നാലമ്പല ദര്‍ശനപുണ്യം

നാലമ്പല ദര്‍ശനപുണ്യം

HIGHLIGHTS

തൃപ്രയാര്‍ ശ്രീരാമസ്വാമിയെ ദര്‍ശിച്ചതിനുശേഷം ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തിലെ ഭരതസ്വാമിയെ ദര്‍ശിക്കാനെത്തുന്നു. ഇതിനുശേഷം തിരുമൂഴിക്കുളത്തെ ലക്ഷ്മണപ്പെരുമാളെയും പായ്മ്മലിലെ ശത്രുഘ്നസ്വാമിയെയും ദര്‍ശിക്കുന്നു. ഇതോടെ ഓരോ ഭക്തന്‍റെയും മനസ്സില്‍ നാലമ്പല ദര്‍ശനപുണ്യം നിറപ്രഭ ചൊരിഞ്ഞ് സാര്‍ത്ഥകമാകുന്നു. ശ്രീരാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്നനും സര്‍വ്വൈശ്വര്യങ്ങളുടെയും അവതാരരൂപങ്ങളാണ്. 

 

 

ഹാഭാരത യുദ്ധത്തെ തുടര്‍ന്ന് 36 വര്‍ഷം കഴിഞ്ഞപ്പോള്‍ യാദവവംശം നശിക്കുകയും ശ്രീകൃഷ്ണ ഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണം സംഭവിക്കുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ദ്വാരകാപതിയായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന പുണ്യവിഗ്രഹമാണ് തൃപ്രയാര്‍ തേവരുടെ പ്രതിഷ്ഠ എന്ന് വിശ്വസിച്ചുപോരുന്നു. ദ്വാരകയില്‍ ഭഗവാന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ ബഹുവിഗ്രഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതായി വാക്കയില്‍ കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി.

അക്കാലത്തെ നാട്ടുപ്രമാണിയായിരുന്ന വാക്കയില്‍ കൈമള്‍ സ്വപ്നത്തില്‍ ദര്‍ശിച്ച കൃഷ്ണശിലകള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോയവരുടെ വലയില്‍ കുടുങ്ങി. അവര്‍ ആ പുണ്യവിഗ്രഹങ്ങള്‍ കൈമളെ ഏല്‍പ്പിച്ചുവെന്നും അതല്ല വാവുനാളില്‍ കടപ്പുറത്ത് ബലികര്‍മ്മങ്ങള്‍ക്ക് പോയ വാക്കയില്‍ കൈമള്‍ക്ക് നേരിട്ട് ലഭിച്ചവയാണ് ഈ വിഗ്രഹങ്ങളെന്നും പറയപ്പെടുന്നു.

ഈ പുണ്യശിലകള്‍ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണം എന്ന ചിന്തയുടെ അവസാനം ജ്യോതിഷപണ്ഡിതന്മാരുമായി കൂടിയാലോചിച്ചതിനുശേഷം തൃപ്രയാറില്‍ ശ്രീരാമനെയും ഇരിങ്ങാലക്കുടയില്‍ ഭരതനെയും തിരുമൂഴിക്കുളത്ത് ലക്ഷ്മണനെയും പായ്മ്മല്‍ ശത്രുഘ്നനേയും പ്രതിഷ്ഠിച്ചു. അങ്ങനെ വാക്കയില്‍ കൈമകളുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധമായ നാല് വൈഷ്ണവ ക്ഷേത്രങ്ങളുണ്ടായി. ഈ ആരാധനാലയങ്ങള്‍ നാലമ്പലം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിക്കുകയും ചെയ്തു. ഇതില്‍ തിരുമൂഴിക്കുളം എറണാകുളം ജില്ലയിലും മറ്റ് ക്ഷേത്രങ്ങള്‍ തൃശൂര്‍ ജില്ലയിലുമാണ്.

ഈ നാല് ദശരഥിക്ഷേത്രങ്ങളില്‍ കര്‍ക്കിടകമാസത്തില്‍ ഒരൊറ്റ ദിവസം കൊണ്ട് ദര്‍ശനം നടത്തുന്ന പുണ്യകര്‍മ്മം മൂലം വലിയ ഭക്തജനപ്രവാഹമാണ്. തൃപ്രയാറില്‍ രാവണ സംഹാരത്തിനുശേഷം പ്രപഞ്ച സംരക്ഷണത്തിന് കാത്തിരിക്കുന്ന ശ്രീരാമന്‍ എന്ന് വിശ്വസിക്കുന്നു. അയോധ്യാപുരിയിലെ സരയൂ നദി പവിത്രമാക്കിയതുപോലൊരു പുണ്യനദി ഒഴുകുന്നുണ്ട്. ഈ പുണ്യനദിയിലെ മീനുകളെല്ലാം മീനൂട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടും. ഈ തീര്‍ത്ഥം തൃപ്പാദയാര്‍ എന്ന് പ്രസിദ്ധമായി. തൃപ്പാദയാര്‍ ലോപിച്ച് തൃപ്രയാര്‍ എന്നായതാണ് സങ്കല്‍പ്പം.


വിഗ്രഹത്തില്‍ ശംഖും ചക്രവും ഗദയും പത്മത്തിന് പകരം അക്ഷമാലയുമാണ്. ശ്രീകോവിലിന്‍റെ ശിവസാന്നിധ്യം ദക്ഷിണാമൂര്‍ത്തിയാണ്. ഉപദേവന്മാരായി വിഘ്നേശ്വരനും ഗോശാലകൃഷ്ണനും ധര്‍മ്മശാസ്താവും ബാലസുബ്രഹ്മണ്യനുമുണ്ട്. ശ്രീ ഹനുമാനും വിഷ്ണുമായ ചാത്തന്‍ സ്വാമിക്കും പ്രതിഷ്ഠകളില്ലെങ്കിലും ഇരുവരുടെയും ശക്തമായ സാന്നിധ്യം കുടികൊള്ളുന്നു.

ഭക്തര്‍ക്കിടയില്‍ ബാധോപദ്രവങ്ങളില്‍പ്പെട്ട് വലയുമ്പോള്‍ ശ്രീരാമനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ബാധാവിമുക്തമായി തീരുമെന്നുള്ള വിശ്വാസമുണ്ട്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ശ്രീരാമ പ്രതിഷ്ഠയുടെ സ്ഥാനമാറ്റം കൊണ്ട് സംഭവിച്ച ചൈതന്യഹാനിക്ക് പരിഹാരമായി തേവരുടെ ഇരുവശത്തുമായി ലക്ഷ്മിദേവിയെയും ഭൂമിദേവിയെയും പ്രതിഷ്ഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പാക്കനാരാണെന്ന് പറയപ്പെടുന്നു. തൃപ്രയാര്‍ നമ്പൂതിരിമാരുടെ ഉപഗ്രാമമായിരുന്നുവെന്നും 42 ഇല്ലക്കാരുടെ അമ്പലമായിരുന്നുവെന്നും പഴമയുണ്ട്. ഈ ക്ഷേത്രത്തില്‍ അഞ്ച് പൂജയും മൂന്ന് ശീവേലിയുമുണ്ട്. ദര്‍ശനസമയം രാവിലെ മൂന്നര മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാലരമണി മുതല്‍ അത്താഴപൂജ കഴിയുന്നതുവരെയുമാണ്. ഏറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്. മീനൂട്ട്, അവല്‍ നിവേദ്യം, പായസം എന്നിവയും പ്രധാന വഴിപാടുകളാണ്. ചാക്യാര്‍കൂത്തും വഴിപാടായി അവതരിപ്പിക്കുന്നുണ്ട്.

ചരിത്രപ്രാധാന്യം കൊണ്ടും പരമ്പരാഗതമായ മൂല്യങ്ങള്‍ കൊണ്ടും ആചാരാനുഷ്ഠാനങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന പ്രതിഷ്ഠയാല്‍ പ്രസിദ്ധമായ ഭാരതത്തിലെ ഏക ഭരതക്ഷേത്രമാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം. പണ്ടുകാലത്ത് ജൈനക്ഷേത്രമായിരുന്നു. രാജഭരണ കാലത്താണ് ഭരതക്ഷേത്രമായി മാറിയത്. ജൈനമത തീര്‍ത്ഥങ്കരനായ ഭരതേശ്വരന്‍റെ പേരിലുള്ളൊരു ക്ഷേത്രമായി ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. വിഗ്രഹത്തില്‍ മാണിക്യം കൂടിച്ചേര്‍ന്നതുകൊണ്ട് ക്ഷേത്രത്തിന് കൂടല്‍മാണിക്യമെന്ന പേരുകിട്ടി.

ത്യാഗത്തിന്‍റെയും ആത്മബലിയുടെയും സഹോദരസ്നേഹത്തിന്‍റെയും ഉത്തമപ്രതീകമാണ് ഭരതന്‍. രാമമന്ത്രം ജപിച്ച് തപസ്സ് അനുഷ്ഠിക്കുന്നുവെന്നാണ് സങ്കല്‍പ്പം.  ആറടി ഉയരമുള്ള ശിലാവിഗ്രഹം, നാല് കൈകളുണ്ട്, വലതുകയ്യിലൊന്നില്‍ കോദണ്ഡം. ഇതിന്‍റെയറ്റം താഴെയുള്ള പീഠത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. രണ്ടാമത്തെ വലതുകയ്യില്‍ അഭയരുദ്രാങ്കിത്വം. ഉയര്‍ത്തിപ്പിടിച്ച ഇടതുകയ്യില്‍ ചക്രം. തുടയോട് ചേര്‍ത്തുവെച്ചിരിക്കുന്നതില്‍ ശംഖ്, മരതകപ്പതക്കവും പൊന്മാലകളും അണിഞ്ഞിരിക്കുന്നു.

ജടാഭാരത്തിന്‍റെ മുകളിലൂടെ ചാര്‍ത്തിയിരിക്കുന്ന താമരമാല ഇരുവശത്തുമുള്ള കൈകള്‍ക്കിടയിലൂടെ പീഠം വരെയുണ്ട്. കിഴക്കോട്ട് ദര്‍ശനം. കേരളത്തില്‍ ആറ് തന്ത്രിമാരുള്ള ഏക ക്ഷേത്രമാണിതെന്ന് പറയാം. കുറുമ്പ്രനാട്ടില്‍ നിന്നും വന്ന പുത്തില്ലത്തിന് കാരാന്മയാണ് മേല്‍ശാന്തി സ്ഥാനം.

കൂടല്‍മാണിക്യത്തിലെ പ്രധാന മൂര്‍ത്തിയായ ഭരതന്‍ എന്ന സംഗമേശ്വരന്‍ ശൈവനെന്നും വൈഷ്ണവനെന്നും പറയാവുന്ന ദേവനാണ്. ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളം പ്രസിദ്ധമാണ്. ഇവിടെ മീനൂട്ട് നടത്തുന്നു. അമ്പലത്തിലെ പ്രധാന വഴിപാട് താമരമാല എടുത്തുവെക്കലാണ്. കൂടല്‍മാണിക്യത്തിലെ മുക്കുടി നിവേദ്യം സേവിച്ചല്‍ രോഗവിമുക്തമാകുമെന്ന് കരുതുന്നു. നാലമ്പലങ്ങളില്‍ ഉത്സവത്തിനും വിശേഷാല്‍പൂജകള്‍ക്കും ദര്‍ശനസമയത്തില്‍ മാറ്റം വരും. തിരുമൂഴിക്കുളം ഗ്രാമത്തിന്‍റെ തട്ടകക്ഷേത്രമായി ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം കണക്കാക്കപ്പെടുന്നു.  പ്രാചീന കേരളത്തില്‍ ഏറ്റവുമധികം തമിഴ് വൈഷ്ണവ ഭക്തന്മാര്‍ ഈ അമ്പലത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. മൂഴിക്കുളം ക്ഷേത്രം 108 വൈഷ്ണവ തിരുപ്പതികളിലൊന്നാണ്. 

മഹാദേവ ക്ഷേത്രങ്ങളുടെ പട്ടികയില്‍പ്പെട്ട ഏകലക്ഷ്മണ ക്ഷേത്രമാണിതെന്ന് കരുതാം.
ചാലക്കുടി പുഴയോരത്താണ് മൂഴിക്കുളം ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തി ലക്ഷ്മണപ്പെരുമാള്‍ക്ക് പുറമെ ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത എന്നിവര്‍ക്കും പ്രതിഷ്ഠയുണ്ട്. മംഗല്യ സൗഭാഗ്യം നല്‍കുന്ന ഭഗവതി ഊര്‍മ്മിളാദേവിയാണെന്ന് കരുതപ്പെടുന്നു. സര്‍വ്വവിഘ്നശാന്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തിന്‍റെ മുഖമണ്ഡപത്തില്‍ കുലശേഖര രാജാവിന്‍റെ ശാസനമുണ്ട്. ക്ഷേത്ര ഭരണക്രമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് കേരളത്തില്‍ ആദ്യമായി പൊതുനിയമമുണ്ടാക്കിയത് ഈ ക്ഷേത്രത്തില്‍ വച്ചായിരുന്നുവെന്ന് കരുതുന്നു. മൂഴിക്കുളം കച്ചം പ്രസിദ്ധമാണ്. ഈ ക്ഷേത്രം 32 പരശുരാമ ഗ്രാമങ്ങളിലൊന്നാണ്.

ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകയില്‍ വെച്ച് പൂജിച്ചിരുന്ന ചതുര്‍വിഗ്രഹങ്ങളില്‍ ഏറ്റവും ചെറിയ വിഗ്രഹമാണ് പായ്മ്മല്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ലവണാസുരന്‍റെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചത് മഹാവിഷ്ണുവിന്‍റെ തൃക്കയ്യില്‍ ശോഭിക്കുന്ന സുദര്‍ശനചക്രത്തിന്‍റെ അവതാരമായ ശത്രുഘ്നനാണ് പായ്മ്മലിലെ ശത്രുഘ്നപ്രതിഷ്ഠ. ഗണപതി പ്രതിഷ്ഠയല്ലാതെ മറ്റ് ഉപദേവന്മാരൊന്നുമില്ലാത്ത ശാന്തസ്വരൂപിയായ ദേവനാണ്. പായ്മ്മല്‍ ഗ്രാമത്തിന്‍റെ മധ്യഭാഗത്തായി ശത്രുഘ്നക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചാതുര്‍ബാഹു വിഗ്രഹത്തിന് മൂന്നരടിയോളം ഉയരമുണ്ട്. ഇവിടുത്തെ സുദര്‍ശനപുഷ്പാഞ്ജലി പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ നിത്യവുമുള്ള അഷ്ടദ്രവ്യഗണപതി ഹോമം പ്രത്യേകതയാണ്. പായ്മ്മല്‍ ക്ഷേത്രത്തില്‍ ദിവസേന മൂന്ന് പൂജകളുണ്ട്.


നാലമ്പല ദര്‍ശനം പൂര്‍ണ്ണമാകണമെങ്കില്‍ ദാശരഥികള്‍ക്കെല്ലാം സംരക്ഷകനായി നില്‍ക്കുന്ന ആഞ്ജനേയസ്വാമിയെ ദര്‍ശിക്കണം.

സുരേഷ് അന്നമനട
8157805008