മാതിരപ്പള്ളി ഗണപതിയും മാതിരപ്പള്ളി ശാസ്താവും
മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തേയ്ക്ക് പോകുന്ന യാത്രാമദ്ധ്യേയാണ് മതിരപ്പള്ളി മഹാക്ഷേത്രം നിലകൊള്ളുന്നത്. ഭക്തിയുടെ കനല്‍ത്തരി വിശ്വാസത്തിലൂടെ വളര്‍ന്നുപടര്‍ന്ന് ആരാധനയുടെ മഹാക്ഷേത്രമായി മാറിയ കാലങ്ങളുടെ കഥയാണ് മഹാക്ഷേത്ര സമുച്ചയത്തിന് ഭക്തരോട് പറയാനുള്ളത്.
കാലങ്ങള്‍ അനവധി വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് സഞ്ചരിക്കുമ്പോള്‍ വലിയൊരു വനം. വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിച്ചിരുന്ന ഭാഗം. കാടുകൊണ്ട് മനുഷ്യരും മൃഗങ്ങളും തങ്ങളുടെ ആഹാരം സമ്പാദിച്ചിരുന്ന കാലഘട്ടം. കാട്ടില്‍ വിറക് ശേഖരിക്കാന്‍ ചെന്നവര്‍ സ്ഥിരമായി ഒരു കാഴ്ച കാണുമായിരുന്നു. ഒരു കാട്ടാനയും, പുലിയും വലിയ ലോഹ്യത്തോടെ ക്ഷേത്രം നില്‍ക്കുന്ന ഈ ഭാഗത്ത് എത്തുകയും, ഏറെ നേരം അവര്‍ അവിടെ സൗഹൃദത്തോടെ നില്‍ക്കുകയും ചെയ്യും. ഈ കാഴ്ച ജനങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. എന്താണിതിന് പിന്നിലെ രഹസ്യം എന്നറിയാന്‍ അവര്‍ക്ക് ആകാംക്ഷയായി. ഈ വാര്‍ത്ത നാടെങ്ങും പരന്നു.
ഈ അത്ഭുതവിവരം അരചന്‍റെ കാതിലും എത്തി. ഈ അത്ഭുതത്തിന്‍റെ യാഥാര്‍ത്ഥ്യം അറിയാനായി ജ്യോതിഷന്മാരെക്കൊണ്ട് രാശിവയ്പ്പിച്ചു. ആദിമൂല ഗണപതിയുടേയും, സര്‍വ്വമംഗളകാരകനായ ശാസ്താവിന്‍റെയും സാന്നിധ്യം ഇവിടെയുണ്ടെന്നും, ഋഷിമാര്‍ അനവധി കാലം ആരാധിച്ച് മോക്ഷം പ്രാപിച്ച വിഗ്രഹങ്ങള്‍ ഇവിടെയുണ്ടെന്നും ജ്യോതിഷികള്‍ പ്രവചിച്ചു. കാട്ടിനുള്ളില്‍ നിന്നും അതിദിവ്യമായ വിഗ്രഹങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തമസ്ഥാനങ്ങളിലായി പ്രതിഷ്ഠിച്ചു. ചെറിയ രണ്ട് കല്‍പ്പുരകളില്‍ ദേവചൈതന്യങ്ങളെ ജനങ്ങള്‍ യഥാവിധി ആരാധിച്ചുപോന്നു. കേട്ടുകേള്‍വിയില്‍ മാതിരപ്പിള്ളിക്ക് ക്ഷേത്രത്തിന്‍റെ ഐതിഹ്യം ഇപ്രകാരമാണ്.
മാതിരപ്പള്ളി ഗണപതി
ഐതിഹ്യകഥയിലും വിഗ്രഹകലയിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതാണ് മാതിരപ്പിള്ളി ഗണപതിയുടേയും ശാസ്താവിന്‍റേയും വിഗ്രഹകലകള്‍. ഒരുപക്ഷേ അപൂര്‍വ്വമെന്ന് തന്നെ പറയാവുന്നതാണിത്. തളികയില്‍ ഇരിക്കുന്ന ഭാവത്തിലാണ് ഗണപതി വിഗ്രഹം. ആദിമൂല ഗണപതിയുടെ വലംപിരി ഭാവത്തിലുള്ള വിഗ്രഹമാണ് ശ്രീലകത്തെ ഗണപതിപ്രതിഷ്ഠ. ക്ഷിപ്രസാദിയായിട്ടാണ് ഭഗവാന്‍റെ അനുഗ്രഹകല. അനവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഏതോ ഒരു പ്രളയത്തില്‍ ഈ ക്ഷേത്രവും വിഗ്രഹങ്ങളുമെല്ലാം ഒഴുക്കില്‍പ്പെട്ടുപോയിരുന്നു.
പിന്നീടുള്ള തിരച്ചിലില്‍ ഈ പുഴയില്‍ നിന്നുമാണ് വിഗ്രഹങ്ങള്‍ തിരികെ ലഭിച്ചത്. അതിവിശിഷ്യമായ പാതാളശിലയാല്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന ഗണപതിവിഗ്രഹം അല്‍പ്പം പൊട്ടിപ്പിളര്‍ന്നിരുന്നു. ഈ വിഗ്രഹം മാറ്റി മറ്റൊന്ന് പണിത് പ്രതിഷ്ഠിക്കണമെന്ന് കരുതിയതായിരുന്നു. എന്നാല്‍ ഈ വിഗ്രഹത്തില്‍ നിന്നും മാറാന്‍ ഗണപതി സമ്മതമായിരുന്നില്ല. പിന്നീട് പരിഹാരമായി ചെയ്തത് പഞ്ചലോഹം കൊണ്ട് വാര്‍ത്തെടുത്ത് വിഗ്രഹത്തെ പൊതിഞ്ഞ് വയ്ക്കുകയാണ് ചെയ്തത്. പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന അപൂര്‍വ്വഗണപതി ശ്രീകോവിലാണ് മാതിരപ്പള്ളി ഗണപതി ശ്രീലകം.
മാതിരപ്പള്ളി ശാസ്താവ്
ധര്‍മ്മശാസ്താവിന്‍റെ ഭക്തര്‍, വിശ്വാസികള്‍ നിര്‍ബന്ധമായും തേടിയെത്തേണ്ട ഈ ശ്രീകോവിലാണ് മാതിരപ്പിള്ളി ധര്‍മ്മശാസ്താശ്രീലകം. അത്യപൂര്‍വ്വമായ ശാസ്താചൈതന്യം എന്നുതന്നെ ഈ വിഗ്രഹത്തെ പ്രകീര്‍ത്തിക്കാവുന്നതാണ്. 'ഇടത് കാല്‍മുട്ട് എടുത്തുകാട്ടി ഇരിക്കുന്ന ഭാവം. വലതുകയ്യില്‍ ചെങ്ങഴീര്‍പൂവ് പിടിച്ചിരിക്കുന്നു. ഇടതുകയ്യ് ഇടതുകാലില്‍ ചേര്‍ത്തുവച്ചിരിക്കുന്നു. മുടിയിഴകള്‍ അഴിഞ്ഞ് ഊര്‍ന്നുകിടക്കുന്നു. ചൈതന്യം വലത്തേയ്ക്ക് ചെരിച്ചിരിക്കുന്നു.'
ഭഗവാന്‍ കൗമാരഭാവത്തില്‍ കുടികൊള്ളുന്നു എന്നതാണ് വിശ്വാസം. ഗണപതിയുടെ ശ്രീകോവിലിന്‍റെ അതേ നിരയില്‍ ഇടതുഭാഗത്തായി തുല്യപ്രാധാന്യത്തോടെയാണ് ശാസ്താവിന്‍റെ ശ്രീകോവിലും സ്ഥിതിചെയ്യുന്നത്. രണ്ട് ശ്രീകോവിലിനും മധ്യത്തായി ലേശം പടിഞ്ഞാറേയ്ക്ക് നീങ്ങി മറ്റൊരു ശ്രീകോവിലില്‍; ബാലഗണപതി, ദക്ഷിണാമൂര്‍ത്തി, ദുര്‍ഗ്ഗാദേവി എന്നീ പ്രതിഷ്ഠകള്‍ ചേര്‍ന്ന മറ്റൊരു ശ്രീകോവിലും കൂടി ഈ നാലകത്തിനുള്ളിലുണ്ട്.
മൂവാറ്റുപുഴയില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് മാതിരപ്പള്ളി. മാതിരപ്പള്ളി ബസ് സ്റ്റോപ്പില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ നീങ്ങിയാണ് ഐതിഹ്യങ്ങളില്‍ അത്ഭുതം എഴുതിച്ചേര്‍ത്ത മാതിരപ്പിള്ളി ഗണപതി, ധര്‍മ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭക്തിയുടെ യാത്രയില്‍ ഒരിക്കലെങ്കിലും വലംവയ്ക്കേണ്ട ക്ഷേത്രമാണ് മാതിരപ്പള്ളി നാലകം. ഭൂനിരപ്പില്‍ നിന്നും താഴ്ന്ന് ഭഗവാന്‍ സ്വന്തമായി തീര്‍ത്തെടുത്ത ഈ ഭൂഭാഗം ഭക്തിയുടെ സമതലങ്ങള്‍ മനസ്സില്‍ ചേര്‍ത്തുതരും എന്നതില്‍ സംശയമില്ല.