
ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനമെന്ന് ഘോഷിക്കും സന്നിധി -
മരുത്തോര്‍വട്ടം ശ്രീ ധന്വന്തരീക്ഷേത്രം
മരുത്തോര്‍വട്ടം ധന്വന്തരീ ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ കേവലമൊരു വിശേഷണവാചകത്തിനപ്പുറം അറിവിന്‍റെ അനുഭവത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥ സമ്പുഷ്ട വരികള്‍ എന്നും എടുത്തു പറയേണ്ടതുണ്ട്. കാരണം മരുന്നും മന്ത്രവും ഒരുമിച്ചുചേര്‍ന്ന് രോഗപീഡയില്‍നിന്നും മോചനം നല്‍കുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. കേരളത്തില്‍ ധന്വന്തരീമൂര്‍ത്തിയുടെ പ്രതിഷ്ഠ അപൂര്‍വ്വം ക്ഷേത്രങ്ങളിലേയുള്ളു. അവയില്‍ ദക്ഷിണകേരളത്തിലെ പ്രഥമവും പ്രധാനവുമാണ് മരുത്തോര്‍വട്ടം ശ്രീധന്വന്തരീക്ഷേത്രം.
മരുന്നൊരുവട്ടം മരുത്തോര്‍വട്ടം
ഇതൊരു വിശേഷണമാണ് അഥവാ പ്രയോഗമാണ്. മരുത്തോര്‍വട്ടം ശ്രീധന്വന്തരി മഹാക്ഷേത്രത്തോടൊപ്പം ചേര്‍ക്കുന്നത്. മരുത്തോര്‍വട്ടം ധന്വന്തരീ ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ കേവലമൊരു വിശേഷണവാചകത്തിനപ്പുറം അറിവിന്‍റെ അനുഭവത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥ സമ്പുഷ്ട വരികള്‍ എന്നും എടുത്തു പറയേണ്ടതുണ്ട്. കാരണം മരുന്നും മന്ത്രവും ഒരുമിച്ചുചേര്‍ന്ന് രോഗപീഡയില്‍നിന്നും മോചനം നല്‍കുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. കേരളത്തില്‍ ധന്വന്തരീമൂര്‍ത്തിയുടെ പ്രതിഷ്ഠ അപൂര്‍വ്വം ക്ഷേത്രങ്ങളിലേയുള്ളു. അവയില്‍ ദക്ഷിണകേരളത്തിലെ പ്രഥമവും പ്രധാനവുമാണ് മരുത്തോര്‍വട്ടം ശ്രീധന്വന്തരീക്ഷേത്രം.
ഐതിഹ്യവും ചരിത്രവും
ഐതിഹ്യപ്രകാരം ധന്വന്തരീമൂര്‍ത്തി പാലാഴിയില്‍ നിന്നും അമൃതകുംഭവുമായി ഉയര്‍ന്നുവന്ന മഹാവിഷ്ണുവിന്‍റെ അംശാവതാരമാണ്. മരുത്തോര്‍വട്ടത്ത് പൂജിക്കുന്നതും ഈ അവതാരമൂര്‍ത്തിയെയാണ്. ക്ഷേത്രത്തിന്‍റെ ചരിത്രത്തെക്കുറിച്ചു പറയുമ്പോള്‍ അത് കൃത്യമായ കാലഗണനയ്ക്കു വഴങ്ങുന്നില്ല. കാരണം കാലഗണനയുടെ അക്കങ്ങള്‍ക്കപ്പുറത്തുള്ള ഏതോ ദശാസന്ധിയിലാണ് ഈ ക്ഷേത്രപ്രതിഷ്ഠ നടക്കുന്നത്. വെള്ളുടു നമ്പൂതിരിയുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന്‍റെ ചരിത്രം. ഒരു പ്രത്യേക സാഹചര്യത്തില്‍ കൈവന്ന ധന്വന്തരീവിഗ്രഹം വെള്ളുടു നമ്പൂതിരി വീട്ടില്‍ വച്ച് ആരാധിച്ചു പോന്നിരുന്നുവത്രെ. അഷ്ടവൈദ്യന്മാരില്‍ ഒരാളായിരുന്ന വെള്ളുടു നമ്പൂതിരി വസിച്ചിരുന്നതും മരുത്തോര്‍വട്ടത്തായിരുന്നു.
കാലങ്ങള്‍ കഴിഞ്ഞു. 1788 ല്‍ ടിപ്പുസുല്‍ത്താന്‍ തന്‍റെ പടയോട്ടത്തിന്‍റെ ഭാഗമായി മലബാറില്‍ എത്തിയപ്പോള്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തു താമസിച്ചിരുന്ന ചിരട്ടമണ്‍ മൂസ് കുടുംബാംഗങ്ങളോടൊപ്പം തിരുവിതാംകൂറില്‍ അഭയം തേടി. തിരുവിതാംകൂര്‍ മഹാരാജാവ് മരുത്തോര്‍ വട്ടത്ത് ചിരട്ടമണ്‍ മൂസിനു താമസസൗകര്യം നല്‍കുകയും ചെയ്തു. മരുത്തോര്‍വട്ടത്തു താമസമായതോടെ വെള്ളുടു ഇല്ലവുമായി ചിരട്ടമണ്‍മൂസ് അടുപ്പത്തിലാകുകയും ചെയ്തു. ഇല്ലത്തെ നിത്യസന്ദര്‍ശകനായി മാറിയ ചിരട്ടമണ്‍ ഒരു ദിവസം വെള്ളുടു ഇല്ലത്തെ പൂജാമുറിയിലിരിക്കുന്ന ധന്വന്തരിമൂര്‍ത്തിയുടെ അഭൗമ ചൈതന്യം തിരിച്ചറിഞ്ഞ് ഇഃ് വീട്ടില്‍വച്ച് പൂജിക്കേണ്ട വിഗ്രഹമല്ലെന്നും ഒരു ക്ഷേത്രംപണിത് അങ്ങോട്ടു മാറ്റുകയാണ് ഉത്തമമെന്നും അഭിപ്രായപ്പെട്ടു.
ക്ഷേത്രനിര്‍മ്മാണത്തോട് വെള്ളുടു നമ്പൂതിരി അനുകൂലിച്ചെങ്കിലും അതിനാവശ്യമായ ധനസ്ഥിതി അദ്ദേഹത്തിനില്ലായിരുന്നു. ചിരട്ടമണ്‍ മൂസുതന്നെ അതിനും പരിഹാരം കണ്ടെത്തി ക്ഷേത്രനിര്‍മ്മാണവും പ്രതിഷ്ഠയുമെല്ലാം സ്വന്തം ചെലവില്‍ അദ്ദേഹം നടത്തി. അതാണു മരുത്തോര്‍വട്ടം ശ്രീധന്വന്തരിക്ഷേത്രം. 2014-ല്‍ ആ ക്ഷേത്രം നവീകരിച്ച് ഇന്നു കാണുന്നരീതിയില്‍ പുതുക്കിപ്പണിയുകയും ചെയ്തു.
മൂര്‍ത്തീവിഗ്രഹം വെള്ളുടുനമ്പൂതിരിയുടേതായിരുന്നുവല്ലോ. ക്ഷേത്രം നിര്‍മ്മിച്ചത് ചിരട്ടമണ്‍മൂസും. അതുകൊണ്ട് രണ്ട് ഇല്ലക്കാര്‍ക്കും തുല്യമായി അവകാശമുണ്ടായി. പിന്നീട് രണ്ട് ഇല്ലക്കാരുമായി അവകാശത്തര്‍ക്കമുണ്ടാകുകയും വെള്ളുടു നമ്പൂതിരി ചിരട്ടമണ്‍മൂസിനു സ്വന്തം ഭൂമി എഴുതിക്കൊടുത്ത് ക്ഷേത്രം തന്‍റെ അധീനതയില്‍ നിലനിര്‍ത്തി. ചിരട്ടമണ്‍മൂസ് കോട്ടയത്തിനടുത്തുള്ള ഒളശ്ശയിലേക്കു താമസം മാറുകയും ചെയ്തു.
കാലവും കാലഘട്ടവും മാറി. കേരളത്തിന്‍റെ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങള്‍ ക്ഷേത്രഭരണത്തിലും വ്യത്യാസങ്ങള്‍ വരുത്തി. ഇപ്പോള്‍ 12 പേരടങ്ങുന്ന ഒരു ഭരണസമിതിയാണ് ക്ഷേത്രകാര്യങ്ങള്‍ ഭംഗിയായി നടത്തുന്നത്. ജെ.സജിയാണ് ഇപ്പോള്‍ മാനേജര്‍. പ്രസിഡന്‍റ് ജി. സജികുമാര്‍. ഇദ്ദേഹം പഞ്ചായത്ത് മെമ്പര്‍ കൂടിയാണ്. സി.ജയകുമാറാണ് സെക്രട്ടറി.
നമസ്കാരവും താള്‍ക്കറിയും
വ്യത്യസ്തമായ ഒരുപാടു വഴിപാടുകളും ഇവിടെയുണ്ട്. അവയിലൊന്നാണ് ഔഷധതാള്‍ക്കറി. കര്‍ക്കിടകം, തുലാം, കുംഭം മാസങ്ങളില്‍ അമാവാസി ദിനത്തില്‍ പിതൃക്കളുടെ പ്രീതിക്കായി നടത്തുന്ന നമസ്ക്കാര വഴിപാടിനോടനുബന്ധിച്ചാണ് താള്‍ക്കറി വിതരണം ചെയ്യുന്നത്. പ്രത്യേകരീതിയില്‍ തയ്യാറാക്കുന്ന ഈ താള്‍ക്കറി ഉദരരോഗങ്ങള്‍ക്ക് അത്യുത്തമമാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. വാവുദിവസം പിതൃബലി വയ്ക്കുന്നതിനു പകരമാണ് ഇവിടെ നമസ്കാരവഴിപാടു നടത്തുന്നത്. ഈ വഴിപാടു കഴിക്കുന്നവര്‍ക്കെല്ലാം പ്രസാദമായി ഒരു പടച്ചോറുനല്‍കാറുണ്ട്. ആ പടച്ചോറിനോടൊപ്പമാണ് താള്‍ക്കറി കഴിക്കേണ്ടത്.
സാധാരണഗതിയില്‍ കാട്ടുചേമ്പിന്‍റെ താള്‍ ചൊറിയും എന്നെല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ കാട്ടുചേമ്പിന്‍റെ താള്‍ മരുത്തോര്‍വട്ടത്തെ ക്ഷേത്രപ്രസാദമായി മാറുമ്പോള്‍ ചൊറിയില്ല എന്നുമാത്രമല്ല അത് രുചികരമായ ഔഷധമായി മാറുന്ന അത്ഭുതവും സംഭവിക്കുന്നു.
മഹാധന്വന്തരിഹോമം
ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണു ധന്വന്തരിഹോമം. എല്ലാത്തരം രോഗങ്ങള്‍ ശമിക്കാനും ദീര്‍ഘായുസ്സിനും ഇത് ഉത്തമമാണെന്നാണു വിശ്വാസം. ഔഷധവീര്യമുള്ള നിരവധി സസ്യങ്ങളും മറ്റ് ഔഷധക്കൂട്ടുകളും ഘൃതവും (നെയ്യ്) മന്ത്രോച്ചാരണത്തോടെ ഹോമിക്കുന്ന വിശിഷ്ട വഴിപാടാണു മഹാധന്വന്തരി ഹോമം.
തിരുവോണ പൂജ
ഈ വഴിപാടും ഇവിടുത്തെ മാത്രം സവിശേഷതയാണ്. സന്താനലബ്ധിക്കായി നടത്തുന്ന പ്രത്യേക വഴിപാടാണിത്. ഇതൊരു പ്രത്യേക അനുഷ്ഠാനമാണ്. ഇതുനിഷ്ഠയോടെ ചെയ്താല്‍ സന്താനലാഭം സുനിശ്ചിതമാണെന്നാണു പറയപ്പെടുന്നത്.
തിരുവോണ നമസ്കാരം
ഈ വഴിപാടും മരുത്തോര്‍വട്ടത്തെ മാത്രം സവിശേഷതയാണ്. ഐശ്വര്യവും സമ്പദ്സമൃദ്ധിയും നേടുന്നതിനുള്ള പ്രത്യേക വഴിപാടാണിത്. ഇതിന്‍റെ ചടങ്ങുകള്‍ ഇപ്രകാരമാണ്. തിരുവോണനാളില്‍ ക്ഷേത്രത്തില്‍ ഉണക്കലരി ച്ചോറും നാലുകൂട്ടം കറികളും ഉണ്ടാക്കുന്നു. ഉച്ചപൂജയ്ക്കുമുമ്പ് ഭഗവാനു നേദിച്ച ശേഷം ശ്രേഷ്ഠബ്രാഹ്മണരെ ഊട്ടുന്നു. പിന്നീട് ഭക്തജനങ്ങള്‍ക്കു നല്‍കുന്നു. തിരുവോണ നമസ്ക്കാരമെന്നും തിരുവോണ ഊട്ടെന്നും ഈ വഴിപാട് അറിയപ്പെടുന്നു. സമ്പദ്സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് ഇതു ചെയ്യുന്നത്.
സന്താനഗോപാലം കഥകളി
ഫലപ്രാപ്തിക്കുശേഷം ചെയ്യുന്ന വഴിപാടെന്ന നിലയിലാണ് കഥകളി വഴിപാടു വേറിട്ടുനില്‍ക്കുന്നത്. അങ്ങനെ സവിശേഷതകളും അനുഭവങ്ങളുമായി മൃതസഞ്ജീവനി മന്ത്രം ഈ ധന്വന്തരി ക്ഷേത്രത്തില്‍ സര്‍വ്വസമയവും മുഴങ്ങുന്നു. മരുന്നൊരു വട്ടം- മരുത്തോര്‍വട്ടം.
മണി കെ. ജനാര്‍ദ്ദനന്‍,
9447725649