കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
നമ്മുടെ ഉള്ളിലുള്ള ഈശ്വരചൈതന്യത്തെ തിരിച്ചറിയുന്ന തീര്‍ത്ഥാടനമാണ് ശബരിമലയിലേത്. വ്രതം നോറ്റ് കര്‍മ്മങ്ങള്‍ എല്ലാം അനുഷ്ഠിച്ച് ശരണം വിളിയോടെയുള്ള മലകയറ്റം ഭൗതിക സുഖങ്ങള്‍ വെടിഞ്ഞ് ആത്മീയതയിലേക്കുള്ള മലകയറ്റം കൂടിയാണ്. മനസ്സും ശരീരവും ഒരുപോലെ ഈശ്വരനിലര്‍പ്പിച്ച് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടേന്തി കാടും മേടും താണ്ടിയെത്തുന്ന സ്വാമി ഭക്തരുടെ ഏകാഗ്രമായ മനസ്സില്‍ ഒരേയൊരു ചിന്ത മാത്രം, സനാതനമായ പതിനെട്ടാം പടി കയറി കലിയുഗവരദനായ ധര്‍മ്മശാസ്താവിന്‍റെ സന്നിധാനത്തില്‍ എത്തുക. ചുണ്ടില്‍ ഒരേയൊരു മന്ത്രം മാത്രം. സ്വാമിയേ ശരണമയ്യപ്പാ....
ശ്രീപരശുരാമന്‍ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തില്‍ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളില്‍ ശാസ്താപ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളില്‍ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളില്‍ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയില്‍ ബാലശാസ്താവ്, ആര്യങ്കാവില്‍ തൃക്കല്യാണ രൂപത്തിലും, അച്ചന്‍കോവിലില്‍ ഗൃഹസ്ഥാശ്രമിയായും, ശബരിമലയില്‍ ധ്യാനനിരതനായും, കാന്തമലയില്‍ സാക്ഷാല്‍ പരമാത്മാവുമായിട്ടാണ് സങ്കല്‍പ്പങ്ങള്‍.
നമ്മുടെ ഉള്ളിലുള്ള ഈശ്വരചൈതന്യത്തെ തിരിച്ചറിയുന്ന തീര്‍ത്ഥാടനമാണ് ശബരിമലയിലേത്. വ്രതം നോറ്റ് കര്‍മ്മങ്ങള്‍ എല്ലാം അനുഷ്ഠിച്ച് ശരണം വിളിയോടെയുള്ള മലകയറ്റം ഭൗതിക സുഖങ്ങള്‍ വെടിഞ്ഞ് ആത്മീയതയിലേക്കുള്ള മലകയറ്റം കൂടിയാണ്. മനസ്സും ശരീരവും ഒരുപോലെ ഈശ്വരനിലര്‍പ്പിച്ച് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടേന്തി കാടും മേടും താണ്ടിയെത്തുന്ന സ്വാമി ഭക്തരുടെ ഏകാഗ്രമായ മനസ്സില്‍ ഒരേയൊരു ചിന്ത മാത്രം, സനാതനമായ പതിനെട്ടാം പടി കയറി കലിയുഗവരദനായ ധര്‍മ്മശാസ്താവിന്‍റെ സന്നിധാനത്തില്‍ എത്തുക. ചുണ്ടില്‍ ഒരേയൊരു മന്ത്രം മാത്രം. സ്വാമിയേ ശരണമയ്യപ്പാ....

അയ്യപ്പവിഗ്രഹം ഒരു നോക്കുകണ്ട് കൈകൂപ്പി ജന്മസാഫല്യമടയാനായി ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും ശബരിമലയില്‍ വന്നുപോകുന്നത്. വനസങ്കേതത്തില്‍ കടന്നാല്‍ പിന്നെ അവര്‍ക്ക് ജാതിയില്ല, മതമില്ല, ഉച്ചനീചത്വമില്ല. സ്ത്രീപുരുഷഭേദം പോലുമില്ല. ഒരേ ചിന്ത! ഒരേ ലക്ഷ്യം, ഒരേ നാമോച്ചാരണം. ഇങ്ങനെ ഒരു അഭേദചിന്ത, സമ്പൂര്‍ണ്ണ സമത്വം ലോകത്ത് എവിടെയാണ് കാണാന്‍ കഴിയുക.
കലിയുഗവരദനായ സ്വാമി അയ്യപ്പദര്‍ശനം ഭക്തര്‍ക്ക് ജീവിതസായൂജ്യവും മോക്ഷപ്രാപ്തിയും നല്‍കും. കര്‍മ്മകാണ്ഡത്തില്‍ ചെയ്തുകൂട്ടുന്ന പാപകര്‍മ്മങ്ങള്‍ അയ്യപ്പസ്വാമിയുടെ തിരുമുമ്പിലെ ജ്വലിക്കുന്ന ഹോമകുണ്ഡത്തില്‍ നിക്ഷേപിച്ച് പാപമുക്തനായി നന്മയുടേയും സനാതനധര്‍മ്മത്തിന്‍റേയും നേരറിവ് നേടാനുള്ളതാണ് ശബരിമല തീര്‍ത്ഥാടനം. ജാതിയുടേയും ദേശത്തിന്‍റേയും ഭാഷയുടേയും വര്‍ണ്ണവര്‍ഗ്ഗത്തിന്‍റേയും ഭേദമില്ലാതെ എല്ലാവരേയും ഒന്നായി കാണുന്ന ദര്‍ശനമാണ് ശബരിമലയിലേത്.
മാലയിട്ട് വ്രതങ്ങളെടുത്ത്
ശബരിമലയ്ക്ക് പോകാന്‍ മാലധരിച്ചാല്‍ പിന്നെ സ്വാമിയായി. എത്ര വലിയവനായാലും ചെറിയവനായാലും മാലയിട്ടുകഴിഞ്ഞാല്‍ സ്വാമിയെന്നേ പരസ്പരം വിളിക്കൂ. മാലയിടുന്നതിനെ മുദ്ര ധരിക്കുക എന്നാണ് പറയുക. എന്നാണ് മുദ്ര ധരിക്കേണ്ടത്? ഈ ചോദ്യത്തിന് പഴമക്കാര്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ. മണ്ഡലം ഒന്നിന്, അതായത് വൃശ്ചികം ഒന്നിന്. അല്ലെങ്കില്‍ ഉത്രം നക്ഷത്രത്തിനോ, അതുമല്ലെങ്കില്‍ ശനിയാഴ്ചയോ മാലയിടാം. മാലയിടുന്ന സമയത്ത് കോടിവസ്ത്രം ധരിക്കണം. കറുപ്പോ നീലയോ എങ്കില്‍ ഉത്തമം.
വ്രതത്തില്‍ പ്രധാനപ്പെട്ടതാണ് കറുപ്പ് വസ്ത്രധാരണം. കലികാലത്തിലെ ദുരിതങ്ങള്‍ക്ക് കാരണഭൂതനായ ശനിദേവന് ഏറ്റവും പ്രിയങ്കരമാണ് കറുത്തവസ്ത്രം. ആ ശനീശ്വരന്‍റെ ഉടയാട ധരിച്ച് ചെല്ലുന്ന ഭക്തനെ ശനിദേവന്‍ അതിവേഗം അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ശനിപ്രീതിക്ക് കടുംനീലനിറമോ, കറുപ്പുനിറമോ ഉള്ള വസ്ത്രങ്ങളാണ് ഉത്തമം.
മാലയിട്ടുകഴിഞ്ഞാല്‍ നിത്യവും രണ്ടുനേരം കുളിക്കണം. എന്നും സന്ധ്യാവന്ദനാദികളും മറ്റ് പ്രാര്‍ത്ഥനകളും 108 ല്‍ കുറയാത്ത ശരണം വിളികളും വേണം. ശരണം വിളിക്കുന്നതിലുമുണ്ട് ചില നിഷ്ക്കര്‍ഷകള്‍. സ്വാമിയേ ശരണമയ്യപ്പാ എന്ന് തുടങ്ങുക. 'ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ.. ശരണമയ്യപ്പാ' എന്നുവേണം അവസാനിപ്പിക്കാന്‍.
ശരണം വിളിക്കുമ്പോള്‍ നീട്ടിവിളിക്കണം എന്നുപറയുന്നത് വെറുതെയല്ല. നട്ടെല്ല് അവസാനിക്കുന്നിടത്താണ് മൂലാധാരം. അവിടെ നിന്ന് ശ്വാസം ഉയര്‍ന്ന് കണ്ഠനാളത്തിലൂടെ പുറത്തുവരുമ്പോള്‍ നമ്മിലുള്ള ഈശ്വരനും ചൈതന്യമാര്‍ജ്ജിക്കും. അത് മുഖത്ത് തേജസ്സായി പ്രത്യക്ഷപ്പെടും. തേജസ്സുള്ളവര്‍ ഈശ്വരതുല്യരായി കണക്കാക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്.
നെയ്യഭിഷേകം
ഭക്തരുടെ സകലദുരിതശാന്തിക്കായി നടത്തപ്പെടുന്ന മുഖ്യവഴിപാടാണ് നെയ്യഭിഷേകം. അയ്യപ്പസ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ വഴിപാടും ഇതുതന്നെ. മറ്റൊരു ക്ഷേത്രത്തിലും ഭക്തര്‍ നല്‍കുന്ന വഴിപാടുസാധനങ്ങള്‍ ദേവന്‍റെ സമീപത്തുവരെ എത്തുമെങ്കിലും ശബരിമലയില്‍ നേരെ മറിച്ചാണ്. ശരണം വിളിയോടെ ഭക്തിപൂര്‍വ്വം നിറച്ചുകൊണ്ടുവരുന്ന നെയ്യ് നേരിട്ട് മേല്‍ശാന്തി വശം കൊടുത്ത് അയ്യപ്പനെ അഭിഷേകം ചെയ്യിക്കുന്നു. പിന്നീടാ നെയ്യ് നമുക്കുതന്നെ തിരിച്ചുതരുന്നു. മറ്റൊരു ക്ഷേത്രത്തിലും കാണാത്തതാണത്. കായികവും വാചീകവും മാനസികവുമായ സമസ്ത പാപങ്ങളേയും അകറ്റുന്നതിനാണ് നെയ്യഭിഷേകം.
ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ നെയ്യഭിഷേകം നടത്തിയേ മടങ്ങാവൂ എന്നാണ് ആചാരം. നെയ്ത്തേങ്ങയിലെ നെയ്യ് ജീവാത്മാവിനെ സൂചിപ്പിക്കുന്നു. ജീവാത്മാവിനെ പരമാത്മാവായ അയ്യപ്പനില്‍ സംഗമിപ്പിക്കുന്നതാണ് നെയ്യഭിഷേകം. അഭിഷേകത്തിന് നെയ്യ് എടുത്തശേഷമുള്ള തേങ്ങാമുറികള്‍ ജീവാത്മാവ് വേറിട്ട ശരീരം എന്ന് കരുതിയതിനാല്‍ ആഴിയിലെ അഗ്നിയില്‍ സമര്‍പ്പിച്ച് ഭസ്മീകരിക്കുന്നു. നാളികേരവും ഉള്ളിലുള്ള പശുവിന്‍ നെയ്യിന്‍റെ അംശവും കൂടി കത്തുമ്പോള്‍ ചുറ്റുപാടുകളിലേക്ക് പ്രസരിക്കുന്നത് മനുഷ്യര്‍ക്ക് ഉപകാരപ്രദമായ ഊര്‍ജ്ജവുമാകുന്നു.

കെട്ടും കെട്ടി ശബരിമലയ്ക്ക്
കെട്ടുനിറയ്ക്ക് ശനിയാഴ്ചയോ ബുധനാഴ്ചയോ ആണ് ഉത്തമം. ക്ഷേത്രത്തില്‍ വച്ച് നെയ്യ് നിറയ്ക്കുന്നതിന് പ്രത്യേകിച്ച് പൂജകള്‍ വേണമെന്നില്ല. വീടുകളില്‍ വെച്ചാണെങ്കില്‍ കെട്ട് നിറയ്ക്കും മുമ്പ് ശാസ്തൃപൂജ നടത്തണം. എവിടെ വച്ച് കെട്ട് നിറക്കുകയാണെങ്കിലും ശരണം വിളിയോടെ വേണം നെയ്യ് നിറയ്ക്കാന്‍.
ഇരുമുടികെട്ടിന്‍റെ മുന്‍വശത്ത് സ്വാമിക്കുള്ള വഴിപാട് സാധനങ്ങളും പിന്‍കെട്ടില്‍ ഭക്തനുള്ള സാധനങ്ങളും വെച്ചാണ് കെട്ട് മുറുക്കേണ്ടത്. മുന്‍കെട്ടും പിന്‍കെട്ടും മാറാതിരിക്കാനായി അരക്ക് കൊണ്ട് മുന്‍കെട്ടില്‍ ഒരു അടയാളം വരയ്ക്കണം. കെട്ട് മുറുക്കേണ്ടത് പെരിയ സ്വാമിയാണ്. കെട്ട് മുറുക്കി കഴിഞ്ഞാല്‍ പെരിയ സ്വാമിക്ക് ദക്ഷിണ കൊടുക്കണം. തോള്‍സഞ്ചിയും അതിലൊരു പാത്രവും കരുതണം.
നെയ്യഭിഷേകത്തിനായി കൊടുക്കുവാനാണ് പാത്രം. പിന്നെ വഴിക്കുള്ള ക്ഷേത്രങ്ങളിലും പമ്പാഗണപതി കോവിലിലും ശബരിപീഠത്തിലും ശരംകുത്തിയിലും പതിനെട്ടാംപടിയുടെ താഴെയും ഉടക്കേണ്ട നാളീകേരങ്ങളും തോള്‍സഞ്ചിയില്‍ വയ്ക്കാം.
എരുമേലി വഴി പമ്പയിലേയ്ക്ക്
ശബരിഗിരിവാസന്‍റെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ് എരുമേലി എന്ന പേര്. എരുമേലിയില്‍ പേട്ടതുള്ളാതെ കന്നി അയ്യപ്പന്മാര്‍ മലചവിട്ടരുത് എന്നാണ് പൂര്‍വ്വാചാരം. ശാസ്താവും മഹിഷിയും തമ്മിലുള്ള യുദ്ധത്തില്‍ ജയിച്ച് മഹിഷിയുടെ മേല്‍ കയറി നിന്ന് ശാസ്താവ് നൃത്തം ചെയ്ത സ്ഥലമാണ് എരുമേലി. കാട്ടുജാതിക്കാരും അതില്‍ പങ്കാളികളായി. മേലില്‍ ഇവിടെ ഭഗവത് രൂപത്തില്‍ നൃത്തം ചെയ്യുന്നവരെ അനുഗ്രഹിക്കുമെന്ന് ശാസ്താവ് അരുളി ചെയ്തു. ഇക്കാരണത്താലാണ് എല്ലാവര്‍ഷവും എരുമേലിയില്‍ പേട്ട തുള്ളല്‍ നടക്കുന്നതെന്നാണ് ഐതിഹ്യം.
എരുമേലിയില്‍ നിന്നും കരിമല വഴിയാണ് മുന്‍കാലങ്ങളില്‍ ശബരിമലയിലേക്ക് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ നീലിമല വഴിയാണ് ഭൂരിഭാഗം ഭക്തരും സന്നിധാനത്തെത്തുന്നത്. എരുമേലിയില്‍ നിന്നും പമ്പയിലെത്തിച്ചേരുന്ന അയ്യപ്പന്മാര്‍ പമ്പയില്‍ പിതൃബലി അര്‍പ്പിച്ച് മുങ്ങിക്കുളിച്ചതിന് ശേഷമാണ് നീലിമലകയറുക. പമ്പയില്‍ മുങ്ങിക്കുളിച്ചാല്‍ അതുവരെയുള്ള ക്ഷീണമെല്ലാം മാറി പുത്തനുണര്‍വ്വ് അനുഭവപ്പെടും. പിന്നെ ഒരേയൊരു ലക്ഷ്യം സന്നിധാനത്തെത്തി ദിവ്യദര്‍ശനം മാത്രം. ദശലക്ഷങ്ങള്‍ വര്‍ഷം തോറും ആത്മീയ സായൂജ്യം തേടി ശബരിമല സന്നിധാനത്തില്‍ എത്തുന്നത് പവിത്രദര്‍ശനത്തിന് വേണ്ടിയാണ്. ശബരിമലയുടെ അന്തരീക്ഷം ഒന്നുവേറെതന്നെയാണ്. അനേകലക്ഷം കണ്ഠങ്ങളില്‍ നിന്നുയരുന്ന ആ ശരണം വിളി നമ്മെ അഭൗമവും ദിവ്യവുമായ ഒരന്തരീക്ഷത്തിലേക്ക് നയിക്കുന്നു.

പതിനെട്ടാംപടി
പതിനെട്ടാംപടി ചവിട്ടിച്ചെന്ന് സ്വാമിയെ ദര്‍ശിച്ചശേഷം കന്നിമൂല ഗണപതിയേയും ദര്‍ശിച്ച് നാഗങ്ങളെ തൊഴുത് മാളികപ്പുറത്തമ്മയെ വന്ദിക്കണം. മാളികപ്പുറത്ത് നാളികേരം ഉരുട്ടുകയെ പതിവുള്ളു. ശ്രീകോവിലിന് ചുറ്റും ഒരുവട്ടം നാളികേരം ഉരുട്ടിയതിനുശേഷം മഞ്ഞള്‍പ്പൊടി തൂകാം. ഇതേ മതില്‍ക്കെട്ടില്‍ കടുത്ത സ്വാമിയുമുണ്ട്. കടുത്ത സ്വാമിക്ക് കദളിപ്പഴം, വറപ്പൊടി, അവില്‍, മലര്‍, തേങ്ങ, ശര്‍ക്കര, മുന്തിരി, കല്‍ക്കണ്ടം തുടങ്ങിയവയാണ് നിവേദിക്കുക. പതിനെട്ടാം പടിയുടെ താഴെ കിഴക്കുഭാഗത്തായി അല്‍പ്പം വടക്കുമാറി വാവരുസ്വാമിയെ ദര്‍ശിക്കാം. കറുപ്പസ്വാമിയും സമീപത്താണ്. സന്നിധാനത്തിന് പടിഞ്ഞാറ് താഴെയായി ഭസ്മക്കുളമുണ്ട്. ഭസ്മക്കുളം ഒരു വിശിഷ്ടതീര്‍ത്ഥമാണ്. ഭഗവാന് ദേവതകള്‍ സഹസ്രകലശം നടത്തുന്ന ജലം വന്നുചേര്‍ന്നുണ്ടായതാണ് ഈ തീര്‍ത്ഥക്കുളം എന്നു വിശ്വസിക്കപ്പെടുന്നു.
ശബരിമലയില്‍ അയ്യപ്പന്‍ വിലയം പ്രാപിച്ച ദിവസമാണ് മകരം ഒന്ന്. അന്ന് ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. ആ മംഗളമുഹൂര്‍ത്തത്തില്‍ ഭക്തജനങ്ങള്‍ ശ്രീധര്‍മ്മശാസ്താവിനേയും അയ്യപ്പനേയും അദ്വൈതമായി ദര്‍ശിച്ചിട്ട് കിഴക്ക് മകരജ്യോതിയും കാണുന്നു. ഇത് തികച്ചും ദൈവികവും ആദ്ധ്യാത്മികവുമായ സങ്കല്‍പ്പമാണ്.
പണ്ടുമുതലെ ഉള്ളതാണ് പൊന്നമ്പല മേട്ടിലെ ജ്യോതിദര്‍ശനം. മകരസംക്രമത്തിലാണ് തിരുവാഭരണം ചാര്‍ത്തുന്നത്. ആ ദിവസത്തെ ഭഗവല്‍ ദര്‍ശനം മഹാപുണ്യമാണ്.
ഹരിവരാസനം
അത്താഴ പൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോള്‍ സന്നിധാനത്ത് എല്ലാവരും ചേര്‍ന്ന് ഹരിവരാസനം വളരെ സൗമ്യമായി പാടി അയ്യപ്പനെ ഉറക്കുന്നു. തന്ത്രിയും മേല്‍ശാന്തിയും ശാന്തിക്കാരും ചേര്‍ന്നാണ് ഹരിവരാസനം പാടുക. അതേസമയം പുറത്ത് മൈക്കില്‍ കൂടി യേശുദാസിന്‍റെ പ്രശസ്തമായ ഹരിവരാസനവുംകേള്‍ക്കാം. നിറകണ്ണുകളോടെ, തൊഴുകൈകളുമായി നില്‍ക്കുന്ന ഭക്തന്മാരും അതേറ്റുപാടും. അവസാനവരി പാടികഴിഞ്ഞാല്‍ മേല്‍ശാന്തി നടയടയ്ക്കും. അതോടുകൂടി ഒരു ദിവസത്തെ പൂജകള്‍ അവസാനിക്കുന്നു.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
