ആറുപടൈ വീടുകള്‍
മുരുകന്റെ ആറുപടൈ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത് എല്ലാം തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. പഴനി, പഴമുതിര്‍ചോലൈ, തിരുത്തണി, സ്വാമിമലൈ, തിരുപ്പുറന്കുണ്ട്രം, തിരുച്ചെന്തൂര്‍ എന്നിവയാണ് അവ.
മുരുകന്റെ ആറുപടൈ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത് എല്ലാം തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. പഴനി, പഴമുതിര്‍ചോലൈ, തിരുത്തണി, സ്വാമിമലൈ, തിരുപ്പുറന്കുണ്ട്രം, തിരുച്ചെന്തൂര്‍ എന്നിവയാണ് അവ.
പരമശിവന്റെയും പാര്‍വ്വതിയുടെയും പുത്രനായ സുബ്രഹ്മണ്യന് ദേവസേനാധിപനാണ്. അതിനാല്‍ തന്നെ ശത്രുനാശത്തിനും ഗ്രഹദോഷപരിഹാരമായും സര്‍പ്പദോഷത്തിന് പരിഹാരമായും സുബ്രഹ്മണ്യനെ പ്രാര്‍ത്ഥിച്ചാല്‍ മതി. സുബ്രഹ്മണ്യന് പ്രിയപ്പെട്ട വഴിപാടുകള്‍ പഞ്ചാമൃതം, പാല്, പനിനീര്, കളഭം എന്നീ അഭിഷേകങ്ങളാണ്. കാവടിയാടുന്നതും വിശേഷമാണ്.
1. പഴനി: ഡിണ്ടിഗല്‍ ജില്ലയില്‍ പഴനി മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ മുരുകനെ ദണ്ഡപാണി എന്ന രൂപത്തില്‍ ആരാധിക്കുന്നു. കയ്യില്‍ വടി അഥവാ ദണ്ഡം ആയുധമായി ധ്യാനരൂപത്തിലാണ് ദണ്ഡപാണി നിലകൊള്ളുന്നത്.
2. സ്വാമിമല: തഞ്ചാവൂര്‍ ജില്ലയില്‍ കാവേരിയുടെ ഒരു പോഷകനദിയുടെ തീരത്ത് സ്വാമിമല എന്ന കുന്നിന്മുകളിലായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മുരുകന് തന്റെ പിതാവായ ശിവന് പ്രണവമന്ത്രമായ ഓംകാരത്തിന്റെ പൊരുള്‍ അരുള്‍ ചെയ്തത് ഇവിടെവച്ചാണ് എന്നാണ് വിശ്വാസം. അതിനാല്‍ മുരുകനെ സ്വാമിനാഥന്(സ്വാമി എന്നാല്‍ ശിവന്) എന്ന രൂപത്തില്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
3. തിരുച്ചെന്തൂര്‍: തൂത്തുക്കുടി ജില്ലയില്‍ സമുദ്രതീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകന് ശൂരപത്മനെ വധിച്ചത് ഇവിടെവച്ചാണ് എന്ന് വിശ്വസിക്കുന്നു.
4. തിരുപ്പുറന്കുണ്ട്രം: മധുര ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സുബ്രഹ്മണ്യനും ദേവയാനിയും തമ്മിലുള്ള വിവാഹം നടന്നത് ഇവിടെയാണെന്നാണ് വിശ്വാസം.
5. തിരുത്തണി: ചെന്നൈയ്ക്ക് സമീപം തിരുവള്ളൂര്‍ ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകന് വള്ളിയെ വിവാഹം കഴിച്ചത് തിരുത്തണിയില്‍ വെച്ചാണ് എന്നാണ് ഐതിഹ്യം. ആറുപടൈ വീട്ടുക്ഷേത്രങ്ങളില്, തന്റെ പത്നിമാരായ വള്ളിയോടും ദേവയാനിയോടും കൂടി അദ്ദേഹം ഭക്തരെ അനുഗ്രഹിക്കുന്ന ഒരേയൊരു സ്ഥലമാണിത്.
6. പഴമുതിര്‍ചോലൈ: തമിഴ്നാട്ടില്‍ മധുരയില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്കായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകന്റെ ഭക്തയായ തമിഴ് കവയിത്രി അവ്വയാറിന്റെ ഭക്തിയെ പരീക്ഷണം ചെയ്ത സ്ഥലമാണിവിടം. വള്ളിയും ദേവയാനിയും സമേതരായി മുരുകന് ഭക്തരെ അനുഗ്രഹിക്കുന്നു.
തൈപ്പൂയം: തമിഴ് തൈമാസത്തിലെ(മകരമാസം) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം. എന്നാല്‍ സുബ്രഹ്മണ്യന് താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരത്തിലെ പൂയംനാള്‍ എന്നും കരുതുന്നു. സുബ്രഹ്മണ്യന്റെ വിവാഹ സുദിനമാണ് തൈപ്പൂയം എന്നും പിറന്നാള്‍ തൃക്കാര്‍ത്തിക ആണെന്നും മറ്റൊരു ഐതിഹ്യം.
