ചുക്കുക്ക് മിഞ്ചിയ മരുന്തുമില്ല; സുബ്രഹ്മണ്യന് മിഞ്ചിയ ദൈവവുമില്ല
മണ്ഡലകാലത്തും മകരവിളക്കിനും തമിഴ്നാട്ടില്‍ നിന്നും ധാരാളം ഭക്തര്‍ ശബരിമല ശ്രീധര്‍മ്മശാസ്താവിനെ തൊഴാന്‍ എത്താറുണ്ട്. ഒരു കൊല്ലത്തെ തങ്ങളുടെ നീക്കിയിരിപ്പില്‍ ഒരു വിഹിതം അയ്യപ്പന് കാണിക്കയായി അര്‍പ്പിക്കുന്ന ഭക്തരും നിരവധിയാണ്. എന്നാല്‍ ഒരു വേള ശബരിമലയാത്ര സാധ്യമല്ലാത്ത സാഹചര്യം വന്നാല്‍ തമിഴ്നാട്ടുകാര്‍ എന്താണ് ചെയ്യുക? അന്നേരം അവര്‍ പടിഞ്ഞാറന്‍ ജില്ലയായ കോയമ്പത്തൂരിലെ വിഖ്യാതമായ ഒരു മുരുകക്ഷേത്രത്തിലേക്കാകും ചെല്ലുക. കോയമ്പത്തൂരിലെ മരുതുമലയില് സ്ഥിതി ചെയ്യുന്ന പ്രസ്തുത ക്ഷേത്രത്തിന്റെ പൂര്‍ണ്ണനാമം അല്ലെങ്കില്‍ മരുതാചലമൂര്‍ത്തി ക്ഷേത്രം എന്നാണ്. സന്താനഭാഗ്യത്തിനായി നിരവധി ഭക്തര്‍ ഇവിടെ വന്നുതൊഴാറുണ്ട്. ഒരുവേള ശബരിമല ചവിട്ടാന്‍ സാധിക്കാത്ത ഒരു മണ്ഡലകാലം വരികയാണെങ്കില്‍ പ്രതിവിധിയായി ഭക്തര്‍ ഇവിടെത്തി 18 പടി ചവിട്ടി മുരുകദര്‍ശനം നടത്താറുണ്ട്.
മണ്ഡലകാലത്തും മകരവിളക്കിനും തമിഴ്നാട്ടില്‍ നിന്നും ധാരാളം ഭക്തര്‍ ശബരിമല ശ്രീധര്‍മ്മശാസ്താവിനെ തൊഴാന്‍ എത്താറുണ്ട്. അവര്‍ പലരും തമിഴ്നാട്ടിലും കേരളത്തിലുമുള്ള പല പുണ്യപുരാതന ക്ഷേത്രങ്ങളും ദര്‍ശിച്ച ശേഷമാണ് ശബരിമലയില്‍ എത്തുന്നത്. ഒരു കൊല്ലത്തെ തങ്ങളുടെ നീക്കിയിരിപ്പില്‍ ഒരു വിഹിതം അയ്യപ്പന് കാണിക്കയായി അര്‍പ്പിക്കുന്ന ഭക്തരും നിരവധിയാണ്. എന്നാല്‍ ഒരു വേള ശബരിമലയാത്ര സാധ്യമല്ലാത്ത സാഹചര്യം വന്നാല്‍ തമിഴ്നാട്ടുകാര്‍ എന്താണ് ചെയ്യുക? അന്നേരം അവര്‍ പടിഞ്ഞാറന്‍ ജില്ലയായ കോയമ്പത്തൂരിലെ വിഖ്യാതമായ ഒരു മുരുകക്ഷേത്രത്തിലേക്കാകും ചെല്ലുക. കോയമ്പത്തൂരിലെ മരുതുമലയില് സ്ഥിതി ചെയ്യുന്ന പ്രസ്തുത ക്ഷേത്രത്തിന്റെ പൂര്‍ണ്ണനാമം അല്ലെങ്കില്‍ മരുതാചലമൂര്‍ത്തി ക്ഷേത്രം എന്നാണ്.
ഏറെ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ചുവടെ.
കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും വടവള്ളി റൂട്ടില്‍ (ഭാരതീയാര്‍ യൂണിവേഴ്സിറ്റി വഴി) 15 കിലോമീറ്റര്‍ മാറിയാണ് മരുതമല സ്ഥിതി ചെയ്യുന്നത്. ഈ മലയുടെ മറുപുറം കേരളമാണ്. കൃത്യമായി പറഞ്ഞാല്‍ നമ്മുടെ ഷോളയാര്‍ ഫോറസ്റ്റ് ഏരിയയുടെ മറുഭാഗമാണ് മരുതമല. ഇത് മറ്റ് രണ്ട് മലകളുടെ മധ്യത്തിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ വെള്ളിയങ്കരിമല ഭഗവാന് പരമശിവന് വസിക്കുന്ന മലയായും സമീപത്തെ നീലിമല പാര്‍വ്വതിദേവി വസിക്കുന്ന മലയായും കരുതിപ്പോരുന്നു. ഇവയ്ക്ക് ഒത്തനടുവിലായി സ്ഥിതി ചെയ്യുന്ന മരുതമലയിലാണ് സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നത്.
ചുക്കുക്ക് മിഞ്ചിയ മരുന്തുമില്ല സുബ്രഹ്മണ്യന് മിഞ്ചിയ ദൈവവുമില്ല എന്നാണ് തമിഴ്നാട്ടുകാര്‍ പറയാറ്. അതുകൊണ്ടുതന്നെ അവര്‍ക്ക് മുരുകക്ഷേത്രങ്ങള്‍ എന്നാല്‍ ഏറെ പ്രിയങ്കരമാണ്. ഭഗവാന് മുരുകന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നടന്ന ആറ് ക്ഷേത്രങ്ങളെ(സ്വാമിമലൈ, പഴനി, തൃച്ചെന്തൂര്‍, തിരുപ്പുറംകുണ്ട്രം, തിരുത്തണി, പഴമുതിര്‍ച്ചോലൈ) ആറുപടൈ വീട് എന്നാണ് അറിയപ്പെടുന്നത്. ഇതിനുമപ്പുറം ഏഴാം പടവീട് എന്നറിയപ്പെടുന്ന ക്ഷേത്രമാണ് മരുതമലയിലുള്ളത്. മരുതുമരങ്ങള്‍ ധാരാളമുള്ള മലയായതുകൊണ്ടാണ് ഇതിന് മരുതമല എന്ന് പേര് വന്നത്. അതുകൊണ്ട് ഇവിടെ മുരുകന് മരുതാചലമൂര്‍ത്തി എന്നും അറിയപ്പെടുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും വിശ്വാസപ്രമാണങ്ങളും നിലനില്‍ക്കുന്നുണ്ട്. ശൂരഭദ്രന്, സിംഹമുഖന്‍ എന്നീ അസുരന്മാരെ വധിക്കാനായി ജന്മമെടുത്ത മുരുകനെക്കാത്ത് ദേവഗണങ്ങള്‍ കുടികൊണ്ട സ്ഥലമാണ് ഇവിടം എന്നതാണ് ഒരു വിശ്വാസം. കുശധ്വജന്‍ എന്ന രാജാവ് സന്താനഭാഗ്യത്തിനായി ഇവിടെ തപസ്സ് ചെയ്ത് വരം നേടിയിട്ടുണ്ടെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ സന്താനഭാഗ്യത്തിനായി നിരവധി ഭക്തര്‍ ഇവിടെ വന്നുതൊഴാറുണ്ട്.
12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് തിരുപ്പൂരില്‍ നിന്നും കൊണ്ടുവന്ന ഫലകങ്ങളാണ് ഉപയോഗിച്ചത് എന്ന് പറയപ്പെടുന്നു. ഇവിടെ മുരുകന്റെ സഹോദരന് ഗണപതി പല ഭാവങ്ങളില്‍ കുടികൊള്ളുന്നു. മല അടിവാരത്ത് ഗണപതിയുടെ സ്വയംഭൂരൂപം കാണാന്‍ സാധിക്കും. ഇവിടെ തൊഴുതുവണങ്ങിയശേഷംവേണം മരുതമല കയറാന്‍ എന്നാണ് വിശ്വാസം. താന്തോണ്ട്രി വിനായകന് എന്നറിയപ്പെടുന്ന വിനായകന് മലമുകളിലെ മുരുകനെ നോക്കി ഇരിക്കുന്ന ഭാവത്തിലാണ് കുടികൊള്ളുന്നത്. അടിവാരത്തില്‍ നിന്നും മലമുകളില്‍ എത്താന്‍ 837 പടവുകളാണുള്ളത്. ഇതുവഴിയാണ് ഭക്തരില്‍ അധികവും മല കയറുന്നതെങ്കിലും ദേവസ്വം ബോര്‍ഡിന്റെ ബസുകളും ലഭ്യമാണ്. അതേസമയം, സ്വന്തം വാഹനത്തില്‍ മലമുകളിലെത്താനുള്ള അവസരവും അധികൃതര്‍ നല്‍കുന്നുണ്ട്.
പളനിയിലേതുപോലെ തന്നെ ഇവിടെ മുടിമുറിക്കല്‍ വഴിപാടിനായി എത്തുന്നവര്‍ നിരവധിയാണ്. കുട്ടികള്‍ക്ക് കാതുകുത്താനും പ്രത്യേകസൗകര്യം ലഭ്യമാണ്. മലകയറി മുകളിലെത്തുമ്പോള്‍ അവിടെ പത്നീസമേതനായി കുടികൊള്ളുന്ന മുരുകവിഗ്രഹം കാണാന്‍ സാധിക്കും. ഇത് സ്വയംഭൂവാണെന്നതാണ് സങ്കല്‍പ്പം. ഇവിടെ തൊഴുതശേഷം പ്രധാന സന്നിധിയിലേക്ക് പോകാന്‍ പതിനെട്ട് പടവുകള്‍ പിന്നെയുമുണ്ട്. ശബരിമലയ്ക്ക് സമാനമായിട്ടാണ് ഈ പതിനെട്ട് പടിക്കെട്ടുകളെ ഭക്തര്‍ കാണുന്നത്. ഒരുവേള ശബരിമല ചവിട്ടാന്‍ സാധിക്കാത്ത ഒരു മണ്ഡലകാലം വരികയാണെങ്കില്‍ പ്രതിവിധിയായി ഭക്തര്‍ ഇവിടെത്തി 18 പടി ചവിട്ടി മുരുകദര്‍ശനം നടത്താറുണ്ടത്രേ. തമിഴ്നാട്ടുകാര്‍ മാത്രമല്ല കോയമ്പത്തൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പാലക്കാട് ഉള്‍പ്പെടെയുള്ള കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ നിന്നും നിരവധി ഭക്തര്‍ ഇവിടെ പതിനെട്ടാംപടി ചവിട്ടാന്‍ എത്തുന്നുണ്ട്.
പാലക്കാട്ടുനിന്നും കച്ചവടസംബന്ധിയായി കോയമ്പത്തൂരിലേക്ക് കുടിയേറിയ നിരവധി മലയാളികളുണ്ട്. അവരില്‍ പലര്‍ക്കും തിരക്കുകള്‍ കാരണം പലപ്പോഴും ശബരിമല ദര്‍ശനം സാധ്യമാകണമെന്നില്ല. അതേസമയം, അവരില്‍ നല്ലൊരു വിഭാഗം ഇവിടെത്തി പതിനെട്ടാംപടി ചവിട്ടി മുരുകന്റെ ദര്‍ശനസായൂജ്യം നേടാറുണ്ട്. എല്ലാമാസവും കാര്ത്തികനാള്(തമിഴില്‍ കൃത്തികൈ) ഇവിടെ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഷഷ്ഠി, വിശാഖം, അമാവാസിനാളുകളും വിശേഷപ്പെട്ടതാണ്.
എല്ലാദിവസവും മൂന്നുകാല പൂജയാണ് ഇവിടെയുള്ളത്. വൈകാശി വിശാഖോത്സവമാണ് പ്രധാന ആഘോഷം. അപ്പോള്‍ അവിടെ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ബ്രഹ്മോത്സവം സംഘടിപ്പിക്കും. തൈപ്പൂയത്തിന് തിരുക്കല്യാണവും അന്നേദിവസം വൈകിട്ട് തേരോട്ടവും ഇവിടെ നടത്താറുണ്ട്. തേരോട്ടനാള് ഭഗവാനെ കണ്ടുവണങ്ങാനും തേര് വലിക്കാനുമായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ 5.30 ന് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ അടയ്ക്കുന്ന നട ഉച്ചതിരിഞ്ഞ് 2 ന് വീണ്ടും തുറക്കും. രാത്രി 8.30 നാണ് നടയടപ്പ്.
വിശേഷദിവസങ്ങളില്‍ നടതുറക്കല്‍ നേരത്തേയാകാറുണ്ട്. ഏതൊരു മുരുകക്ഷേത്രത്തിലേതുംപോലെ പഞ്ചാമൃതം തന്നെയാണ് ഇവിടെയും പ്രധാന പ്രസാദം.
കോയമ്പത്തൂരുകാരെ സംബന്ധിച്ചിടത്തോളം മരുതമല മുരുകക്ഷേത്രത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും പോകുന്നത് അവരുടെ ചര്യയുടെ ഭാഗമാണ്. അതുപോലെതന്നെയാണ് സമീപ ജില്ലകളില്‍ നിന്നുള്ള ഭക്തരുടെ കാര്യവും. അതിനാല്‍ ഇവിടം ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. ശബരിമല സീസണില്‍ ഭക്തരുടെ വന്‍തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ചിലപ്പോഴെങ്കിലും വടവള്ളിയില്‍ നിന്നും മരുതമല അടിവാരത്തിലേക്കെത്താന് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യവും വരാറുണ്ട്.
യാത്രാസൗകര്യം ഇങ്ങനെ
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ഗാന്ധപുരം ബസ്സ്റ്റാന്റുണ്ട്. അവിടെ നിന്നും ലോക്കല്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്ന ഭാഗത്ത് എത്തിയാല്‍ മരുതമലയിലേക്ക് എപ്പോഴും ബസ് ലഭിക്കും. മരുതമല അടിവാരം വരെയാകും ബസ്സര്‍വ്വീസ്. തുടര്‍ന്ന് മലമുകളിലേക്ക് മരുതമല ദേവസ്വം നടത്തുന്ന സര്‍വ്വീസ് ബസുകളെയോ വാടക ഓട്ടോറിക്ഷകളെയോ ടാക്സികളെയോ ആശ്രയിക്കാം. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപത്തുനിന്നും മരുതമലൈ ബസ് സര്‍വ്വീസ് ലഭ്യമാണ്. കൊച്ചി- ബംഗളുരു റൂട്ടില്‍ യാത്ര ചെയ്യുന്ന മലയാളികളുടെ സ്ഥിരം ടൂറിസ്റ്റ് കം പില്‍ഗ്രിം ഹബ്ബ് കൂടിയാണ് ഇവിടം.
