കിരാതമൂര്‍ത്തിഭാവത്തില്‍ ശിവനും പാര്‍വ്വതിയും കുടികൊള്ളുന്ന ശ്രീ നമ്പിയങ്കാവ് ക്ഷേത്രം

കിരാതമൂര്‍ത്തിഭാവത്തില്‍ ശിവനും പാര്‍വ്വതിയും കുടികൊള്ളുന്ന ശ്രീ നമ്പിയങ്കാവ് ക്ഷേത്രം

HIGHLIGHTS

എല്ലാ ആപത്തുകളില്‍ നിന്നും രക്ഷിച്ച് മറ്റ് ശത്രുദോഷങ്ങളൊന്നും കൂടാതെ കാത്തുകൊള്ളുന്നതിനുവേണ്ടി പണ്ടുകാലം മുതലെ ശരക്കോല് പൂജിച്ച് ഈ ക്ഷേത്രനടയില്‍ വയ്ക്കാറുണ്ടത്രേ. അതുകൊണ്ടുതന്നെയാണ് മലയ്ക്ക് പോകുന്ന കന്നി സ്വാമിമാര്‍ ഈ ക്ഷേത്രത്തില്‍ ശരക്കോല് പൂജിച്ച് സ്വന്തം കയ്യില്‍ കരുതുന്നത്. മാലയിട്ട് വ്രതം നോറ്റ് കെട്ടുനിറച്ച് അയ്യപ്പന്‍റെ അടുത്ത് എത്തുന്നതുവരെ തനിക്ക് ഒരു കുഴപ്പവും വരാതിരിക്കുന്നതിനുവേണ്ടി ശരക്കോല് തന്‍റെ കൂടെ കൊണ്ടുനടക്കുന്നത്. കെട്ടുനിറച്ച് മലചവിട്ടി പതിനെട്ടാം പടിയെത്തുന്നതിന് മുമ്പ് ശരംകുത്തിയാലിന്‍റെ അവിടെ ശരംകുത്തിയാണ്(സ്ഥാപിച്ചത്) പിന്നീട് യാത്ര തുടരുന്നതും അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതും. അങ്ങനെ ഈ ക്ഷേത്രവും ശബരിമലയുമായി അത്രയ്ക്ക് ബന്ധമാണുള്ളത്. അതുകൊണ്ടും കൂടിയാണ് മാലയിടാന്‍ ഇത്രയും ആളുകള്‍ എത്തുന്നതെന്ന് ക്ഷേത്രം തന്ത്രി അണിമംഗലം രാമന്‍ നമ്പൂതിരി പറയുന്നു.

കേരളത്തില്‍ പല ശിവക്ഷേത്രങ്ങളുണ്ട്. പലതും പ്രശസ്തങ്ങളുമാണ്. പരമശിവനും പാര്‍വ്വതിയും ഒരു ശ്രീകോവിലിലുള്ള പല ക്ഷേത്രങ്ങളുമുണ്ട്. പക്ഷേ ശിവന്‍ കിഴക്കോട്ടും പാര്‍വ്വതി പടിഞ്ഞാട്ടുമാണ് ദര്‍ശനം. മാത്രവുമല്ല പാര്‍വ്വതിക്കാണ് പ്രശസ്തിയും. ഉദാഹരണത്തിന് തിരുവൈരാണിക്കുളം ശിവക്ഷേത്രം, ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം. തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പാര്‍വ്വതി ദേവിയുടെ തിരുനട വര്‍ഷത്തില്‍ തിരുവാതിരയോടനുബന്ധിച്ച് മാത്രമേ തുറക്കുകയുള്ളൂ. അതും 12 ദിവസം മാത്രം.

ചെങ്ങന്നൂര്‍ ശിവക്ഷേത്രമാണെങ്കിലും അവിടെയും ദേവിക്കാണ് പ്രശസ്തി കൂടുതല്‍. ചെങ്ങന്നൂരമ്മയുടെ തൃപ്പൂത്താറാട്ട് ഏറെ പ്രശസ്തമാണ്. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം പണ്ട് ശിവക്ഷേത്രമായിരുന്നുവത്രെ. ശിവന്‍റെ നട കിഴക്കോട്ടാണ്. ദര്‍ശനവും കിഴക്കുഭാഗത്തുനിന്നുമാണ്. കിഴക്കുഭാഗത്ത് നടപ്പുരയുണ്ട്. കൊടുങ്ങല്ലൂരമ്മ ശിവന്‍റെ മകളായാണ് അറിയപ്പെടുന്നത്. പക്ഷേ ഒറ്റപീഠത്തില്‍ കാട്ടാളവേഷം ധരിച്ച പരമശിവന്‍റേയും പാര്‍വ്വതിയുടേയും പ്രതിഷ്ഠാബിംബം കുടികൊള്ളുന്ന പുണ്യസങ്കേതമാണ് നമ്പ്യാങ്കാവ് ശിവപാര്‍വ്വതി ക്ഷേത്രം.

തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള മഹാബ്രാഹ്മണപുരം എന്ന മാപ്രാണത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ കിഴക്കുമാറി രണ്ടുഭാഗവും വിശാലമായ പാടശേഖരവും ഒരു ഭാഗത്ത് തിങ്ങി നിറഞ്ഞുനില്‍ക്കുന്ന പലവിധ മരക്കൂട്ടങ്ങളോടും കൂടി ആകെ ഒരു കാവിന്‍റെ മനോഹാരിതയില്‍ നിലകൊള്ളുന്ന പുണ്യക്ഷേത്രമാണ് നമ്പ്യാങ്കാവ് ശിവപാര്‍വ്വതി ക്ഷേത്രം. ശബരിമല സീസണായാല്‍ കേരളത്തിന്‍റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനാളുകളാണ് മാലയിടാന്‍ വരുന്നത്. ഏറ്റവും ആദ്യം അയ്യപ്പന്‍ വിളക്ക് നടക്കുന്നതും ഇവിടെയാണ്. തുലാമാസം 30-ാം തീയതി സന്ധ്യയ്ക്ക് തുടങ്ങി വൃശ്ചികം 1-ാം തീയതി വരെയാണ് അയ്യപ്പന്‍ വിളക്ക് നടത്തുക. വിളക്ക് തുടങ്ങി അയ്യപ്പസ്വാമിയുടെ ജനനം ഉടുക്കുകൊട്ടി പാടിക്കഴിഞ്ഞാല്‍ മാലയിടല്‍ തുടങ്ങും. ഭയങ്കര ഭക്തജനത്തിരക്കാണ് ഈ ദിവസം അനുഭവപ്പെടുക.

വനവാസക്കാലത്ത് വ്യാസന്‍റേയും ശ്രീകൃഷ്ണന്‍റേയും നിര്‍ദ്ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനുവേണ്ടി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിനതപസ്സ് അനുഷ്ഠിച്ചു. തപസ്സിന്‍റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ത്ഥന് അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നത് കണ്ട് പാര്‍വ്വതി പരിഭവിച്ചു. അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേയ്ക്ക് പുറപ്പെട്ടത് കണ്ട പാര്‍വ്വതി ശങ്കിച്ചു ഇതെന്താണെന്ന് ചോദിച്ചു. അഹങ്കാരിയായ അര്‍ജ്ജുനന്‍റെ ഗര്‍വ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവന്‍ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാര്‍വ്വതിയും കാട്ടാളത്തിയുടെ വേഷത്തില്‍ കൂടെക്കൂടി. ഇങ്ങനെ കാട്ടാള വേഷധാരിയായ ശിവനേയും പാര്‍വ്വതിയേയുമാണ് കിരാതമൂര്‍ത്തി സങ്കല്‍പ്പത്തില്‍ ഇവിടെ ആരാധിക്കുന്നത്.

പടിഞ്ഞാറ് ദര്‍ശനമായി നിലകൊള്ളുന്ന ക്ഷേത്രശ്രീകോവിലിനുള്ളില്‍ കാറ്റും വെയിലും മഴയും കൊണ്ട് ഒറ്റപീഠത്തില്‍ നില്‍ക്കുന്ന ശിവനേയും പാര്‍വ്വതിയേയും കാട്ടാളവേഷത്തില്‍ തന്നെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. കേരളത്തിലെ തന്നെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രവും ഇവിടുത്തെ പ്രതിഷ്ഠയുമെന്ന് മേല്‍ശാന്തി കൃഷ്ണന്‍ തിരുമേനി പറയുന്നു. മുന്‍പ് ചോറ്റാനിക്കര കീഴ്ക്കാവില്‍ മേല്‍ശാന്തിയായിരുന്ന കൃഷ്ണന്‍ തിരുമേനി ആനന്ദപുരം നടുവത്ത് മനയിലെ അംഗമാണ്.
 

വല്ലാത്ത വേദനകളേറ്റു തപസ്സ് ചെയ്യും...

വില്ലാളിയര്‍ജ്ജുനന് പാശുപതാസ്ത്രമേകാന്‍
ഉല്ലാസമാര്‍ന്നുമയോടൊത്ത് കിരാതനായി
വില്ലോടെ വന്ന ഭഗവാനഭയം തരട്ടെ.

വൈദ്യന്‍ കൂടിയായ നമ്പ്യാങ്കാവ് മുത്തപ്പനെ മനസ്സുരുകി പ്രാര്‍ത്ഥിക്കുകയും അസുഖം മാറിയതിനുശേഷം ക്ഷേത്രത്തിലെത്തി മരത്തില്‍ പണിതീര്‍ത്ത ശരീര അവയവങ്ങള്‍ ക്ഷേത്രം കൗണ്ടറില്‍ നിന്നും ശീട്ടാക്കി വാങ്ങിയതിനുശേഷം ശരീര അവയവം ക്ഷേത്രനടയില്‍ വച്ച്  പ്രാര്‍ത്ഥിച്ച് ശ്രീകോവില്‍ തൃപ്പടിയില്‍ സമര്‍പ്പിച്ച് യഥാശക്തി തുക ഭണ്ഡാരത്തിലിടുകയും ചെയ്താല്‍ ആ അസുഖം പെട്ടെന്ന് തന്നെ മാറുന്നതിനായി ഭക്തജനങ്ങള്‍ വിശ്വസിച്ചുപോരുന്നു. ശത്രുദോഷം മാറുന്നതിനുവേണ്ടി മരത്തില്‍ തീര്‍ത്ത അമ്പും വില്ലും എടുത്ത് ക്ഷേത്രശ്രീകോവിലിന് മൂന്ന് പ്രദക്ഷിണം  വെച്ച് നടയില്‍ സമര്‍പ്പിക്കാവുന്നതാണ്.

വേനലും വര്‍ഷവും സ്വന്തം ശിരസ്സിലേക്ക് ആവാഹിച്ച് കുടികൊള്ളുന്ന ഉമയും 
മഹേശ്വരനും(ശിവനും പാര്‍വ്വതിയും) ഒന്നിച്ച് പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന പൂജയാണ് ഉമാമഹേശ്വര പൂജ.

ദുരിതമോചനത്തിനും വിവാഹം, കാര്യസാധ്യം, ഐക്യമത്യം, കുടുംബജീവിതം 
ഭദ്രമാക്കുന്നതിനും ജാതകകാരണങ്ങള്‍ കൊണ്ട് വിവാഹ സംബന്ധമായ ദോഷങ്ങളോ തടസ്സങ്ങളോ കാണുന്നവരും ഈ പൂജ നടത്തുന്നതുകൊണ്ട് ദോഷം മാറി കിട്ടാനുള്ള പ്രതിവിധിയാണ് ഉമാമഹേശ്വര പൂജ. അതോടൊപ്പം സ്വയംവര മന്ത്രാര്‍ച്ചനയും കൂടി നടത്തിയാല്‍ വളരെ വേഗം പരിഹാരം ഉണ്ടാകുമത്രേ.

വിവാഹതടസ്സം നേരിടുന്ന വ്യക്തി തിങ്കളാഴ്ച വ്രതം കൂടി അനുഷ്ഠിച്ചാല്‍ ഫലസിദ്ധി കൂടുന്നതായി പറയപ്പെടുന്നു. ഒന്‍പത് ജന്മനക്ഷത്രങ്ങളില്‍ തുടര്‍ച്ചയായി ഈ പൂജ നടത്തിയാല്‍ വഴിപാട്  പൂര്‍ത്തിയാവുകയും ഇതിന് മുമ്പുതന്നെ വിവാഹം നടക്കുമെന്നും പറയപ്പെടുന്നു. വിവാഹം കഴിഞ്ഞവര്‍ക്കും ദാമ്പത്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും ഉമാമഹേശ്വര പൂജയും ഉമാ മഹേശ്വരക്ഷേത്രദര്‍ശനവും ഉത്തമമായി കരുതുന്നു.
ശിവനും പാര്‍വ്വതിയും ഒന്നിച്ചു പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ മറ്റ് ഉപദേവന്മാരോ ഉപദേവതാ സങ്കല്‍പ്പങ്ങളോ ഇല്ലാത്തതും ഉമാമഹേശ്വരപൂജയ്ക്ക് പേരുകേട്ട കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് നമ്പ്യാങ്കാവ് ശിവപാര്‍വ്വതി ക്ഷേത്രം.

എല്ലാവര്‍ഷവും മണ്ഡലം 40  നാണ് പ്രധാന ഉത്സവം നടക്കുന്നത്. മണ്ഡലം 41 ആണെങ്കിലും ഇവിടെ 40 നാണ് പ്രധാനം. മൂന്ന് ആനകളോടുകൂടിയ എഴുന്നെള്ളിപ്പും മറ്റ് കലാപരിപാടികളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ നടക്കുന്നു.

എല്ലാ ആപത്തുകളില്‍ നിന്നും രക്ഷിച്ച് മറ്റ് ശത്രുദോഷങ്ങളൊന്നും കൂടാതെ കാത്തുകൊള്ളുന്നതിനുവേണ്ടി പണ്ടുകാലം മുതലെ ശരക്കോല് പൂജിച്ച് ഈ ക്ഷേത്രനടയില്‍ വയ്ക്കാറുണ്ടത്രേ. അതുകൊണ്ടുതന്നെയാണ് മലയ്ക്ക് പോകുന്ന കന്നി സ്വാമിമാര്‍ ഈ ക്ഷേത്രത്തില്‍ ശരക്കോല് പൂജിച്ച് സ്വന്തം കയ്യില്‍ കരുതുന്നത്. മാലയിട്ട് വ്രതം നോറ്റ് കെട്ടുനിറച്ച് അയ്യപ്പന്‍റെ അടുത്ത് എത്തുന്നതുവരെ തനിക്ക് ഒരു കുഴപ്പവും വരാതിരിക്കുന്നതിനുവേണ്ടി ശരക്കോല് തന്‍റെ കൂടെ കൊണ്ടുനടക്കുന്നത്.

കെട്ടുനിറച്ച് മലചവിട്ടി പതിനെട്ടാം പടിയെത്തുന്നതിന് മുമ്പ് ശരംകുത്തിയാലിന്‍റെ അവിടെ ശരംകുത്തിയാണ്(സ്ഥാപിച്ചത്) പിന്നീട് യാത്ര തുടരുന്നതും അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതും. അങ്ങനെ ഈ ക്ഷേത്രവും ശബരിമലയുമായി അത്രയ്ക്ക് ബന്ധമാണുള്ളത്. അതുകൊണ്ടും കൂടിയാണ് മാലയിടാന്‍ ഇത്രയും ആളുകള്‍ എത്തുന്നതെന്ന് ക്ഷേത്രം തന്ത്രി അണിമംഗലം രാമന്‍ നമ്പൂതിരി പറയുന്നു. രാമന്‍ നമ്പൂതിരി ഇപ്പോള്‍ വടക്കും നാഥന്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കൂടല്‍മാണിക്യം ക്ഷേത്രം തന്ത്രിയുമാണ്.

ശംഭോ മഹാദേവ
ഓം ഉമാ മഹേശ്വരായ നമഃ

ബാബുരാജ് പൊറത്തിശ്ശേരി
 9846025101

Photo Courtesy - jyothisharathnam