നാഗദോഷത്താലുള്ള വിവാഹതടസ്സം മാറാന്‍

നാഗദോഷത്താലുള്ള വിവാഹതടസ്സം മാറാന്‍

HIGHLIGHTS

വിവാഹത്തിന് വരനെ അന്വേഷിക്കുന്ന മാതാപിതാക്കള്‍ 'മകള്‍ക്ക് സര്‍പ്പദോഷം കാരണം വിവാഹതടസ്സമാണ്' എന്നുപറഞ്ഞുകേള്‍ക്കാറുണ്ട്. എന്താണീ നാഗദോഷം അഥവാ സര്‍പ്പദോഷം? അത് തീര്‍ക്കാന്‍ കഴിയാത്ത ദോഷമാണോ എന്നുചോദിച്ചാല്‍ അല്ല. അത് നിവൃത്തിയാവാന്‍ പരിഹാരങ്ങളുണ്ട്. അതിനെക്കുറിച്ച് ഒന്ന് വിശദമായി തന്നെ ഇവിടെ പറയാം...

രാഹുവും കേതുവുമാണ് സര്‍പ്പദോഷത്തിന് കാരണഭൂതരായ ഗ്രഹങ്ങള്‍. ജ്യോതിഷശാസ്ത്രത്തിന്‍റെ തുടക്കത്തില്‍ ഏഴു ഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് രാഹുവിനേയും കേതുവിനേയും ഉള്‍പ്പെടുത്തിയത്. ചില ജ്യോതിഷഗ്രന്ഥങ്ങള്‍ ശനിയെ പോലെ രാഹു, ചൊവ്വായെ പോലെ കേതു എന്നുപറയുന്നുണ്ട്. ഇവയെ ഛായാ(നിഴല്‍) ഗ്രഹങ്ങള്‍ എന്നും പറയുന്നു. ശനി, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുമ്പോള്‍, വേഗതയാല്‍ ശനി ഗ്രഹത്താലുണ്ടാവുന്ന പൊടിപടല കൊടുങ്കാറ്റിനെ രാഹു എന്നും ചൊവ്വാഗ്രഹത്താലുണ്ടാവുന്ന പൊടിപടല കൊടുങ്കാറ്റിനെ കേതു എന്നുപറയുന്നു. ഈ നിഴല്‍ ഗ്രഹങ്ങള്‍ യഥാര്‍ത്ഥ(നിജ) ഗ്രഹങ്ങളായ സൂര്യന്‍, ചന്ദ്രന്‍, വ്യാഴം, ശുക്രന്‍, ചൊവ്വ, ബുധന്‍, ശനി ഗ്രഹങ്ങളുടെ ശക്തിയും വേഗതയും കുറയ്ക്കുന്നു. അതുകൊണ്ടാണ് രാഹു-കേതുദോഷങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും സംസാരവിഷയമാവുന്നതും.

രാഹു-കേതുക്കള്‍ നമ്മുടെ മുത്തച്ഛന്‍, മുത്തശ്ശിമാരെ പ്രതിനിധീകരിക്കുന്ന ഗ്രഹങ്ങളാണ്. അതുകൊണ്ടാണ് അവര്‍ എന്തെങ്കിലും പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ പാപനിമിത്തമായുള്ള ദോഷങ്ങള്‍ നമ്മളെ പിന്തുടരുന്നു. ഭാര്യാ-ഭര്‍തൃദാമ്പത്യ ജീവിതത്തില്‍ സ്വാഭാവികമായി ഗര്‍ഭം അലസുന്നത് പാപമല്ല. എന്നാല്‍ ഇടയ്ക്കിടെ നമ്മള്‍ തന്നെ ഗര്‍ഭഛിദ്രം നടത്തുക, ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോ എന്ന് നോക്കി  ഗര്‍ഭഛിദ്രം നടത്തുക ഇതൊക്കെ മഹാപാപമാണ്. ഈ പാപം അടുത്ത സന്തതിപരമ്പരകളിലേക്കും തുടരും.

അതിന്‍റെ ഫലമായി പിന്‍തലമുറക്കാര്‍ക്ക് രാഹു- കേതുദോഷമുണ്ടാവും. രാഹു സ്ത്രീകള്‍ക്ക് ആധിക്യമുള്ള ഗ്രഹമാണ്. അതുകൊണ്ട് സ്ത്രീകളെ ദ്രോഹിച്ചാലും ചതിച്ചാലും പാപമുണ്ടാവും. വിവാഹവാഗ്ദാനം നല്‍കി പ്രേമിച്ച ശേഷം അവരെ സ്വീകരിക്കാതിരിക്കുക, കുറച്ചുനാള്‍ ഒന്നിച്ച് ജീവിച്ചശേഷം അകന്നുപോവുക ഇതെല്ലാം പാപമാണ്. ഈ പാപങ്ങള്‍ ചെയ്യുന്നവരുടെ സന്തതി പരമ്പരകള്‍ക്ക് രാഹുവിലൂടെ ദോഷങ്ങളുണ്ടാവും.

കേതു ആത്മീയഗുരുവാണ്. ജ്ഞാനകാരകന്‍ എന്ന് കേതുവിനെ പറയുന്നു. ഗുരുവിനെ നിന്ദിക്കുമ്പോള്‍, നമ്മുടെ ആശാന്‍മാരായിട്ടുള്ളവര്‍ക്ക് ദ്രോഹം ചെയ്യുമ്പോള്‍ വഴിപാട് സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ ശിഥിലമാകുമ്പോള്‍, പൂജിക്കേണ്ടവരെ നിന്ദിച്ചും പരിഹസിച്ചും അപമാനിക്കുമ്പോഴൊക്കെ അവരുടെ സന്തതികള്‍ക്ക് കേതുദോഷം ഉണ്ടാവും. നിധി, മറ്റുള്ളവരുടെ പൊരുളുകള്‍, സ്വത്തുക്കള്‍, ക്ഷേത്ര മുതലുകള്‍ എന്നിവ അപഹരിക്കുമ്പോഴും മറ്റുള്ളവരെ കബളിപ്പിച്ചാലും വിശ്വാസവഞ്ചന കാണിച്ചാലുമൊക്കെ രാഹു-കേതുദോഷം ഉണ്ടാവും.

ആവശ്യമില്ലാതെ നാഗങ്ങളെ കൊല്ലുന്നതിനാലും രാഹു-കേതുദോഷം ഉണ്ടാവും. പാമ്പിന്‍റെ പുറ്റുകള്‍ യാതൊരു കാരണവശാലും ശിഥിലമാകരുത്. പാമ്പിന്‍പുറ്റില്‍ ആയിരക്കണക്കിന് ജീവരാശികള്‍ വാഴുന്നുണ്ടാവും. അവയെ കേടുവരുത്തുവാന്‍ പാടില്ല. പാമ്പിന്‍പുറ്റ് ഒരു ദൈവിക അടയാളമായിട്ടാണ് പണ്ടുകാലം തൊട്ടേ കരുതപ്പെടുന്നത്.

ഇനി രാഹു-കേതു ദോഷനിവൃത്തിക്കായി എന്തൊക്കെ പരിഹാരങ്ങള്‍ ചെയ്യാം എന്ന് നോക്കാം. മുതിര്‍ന്നവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍,  അനാഥര്‍ എന്നിവര്‍ക്ക് അന്നദാനം, വസ്ത്രദാനം എന്നിവ ചെയ്താല്‍ ദോഷകാഠിന്യം കുറയ്ക്കാനാവും. ബന്ധുക്കളോ സഹായികളോ ആരുമില്ലാത്ത അവസ്ഥയില്‍ മരണമടയുന്നവരെ അടക്കം ചെയ്യാന്‍ സഹായിക്കുന്നതിലൂടെയും ഈ ദോഷത്തിന് പരിഹാരം നേടാം. 

ക്ഷേത്രപുനരുദ്ധാരണത്തിനും ക്ഷേത്രം ശുദ്ധിയാക്കാനും സഹായിച്ചാല്‍ കേതുദോഷം മാറും. അതൊരു സേവനമായി നിറഞ്ഞ മനസ്സോടെ നിറവേറ്റണം. അശരണരായ സ്ത്രീകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിലൂടെ രാഹുദോഷത്തിന് പരിഹാരം നേടാം. വികലാംഗര്‍, സംസാരശേഷി, കാഴ്ചശക്തി, കേള്‍വിശക്തി എന്നിവയില്ലാത്തവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക.

Photo Courtesy - Google