മണ്ഡലമാസത്തിന്‍റെ പ്രത്യേകത

മണ്ഡലമാസത്തിന്‍റെ പ്രത്യേകത

HIGHLIGHTS

നമ്മുടെ ജീവിതത്തിലെ ഏറ്റവും സൗഭാഗ്യകരമായ ഒരു മണ്ഡലാകാലം കൂടി നവംബര്‍ 16 വൃശ്ചികമാസം 1 മുതല്‍ ആരംഭിക്കുകയാണ്. വൃശ്ചികം 1 മുതല്‍ ധനു 11 വരെയുള്ള കാലത്തെ അഥവാ 41 ദിവസത്തെയാണ് മണ്ഡലകാലം എന്നറിയപ്പെടുന്നത്. ഈ സമയത്ത് ജീവകാരകനായ സൂര്യഭഗവാന്‍ വൃശ്ചികം രാശിയില്‍ നില്‍ക്കുന്നു. ഈ ഉത്തരായനകാലത്ത് സല്‍ക്കര്‍മ്മത്തിനും വ്രതാനുഷ്ഠാനത്തിനും ഏറ്റവും ശുഭകാലമായി കണക്കാക്കപ്പെട്ടിരിക്കുന്നു.

 

നമ്മുടെ ജീവിതത്തിലെ ഏറ്റവും സൗഭാഗ്യകരമായ ഒരു മണ്ഡലാകാലം കൂടി നവംബര്‍ 16 വൃശ്ചികമാസം 1 മുതല്‍ ആരംഭിക്കുകയാണ്. വൃശ്ചികം 1 മുതല്‍ ധനു 11 വരെയുള്ള കാലത്തെ അഥവാ 41 ദിവസത്തെയാണ് മണ്ഡലകാലം എന്നറിയപ്പെടുന്നത്. ഈ സമയത്ത് ജീവകാരകനായ സൂര്യഭഗവാന്‍ വൃശ്ചികം രാശിയില്‍ നില്‍ക്കുന്നു. ഈ ഉത്തരായനകാലത്ത് സല്‍ക്കര്‍മ്മത്തിനും വ്രതാനുഷ്ഠാനത്തിനും ഏറ്റവും ശുഭകാലമായി കണക്കാക്കപ്പെട്ടിരിക്കുന്നു.

മണ്ഡലം 41 ദിവസമായി കണക്കാക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങള്‍ പറയപ്പെടുന്നു. ഒന്നാമതായി ജ്യോതിഷപരമായുള്ളതും രണ്ടാമത്തേത് ആയുര്‍വേദാധിഷ്ഠിതവും.
സൂര്യനെ അടിസ്ഥാനമാക്കിയാണ് നാമിന്ന് കാലവും സമയവും കണക്കാക്കി വരുന്നത്. എന്നാല്‍ പുരാതനഭാരതത്തില്‍ ചന്ദ്രവര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് കാലഗണനയും സമയക്രമവും നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രവര്‍ഷത്തില്‍ 324 ദിവസമാണുള്ളത്. ഇതിനെ അടിസ്ഥാനപ്പെടുത്തുമ്പോള്‍ സൂര്യവര്‍ഷത്തില്‍ 365 ദിവസത്തില്‍നിന്ന് ചന്ദ്രവര്‍ഷത്തെ 324 മായുള്ള വ്യത്യാസം 41 ദിവസമാകുന്നു.

ഈ 41 ദിവസം അധികമായി നമുക്ക് ലഭിക്കുന്നു. ഈ ദിവസങ്ങള്‍ നാം പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന് ചിട്ടയായി ജീവിതചര്യ ചിട്ടപ്പെടുത്തുകയാണ്. മനുഷ്യനും പ്രകൃതിയുമായി ഒത്തിണങ്ങി പ്രകൃതിക്കനുകൂലമായി മനസ്സിനെയും ശരീരത്തെയും ചിട്ടപ്പെടുത്തി പരിശീലിക്കുന്ന ദിനചര്യയാണ്. ജഗത്ജനനിതന്നെയാണ് ഈ പ്രകൃതിമാതാവ്. ആ പ്രകൃതിതന്നെയാണ് ജഗത്തിന് ഈശ്വരിയും.

ഈ മണ്ഡലകാലത്ത് 41 ദിവസം നാം ഇന്നുവരെ അനുഭവിച്ചുകൊണ്ടിരിക്കുന്ന സകല ഉപഭോഗ സംസ്ക്കാരത്തിനും വിരാമമിട്ട്, പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന് കൃത്രിമമായതെല്ലാം ഉപേക്ഷിക്കുന്നു.

വൃശ്ചികമാസം 1-ാം തീയതി ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് സ്നാനാദികള്‍ ചെയ്ത് ചന്ദന ഭസ്മാദികള്‍ ലേപനം ചെയ്തത് (നെറ്റിയില്‍ തൊടുന്ന ചന്ദനം ആജ്ഞാചക്രത്തെ ഉദ്ദീപ്പിക്കുകയും ശിവശക്തി സമാഗമം സംഭവ്യമാക്കുകയും ചെയ്യുന്നു. എല്ലാ സന്ധികളിലും തൊടുന്ന ഭസ്മം സന്ധികളിലെ നീര്‍ക്കെട്ടില്ലാതാക്കുകയും വാതഹരിയുമാണ്) ത്രിസന്ധ്യകളില്‍ മനസ്സേകാഗ്രഹമാക്കി ക്ഷേത്രദര്‍ശനം ചെയ്ത് സമസ്തജീവികളിലും അയ്യപ്പനെ ദര്‍ശിച്ച് സമസ്ത ദേവകളിലും അയ്യപ്പനെ ദര്‍ശിച്ച് സമസ്ത ദേവികളിലും നാരികളിലും ജഗദ്ജനനിയായ മാളികപ്പുറത്തമ്മയെ ദര്‍ശിച്ചു ശരണം വിളി ആരംഭിക്കുന്നു.

ഗുരുസ്വാമിയില്‍നിന്നും മുദ്രധാരണം ചെയ്താണ് വ്രതമാരംഭിക്കുന്നത്. ഈ കാലഘട്ടത്തില്‍ ബ്രഹ്മചര്യവ്രതമനുഷ്ഠിക്കുന്നു. സത്യം, ധര്‍മ്മം, വാക്ക്, പ്രവൃത്തി, ആഹാരം എന്നിവയെല്ലാം സാത്വികഭാവത്തിലേക്ക് മാറുന്നു. രജോഗുണവും തമോഗുണവും സമ്പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും ചെയ്യുന്നു. സര്‍വ്വചരാചരങ്ങളിലും അയ്യപ്പസ്വാമിയെ ദര്‍ശിക്കുകയും ചരാചരങ്ങളെ സ്വാമി മാളികപ്പുറം എന്ന് ചേര്‍ത്തുവിളിക്കുന്നു.

നരന്‍ തന്നെ നാരായണനാകുന്ന അപൂര്‍വ്വ നിമിഷങ്ങള്‍. പുണ്യക്ഷേത്രങ്ങളുടെ ദര്‍ശനം, സന്ധ്യാവേളകളിലെ നാമജപം, ഭജന എന്നിവയെല്ലാം നടത്തി അന്നദാനം(അന്ന ബ്രഹ്മ) നടത്തി അന്നദാനമാഹാത്മ്യം ഉള്‍ക്കൊണ്ട് രാപ്പകലുകള്‍ ഈശ്വരസാക്ഷാല്‍ക്കാരത്തിനായി പ്രാര്‍ത്ഥിക്കുന്നു. കറുപ്പ് വസ്ത്രമണിഞ്ഞ്, നഗ്നപാദരായി, ശയ്യാസുഖങ്ങള്‍ ഉപേക്ഷിച്ച്, വ്രതനിഷ്ഠയോടെ പഴങ്ങളും പച്ചക്കറികളും ഏകനേരം അരി ആഹാരത്തോടെ വാക്ക്, മനസ്സ്, ചക്ഷു, ശ്രോത്രം, ജിഹ്വ എന്നിവയെല്ലാം ശരണമന്ത്ര പൂരിതമാക്കിയുള്ള അതിപ്രധാനമായ വ്രതാചാരമാണ്.

പ്രകൃതിയിലെ കല്ലിനെയും മുള്ളിനെയും നഗ്നപാദങ്ങളാല്‍ ആശ്ലേഷണം ചെയ്ത് എല്ലാം മെത്തയായിക്കണ്ട്, കുണ്ടും കുഴികളിലും(ഉയര്‍ച്ചയും താഴ്ചയും) പരമാനന്ദം ദര്‍ശിക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങളാണ് വ്രതത്തിന്‍റെ നാളുകള്‍. വ്രതശുദ്ധിയാല്‍ മൂലാധാരത്തിലിരിക്കുന്ന കുണ്ഡലിനീശക്തിയെ ഉണര്‍ത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹത ചക്രത്തിലേക്ക് ഉയര്‍ത്തി പരമേശ്വരനായ സാമിയെ ഹൃദയകമലത്തില്‍ പ്രതിഷ്ഠിച്ച്, വിശുദ്ധി ആജ്ഞാചക്രങ്ങളിലൂടെ കടന്ന് സദാശിവന്‍റെ അമൃതപ്ലവം വ്യാപിക്കുന്ന സഹസ്രദളപത്മത്തിലെത്തി താനും ഈശ്വരന് ഒന്നാണെന്ന സത്യം നേരില്‍ ദര്‍ശിക്കാന്‍ 18 മലകള്‍ താണ്ടി, 18 പടികള്‍ കയറി, സദാശിവനായ 18 മലദൈവങ്ങളെ വണങ്ങി അയ്യപ്പസ്വാമിയെ ദര്‍ശിച്ച് അത് നിന്നില്‍ തന്നെയാണെന്ന് സത്യം തത്ത്വമസി അനുഭവിച്ചറിയുന്നു.ഏകമാത്ര ദര്‍ശനത്തില്‍ത്തന്നെ ഈശ്വരസാക്ഷാല്‍ക്കാരം സന്തോഷ അശ്രുക്കളാല്‍ അനുഭവിച്ചറിയുന്ന 'ദിവ്യദര്‍ശനം'
അയ്യപ്പസ്വാമിക്ക് പള്ളിക്കെട്ടില്‍ നെയ്യഭിഷേകത്തിനുള്ള നെയ്ത്തേങ്ങയും നിവേദ്യവും അര്‍പ്പിക്കുന്നു.

മാളികപ്പുറത്തമ്മയ്ക്ക് മഞ്ഞളും കുങ്കുമവും നൈവേദ്യവും അര്‍പ്പിച്ച് ഭക്തനും ഈശ്വരനും ഒന്നാകുന്ന മുഹൂര്‍ത്തത്തിന് ഈശ്വരാനുഗ്രഹം സകലര്‍ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

പമ്പാസ്നാനം കഴിഞ്ഞ് ഗണപതിക്ക് തേങ്ങയടിച്ച് ശരണമന്ത്രത്തോടെ മലചവിട്ടി 18-ാം പടിക്കടുത്തെത്തി. കൊച്ചുകടുത്ത സ്വാമിയെയും വലിയ കടുത്ത സ്വാമിയെയും വണങ്ങി 18 പടികള്‍ കയറി സന്നിധാനത്തില്‍ എത്തി. ഗണപതി ഭഗവാനെ വണങ്ങി. 

അയ്യപ്പസ്വാമിയെ ദിവ്യദര്‍ശനം ചെയ്ത് കാണിക്കയര്‍പ്പിച്ച് പ്രസാദം വാങ്ങി കെട്ടിറക്കി നെയ്ത്തേങ്ങ ഉടച്ച് നെയ്യഭിഷേകം ചെയ്ത് ദേവനെ പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്തമ്മയുടെ സന്നിധിയിലേക്ക് യാത്ര തിരിക്കുന്നു.

മാളികപ്പുറത്തമ്മയ്ക്ക് മഞ്ഞള്‍ കുങ്കുമാര്‍ച്ചനചെയ്ത് അമ്മയ്ക്ക് നാളീകേരം ഉരുട്ടി ഉപദേവതമാരെ വണങ്ങി പ്രാര്‍ത്ഥിച്ച് കാണിക്കയര്‍പ്പിച്ച് നവഗ്രഹപൂജ ചെയ്ത് ഇറങ്ങുന്നതോടെ ദര്‍ശനം പൂര്‍ത്തിയാകും. അമ്മയ്ക്ക് താലി, മാല എന്നിവ ഭക്തര്‍ സമര്‍പ്പണം ചെയ്യാറുണ്ട്. നൈവേദ്യവും പ്രാര്‍ത്ഥനയും കഴിഞ്ഞ് തിരുസന്നിധിയില്‍ നിന്ന് ഭക്തര്‍ ഇറങ്ങുന്നത് നിറഞ്ഞ മനസ്സോടെയാണ്. പിന്നെ അമ്മയുടെ മേല്‍ശാന്തിയെ കണ്ട് കാണിക്കയര്‍പ്പിച്ച് അനുഗ്രഹം വാങ്ങി മടക്കയാത്രയ്ക്ക് തുടക്കം കുറിക്കുന്നു. സകല ചരാചരജീവികള്‍ക്കും ആധാരമായിരിക്കുന്ന മാളികപ്പുറത്തമ്മ സമസ്തലോകത്തിനും ഐശ്വര്യവും മംഗളവും ചൊരിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.