കർക്കടകത്തിലെ നാലമ്പല തീർത്ഥാടനം; പ്രത്യേക യാത്രാ പാക്കേജുകളുമായി കൊച്ചിൻ ദേവസ്വം ബോർഡ്

കർക്കടകത്തിലെ നാലമ്പല തീർത്ഥാടനം; പ്രത്യേക യാത്രാ പാക്കേജുകളുമായി കൊച്ചിൻ ദേവസ്വം ബോർഡ്

 

തൃശൂർ: കർക്കടക മാസത്തിലെ നാലമ്പല തീർത്ഥാടകരെ ലക്ഷ്യമിട്ട് പ്രത്യേക യാത്രാ പാക്കേജുകളും വിപുലമായ സൗകര്യങ്ങളും ഒരുക്കി കൊച്ചിൻ ദേവസ്വം ബോർഡ്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രവും തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രവും കേന്ദ്രീകരിച്ചാണ് പ്രധാന ക്രമീകരണങ്ങൾ. തൃശൂർ, പാലക്കാട് ജില്ലകളിലെ നാലമ്പലങ്ങളെ ബന്ധിപ്പിച്ചുള്ള പ്രത്യേക തീർത്ഥാടന യാത്രകളും ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രസിഡന്റ് കെ. രവീന്ദ്രൻ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായി ദർശനം നടത്തുന്നതിനുമായി വിശാലമായ ക്യൂ പന്തലുകളും ഇരിപ്പിട സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്കായി ചുക്കുകാപ്പിയും ചുക്കുവെള്ളവും വിതരണം ചെയ്യും. സുരക്ഷയ്ക്കായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ്, ആംബുലൻസ് സേവനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിനായി ഫോഗിംഗ് ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലും അധിക സുരക്ഷാ ജീവനക്കാരെയും സി.സി.ടി.വി നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ സഹായം, ശുദ്ധജലം, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്.

നാലമ്പല തീർത്ഥാടനത്തിനായി തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള പ്രത്യേക ബസ് സർവീസുകളും ആരംഭിക്കും. ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജിന് ഒരാൾക്ക് 450 രൂപയാണ് നിരക്ക്.

തൃശൂർ റൂട്ടിൽ ശ്രീവടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് നിന്ന് രാവിലെ 6.45ന് യാത്ര ആരംഭിക്കും. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ശ്രീകൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വീണ്ടും വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തിച്ചേരും.

പാലക്കാട് റൂട്ടിൽ തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം, പുൽപുരമന്ദം ഭരതക്ഷേത്രം, ശ്രീലക്ഷ്മണപെരുമാൾ ക്ഷേത്രം, കൽക്കുളം ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ 19, 26, ഓഗസ്റ്റ് 2, 8, 9, 15, 16 എന്നീ ദിവസങ്ങളിലാണ് പ്രത്യേക തീർത്ഥാടന യാത്രകൾ. വടക്കുന്നാഥൻ, കുളശ്ശേരി, താണിക്കുടം, അശോകേശ്വരം, വെളപ്പായ, കുറുമാലിക്കാവ്, മുളങ്കുന്നത്തുകാവ്, പൂങ്കുന്നം, കടവല്ലൂർ, തായങ്കാവ് ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സീറ്റ് ബുക്ക് ചെയ്യാം. സംഘമായി യാത്ര ചെയ്യുന്നവർക്ക് 24 സീറ്റും 49 സീറ്റുമുള്ള വാഹന സൗകര്യങ്ങളും ബോർഡ് ഒരുക്കിയിട്ടുണ്ട്.