ത്രിമൂര്‍ത്തികള്‍ വാണരുളും ദിവ്യസന്നിധി

ത്രിമൂര്‍ത്തികള്‍ വാണരുളും ദിവ്യസന്നിധി

HIGHLIGHTS

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ക്ഷേത്രമാണിത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയ്ക്ക് സമീപത്ത് കല്ലുപാകിയ നടവഴി അവസാനിക്കുന്നത് കരിങ്കല്‍ പടവുകള്‍ക്ക് മുന്നിലാണ്. പന്ത്രണ്ട് പടികള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ പച്ചപ്പിന്‍റെ കുളിര്‍മ്മ. തണല്‍ വിരിച്ച് നില്‍ക്കുന്ന അരയാലുകള്‍, കൂവളങ്ങള്‍, പേരറിയാത്ത നിരവധി മരങ്ങളും ചെടികളും കുളവും പരിസരത്തെ വിശാലമായ കാവിന്‍റെ പ്രതീതി സൃഷ്ടിക്കുന്നു.

 

ത്രിമൂര്‍ത്തികള്‍ മുഖ്യദേവന്മാരായി വാണരുളുന്ന മൂന്ന് ക്ഷേത്രങ്ങള്‍ ചേര്‍ന്ന തലസ്ഥാനനഗരിയാണ് മിത്രാനന്ദപുരം ത്രിമൂര്‍ത്തി ക്ഷേത്രസന്നിധി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ക്ഷേത്രമാണിത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയ്ക്ക് സമീപത്ത് കല്ലുപാകിയ നടവഴി അവസാനിക്കുന്നത് കരിങ്കല്‍ പടവുകള്‍ക്ക് മുന്നിലാണ്. പന്ത്രണ്ട് പടികള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ പച്ചപ്പിന്‍റെ കുളിര്‍മ്മ. തണല്‍ വിരിച്ച് നില്‍ക്കുന്ന അരയാലുകള്‍, കൂവളങ്ങള്‍, പേരറിയാത്ത നിരവധി മരങ്ങളും ചെടികളും കുളവും പരിസരത്തെ വിശാലമായ കാവിന്‍റെ പ്രതീതി സൃഷ്ടിക്കുന്നു.

വിഷ്ണു, മഹേശ്വര്‍ എന്നിവര്‍ ആരാധനാമൂര്‍ത്തികളായ ക്ഷേത്രസന്നിധിയാണ് ആദ്യം. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ഭഗവാന്‍ മഹാവിഷ്ണു കിഴക്കോട്ട് ദര്‍ശനമായി ഇവിടെ വാണരുളുന്നു. ഭഗവാന് അഭിമുഖമായി ശിലയില്‍ തീര്‍ത്ത ഗരുഡവിഗ്രഹം. ചെമ്പ് പൊതിഞ്ഞ വട്ടശ്രീകോവില്‍. ഉപദേവനായി ഇവിടെ വിഘ്നേശ്വരനും വാണരുളുന്നു. തൊട്ടരികില്‍ തന്നെയാണ് ശിവക്ഷേത്രം. ഒരു മതിലിന്‍റെ അകലം മാത്രം ചെമ്പുമേഞ്ഞ വട്ടശ്രീകോവില്‍. കരിങ്കല്ലില്‍ പണിത ക്ഷേത്ര പ്രദക്ഷിണ വഴികളില്‍ കല്ല് പാകിയിരിക്കുന്നു.

തൊട്ടരികിലുള്ള ആല്‍ത്തറയ്ക്ക് പ്രദക്ഷിണം ചെയ്തിട്ട് ക്ഷേത്രത്തിലേക്ക് കയറുന്ന ഭക്തര്‍. ഇവിടുത്തെ ചുവര്‍ചിത്രങ്ങള്‍ ശ്രദ്ധേയം. ആധുനിക തിരുവിതാംകൂറിന്‍റെ ശില്‍പ്പി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 1748 ലാണ് ഇവിടുത്തെ മണ്ഡപവും നാലമ്പലവും പണികഴിപ്പിച്ചതെന്ന് ക്ഷേത്രരേഖയില്‍ കാണപ്പെടുന്നു.

സൂര്യനാരായണമൂര്‍ത്തിയായിരിക്കാം ഇവിടുത്തെ ആദ്യകാല പ്രതിഷ്ഠയെന്ന് പറയപ്പെടുന്നുണ്ടത്രേ. ത്രിമൂര്‍ത്തികള്‍ സൂര്യദേവനെ പ്രീതിപ്പെടുത്താന്‍ ഇവിടെ യാഗം നടത്തിയിരുന്നതായും ഐതിഹ്യം ഉണ്ട്. 

ബ്രഹ്മാവും ഉദ്ദിഷ്ടഗണപതിയും

നടവഴി അവസാനിക്കുന്നത് ഒരു ചെറിയ കവാടത്തിന് മുമ്പിലാണ്. തൊട്ടരികിലായി ആല്‍ത്തറയും നാഗപ്രതിഷ്ഠയുമുണ്ട്. കല്ലുകൊണ്ട് നിര്‍മ്മിച്ച ചതുര ശ്രീകോവില്‍. ചതുര്‍ബാഹുവായ ബ്രഹ്മാവിന്‍റെ ശിലാവിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. പുരാണ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭഗവാന് ഒരു ശിരസ്സ് മാത്രമാണിവിടെ. ഭഗവാന്‍ ധ്യാനാവസ്ഥയിലാണെന്നാണ് സങ്കല്‍പ്പം. ബ്രഹ്മാവിനെ തൊഴുതാണ് മറ്റ് രണ്ട് ക്ഷേത്രങ്ങളിലും തൊഴേണ്ടത്.

ഉപദേവനായി  ശ്രീലക്ഷ്മി സമേതനായ ഗണപതിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
അപ്പം മൂടലാണ് ഗണപതിയുടെ പ്രധാന വഴിപാട്. 3070 രൂപയാണ് നിരക്ക്. 2025 വരെയുള്ള ബുക്കിംഗ് ആയിക്കഴിഞ്ഞു.

അഗസ്ത്യതീര്‍ത്ഥം

കല്ലുപാകിയ നടവഴിയിലൂടെ അല്‍പ്പം മുന്നോട്ട് നടക്കുമ്പോള്‍ വൃക്ഷങ്ങളും, വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ പ്രദേശത്തേയ്ക്ക് എത്താം. ഇവിടെയാണ് അഗസ്ത്യതീര്‍ത്ഥം, ബ്രഹ്മതീര്‍ത്ഥം, വരാഹതീര്‍ത്ഥം എന്നീ പേരുകളില്‍ അറിയപ്പെടുന്ന തീര്‍ത്ഥക്കുളം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്‍റെ തുടക്കത്തിനുള്ള മുളയിടല്‍ ചടങ്ങിനുള്ള വെള്ളവും മണ്ണും ആഘോഷപൂര്‍വ്വം സംഭരിക്കുന്നത് ഇവിടെ നിന്നാണത്രേ. ഈ ചടങ്ങ് മണ്ണുനീര്‍ കോരല്‍ എന്നാണത്രേ അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ നമ്പിമാര്‍(ശാന്തിക്കാര്‍) സ്നാനം നടത്തുന്നത് ഈ കുളത്തിലാണ്. കുളത്തിലേയ്ക്ക് ഇറങ്ങാന്‍ പടവുകളും കുളത്തിനോടനുബന്ധിച്ച് കുളിപ്പുരകളും നിര്‍മ്മിച്ചിട്ടുണ്ട്. നീര്‍കാക്കകള്‍ ഉള്‍പ്പെടെ പക്ഷികള്‍ സദാനേരവും ഇവിടുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സംരക്ഷണയിലാണ് ക്ഷേത്രം.

വാഴയില മാഹാത്മ്യം

വാഴ വിഷ്ണു സ്വരൂപമാണത്രേ. മഞ്ഞ നിറമുള്ള ഫലം ദേവപൂജയ്ക്ക് ഏറ്റവും അനുയോജ്യം. സാത്വികമാകയാല്‍ ഇത് വിഷ്ണു സ്വരൂപമായ ബൃഹസ്പതിയെ സൂചിപ്പിക്കുന്നു. വാഴ ഒരിക്കല്‍ കുലച്ചാല്‍ പിന്നീട് നശിക്കുകയും വിത്തില്‍ നിന്ന് അടുത്ത വാഴ പിറവിയെടുത്തുമാണ് വംശം നിലനിര്‍ത്തുന്നത്. വാഴയുടെ ബ്രഹ്മചര്യത്വവും തപോനിഷ്ഠയുമായി ഇതിനെ അനുമാനിക്കാം. വാഴയില പച്ചനിറം. പച്ചനിറം ബുധഗ്രഹത്തിന്‍റ നിറമാണ്. മിഥുനം രാശിസ്ഥാനം. ബുധന്‍ ശ്രീകൃഷ്ണ പ്രതീകമാണ്. (ഇരുണ്ട പര്‍വ്വകൃഷ്ണനിറം) ആകയാല്‍ വാഴയില വിഷ്ണുരൂപിയായ വാഴയുടെ അംശത്താലവതരിച്ച രാമകൃഷ്ണാദി രൂപമായി. ഇലമുറി വലതുവശത്ത് വരത്തക്കമാണ് ഊണിന് ഇലയിടുന്നത്. ഇലയുടെ തുമ്പ് ഇടതുവശത്തായും വരും. ഏതിന്‍റെയും കടഭാഗം പുരുഷനും തുമ്പ് സ്ത്രീയാണെന്നുമാണ് സങ്കല്‍പ്പം. വാഴയിലയുടെ മുറിഞ്ഞ ഭാഗം വിഷ്ണുവും തുമ്പുഭാഗം ലക്ഷ്മിയുമെന്ന് സങ്കല്‍പ്പം. ഇലയെ ബ്രഹ്മമായി സങ്കല്‍പ്പിച്ചാല്‍ ഇലയിലെ ആഹാരം ലക്ഷ്മിയും  ഇല വിഷ്ണുവുമാകുന്നു. ഇലത്തുമ്പില്‍ നിന്ന് വിളമ്പാന്‍ തുടങ്ങുന്നു. തുമ്പില്‍ നിന്ന് കടയോളം വര്‍ദ്ധിച്ചുവരുന്ന ഐശ്വര്യത്തിന്‍റെ ആശയത്താലാണിത്.
എസ്.പി.ജെ