രാഹു-കേതു ദോഷങ്ങളകറ്റുന്ന നാഗരാജ സന്നിധി
രാഹു- കേതു ദോഷങ്ങളകറ്റുന്നതില്‍ ഏറ്റവും വലിയ പരിഹാരകേന്ദ്രമാണ് കന്യാകുമാരി ജില്ലയില്‍ നാഗര്‍കോവിലില്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കീര്‍ത്തി കേട്ട ശ്രീനാഗരാജ ക്ഷേത്രം. സഹസ്രാബ്ദത്തിന്‍റെ പഴക്കമുണ്ട് ക്ഷേത്രത്തിന്. ഇവിടുത്തെ നാഗശിലകള്‍ക്ക് മഞ്ഞള്‍പൊടി വിതറി പാലൊഴിച്ച് വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ രാഹു-കേതു ദോഷങ്ങള്‍ മാത്രമല്ല സര്‍വ്വസര്‍പ്പദോഷങ്ങളും മാറി വിവാഹതടസ്സങ്ങളും അകലുമെന്നാണ് വിശ്വാസം.
രാഹു- കേതു ദോഷങ്ങളകറ്റുന്നതില്‍ ഏറ്റവും വലിയ പരിഹാരകേന്ദ്രമാണ് കന്യാകുമാരി ജില്ലയില്‍ നാഗര്‍കോവിലില്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കീര്‍ത്തി കേട്ട ശ്രീനാഗരാജ ക്ഷേത്രം. സഹസ്രാബ്ദത്തിന്‍റെ പഴക്കമുണ്ട് ക്ഷേത്രത്തിന്. ഇവിടുത്തെ നാഗശിലകള്‍ക്ക് മഞ്ഞള്‍പൊടി വിതറി പാലൊഴിച്ച് വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ രാഹു-കേതു ദോഷങ്ങള്‍ മാത്രമല്ല സര്‍വ്വസര്‍പ്പദോഷങ്ങളും മാറി വിവാഹതടസ്സങ്ങളും അകലുമെന്നാണ് വിശ്വാസം.
മാത്രമല്ല സന്താനഭാഗ്യവും കരഗതമാവും. ക്ഷേത്രത്തില്‍ ശ്രീകോവില്‍ മൂര്‍ത്തിതന്നെ നാഗരാജാവാണെന്നത് ഏറ്റവും വലിയ സവിശേഷതയാണ്. ചര്‍മ്മവ്യാധികള്‍ അകറ്റുന്ന ക്ഷേത്രമായും ഇത് വിളങ്ങുന്നു. ഈ ക്ഷേത്രത്തില്‍ പുറ്റുമണ്ണാണ് പ്രസാദമായി ഇതിലൂടെ നല്‍കുന്നത്. ഏതുതരത്തിലുള്ള ചര്‍മ്മവ്യാധികളും അകലുമെന്നാണ് ഭക്തവിശ്വാസം. മാത്രമല്ല ചര്‍മ്മരോഗങ്ങള്‍ മാറി ചര്‍മ്മത്തിന്‍റെ പൊലിമയും വര്‍ദ്ധിക്കുന്നു.
ക്ഷേത്രക്കുളത്തെ നാഗതീര്‍ത്ഥമെന്ന് പറയുന്നു. ക്ഷേത്രത്തിലെ ശ്രീകോവില്‍മൂര്‍ത്തിയായ നാഗരാജന്‍ സ്വയംഭൂമൂര്‍ത്തിയാണ് എന്നതും ഏറ്റവും വലിയ സവിശേഷതയാണ്. ഓലമേഞ്ഞ കൂരയ്ക്ക് കീഴെയാണ് പ്രതിഷ്ഠ. ക്ഷേത്രത്തെ ഇന്നും ദൈവിക സര്‍പ്പങ്ങള്‍ സംരക്ഷിച്ചുപോരുന്നതായും, അതുകൊണ്ടുതന്നെ നാഗങ്ങളുടെ മൂലസ്ഥാനത്ത് ഓലമേഞ്ഞിട്ടുള്ളതായും പറയപ്പെടുന്നു. പാല്‍ക്കടലില്‍ മഹാവിഷ്ണുവിന്‍റെ മഞ്ചമായിട്ടുള്ള നാഗരാജാവായ ആദിശേഷന്‍റെ ജന്മനക്ഷത്രം ആയില്യമാണ്. ഓരോ മാസവും ആയില്യംനാളില്‍ നാഗരാജന് ഇവിടെ പ്രത്യേകം പൂജകള്‍ നടത്തി പാലഭിഷേകവും നടത്തുന്നു. ഈ നാഗരാജാക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് പല പരമ്പരാഗത കഥകളും പറയപ്പെടുന്നു.
ഒരിക്കല്‍ കുറ്റിച്ചെടികള്‍ നിറഞ്ഞ കാട്ടില്‍ പുല്ല് അരിയാനെത്തിയ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന അരിവാള്‍ അഞ്ചുതലയുള്ള ഒരു സര്‍പ്പത്തിന്‍റെ തലയില്‍ കൊണ്ട് രക്തം ചീറ്റി. ഇതുകണ്ട് ഭയന്നു നടുങ്ങിയ ആ സ്ത്രീ അടുത്തുള്ള ഗ്രാമത്തില്‍ ഓടിച്ചെന്ന് അവിടെയുള്ള ആളുകളെയെല്ലാം സംഭവസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ആളുകള്‍ അവിടേയ്ക്ക് ഓടിയെത്തുമ്പോള്‍ അത് അഞ്ചുതലയുള്ള നാഗശിലയായി കാണപ്പെട്ടുവത്രേ. അവിടെ ചെറിയ ഓലപ്പുരകെട്ടിയുണ്ടാക്കി ജനങ്ങള്‍ ആരാധിച്ചുപോന്നു. കാലക്രമേണ ചുറ്റുവട്ടത്തുള്ള ഗ്രാമീണര്‍ ഉള്‍പ്പെടെ ഈ നാഗക്ഷേത്രത്തിന്‍റെ മഹിമ കേട്ടറിഞ്ഞു. നൂറുകണക്കിന് ആളുകള്‍ വഴിപാടിനായി എത്തി.
അക്കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ്മ രാജാവ് ക്ഷേത്രപുനരുദ്ധാരണ കര്‍മ്മത്തിന് നേതൃത്വം നല്‍കവേ, അദ്ദേഹത്തിന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട നാഗരാജാവ് ഓലമേഞ്ഞ കുടിലില്‍ തന്നെ താന്‍ വസിക്കുവാന്‍ ആഗ്രഹിക്കുന്നതായും താന്‍ ആദ്യം വസിച്ചിടത്തെ കൂര മാറ്റേണ്ട എന്നും അരുളി ചെയ്തുവത്രേ. അതുകൊണ്ട് ക്ഷേത്രം പുനര്‍നിര്‍മ്മിച്ച വേളയില്‍ പോലും ഓലക്കൂര മാറ്റിയില്ലത്രേ. വര്‍ഷത്തിലൊരിക്കല്‍ പുതിയ ഓല കൊണ്ട് കൂരമേയും. മൂലപ്രതിഷ്ഠാസ്ഥാനം എപ്പോഴും ഈര്‍പ്പമുള്ളതായി കാണാം. ഇവിടെ പ്രസാദമായി നല്‍കപ്പെടുന്ന പുറ്റുമണ്ണ് കര്‍ക്കിടകം മുതല്‍ ധനുമാസം വരെ ആറുമാസം കറുത്ത നിറത്തിലും മകരം മുതല്‍ മിഥുനം വരെയുള്ള ആറുമാസക്കാലം വെളുത്ത നിറത്തിലുമായിരിക്കുമെന്നത് ശാസ്ത്രയുഗത്തിലെ അത്ഭുതമാണ്. എത്രകാലം എത്രമാത്രം മണ്ണ് ഇവിടെ നിന്ന് എടുത്താലും മണ്ണ് കുറയാതിരിക്കുന്നതും മറ്റൊരു അത്ഭുതമാണ്.
നാഗരാജാക്ഷേത്രത്തിലെ പ്രത്യേകതകള്‍
നാഗരാജാക്ഷേത്രത്തിന്‍റെ സന്നിധിക്ക് വലതുവശത്തായി ശിവന്‍, അനന്തകൃഷ്ണന്‍ എന്നിവരുടെ സന്നിധികള്‍. നിത്യവും നാഗരാജാവിന് പൂജ കഴിഞ്ഞശേഷം ഇവര്‍ക്കും പൂജ നടത്തുന്നു. അര്‍ദ്ധയാമ പൂജാവേളയില്‍ മാത്രം. ആദ്യപൂജ അനന്തകൃഷ്ണനാണ്. ഈ ക്ഷേത്രത്തിലെ മൂലമൂര്‍ത്തി നാഗരാജനെങ്കിലും അനന്തകൃഷ്ണ സന്നിധിക്ക് മുന്നിലാണ് ധ്വജസ്തംഭമുള്ളത്. മകരമാസത്തില്‍ പത്തുദിവസത്തെ ഉത്സവവും അനന്തകൃഷ്ണനുതന്നെ നടക്കുന്നു. ക്ഷേത്രത്തിന്‍റെ തെക്കേ വാതിലാണ് പ്രധാന വാതില്‍. ഈ വാതിലിനെ മഹാമേരുമാളിക എന്നുപറയുന്നു.
നാഗര്‍കോവിലില്‍ നാഗരാജ ക്ഷേത്രത്തില്‍ ഞായറാഴ്ചകളില്‍ വന്‍ഭക്തജനതിരക്കാണ് അനുഭവപ്പെടുക. ചിങ്ങമാസം മഴക്കാലമാണ്. ഈ കാലത്ത് പാമ്പുകളുടെ സഞ്ചാരം ഇവിടെ അധികമായിരിക്കും. അവ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതിരിക്കുവാനായി ചിങ്ങമാസത്തില്‍ നാഗരാജാവിന് വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുന്നത് ഉത്തമമെന്നാണ് പണ്ടുകാലം തൊട്ടുള്ള വിശ്വാസം. രാഹു വഴിപാടിന് ഏറ്റവും അനുയോജ്യമായ ദിവസം ഞായറാഴ്ചയാണ.് മലയാളത്തിലെ ആദ്യമാസം ചിങ്ങമായതുകൊണ്ടും ചിങ്ങത്തിലെ ഞായറാഴ്ച ദിവസങ്ങള്‍ നാഗരാജ ദര്‍ശനത്തിന് അതിശ്രേഷ്ഠം.
നാഗരാജാക്ഷേത്രത്തിലെ ദുര്‍ഗ്ഗാസന്നിധിയ്ക്കും പ്രത്യേകതയുണ്ട്. ഈ ദുര്‍ഗ്ഗയെ ശിവനാഗതീര്‍ത്ഥ (കുളം)ത്തില്‍ നിന്നും ലഭിച്ചതിനാല്‍ തീര്‍ത്ഥദുര്‍ഗ്ഗ എന്നറിയപ്പെടുന്നു. രാഹുകേതുദോഷമുള്ളവര്‍ ചൊവ്വാഴ്ച രാഹുകാല വേളയില്‍ നാഗരാജനേയും ദുര്‍ഗ്ഗയേയും തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ മാറുമെന്ന് വിശ്വാസം. ഈ ദുര്‍ഗ്ഗാദേവിയെ ഭക്തര്‍ അമ്മയായി കരുതി തൊഴുത് പ്രാര്‍ത്ഥിക്കുന്നതിനാല്‍ അമ്മച്ചിദുര്‍ഗ്ഗ എന്നും വിളിക്കുന്നു.
ക്ഷേത്രത്തില്‍ ബാലമുരുകന്‍, ശാസ്താവ്, ഹിഡുംബന്‍ എന്നിവര്‍ക്കും സന്നിധികളുണ്ട്. ഇവിടെ നാഗശിലകള്‍ വഴിപാടായി വെച്ചിട്ടുള്ള സ്ഥലത്ത് അരശുമരവും ആര്യവേപ്പും ഇണചേര്‍ന്ന് വളര്‍ന്നുനില്‍ക്കുന്നതും സവിശേഷതയാണ്. ഈ ദിവ്യവൃക്ഷത്തെ വലം വച്ചു പ്രാര്‍ത്ഥിച്ചാല്‍ സന്താനഭാഗ്യം സുനിശ്ചിതമെന്നാണ് ഭക്തവിശ്വാസം.
അജയ്കുമാര്‍
Photo Courtesy - Google
