രോഗനിവാരണ മൂര്‍ത്തിയായ ശാസ്താവ്

രോഗനിവാരണ മൂര്‍ത്തിയായ ശാസ്താവ്

HIGHLIGHTS

ഇഷ്ടവരദായകമായ ശാസ്താക്ഷേത്രങ്ങള്‍ പലതും മലമുകളിലും വനാന്തരത്തിലുമായിട്ടാണ് നിലകൊള്ളുന്നത്. ഇപ്രകാരമാണ് മംഗലത്ത് ശാസ്താക്ഷേത്രവും നിലകൊള്ളുന്നത്. 

രോഗനിവൃത്തിക്കായി ശാസ്താവില്‍ അഭയം തേടുന്ന അപൂര്‍വ്വം ചില ശാസ്താക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ഈ ക്ഷേത്രങ്ങളുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട കഥകളാണ് രോഗനിവൃത്തിയുടെ ശാസ്താവൈഭവവും. ഉദരരോഗനിവൃത്തിക്കായി ഭക്തര്‍ അഭയം തേടി എത്തുന്ന ഒരു ശാസ്താ ക്ഷേത്രസന്നിധിയിലാണ് നാമിപ്പോള്‍ വലം വയ്ക്കുന്നത്. 'മംഗലത്ത് ശാസ്താക്ഷേത്രം' എന്നാണീ ദേവസ്ഥാനം അറിയപ്പെടുന്നത്. മൂവാറ്റുപുഴ- തൊടുപുഴ റൂട്ടില്‍ ആനിക്കാടു ചിറ ജംഗ്ഷനില്‍മ നിന്നും അരകിലോമീറ്റര്‍ ഉള്ളിലായിട്ടാണ് അനവധി മഹത്വങ്ങള്‍ ചേര്‍ന്ന ഈ ശാസ്താസന്നിധി നിലകൊള്ളുന്നത്. ചമ്രവട്ടത്ത് ശാസ്താവും, പാക്കില്‍ ശാസ്താവും തശഴി ശാസ്താവും രോഗനിവാരണമൂര്‍ത്തികളാണ്. അപ്രകാരം മറ്റൊരു ശാസ്താസങ്കല്‍പ്പമാണ് മംഗലത്ത് ശാസ്താവിന്‍റെ ഐതിഹ്യ വിശ്വാസവും.

വലിയ വിധാനങ്ങള്‍ ചേര്‍ന്നതല്ല ഈ ശാസ്താക്ഷേത്രം. കേരളത്തിലെ പൗരാണിക ശാസ്താംകാവ് പോലെ കളരിസമ്പ്രദായത്തിലുള്ള ശ്രീകോവിലാണ്. ദീര്‍ഘചതുരാകൃതി എന്നുതന്നെ പറയാം. പ്രഭാസാത്യകാസമേതം, ചാപബാണധാരിയായി സിംഹാസരൂഢനായ ധര്‍മ്മശാസ്താവാണ് ഈ ക്ഷേത്രത്തിലെ ശാസ്താവിഗ്രസങ്കല്‍പ്പം. ശ്രീകോവിലിന്‍റെ മുഖമണ്ഡപത്തില്‍ ഇടതുമാറി ഗണപതി പ്രതിഷ്ഠ. ഭഗവാനോട് ചേര്‍ന്നിരിക്കുന്ന ഈ ഗണപതിയെ ഒക്കത്ത് ഗണപതി എന്നാണ് വിളിക്കപ്പെടുന്നത്.

കാലഘട്ടങ്ങളിലൂടെ...

ഇഷ്ടവരദായകമായ ശാസ്താക്ഷേത്രങ്ങള്‍ പലതും മലമുകളിലും വനാന്തരത്തിലുമായിട്ടാണ് നിലകൊള്ളുന്നത്. ഇപ്രകാരമാണ് മംഗലത്ത് ശാസ്താക്ഷേത്രവും നിലകൊള്ളുന്നത്. ഒരു കാലഘട്ടത്തില്‍ പുലികളുടെ വരെ സാന്നിധ്യം ഈ ദേശത്തില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മലമുകളില്‍ ശാസ്താക്ഷേത്രത്തിന്‍റെ ആവിര്‍ഭാവം എപ്രകാരമെന്ന് ആര്‍ക്കും അറിയില്ല. ഇവിടെ ഇപ്രകാരമൊരു ക്ഷേത്രം നിലനിന്നിരുന്നതായി തിരിച്ചറിഞ്ഞത് നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ ആയിരത്തി തൊള്ളായിരത്തി എട്ടിലാണ് കാടിനുള്ളിലെ ഈ മഹാചൈതന്യം തിരിച്ചറിഞ്ഞത്. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള മറ്റൊരു ചരിത്രം ഈ ശാസ്താക്ഷേത്രത്തിനുണ്ട് എന്നത് വാസ്തവമാണ്. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരിച്ചറിഞ്ഞ ഈ മഹാചൈതന്യത്തിന്‍റെ ആവിര്‍ഭാവചരിത്രം. അത്തരം ചരിത്രങ്ങള്‍ പ്രശ്നചിന്തയിലൂടെ തിരിച്ചറിയാം. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവം ഐതിഹ്യകഥയല്ല. ആനിക്കാട് ഇല്ലത്തെ വല്യമുത്തച്ഛന്‍റെ കഥ തന്നെയാണ്.

അന്ന് മൂന്നുവയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആണ്‍കുട്ടി. ഇല്ലത്തെ വൈദികാചാരങ്ങളും മറ്റും തുടര്‍ന്നുപോകേണ്ട ഏകസന്തതിക്ക് (യശഃശരീരനായ ശ്രീവാസുദേവന്‍ ഇളയത്) അതികഠിനമായ വയറുവേദന ഔഷധത്താലും മന്ത്രത്താലും മാറാതെ തുടര്‍ന്നു. അകാരണമായ വയറുവേദനയില്‍ ആ കുഞ്ഞ് പുളഞ്ഞുനിലവിളിക്കുകയായിരുന്നു. വിദഗ്ദ്ധ ചികിത്സകളെല്ലാം വിഫലമായപ്പോള്‍ ഇല്ലത്തുവെച്ച് പ്രശ്നം നോക്കാമെന്ന് കരുതി. താംബൂല പ്രശ്നം നടത്തി. ഇല്ലത്തിന്‍റെ കന്നിരാശി പദത്തിലായി ഒരു ശാസ്താചൈതന്യം കാണുന്നു. അത് ജീര്‍ണ്ണിച്ച് അവശമായി ആചാരങ്ങളില്ലാതെ കിടക്കുകയാണ്. അവിടെ ഭഗവാന്‍റെ വിഗ്രഹവുമുണ്ട്. ആ ബിംബം കണ്ടെത്തി യഥാവിധി പൂജ ചെയ്ത നിവേദ്യം കുട്ടിക്ക് കൊടുത്താല്‍ ദീനം മാറിക്കിട്ടുമെന്ന് പ്രശ്നകര്‍ത്താവ് വിധിച്ചു. എന്നാല്‍ ഇല്ലപ്പറമ്പിലോ സമീപത്തോ അപ്രകാരമൊരു ജീര്‍ണ്ണിച്ച ദേവസ്ഥാനം കണ്ടിട്ടേയില്ല. ഇല്ലപ്പറമ്പ് കഴിഞ്ഞാല്‍ വലിയ കാടും മലയുമാണ്. വന്യമൃഗങ്ങള്‍ വന്നിറങ്ങുന്ന മലഞ്ചരുവാണ്. കുറച്ച് പണിക്കാരെ കൂട്ടി ഇല്ലത്തിന്‍റെ കന്നിരാശി മാര്‍ഗ്ഗത്തിലുള്ള വനദേശമനയ്ക്ക് ആ ബ്രാഹ്മണന്‍ യാത്ര തിരിച്ചു. കാട് വെട്ടിത്തെളിച്ച് തിരഞ്ഞപ്പോള്‍ നേരം മദ്ധ്യാഹ്നം അടുക്കാറായപ്പോള കാടിന്‍റെ ഗാംഭീര്യം ആരംഭിക്കുന്ന ഭാഗത്ത് ഒരു പീഠത്തില്‍ ഉറപ്പിച്ച ശിലയും, ക്ഷേത്രാവശിഷ്ടങ്ങളും കണ്ടു. ശില നേരെ എടുത്തുവെച്ച ശേഷം കുളിച്ച് ശുദ്ധമാകാന്‍ വേണ്ടി ഏവരും മടങ്ങാന്‍ ഭാവിച്ചപ്പോള്‍, കാടിന്‍റെ ഈ ഭാഗം മടങ്ങിവരുമ്പോള്‍ തിരിച്ചറിയാന്‍ വേണ്ടി ഒരുപട്ടു തുണി ഉയരമുള്ള പാലമരത്തില്‍ തൂക്കിയിട്ടു.

നേരം മദ്ധ്യാഹ്നമായിരുന്നു. കുളി കഴിഞ്ഞ് ശുദ്ധമായി വന്ന ബ്രാഹ്മണന്‍ വിഗ്രഹത്തില്‍ മന്ത്രാഭിഷേകാദികള്‍ ചെയ്തശേഷം ആദ്യനിവേദ്യമായ മലര്‍ നിവേദ്യം നടത്തി. നിവേദിച്ച പ്രസാദം മകന് കഴിക്കാനായി നല്‍കി. വളരെ നാളായി വയറുവേദനയാല്‍ വലഞ്ഞിരുന്ന കുഞ്ഞിന്‍റെ വേദന ഉടന്‍ ശമിക്കുകയും ചെയ്തു. സാധാരണ ക്ഷേത്രങ്ങളില്‍ അതിരാവിലെ നടത്തിപ്പോരുന്ന മലര്‍നിവേദ്യം മംഗലത്ത് ശാസ്താവിന് നേരം അല്‍പ്പം പുലര്‍ന്ന് സൂര്യന്‍ ഉദിച്ചുയര്‍ന്നശേഷമാണ് ഇന്നും നടത്തിവരുന്നത്. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് മംഗലത്ത് ശാസ്താവിന്‍റെ മലര്‍നിവേദ്യം ഉത്തമമായി കരുതിപ്പോരുന്നു.

പാലച്ചുവട്ടിലെ  ഭദ്രകാളിയും മറ്റ് ഉപദേവതകളും

പാലച്ചുവട്ടില്‍ കുടികൊള്ളുന്ന ഭദ്രകാളി സാന്നിധ്യം ഏറെ ശക്തി സ്വരൂപിണിയാണ്. പ്രധാന ദേവന് തുല്യമായി തന്നെയാണ് ഭദ്രകാളി സാന്നിധ്യത്തെ ഭക്തര്‍ വിശ്വസിച്ചുപോരുന്നത്. ഭദ്രകാളിദേവിയെ കൂടാതെ, ബ്രഹ്മരക്ഷസ്സ്, ഭുവനേശ്വരി, ദുര്‍ഗ്ഗ എന്നീ ഉപദേവകള്‍ കൂടി ഈ ക്ഷേത്രസങ്കല്‍പ്പത്തിന്‍റെ മറ്റ് ദേവതകളാണ്.

ഇഷ്ടവഴിപാടുകള്‍

ശാസ്താവിങ്കല്‍ നീരാജനം, വറപ്പൊടി, വിശേഷാല്‍ അഭിഷേകങ്ങള്‍, കളമെഴുത്തുപാട്ട് എന്നിവ മംഗലത്ത് ശാസ്താക്ഷേത്രത്തിലെ ഇഷ്ടവഴിപാടുകളാണ്. കേരളത്തില്‍ അതിപുരാതന ശാസ്താക്ഷേത്രങ്ങളുടെ ഗണത്തില്‍പ്പെട്ടതാണ് മംഗലത്ത് ശാസ്താക്ഷേത്രവും. അധികമാരും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ ശാസ്താസന്നിധി ഭക്തിയുടെ ശാന്തഭാവമായി ആനിക്കാട് ഗ്രാമത്തില്‍ നിലകൊള്ളുന്നു.