നാഗപ്രീതിയേകും നാഗപഞ്ചമി

നാഗപ്രീതിയേകും നാഗപഞ്ചമി

HIGHLIGHTS

നാഗങ്ങളെ പ്രീതിപ്പെടുത്തുവാനായി ഭാരതത്തിലെ ഹിന്ദുക്കള്‍ കൊണ്ടാടുന്ന ഒരു ഉത്സവമാണ് 'നാഗപഞ്ചമി.' ഈ ഉത്സവം പ്രധാനമായും പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അതുപോലെ കേരളത്തിന്‍റെ പല ഭാഗങ്ങളിലും അതിവിപുലമായി ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്. നാഗദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ള അതിപുരാതനവും അറിയപ്പെടുന്നതുമായ ഈ ഉത്സവം ശ്രാവണമാസത്തിലാണ് ആഘോഷിച്ചുപോരുന്നത്. 

 

നാഗങ്ങളെ പ്രീതിപ്പെടുത്തുവാനായി ഭാരതത്തിലെ ഹിന്ദുക്കള്‍ കൊണ്ടാടുന്ന ഒരു ഉത്സവമാണ് 'നാഗപഞ്ചമി.' ഈ ഉത്സവം പ്രധാനമായും പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അതുപോലെ കേരളത്തിന്‍റെ പല ഭാഗങ്ങളിലും അതിവിപുലമായി ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്. നാഗദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ള അതിപുരാതനവും അറിയപ്പെടുന്നതുമായ ഈ ഉത്സവം ശ്രാവണമാസത്തിലാണ് ആഘോഷിച്ചുപോരുന്നത്. 

നാഗപഞ്ചമി ആഘോഷം മഹാഭാരത ഇതിഹാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതനുസരിച്ച് തക്ഷകനെന്ന സര്‍പ്പത്തിന്‍റെ കടിയേറ്റ പരീക്ഷിത്ത്  കൊല്ലപ്പെടുകയാല്‍, കലിപൂണ്ട മകന്‍ ജനമേജയന്‍ പ്രപഞ്ചത്തിലുള്ള എല്ലാ നാഗവംശത്തേയും ഉന്മൂലനം ചെയ്യുവാന്‍ വേണ്ടി സര്‍പ്പസത്രയാഗം ചെയ്യുന്നു. യാഗത്തിലെ അഗ്നികുണ്ഡത്തില്‍ കോടാനുകോടി നാഗങ്ങളെ അഗ്നിക്കിരയാക്കുന്നു. എന്നാല്‍ ആസ്തികമുനി ഇടപെട്ട് യാഗത്തിലെ തീയണയ്ക്കുകയും തക്ഷകനടക്കമുള്ള നാഗങ്ങളെ വംശനാശത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇതുസംഭവിച്ച ദിവസം ശ്രാവണശുക്ലപക്ഷത്തിലെ പഞ്ചമിയായിരുന്നുവെന്നും അതുകൊണ്ടുതന്നെ അന്നുമുതല്‍ നാഗങ്ങളുടെ ക്ഷേമത്തിനായി നാഗപഞ്ചമി ആഘോഷിക്കുന്നുവെന്നും ഒരു വിശ്വാസം നിലവിലുണ്ട്.

നാഗപഞ്ചമിക്ക് ശ്രീകൃഷ്ണനുമായും മറ്റൊരു ഐതിഹ്യം നിലനിന്നുപോരുന്നു. ശ്രീകൃഷ്ണനെ വധിക്കുന്നതിനുവേണ്ടി കംസന്‍ തന്‍റെ എല്ലാ പ്രയോഗങ്ങളും ചെയ്യുന്ന ഒരു സമയമുണ്ടായിരുന്നു. ഈ സമയത്താണ് കാളിന്ദി  നദിയില്‍ കാളിയന്‍ എന്ന സര്‍പ്പം താമസിച്ചിരുന്നത്. കൂട്ടുകാരോടൊപ്പം കാളിന്ദീതീരത്ത് കളിച്ചുകൊണ്ടിരുന്ന ശ്രീകൃഷ്ണന്‍റെ പന്ത്  നദിയിലേക്ക് പതിക്കുകയും അതെടുക്കുന്നതിനുവേണ്ടി നദിയിലേക്ക് ചാടുകയും ചെയ്യുന്നു. ഈ സമയം കാളിയന്‍ ശ്രീകൃഷ്ണനെ ആക്രമിക്കുകയും അപായപ്പെടുത്തുവാനും ശ്രമിക്കുന്നു. എന്നാല്‍ ശ്രീകൃഷ്ണന്‍ കാളിയനെ കീഴ്പ്പെടുത്തുകയും വധിക്കുകയും ചെയ്യുന്നു. ഈ ദിവസത്തെയാണ് നാഗപഞ്ചമിയായി ആഘോഷിച്ചുപോരുന്നതെന്നും മറ്റൊരു ഐതിഹ്യമുണ്ട്.

നാഗപഞ്ചമി ദിവസം നാഗങ്ങളെ പൂജിക്കുന്നതിനോടൊപ്പം നാഗങ്ങള്‍ക്ക് പാലൂട്ടുകയും ചെയ്താല്‍ ജന്മാന്തരങ്ങളായുള്ള നാഗശാപങ്ങള്‍ തീരുമെന്നതാണ് വിശ്വാസം.  ജാതകത്തിലെ കാളസര്‍പ്പദോഷത്തെ പ്രതിരോധിക്കുന്നതിനുവേണ്ടിയും ഈ ദിനം സര്‍പ്പാരാധന ചെയ്യുന്നത് അത്യുത്തമമാണെന്നാണ് വിശ്വാസം. ജാതകദോഷത്തെ പാടേ ഇല്ലാതാക്കുന്നതിനും നല്ല സമയം ജീവിതത്തില്‍ വരുന്നതിനും, രാഹു-കേതുദോഷങ്ങളെ പ്രതിരോധിക്കുന്നതിനും നാഗപഞ്ചമിയിലെ ആരാധന മികച്ചതാണെന്നാണ് സങ്കല്‍പ്പം.

കണ്ണാടി കാനം

Photo Courtesy - Google