മുതുവറ മഹാദേവക്ഷേത്രം

മുതുവറ മഹാദേവക്ഷേത്രം

HIGHLIGHTS

നൂറ്റാണ്ടുകളുടെ പാരമ്പര്യവും കാലാന്തരങ്ങളുടെ അവശേഷിപ്പും ദൃശ്യമാകുന്ന മുതുവറ മഹാശിവക്ഷേത്രത്തിന്‍റെ പഴക്കം എത്രയെന്ന് പ്രവചനാതീതമാണ്.

രശുരാമനാല്‍ നിര്‍മ്മിക്കപ്പെട്ട നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളില്‍ നൂറ്റി രണ്ടാമത്തെ മഹാക്ഷേത്രമായ ഇവിടെ മഹാദേവന്‍ രൗദ്രഭാവത്തിലാണ് കുടികൊള്ളുന്നത്.
ഒരിക്കല്‍ ഒരു വീട്ടമ്മ തന്‍റെ മകളുടെ വിവാഹാവശ്യത്തിനായി കരുതിവച്ചിരുന്ന സ്വര്‍ണ്ണവും പണവുമടങ്ങുന്ന ബാഗ് രാത്രിയില്‍ കള്ളന്മാര്‍ മോഷ്ടിച്ചു. അപകടത്തില്‍ മരിക്കപ്പെട്ട തന്‍റെ ഭര്‍ത്താവിന് ലഭിച്ച തുകയുള്‍പ്പെടെ മൂന്നുലക്ഷം രൂപയും പത്തുപവനോളം ആഭരണങ്ങളും ആ ബാഗിലുണ്ടായിരുന്നു. വിവാഹത്തീയതി കുറിക്കപ്പെട്ട ആ സമയത്ത് എല്ലാം നഷ്ടപ്പെട്ട ആ വീട്ടമ്മ മുതുവറ മഹാദേവക്ഷേത്രത്തില്‍ വന്ന് ഭഗവാനോട് തന്‍റെ സങ്കടമുണര്‍ത്തിച്ച് പൊട്ടിക്കരഞ്ഞു. വീട്ടമ്മയെ അനുനയിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ആ സമയം അമ്പലത്തില്‍ തൊഴാനെത്തിയ ഒരു വയോധികന്‍ അവരോട് പറഞ്ഞു.

'വിഷമിക്കണ്ട. ശിവനാമമുരുവിട്ടുകൊണ്ട് വീട്ടിലേക്ക് പൊയ്ക്കോളൂ.. എല്ലാം ഭംഗിയായി നടക്കും.'

തൊഴുതുവലംവച്ചുവന്ന ആ വയോധികനെ പിന്നെ ആരും അവിടെ കണ്ടില്ല. ശിവനാമമുരുവിട്ട് വീട്ടിലെത്തിയ വീട്ടമ്മ കണ്ടത് പൂട്ടിയിരുന്ന വീട്ടിന്‍റെ കതകിന് മുന്നില്‍ താന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന തന്‍റെ കാശും സ്വര്‍ണ്ണവുമടങ്ങിയ ബാഗാണ്. ഒരു നിമിഷം സ്തബ്ധയായ അവര്‍ വേഗം ചെന്ന് ബാഗെടുത്തു തുറന്നുനോക്കി. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാം ഭദ്രമായുണ്ട്. കൂടെ ഒരു കടലാസില്‍ എഴുതിയ ഒരു കുറിപ്പും.

'ക്ഷമിക്കണം. എന്‍റെ മോള്‍ ആക്സിഡന്‍റില്‍പ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയിലായിരുന്നു. പെട്ടെന്നൊരു ഓപ്പറേഷന്‍ വേണമെന്നും അതിന് അഞ്ചുലക്ഷം രൂപ കെട്ടണമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ മകളുടെ ജീവന്‍ രക്ഷിക്കാന്‍ വേറെ വഴിയില്ലായിരുന്നു. അതുകൊണ്ടാണ് പണം മോഷ്ടിച്ചത്. അതുമായി ഞാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ എന്‍റെ മോള്‍ എഴുന്നേറ്റിരിക്കുന്നതാണ് കണ്ടത്. ഞാന്‍ അവളോട് നടന്ന സംഭവം പറഞ്ഞു.

അവള്‍ ആ പണം തിരിച്ചുകൊണ്ടുവയ്ക്കാന്‍ നിര്‍ബന്ധിച്ചു. അതുകൊണ്ട് തിരിച്ചുവയ്ക്കുന്നു. ഒരു പൈസയും ഞാന്‍ എടുത്തിട്ടില്ല. ക്ഷമിക്കുക. അതായിരുന്നു ആ കുറിപ്പടി. ആ വീട്ടമ്മ അപ്പോള്‍തന്നെ ആ ബാഗുമായി മുതുവറ ശിവഭഗവാന്‍റെ മുന്നിലേക്കോടി. ഇത് നടന്ന സംഭവമാണ്. ഇന്നും ആ അമ്മ ദിനവും മുടങ്ങാതെ ഭഗവാന്‍റെ മുന്നില്‍ എത്തുന്നുണ്ട്. തന്‍റെ പരിദേവനങ്ങളുമായി.

ക്ഷേത്രോല്‍പ്പത്തിക്കാലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിന് കിഴക്കുഭാഗത്തായി ധാരാളം നമ്പൂതിരി ഇല്ലങ്ങള്‍ ഉണ്ടായിരുന്നു. അഷ്ടിക്ക് വകയില്ലാതെ കഴിഞ്ഞിരുന്ന അവര്‍ ക്ഷേത്രാരാധനയാലും ഭഗവത്ദര്‍ശനത്താലും ഭഗവാന്‍റെ സ്തുതിഗീതങ്ങള്‍ പാടിയും പൂജാദികര്‍മ്മങ്ങളാലും മുതുവറ തേവരെ ഭജിച്ചുവന്നു. അവരുടെ ആ പ്രവര്‍ത്തികളിലും ഭക്തിയിലും സംപ്രീതനായ തേവര്‍ അവര്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്തു. അതോടെ അവര്‍ ആര്‍ഭാടജീവിതം നയിക്കാന്‍ തുടങ്ങി. ഭഗവത്ഭക്തി തീരെയില്ലാതായി. ധാരാളിച്ചും അര്‍മാദിച്ചുമുള്ള അവരുടെ ജീവിതശൈലിയിലുണ്ടായ മാറ്റം മൂലം ക്ഷേത്രാരാധന നിശേഷമില്ലാതായി. പൂജകള്‍ മുടങ്ങി. നാമജപമോ ഈശ്വരവിശ്വാസമോ തീരെ ഇല്ലാതായി.

ക്ഷിപ്രകോപിയായ തേവര്‍ അവരെ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്തു. സര്‍വ്വ ഐശ്വര്യങ്ങളും അവര്‍ക്കില്ലാതായി. സുഖലോലുപതയില്‍ നിന്നും നിത്യദാരിദ്ര്യത്തിലേക്കവര്‍ കൂപ്പുകുത്തി. കുടുംബകലഹവും തമ്മില്‍ത്തല്ലും ദിനചര്യയായി.

ഒടുവില്‍ അവര്‍ക്ക് മനസ്സിലായി, ഇതൊക്കെ തേവരെ നിന്ദിച്ചതിന്‍റെ അനുഭവമാണെന്ന്.

പിന്നെ പ്രായശ്ചിത്തം ചെയ്യാനായി പലവഴിക്കും ഓടിനടന്നു. ഒന്നും ഫലം കണ്ടില്ല. അതിനിടയില്‍ പ്രദേശവാസികള്‍ക്കും പല ദുര്‍വിധികളും ഉണ്ടാകാന്‍ തുടങ്ങി. ദുര്‍മരണം, കൊല, തീപിടുത്തം, കൊടുംമഴ തുടങ്ങി അനിഷ്ടസംഭവങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവന്നു. അതിനുള്ള പ്രതിവിധിക്കായി അന്ന് തൃശൂരിലെ തെക്കേമഠം സ്വാമിയാരെ എല്ലാവരും ചേര്‍ന്നുപോയി കണ്ടു. പ്രഗത്ഭനായ ആ സന്യാസിവര്യന്‍ പരിഹാരമാര്‍ഗ്ഗമായി നരസിംഹമൂര്‍ത്തിക്ക് നാല്‍പ്പത്തി ഒന്നുദിവസം പുഷ്പാഞ്ജലി നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു. നരസിംഹോപാസകനായ അദ്ദേഹം പറഞ്ഞതുപോലെ പുഷ്പാഞ്ജലി ചെയ്തുതുടങ്ങി.

അക്കാലത്ത് അന്യദേശങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലെ ക്ഷേത്രങ്ങളിലെത്തുക പതിവായിരുന്നു. ഗോസായികള്‍ എന്നാണവരെ അറിയപ്പെട്ടിരുന്നത്. അങ്ങനെ ഒരു സന്യാസി ഒരു ദിവസം മുതുവറ ശിവക്ഷേത്രത്തിലെത്തി. ഒരു രാത്രി ക്ഷേത്രത്തില്‍ കഴിയാന്‍ ഇടം തേടിയാണ് അദ്ദേഹം ശാന്തിക്കാരനെ സമീപിച്ചത്. ശാന്തിക്കാരന്‍ അനുവാദം നല്‍കുക മാത്രമല്ല രാത്രിയില്‍ ഭഗവാന് നേദിച്ച നേദ്യച്ചോറ് ഭക്ഷണമായി നല്‍കുകയും ചെയ്തു.

ഉറങ്ങാനായി പായും തലയിണയും നല്‍കിയശേഷം ശാന്തിക്കാരന്‍ ക്ഷേത്രത്തിലെ അപ്പോഴത്തെ അവസ്ഥയെപ്പറ്റിയും തേവരുടെ കോപത്തിനിടയാക്കിയ സംഭവത്തെപ്പറ്റിയും ഗോസായിയോട് പറഞ്ഞു.

എല്ലാം കേട്ടശേഷം ഗോസായി മൂന്നുദിവസം ഭജിക്കാനുള്ള സൗകര്യം തന്നാല്‍ എല്ലാറ്റിനും പരിഹാരം കണ്ടെത്താമെന്ന് അഭിപ്രായമുന്നയിച്ചു. 

നമ്പൂതിരിമാരുടെ സമ്മതത്തോടെ അതിനുള്ള അനുവാദം നല്‍കി.

ആ മുനിശ്രേഷ്ഠന്‍ പൂജാവിഗ്രഹമായ നരസിംഹ സങ്കല്‍പ്പമുള്ള സാളഗ്രാമം ഒരു പ്രത്യേക സ്ഥാനത്തുവച്ച് പൂജയാരംഭിച്ചു. ദിവസം മൂന്നുനേരം പൂജ. മൂന്നാം നാള്‍ വൈകിട്ട് പൂജ കഴിഞ്ഞശേഷം അദ്ദേഹം എല്ലാവരേയും വിളിച്ചശേഷം അവരോടായി പറഞ്ഞു. 'സാളഗ്രാമത്തിന് നരസിംഹ ചൈതന്യമുള്ളതിനാല്‍ ഇവിടെ ഒരു വിഷ്ണുപ്രതിഷ്ഠ നടത്തി ദിനവും പൂജ ചെയ്താല്‍ മഹാദേവന്‍റെ രൗദ്രഭാവം മാറി ദേശവാസികളായ ജനങ്ങളോട് കൃപാകടാക്ഷമുണ്ടാകുമെന്നും അനുഗ്രഹാശിസ്സുകള്‍ ഭക്തര്‍ക്ക് ലഭിക്കുമെന്നും പറഞ്ഞു. 

നരസിംഹമൂര്‍ത്തിക്ക് പ്രഹ്ലാദനെ മടിയിലിരുത്തി ലാളിക്കുന്ന ഭാവമായതിനാല്‍ ഭക്തര്‍ക്ക് രക്ഷാകവചമാകുമെന്നും ഉപദേശിച്ചു. ശേഷം സന്യാസിവര്യന്‍ ശിവനടയിലേക്ക് നടന്നുനീങ്ങുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തു. അത് ദേശവാസികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
സന്യാസി പറഞ്ഞപോലെ രുദ്രാക്ഷശിലയില്‍ ചതുര്‍ബാഹുവായ വിഷ്ണുഭഗവാന്‍റെ വിഗ്രഹം തുല്യപ്രാധാന്യത്തോടെ തെക്കുഭാഗത്തായി പ്രതിഷ്ഠിച്ചു.

അതോടെ ശിവന്‍റെ കോപം ശമിക്കുകയും ഭക്തജനങ്ങള്‍ക്ക് അഭീഷ്ടകാര്യസിദ്ധി ഭഗവത് കടാക്ഷമായി ലഭിക്കുകയും ചെയ്തു.

അങ്ങനെ മുതുവറയില്‍ മഹാദേവനൊപ്പം തെക്കുഭാഗത്തായി മഹാവിഷ്ണുവും വാണരുളുന്നു.

ആദിശിവനായതിനാല്‍ ക്ഷേത്രത്തില്‍ അഭീഷ്ടസിദ്ധിക്കായി ഭജനമിരിക്കുന്നത് അതിശ്രേഷ്ഠമാണ്.

അപ്രിയമോ അധര്‍മ്മമോ ചെയ്യുന്നവര്‍ക്ക് അപ്പോള്‍ തന്നെ ശിക്ഷ ലഭിക്കുമെന്നത് ഉറപ്പാണ്. ഭഗവാനെ മനസ്സിരുത്തി പ്രാര്‍ത്ഥിച്ചാല്‍ എല്ലാ സൗഭാഗ്യവും ദേവന്‍ വാരിക്കോരി ചൊരിയും. അതാണ് ക്ഷേത്രമാഹാത്മ്യം.

കാലപ്പഴക്കം വിളിച്ചോതുന്ന ആനപ്പള്ളമതില്‍ ഉണ്ടായിരുന്നെങ്കിലും അതിനനുയോജ്യമായ രാജഗോപുരം ഉണ്ടായിരുന്നില്ല. മഹാദേവന്‍റെ കടാക്ഷത്താല്‍ ഭക്തജനസഹായത്തോടെ ആ കുറവ് നികത്താന്‍ കഴിഞ്ഞു. ഇനിയും പണികള്‍ ബാക്കിനില്‍ക്കുന്നു എന്നാണ് ഭാരവാഹികള്‍ പറയുന്നത്. വരുന്ന ശിവരാത്രി കഴിഞ്ഞാലുടന്‍ പുനരുദ്ധാരണ പരിപാടികള്‍ ആരംഭിക്കുകയായി.

രണ്ടായിരത്തി പതിനെട്ടില്‍ നടന്ന പ്രശ്നവിധിപ്രകാരമാണ് നവോത്ഥാനപ്രക്രിയയ്ക്ക് തുടക്കമാകുന്നത്.

രണ്ട് ശ്രീകോവിലുകളുടേയും ചുവരുകള്‍ കൃഷ്ണശിലയില്‍ നിര്‍മ്മിക്കുക, മേല്‍ക്കൂര തേക്കുമരത്തില്‍ ചെമ്പോല പൊതിയുക, നമസ്ക്കാര മണ്ഡപം നിര്‍മ്മിക്കുക, ക്ഷേത്രത്തിന്‍റെ ഉള്‍വശം കരിങ്കല്‍ പതിക്കുക, ചുറ്റമ്പലം നവീകരിക്കുക എന്നിവയാണ് ആരംഭിക്കാനിരിക്കുന്നത്.

തച്ചുശാസ്ത്രരംഗത്തെ കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് മേല്‍നോട്ട ചുമതല നിര്‍വ്വഹിക്കുന്നത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുതുവറ ആനപ്പള്ള കല്ലുകളുടെയും മുനിയറകളുടെയും സ്ഥലമെന്നാണ് വയ്പ്പ്. മുതു എന്നാല്‍ മഹത്തായ എന്നാണ് അര്‍ത്ഥം. അറ(ഗുഹ) പറ്റിയ സ്ഥലം എന്നുള്ള അര്‍ത്ഥത്തില്‍ നിന്നുമാണ് മുതുവറ എന്ന ശ്രേഷ്ഠമായ പേരുണ്ടാകുന്നത്.
 

പടിഞ്ഞാറ് ദര്‍ശനമായ ശിവക്ഷേത്രത്തില്‍ ശിവലിംഗത്തിന് രണ്ടരയടി ഉയരവും ചതുര്‍ശ്രീകോവിലായി ഗര്‍ഭഗൃഹവും തൊട്ടുചേര്‍ന്നുള്ള വിഷ്ണു ക്ഷേത്രത്തിന് രണ്ടുനിലകളുമായാണ് കാണപ്പെടുന്നത്.

കന്നിമൂലയിലാണ് ഗണപതി പ്രതിഷ്ഠ.

തൃശൂരില്‍ നിന്നും കുന്ദംകുളം റോഡില്‍ ഏഴുകിലോമീറ്റര്‍ ദൂരത്തിലാണ് മുതുവറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിലങ്ങന്‍കുന്നിന്‍റ താഴ്വാരമായ ഈ പ്രദേശം പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമാണ്. സതീദേവിയുടെ ദേഹവിയോഗത്തില്‍ കോപിഷ്ഠനായി സംഹാരതാണ്ഡവമാടിയ ശിവന്‍റെ രൂപത്തിലാണ് പ്രതിഷ്ഠ.

കക്കാട് വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്രതന്ത്രി. പ്രണവ് നമ്പൂതിരിയാണ് മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി. മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി സദാശിവന്‍ നമ്പൂതിരി.

മിഥുനമാസത്തിലെ അനിഴം നാളാണ് പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നത്. ശിവരാത്രി വളരെ പ്രധാനമാണ്. കൂടാതെ തിരുവാതിര, നവരാത്രി, നരസിംഹജയന്തി എന്നിവ പ്രധാന വിശേഷദിവസങ്ങളാണ്.