ്ടയ്ക്കാട് കൊടൈ എന്നീ വിശേഷാല്‍ പൂജകളും ഉണ്ട്. സ്വയംഭൂ സങ്കല്‍പ്പത്തിലുള്ള ദേവിപ്രതിഷ്ഠ ആയതിനാല്‍ ഇത് വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വിശ്വാസം. അപ്പോള്‍ മണ്‍പുറ്റിലുണ്ടാകുന്ന വിടവുകളില്‍ ചന്ദനം നിറക്കുന്ന ചടങ്ങാണ് ഉത്സവദിവസങ്ങളില്‍ പ്രധാനം.

സ്ത്രീകള്‍ ഇരുമുടിക്കെട്ടുമായി

അമ്മന്‍ സന്നിധിയില്‍ എത്തുന്നതിന്‍റെ ഐതിഹ്യം

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊല്ലത്തുനിന്നും വ്യാപാര ആവശ്യങ്ങള്‍ക്കായി മണ്ടയ്ക്കാട് എത്തിയ വ്യാപാരി വിശന്നുവലഞ്ഞ് ദേശത്തലഞ്ഞു. അയാള്‍ക്ക് വിരുന്നൊരുക്കാന്‍ ഭഗവതി വൃദ്ധയുടെ രൂപത്തില്‍ എത്തിയതായി വിശ്വസിക്കുന്നു. ഇത് ഭഗവതിയാണെന്ന് ബോധ്യം ലഭിച്ച വ്യാപാരി തന്‍റെ വ്യാപാരത്തില്‍ നിന്നുള്ള സമ്പാദ്യത്തിന്‍റെ ഒരു ഭാഗം തുണിയില്‍ കെട്ടി ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കി. സ്വന്തം ദേശമായ കൊല്ലത്തെത്തി മണ്ടയ്ക്കാട് നടന്ന അത്ഭുതത്തെക്കുറിച്ച് ദേശക്കാരോട് പറയുകയും ചെയ്തു. തുടര്‍ന്ന് ധാരാളം ആളുകള്‍ അവിടേയ്ക്ക് തീര്‍ത്ഥാടനം നടത്തി. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിയ ഭഗവതി അമ്മന് പൊങ്കല്‍ പാകം ചെയ്തു നല്‍കുന്നതിനായി സ്ത്രീകള്‍ ഇരുമുടിക്കെട്ടുമായിട്ടായിരുന്നു മണ്ടയ്ക്കാട്ടമ്മയുടെ സന്നിധിയിലെത്തിയത്.

ശബരിമല ക്ഷേത്രത്തിലെന്നപോലെ ജാതി-മതഭേദമെന്യേ അമ്മന്‍ സന്നിധിയില്‍ ഭക്തര്‍ ദര്‍ശനം നടത്താറുണ്ട്. ശബരിമലയില്‍ നിശ്ചിത പ്രായത്തിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ വ്രതാനുഷ്ഠാനത്തിന് ശേഷം മണ്ടയ്ക്കാട്ട് ഭഗവതി അമ്മന്‍ ക്ഷേത്രത്തിലേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍ തീര്‍ത്ഥയാത്ര നടത്തുന്നു.

പാറശ്ശാല സ്വദേശി വിജയന്‍നാടാരെ പൊങ്കാല പ്പന്തലിനരികില്‍ വച്ചാണ് പരിചയപ്പെടുന്നത്. 'കോവിലിന് അപ്പുറവും ഇപ്പുറവും കടലാണ്. സുനാമി കടപ്പുറം മുഴുവന്‍ തൂത്തുവാരിയെടുത്ത് കൊണ്ടുപോയെങ്കിലും അമ്മനരികിലെത്താന്‍ അവയ്ക്കായില്ല...' അദ്ദേഹം കൈകള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച് പറഞ്ഞ വാക്കുകളാണിത്.. ദീപാരാധനയ്ക്ക് നേരമായി. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി തുളുമ്പുന്ന കണ്ണുകളും ഇടറുന്ന നെഞ്ചകവുമായി ഭഗവതി അമ്മന് മുമ്പില്‍ കൈകൂപ്പുകയാണ്  ആയിരക്കണക്കിന് ഭക്തര്‍...

എസ്.പി.ജെ