ഉള്ളിലും ഉയിരിലും  അമ്മ -കൈതപ്രം ദാമോദരന്‍ നമ്പൂതിരി

ഉള്ളിലും ഉയിരിലും അമ്മ -കൈതപ്രം ദാമോദരന്‍ നമ്പൂതിരി

HIGHLIGHTS

നിരവധി തവണ മൂകാംബികയുടെ സന്നിധിയിലെത്തിയിട്ടുണ്ട്. സവിസ്തരം കണ്ട് നമസ്ക്കരിച്ചിട്ടുണ്ട്. നവരാത്രികാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആത്മീയതയ്ക്കൊപ്പം അക്ഷരങ്ങളും, നാദങ്ങളും ഒന്നിച്ചുയരും. വാഗ്വിഭൂതി പ്രദായിനിയായ ദേവിയുടെ തിരുനടയില്‍ ഇനി നവരാത്രി പൂജയ്ക്കുള്ള സമയമാണ്. ഒമ്പത് രൂപ- ഭാവത്തോടെ ഈ പുണ്യദിനങ്ങളില്‍ അമ്മയുടെ സാമീപ്യം സ്പര്‍ശിച്ചറിയാം. കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നില്‍ക്കുന്ന അതേ അനുഭവമാണ് മൂകാംബികയില്‍ നില്‍ക്കുമ്പോള്‍ എന്ന് തോന്നിയിട്ടുണ്ട്.

 

നിരവധി തവണ മൂകാംബികയുടെ സന്നിധിയിലെത്തിയിട്ടുണ്ട്. സവിസ്തരം കണ്ട് നമസ്ക്കരിച്ചിട്ടുണ്ട്. നവരാത്രികാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആത്മീയതയ്ക്കൊപ്പം അക്ഷരങ്ങളും, നാദങ്ങളും ഒന്നിച്ചുയരും. വാഗ്വിഭൂതി പ്രദായിനിയായ ദേവിയുടെ തിരുനടയില്‍ ഇനി നവരാത്രി പൂജയ്ക്കുള്ള സമയമാണ്. ഒമ്പത് രൂപ- ഭാവത്തോടെ ഈ പുണ്യദിനങ്ങളില്‍ അമ്മയുടെ സാമീപ്യം സ്പര്‍ശിച്ചറിയാം. കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നില്‍ക്കുന്ന അതേ അനുഭവമാണ് മൂകാംബികയില്‍ നില്‍ക്കുമ്പോള്‍ എന്ന് തോന്നിയിട്ടുണ്ട്. ഏറേയും പരിചിതമുഖങ്ങള്‍.

ക്ഷേത്രച്ചുവരില്‍ അക്ഷരങ്ങള്‍ കോറിയിട്ട് അമ്മയുടെ അനുഗ്രഹത്തിനായി ശിരസ്സു താഴ്ത്തി നില്‍ക്കുന്നവര്‍. ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളുടെ വാശിയും, കരച്ചിലും, സന്തോഷവും, നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി ചങ്കിനുള്ളില്‍ അമ്മയെ കുടിയിരുത്തവര്‍, നന്ദിയുടെ കാതില്‍ രഹസ്യമൊഴി ചൊല്ലുന്നവര്‍.. സ്വസ്ഥതയും സമാധാനവും നല്‍കുന്ന ദിവ്യസന്നിധിയില്‍ ഇങ്ങനെ എന്തെല്ലാം കാഴ്ചകള്‍....

ബാല്യത്തില്‍ സുഹൃത്തുക്കളായി ഒപ്പം ചേര്‍ന്നത് ദാരിദ്ര്യവും അലച്ചിലും. വല്യമ്മയുടെ മകന്‍ നീലമന ഈശ്വരന്‍ നമ്പൂതിരി മാതമംഗലം വായനശാലയുടെ ലൈബ്രേറിയനായിരുന്നു. വായനയുടെ ലോകത്തേയ്ക്ക് പ്രവേശിക്കാന്‍ ആ ബന്ധം ഉപകാരമായി. പത്താം തരം പരീക്ഷ കഴിഞ്ഞ് കോട്ടയം പഴശ്ശി തമ്പുരാന്‍റെ കീഴില്‍ സംഗീതപഠനം ആരംഭിച്ചെങ്കിലും അത് അധികനാള്‍ തുടരാനായില്ല.

1968 ശിവരാത്രി ഉത്സവദിനം ആലക്കോട് കൊട്ടാരത്തിലെത്തി. തമ്പുരാന്‍ പൂഞ്ഞാര്‍ കോവിലകത്തെ മിത്രന്‍ നമ്പൂതിരിയെ പരിചയപ്പെടുത്തി. തമ്പുരാന്‍റെ മരുമകള്‍ ഭവാനി തമ്പുരാട്ടി സംഗീതഗുരുവായി. കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ തേവാരവും, താമസവും. ദാരിദ്ര്യവും മനഃക്ലേശവും ഏറെ പീഡിപ്പിച്ച കാലമായിരുന്നത്. 1972 ലാണ് ആദ്യമായി മൂകാംബികയിലെത്തുന്നത്. ക്ഷേത്രത്തെക്കുറിച്ച് കേട്ടറിവ് മാത്രം. അവിടെ ആരും പരിചയക്കാരില്ല, ഭക്ഷണമില്ല, അന്തിയുറങ്ങാന്‍ ഇടമില്ല. 13 രൂപ മാത്രം കയ്യിലുണ്ട്.

 ക്ഷേത്രത്തിന്‍റെ സമീപത്തുള്ള അഭയാനന്ദ സ്വാമിയുടെ ആശ്രമത്തിന്‍റെ അരികിലുള്ള ഗുഹ പോലെയുള്ള ഒരിടത്ത് 12 ദിവസം കഴിച്ചുകൂട്ടി. ശ്വാസനിശ്വാസ എണ്ണമായി ദ്വാദശാക്ഷരി മന്ത്രം ജപിച്ചു. ക്ഷേത്രത്തിന്‍റെ പ്രദക്ഷിണവഴിയില്‍ വടക്കേ നടയില്‍ വച്ച് അദൃശ്യശക്തി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. നാവില്‍ മധുരം അനുഭവവേദ്യമായി. അമ്മ എന്തോ നല്‍കിയതാണത്രേ. അവിടെ വച്ച് മൂകാംബിക ദേവിയെക്കുറിച്ചൊരു ശ്ലോകം രചിച്ചു. ഇനി ഇവിടെ നില്‍ക്കേണ്ടേ.... പൊയ്ക്കൊള്ളൂ... എന്ന് അമ്മ പറയും പോലെ...

മൂകാംബികയില്‍ പോയിവന്നതിനുശേഷം താമസിക്കാതെ ആകാശവാണിയില്‍ പാടാനുള്ള അവസരം ഒത്തുവന്നു. തുടര്‍ന്ന് നരേന്ദ്രപ്രസാദിന്‍റെ നാട്യഗൃഹം നാടകട്രൂപ്പിന്‍റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താനും യേശുദാസിന്‍റെ തരംഗിണിക്ക് വേണ്ടി പാട്ടുകള്‍ രചിക്കാനും കഴിഞ്ഞു. ഇതുവഴി 1986 ല്‍ സംവിധാനം ചെയ്ത 'എന്നെന്നും കണ്ണേട്ടന്‍റെ' എന്ന സിനിമയില്‍ പാട്ടെഴുതാനുള്ള അവസരവും തേടിയെത്തി. അങ്ങനെ 'ദേവദുന്ദുഭീ സാന്ദ്രലയം...' എന്ന ഗാനം പിറവിയെടുത്തു. ജെറി അമല്‍ദേവ് എന്ന സമര്‍ത്ഥനായ സംഗീതസംവിധായകന്‍ അതിന് ഈണമിട്ടതോടെ ഗാനം ഹിറ്റായി. ഈ ഗാനത്തിലെ മൂകാംബിക സാന്നിധ്യം യേശുദാസ് തിരിച്ചറിഞ്ഞു. പാട്ടിന്‍റെ റിക്കോര്‍ഡിംഗ് കഴിഞ്ഞ് ദാസേട്ടന്‍ ചോദിച്ചു. 'മൂകാംബികയെക്കുറിച്ചല്ലേ എഴുതിയിരിക്കുന്നത്...?' നീരവഭാവം മരതകമണിയും സൗപര്‍ണ്ണികാതീരഭൂവില്‍...' എന്ന വരി പതുക്കെ പാടിക്കൊണ്ടായിരുന്നു ചോദ്യം. 'അങ്ങ് അങ്ങനെ ചിന്തിക്കുന്നെങ്കില്‍ അത് അങ്ങനെതന്നെ' എന്നായി മറുപടി. 2016 ല്‍ മൂകാംബികയില്‍ വച്ച് അദ്ദേഹത്തിന്‍റെ പേരിലുള്ള പുരസ്ക്കാരം അദ്ദേഹത്തിന്‍റെ കരങ്ങളില്‍ നിന്നുതന്നെ വാങ്ങാനുള്ള ഭാഗ്യവും അമ്മ നല്‍കി. അന്ന് അദ്ദേഹം സദസ്സിനോടായി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. 'ഞങ്ങള്‍ തമ്മിലുള്ള ബന്ധം നിങ്ങള്‍ക്കറിയില്ല... ഞങ്ങള്‍ ഒരമ്മയുടെ മക്കളാണ്...' എന്നും പ്രത്യേക വാത്സല്യത്തോടെ മാത്രം പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം.

അമ്മയുടെ കടാക്ഷം ഒരാള്‍ക്ക് സംഭവിച്ചാല്‍ അത് അയാളുടെ രണ്ടാം ജന്മമെന്നാണ് തോന്നിയിട്ടുള്ളത്. 1992 ല്‍ സൂര്യമാനസം എന്ന സിനിമയ്ക്ക് പാട്ടെഴുതാന്‍ മദ്രാസിലെത്തി. ഈ സിനിമയുടെ സംവിധായകന്‍ വിജിതമ്പി മ്യൂസിക് ഡയറക്ടറെ പരിചയപ്പെടുത്തി. ഇന്നത്തെ ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് കീരവാണി. അദ്ദേഹം പാടിത്തന്ന താളത്തിനനുസരിച്ച് 'തരളിതരാവില്‍ മയങ്ങിയോ സൂര്യമാനസം' എന്ന് എഴുതി. അല്‍പ്പനേരത്തിനുള്ളില്‍ ഈ വരികള്‍ മനോഹരമായൊരു ഗാനമായി. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. അദ്ദേഹം എന്നും ചൊല്ലാറുള്ള സൗന്ദര്യലഹരിയിലെ ശ്ലോകം പറഞ്ഞുതന്നു. മാത്രമല്ല മൂകാംബിക ദേവിയുടെ ഭക്തനായ സംഭവവും വിവരിച്ചു. മദ്രാസില്‍ അടിപൊളിയായി ജീവിതം ആസ്വദിച്ച് ജീവിച്ച ആളാണ് കീരവാണി. പണത്തിന് പഞ്ഞമില്ല. അദ്ദേഹം ഒരിക്കല്‍ ഉഡുപ്പിയില്‍ വിവാഹസംഗീത പരിപാടിയുമായി പോയതാണ്.

മൂകാംബിക ക്ഷേത്രത്തെക്കുറിച്ച് ആരോ പറഞ്ഞതുകേട്ട് നേരെ മൂകാംബികയ്ക്ക് വണ്ടിവിട്ടു. അയാള്‍ അമ്മയ്ക്കരികിലെത്തി. ഒന്നും പ്രാര്‍ത്ഥിച്ചില്ല. വെറുതെ ഒരു കറക്കം അത്രമാത്രം. ഭാഗ്യമെന്ന് പറയാം. അദ്ദേഹത്തിന് അമ്മയുടെ സവിശേഷ സ്പര്‍ശം ലഭിച്ചു. മനസ്സ് തിരിഞ്ഞ് അമ്മയുടെ തികഞ്ഞ ഭക്തനായി. 
സംഗീതസന്യാസിയായി ജീവിതം തുടര്‍ന്നു. അടിപൊളി ജീവിതത്തിന് ശുഭം. അമ്മയുടെ കടാക്ഷം ഉണ്ടായതോടെ അദ്ദേഹം സംഗീതഭൂപടത്തില്‍ സ്ഥാനം നേടി. 

മൂകാംബികദേവിയും ഇളയരാജയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും കേട്ടറിവുണ്ട്. ഒരിക്കല്‍ അദ്ദേഹം തന്‍റെ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലിരുന്ന് ദേവിയെ ധ്യാനിച്ചു. മനസ്സുകൊണ്ട് മൂകാംബികാ ക്ഷേത്രപ്രദക്ഷിണം നടത്തി. ഇനി അമ്മയുടെ പ്രസാദം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. അല്‍പ്പനേരം കഴിഞ്ഞ് മുന്‍പരിചയം ഇല്ലാത്ത ഒരാള്‍ സ്റ്റുഡിയോയിലെത്തി മൂകാംബികയിലെ പ്രസാദം നല്‍കിയത്രേ... അമ്മയുടെ അനുഗ്രഹം ഉണ്ടായാല്‍ നമ്മള്‍ ചോദിക്കുന്നതും ചോദിക്കുന്നതിന്‍റെ അപ്പുറവും ദേവി നല്‍കുമെന്നാണ് ഭക്തരുടെ അനുഭവം.

2001 ല്‍ പുറത്തിറങ്ങിയ 'തീര്‍ത്ഥാടനം' എന്ന സിനിമയ്ക്കായി സൗപര്‍ണ്ണികാ... എന്ന് തുടങ്ങുന്ന ഗാനമെഴുതി ചിട്ടപ്പെടുത്തി. സിനിമയുടെ ടൈറ്റില്‍ സോംഗാണിത്. അമ്മയെക്കുറിച്ച് പാട്ടെഴുതാന്‍ അധികനേരമൊന്നും അലയേണ്ടതില്ല. കണ്ണൊന്നടച്ചാല്‍ നിമിഷാര്‍ദ്ധത്തില്‍ വരികളും സംഗീതവും മനസ്സില്‍ തെളിഞ്ഞുവരും. ദേവിയില്ലാതെ സംഗീതമില്ല. കലയുടെ ദേവിയാണ് സാക്ഷാല്‍ മൂകാംബിക. 400 ല്‍ അധികം സിനിമകള്‍ക്കായി ഗാനരചന നിര്‍വ്വഹിച്ചു എന്നതാണ് ഏകദേശ കണക്ക്. 75-ാം വയസ്സിന്‍റെ നിറവിലും പുതുതലമുറയുടെ ഗാനാഭിരുചി മനസ്സിലാക്കാന്‍ കഴിയുന്നതും ദേവിയുടെ അനുഗ്രഹമാണ്. 'നരിവേട്ട'യിലെ മിന്നല്‍ വള പുതിയ യുവത്വത്തിന്‍റെ ശബ്ദമായിരിക്കുന്നു. 75-ാം പിറന്നാള്‍ദിനം അമ്മയ്ക്കരികിലെത്തി. അമ്മ അനുവദിക്കുന്ന കാലത്തോളം സിനിമയില്‍ തന്നെ തുടരും. അഭിനയത്തോട് താല്‍പ്പര്യം തോന്നിയിട്ടില്ല. 

യാന്ത്രികമാണത്. എങ്കിലും പ്രിയപ്പെട്ടവരോട് 'നോ' പറയാന്‍ കഴിയാഞ്ഞതിന്‍റെ ഫലമായി ക്യാമറയ്ക്ക് മുമ്പില്‍ നിരവധി തവണ നില്‍ക്കേണ്ടതായും വന്നിട്ടുണ്ട്.

പ്രകൃതിയോട് ഹൃദയം ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിച്ച് തൊഴുതിറങ്ങുമ്പോള്‍ ശങ്കരാചാര്യരെപ്പോലെ 'അമ്മ സദാനേരവും ഒപ്പമുണ്ടാകും'എന്ന ഉറച്ച വിശ്വാസത്തില്‍ പിന്തിരിഞ്ഞ് നോക്കാതെ അമ്മ നല്‍കുന്ന കഷായവൂം ഉള്ളിലാക്കി സമാധാനത്തോടെ മുമ്പോട്ട് നടക്കും. കൊല്ലൂരിലെ ഇളം തണുപ്പിലൂടെ അമ്മയ്ക്കരികില്‍ ഇനിയും എത്തണം...