കര്‍ക്കിടകത്തിലെ നാലമ്പലദര്‍ശനം

കര്‍ക്കിടകത്തിലെ നാലമ്പലദര്‍ശനം

HIGHLIGHTS

രാമകഥ കേട്ടുണരുന്ന കര്‍ക്കിടകത്തില്‍ ശ്രീരാമ ലക്ഷ്മണഭരതശത്രുഘ്നക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് ശുഭകരമായാണ് കരുതുന്നത്. ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോകുകയും ചെയ്തു. ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്‍റെ കൈവശമെത്തിച്ചേര്‍ന്നു. ജ്യോതിഷവിധിപ്രകാരം ശ്രീരാമനെ തൃപ്രയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണനെ തിരുമൂഴിക്കുളത്തും ശത്രുഘ്നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ നാലമ്പലങ്ങള്‍ എന്ന് ഖ്യാതി നേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല യാത്ര.

രാമകഥ കേട്ടുണരുന്ന കര്‍ക്കിടകത്തില്‍ ശ്രീരാമ ലക്ഷ്മണഭരതശത്രുഘ്നക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് ശുഭകരമായാണ് കരുതുന്നത്. ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോകുകയും ചെയ്തു. ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്‍റെ കൈവശമെത്തിച്ചേര്‍ന്നു. ജ്യോതിഷവിധിപ്രകാരം ശ്രീരാമനെ തൃപ്രയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണനെ തിരുമൂഴിക്കുളത്തും ശത്രുഘ്നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ നാലമ്പലങ്ങള്‍ എന്ന് ഖ്യാതി നേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല യാത്ര.

രാവണനെ നിഗ്രഹിച്ച് ത്രൈലോക്യസംരക്ഷണം ആയിരുന്നല്ലോ രാമാവതാരലക്ഷ്യം. എന്നാല്‍ അമിത ബലശാലികളായ മറ്റനേകം രാക്ഷസന്മാരെ ക്കൂടി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. പാഞ്ചജന്യശംഖാണ് ഭരതന്‍. ലക്ഷ്മണന്‍ ആദിശേഷനാണ്, ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്‍റെ അവതാരമാണ് ശത്രുഘ്നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവങ്ങളിലെ ഭഗവത്ദര്‍ശനം സാധ്യമാകുന്നു എന്നും വിശ്വാസം. രാമായണമാസമായി ആചരിക്കുന്ന കര്‍ക്കിടകത്തിലാണ് നാലമ്പലയാത്ര പുണ്യമാകുന്നത് എന്നും വിശ്വസിക്കപ്പെടുന്നു.
 

തൃപ്രയാറില്‍ തുടങ്ങാം 

മഹാവിഷ്ണുവിന്‍റെ ഏഴാം അവതാരമായ 'മര്യാദാപുരുഷോത്തമന്‍ ശ്രീരാമന്‍ ഖരദൂഷണ- ത്രിശ്ശിരസ്സുക്കളേയും അവരുടെ സൈന്യത്തേയും വധിച്ചശേഷം അത്യുഗ്രഭാവത്തില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്‍റെ രൂപത്തിലുള്ള വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ലക്ഷ്മിദേവിയെയും ഭൂമിദേവിയെയും ഭഗവാന്‍റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്.'

പുലര്‍ച്ചെ മൂന്നുമണിക്ക് തൃപ്രയാര്‍ തേവര്‍ ഉണരും. നിദ്രയിലാണ്ടുകിടന്ന തീര്‍ത്ഥ വാഹിനി കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങും. നാലുമണിക്കുതന്നെ നട തുറക്കും. അമ്പലമുണരുമ്പോഴേയ്ക്കും പരിസരവും ഉണര്‍ന്നുതുടങ്ങുന്നു. ഇനി നാലമ്പല ദര്‍ശനത്തിനായുള്ള യാത്ര തുടങ്ങാം.

ക്ഷേത്രത്തിന്‍റെ കിഴക്കെ നടയിലെ മുഖമണ്ഡപത്തിലെ ഹനുമദ് സങ്കല്‍പ്പത്തില്‍ തൊഴുത ശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. തൊട്ടുമുന്നിലൂടെ ഒഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ  കാണാം. ഇവ മീനൂട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്‍റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ അയ്യപ്പപ്രതിഷ്ഠയും. സര്‍വ്വലോകനാഥനും സര്‍വ്വരോഗനിവാരകനും സര്‍വ്വവിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിദ്ധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വ്വക്ഷേത്രമാണ് ഇത്. പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്‍റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്.

കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാണ് ക്ഷേത്രം. ഗോശാല കൃഷ്ണനും, ഗണപതിക്കും അയ്യപ്പനും പ്രത്യേകം ഉപദേവതാ ക്ഷേത്രമുണ്ടെങ്കിലും ഹനുമാനും വിഷ്ണുമായയും സങ്കല്‍പ്പത്തിലാണ്. ബാധാ ഉപദ്രവങ്ങളില്‍ നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുത് വലംവച്ച് മീനൂട്ടും നടത്തി ഇനി കൂടല്‍മാണിക്യക്ഷേത്രത്തിലേക്ക് പോകാം.

തൃശൂരില്‍ നിന്നും ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും 24 കിലോമീറ്ററോളം ദൂരമാണ് തൃപ്രയാര്‍ക്കുള്ളത്. മറ്റുജില്ലകളില്‍ നിന്ന് തീവണ്ടിയില്‍ വരുന്നവര്‍ തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങിയാല്‍ തൃപ്രയാര്‍ക്ക് ബസ്സിലെത്താം.

അവിടെ മീനൂട്ട്, വെടി എന്നിവയാണ് പ്രധാന വഴിപാടുകള്‍. തട്ടം നിവേദ്യം, അമ്പും വില്ലും, ശ്രീലകത്ത് സമ്പൂര്‍ണ്ണ നെയ്വിളക്ക്, നെയ്ക്കിണ്ടി, നിറമാല, ചുറ്റുവിളക്ക്, സ്പെഷ്യല്‍ പായസം, സുന്ദരകാണ്ഡം പാരായണം എന്നിവയും പ്രധാന വഴിപാടുകളാണ്.

കൂടല്‍മാണിക്യത്തില്‍ ഭരതന്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്രയാറില്‍ നിന്ന് കൊടുങ്ങല്ലൂര്‍ വഴി 13 കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം, പ്രസിദ്ധമായ സാംസ്ക്കാരിക കേന്ദ്രം. ഇപ്പോഴും അതിന്‍റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ഭക്തര്‍ക്കുപുറമെ ഏതൊരു സഞ്ചാരിയേയും അത്ഭുതത്തില്‍ ആറാടിക്കും.

രണ്ടേക്കറോളം വരുന്ന കുലീപിനി തീര്‍ത്ഥത്തില്‍ ഗംഗായമുനസരസ്വതി നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ജല ജന്തുക്കളില്ല. ദേവന്മാരും പിതൃക്കളും ഋഷികളും ഭഗവാന്‍റെ ആഗ്രഹപ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നും ഭക്തര്‍ കരുതുന്നു. ഭഗവാനും പിതൃക്കള്‍ക്കും വേണ്ടിയാണ് മീനൂട്ട് വഴിപാട് നടത്തുന്നത്. ക്ഷേത്രം വലം വയ്ക്കുന്നതിനുപുറമെ ഈ തീര്‍ത്ഥക്കുളവും വലം വയ്ക്കണം, കൂത്തമ്പലവും. ക്ഷേത്രത്തിനുചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതുതന്നെയാണ്.

ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്‍റെ രൂപത്തിലാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭരതപ്രതിഷ്ഠ. ഇടത്തേവശത്തുള്ള മുകളിലത്തെ തൃക്കൈയ്യില്‍ സുദര്‍ശനചക്രവും താഴെ പാഞ്ചജന്യം എന്ന ശംഖുമാണ്. വലതുവശത്തെ മുകളിലെ തൃക്കൈയില്‍ അക്ഷമാലയും താഴെയുള്ള കൈയില്‍ കൗമോദകി എന്ന ഗദയുമുണ്ട്. രാജകിരീടത്തിനുപകരം ജടാധാരിയാണ്.

പിതൃകല്‍പ്പനനിമിത്തം വനവാസത്തിനുപോയ ജ്യേഷ്ഠന്‍ ശ്രീരാമനെ പ്രതീക്ഷിച്ച് അദ്ദേഹത്തിന്‍റെ പാദുകം പൂജിച്ച് സന്യാസതുല്യജീവിതം നയിക്കുന്ന ഭരതനാണ് സങ്കല്‍പ്പം. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണ രീതിയാണ് ക്ഷേത്രത്തില്‍. ഉപദേവതാ പ്രതിഷ്ഠ ഇല്ല. പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല.
വിഗ്രഹത്തില്‍ക്കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍ നിന്നുകൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്ത് വെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്.

കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രധാനം ചെയ്യുന്നവനുമാണ്. സാധാരണ വിഷ്ണുക്ഷേത്രങ്ങളിലെ വഴിപാടുകള്‍ക്ക് പുറമെ കളഭം, താമരമാല, അശ്വമേധ പുഷ്പാഞ്ജലി, ശര്‍ക്കര കൂട്ടുപായസം, നെയ് വിളക്ക്, ത്രിമധുരം, മീനൂട്ട്, വഴുതനങ്ങ നിവേദ്യം തുടങ്ങിവയും കൂടാതെ, ആണ്‍കുട്ടിയുണ്ടാകുന്നതിന് കൂട്ടുപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ളനിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിയ്ക്കുമായി നാണയപ്പറ വഴിപാടും നടത്തുന്നു.(ഉത്സവകാലത്ത് നാണയപ്പറ വഴിപാടിന് തിരക്കേറെയാണ്) ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്‍റെ ഭാഗമായ മുക്കുടി സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാവില്ലെന്നുമാണ് വിശ്വാസം. 0480-2826631,9961744222

മൂഴിക്കുളത്താണ് ലക്ഷ്മണന്‍

ഇനി ലക്ഷ്മണസന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടി പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍ നിന്ന് ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ടു നിന്നും വലത്തോട്ട് പുത്തന്‍ചിറ വഴി മാളയിലേക്ക് 12 കിലോമീറ്റര്‍. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ട് തിരിഞ്ഞാല്‍ മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രമായി. ഇരിങ്ങാലക്കുടയില്‍ നിന്നും മൊത്തം 31 കിലോമീറ്റര്‍.

നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മദ്ധ്യഭാഗത്തായി വ്യാളികള്‍ കാവല്‍നില്‍ക്കുന്ന വിളക്കുമാടത്തോടുകൂടിയ ബൃഹത്തായ ചുറ്റമ്പലം.

വിഷ്ണുക്ഷേത്രമെന്ന നിലയിലാണ് ഈ ക്ഷേത്രത്തിന് 108 പാടല്‍പ്പെറ്റ തിരുപ്പതികളില്‍ സ്ഥാനമുള്ളത്. നാലമ്പലങ്ങളില്‍ എറണാകുളം ജില്ലയിലുള്ള ക്ഷേത്രമാണിത്. തിരുമൂഴിക്കുളത്തപ്പന്‍ എന്നാണ് മൂര്‍ത്തീഭാവത്തെ നാമകരണം ചെയ്തിരിക്കുന്നത്. അമാനുഷിക നിര്‍മ്മിതിയെന്ന് വിശ്വസിക്കുന്ന ലക്ഷ്മണ വിഗ്രഹം ചതുര്‍ബാഹു രൂപത്തിലാണ്. അനന്തശയനാകൃതിയിലാണ് ക്ഷേത്രദര്‍ശനം വിഭാവനം ചെയ്തിരിക്കുന്നത്.
കിഴക്കേനടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്ക്കാരമണ്ഡപം. തേക്കില്‍ പണിത മേല്‍ക്കൂരയില്‍ അഷ്ടദിക്പാലകര്‍. രണ്ടുനിലയില്‍ ചെമ്പുമേഞ്ഞ വട്ട ശ്രീകോവില്‍. ഒരേ ശ്രീകോവിലിന്‍റെ തന്നെ രണ്ട് ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും.

മണ്ഡപത്തിന്‍റെ ഇടതുഭാഗത്തുകൂടി ഇടയില്‍ വന്ന് ഭഗവാനെ ദര്‍ശിച്ചശേഷം തെക്കേനടയില്‍ ശ്രീഗണപതി, ദക്ഷിണാമൂര്‍ത്തി, ശ്രീരാമ, സീത, ഹനുമാന്‍മാരേയും ദര്‍ശിക്കണം. വീണ്ടും ലക്ഷ്മണസ്വാമിയെ തൊഴുത് തീര്‍ത്ഥവും പ്രസാദവും വാങ്ങി മാതൃക്കല്ലിന് പുറമെ കൂടി വന്ന് ഗണപതി, യക്ഷിയമ്മ, ശാസ്താവ് എന്നിവരെ തൊഴുത് വടക്കേനടയിലൂടെ മതില്‍ക്കകത്തേയ്ക്ക് ഇറങ്ങണം. ശേഷം ഗോശാലകൃഷ്ണനെ തൊഴുത് ക്ഷേത്രത്തിന് പ്രദക്ഷിണമായി കിഴക്കേനടയില്‍ വന്ന് കൊടിമരത്തിന്‍റെ പുറമേക്കൂടി വലിയ ബലിക്കല്ലിന്‍റെ ഇടതുഭാഗം വഴി നടയില്‍ വന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് വലതുഭാഗത്തുകൂടെ ഇറങ്ങണം. കൊടിമരം തൊട്ടുതൊഴരുത്.
 

ഒറ്റയപ്പവും പാല്‍പ്പായസവുമാണ് പ്രധാന വഴിപാട്. കടുംപായസം, നെയ്പായസം, വെണ്ണനിവേദ്യം, മുഴുക്കാപ്പ്, നിറമാല, ചുറ്റുവിളക്ക്, തിരുവോണപൂജ തുടങ്ങിയവയാണ് മറ്റുവഴിപാടുകള്‍.8301882855


പായമ്മല്‍ ശത്രുഘ്നസന്നിധി

ഇനി ശത്രുഘ്നസന്നിധിയിലേക്ക്. ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ വഴിയില്‍ വെള്ളാങ്ങല്ലൂരിനും മതിലകത്തിനും ഇടയില്‍ അരിപ്പാലത്തു നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ ഉള്ളിലായാണ് ക്ഷേത്രം. പൂമംഗലം പഞ്ചായത്തിലാണ് ഇത്. അരിപ്പാലത്തു നിന്നും ഒലിപ്പൂക്കഴ പാലത്തിലേക്ക് 2 കിലോമീറ്റര്‍ കൂടി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ പായമ്മലപ്പന്‍റെ സന്നിധിയായി.
കരിങ്കല്ലില്‍ കൊത്തിയെടുത്ത ശ്രീകോവില്‍ ചതുരാകൃതിയിലാണ്. ശ്രീകോവിലില്‍ ശാന്തസ്വരൂപിയായ ശത്രുഘ്നസ്വാമി മാത്രം. ശംഖചക്രഗദാപത്മങ്ങളില്ലാത്ത ചതുര്‍ബാഹുവിഗ്രഹം. ശ്രീകോവിലിന് തെക്ക് പടിഞ്ഞാറ് ദക്ഷിണാഭിമുഖമായി ഗണപതിയുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. മുഖമണ്ഡപത്തില്‍ ആഞ്ജനേയ സാന്നിധ്യവുമുണ്ട്.

ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദര്‍ശന പുഷ്പാഞ്ജലി. സുദര്‍ശനചക്ര സമര്‍പ്പണവും പ്രധാനമാണ്. സിദ്ധി ചെയ്ത സുദര്‍ശനചക്രം നടയില്‍ സമര്‍പ്പിക്കല്‍, ഏലസ്സ്, അരവണ, അവില്‍ എന്നിവയാണ് പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍ നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.
തിരുമൂഴിക്കുളം ക്ഷേത്രത്തില്‍ നിന്ന് ഇവിടേയ്ക്ക് 30 കിലോമീറ്ററാണ്. മൂഴിക്കുളം ക്ഷേത്രത്തില്‍ നിന്നും വലിയപറമ്പ്, മാള- കൊമ്പിടി വഴി വെള്ളാങ്ങല്ലൂര്‍ മതിലകം റോഡിലൂടെ വന്ന് അരിപ്പാലം സെന്‍ററില്‍ നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.0480-2864500,9446571668


തൃപ്രയാര്‍ മുതല്‍ നാലമ്പലയാത്രയ്ക്ക് ആകെ 107 കിലോമീറ്ററാണ് സഞ്ചാരദൂരം.