ദശാഫലങ്ങളും സംഖ്യാജ്യോതിഷവും
സംഖ്യാജ്യോതിഷശാസ്ത്ര പ്രകാരം ജനനസംഖ്യ, ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഗ്രഹനിലയനുസരിച്ചും, ദശകൾ മാറുന്നതിനനുസരിച്ചും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ജനനസംഖ്യ എന്നത് ജനിച്ച ഇംഗ്ലീഷ് മാസത്തീയതിയും, വിധിസംഖ്യ- ജനിച്ച തീയതി, മാസം, വർഷം എന്നിവ കൂട്ടിവരുന്ന ഒറ്റസംഖ്യയുമാണ്. ഉദാഹരണത്തിന്, 26-3-1986 ൽ ജനിച്ച ഒരു വ്യക്തിയുടെ ജനനസംഖ്യ 2+6=8 ആണ്. 2+6+3+1+9+8+6=35-3+5=8 വിധിസംഖ്യയുമാണ്. നാമസംഖ്യയും 8 തന്നെയാണെന്ന് കരുതുക(26,35,44,53 എന്നിങ്ങനെ). ഇത് കണ്ടെത്തുവാൻ അക്ഷരങ്ങളുടെ സംഖ്യാമൂലം ഉപയോഗിക്കാം.
AIJQY-1 (സൂര്യൻ) BKR-2 (ചന്ദ്രൻ) CGLS-3 (വ്യാഴം) DMT-4 (രാഹു) EHNX-5 (ബുധൻ), UVW-6 (ശുക്രൻ) OZ=7 (കേതു), PF=88 (ശനീശ്വരൻ). '9' ന് അക്ഷരമൂല്യം ഇല്ലാത്തത് പൂർണ്ണതയാണ്.
ഇവിടെ, മേലെ പരാമർശിക്കപ്പെട്ട വ്യക്തിയുടെ ജനനസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവയെല്ലാം 8 എന്ന സംഖ്യയിലാണ്. 8 ഒരു ഭാഗ്യസംഖ്യയോ, നിർഭാഗ്യസംഖ്യയോ അല്ല. പ്രാപ്ത കർമ്മങ്ങൾക്ക് അധിപതിയായി(മുജ്ജന്മ- പൈതൃക കർമ്മങ്ങൾ), അവ ഗ്രഹങ്ങളിൽ 'ഈശ്വര' പട്ടം നേടിയ ശനീശ്വരന്റെ സംഖ്യയാണ്. ജീവിതത്തിൽ കഷ്ടങ്ങളും പ്രയാസങ്ങളും തന്ന് ശുദ്ധീകരണ പ്രക്രിയ നടത്തുന്ന, നിഷ്പക്ഷ നായ ഒരു ന്യായാധിപന്റെ പങ്ക് വഹിക്കുന്ന ശനീശ്വരന്റെ 8 എന്ന സംഖ്യയിൽ ജനിക്കുന്നതും, അത് വിധിസംഖ്യയായി വരുന്നതും മുജ്ജന്മ-പൈതൃക കർമ്മ ഫലമായാണ്. അത് ആർക്കും തടുക്കാൻ സാധ്യമല്ല. എന്നാൽ നാമസംഖ്യ നാം തന്നെ സൃഷ്ടിക്കുന്നതാണ്. '26' ലെ നാമസംഖ്യ, ചെയ്തതിനും ചെയ്യാത്തതിനും ഉള്ള കുറ്റങ്ങൾക്ക് ശിക്ഷ വാങ്ങുന്നതാണ്. 17,35 എന്നിവ സാമ്പത്തിക കുറ്റങ്ങൾ ചെയ്യുകയോ, മറ്റാരെങ്കിലും ചെയ്തതിന്റെ ശിക്ഷ വാങ്ങുകയോ ചെയ്യുന്ന നാമസംഖ്യയാണ്. 44 ക്രൂരകർമ്മങ്ങൾ ചെയ്ത് അമിത ധനസമ്പാദനം, അവിഹിത പ്രവൃത്തികൾ എന്നിവ ചെയ്യിക്കുന്ന സംഖ്യയാണ്. 53, അകാലമരണയോഗം ജാതകത്തിൽ ഉണ്ടെങ്കിൽ അത് പൂർത്തിയാക്കാൻ വഴിയൊരുക്കുന്ന സംഖ്യയാണ്(അകാലമരണമോ മരണതുല്യമായ ശിക്ഷയോ ആകാം). 62, ജീവിതത്തിന്റെ ആദ്യഭാഗത്ത് സുഖവും പിന്നെദു:ഖവും ആകാം. എന്നാൽ ചെയ്യുന്ന കർമ്മങ്ങളുടെ സാത്വികഭാവം ഇത്തരം ദുരന്തങ്ങളെ ഒരു പരിധിവരെ തടയും. ആത്മീയത, വൈദ്യശാസ്ത്ര, അധ്യാപനം എന്നീ രംഗങ്ങളിൽ നിസ്വാർത്ഥസേവനം അനുഷ്ഠിക്കുന്നവരെ ഇത് വളരെ ഗുരുതരമായി ബാധിക്കാറില്ല.
ശനിദശയിൽ രാഹു അപഹാരം, അഷ്ടമശനി, ജന്മശനി, ഏഴരശ്ശനി, 3,6 ഭാവങ്ങളിൽ വ്യാഴം വരുന്ന അവസ്ഥ എന്നിങ്ങനെ ജ്യോതിശാസ്ത്രത്തിൽ വളരെ മോശമായ കാലഘട്ടം എന്നുപറയുന്ന സമയങ്ങളിൽ നല്ലതല്ലാത്ത നാമസംഖ്യകൾ ദോഷഫലങ്ങൾ അധികമായും ഗുണഫലങ്ങൾ ഒന്നുമില്ലാതെയും പ്രവർത്തിക്കും. ഇത് 1, 10, 19, 28 എന്നിങ്ങനെ സൂര്യന്റെ ആധിക്യത്തിൽ ജനിച്ചവർക്ക് 8 എന്ന സംഖ്യയുടെ ദോഷഫലങ്ങൾ പ്രത്യേകിച്ചും അധികമാകും. ഇവിടെയും നാമസംഖ്യ 8 ൽ വരാതെ അനുകൂലമായതാണെങ്കിൽ അനുഭവയോഗ്യമാകും.
അടുത്തതായി, ഒരുപക്ഷേ '8' നാമസംഖ്യയായി വരുന്നതുപോലെയോ, അല്ലെങ്കിൽ അതിൽ കൂടുതലോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് 2 (ചന്ദ്രൻ) ന്റെ സംഖ്യകളായ 29, 38, 47, 74 എന്നിവ. ഇത് പ്രത്യേകിച്ചും 9, 18, 27 തീയതികളിൽ ചൊവ്വയുടെ ആധിക്യത്തിൽ ജനിച്ചവർക്കാണെങ്കിൽ വളരെ ഗുരുതരമായ പ്രശ്നങ്ങൾ അവരവർക്കും സമൂഹത്തിനും ഉണ്ടാകും. ഇവരിൽ സാധാരണയായി ഒരു ഇരട്ടവ്യക്തിത്വവും ഉണ്ടാകും. അതായത് അഗ്നിതത്വമായ ചൊവ്വ(9) യിൽ ജലതത്വമായ ചന്ദ്രൻ(2) പ്രവേശിക്കുമ്പോൾ വിവരിക്കാനാവാത്ത പ്രത്യേകതരം മാനസികാവസ്ഥയ്ക്ക് അടിമപ്പെടുന്നു. ഇവർക്കും മേലിൽ സൂചിപ്പിച്ചതുപോലെ ചാരവശാൽ ഗ്രഹങ്ങൾ അനിഷ്ടസ്ഥാനത്ത് നിൽക്കുന്ന സമയങ്ങളിലും ചൊവ്വാദശയിൽ രാഹുകേതുക്കളുടെ അപഹാരം, ചന്ദ്രദശയിലെ ശനി, ചൊവ്വ, രാഹുകേതു അപഹാരം തുടങ്ങിയ കാലഘട്ടങ്ങളിലും ദുരിതാനുഭവങ്ങൾ ഉണ്ടാകും.
നാമസംഖ്യ സൂര്യന്റെ 37, 28 എന്നിവയിൽ വരുന്നവർക്ക് കാലക്രമേണ, അതായത് 30 വയസ്സിനുശേഷം ഒരുപാട് ശാരീരികമായും മാനസികമായും ഉള്ള പ്രശ്നങ്ങൾ വരാൻ സാധ്യതകളുണ്ട്. 28 എന്ന സംഖ്യ, മനസ്സിന്റെ കാരകത്വം വഹിക്കുന്ന സൗമ്യനായ ചന്ദ്രനും, ചണ്ഡാളസ്വരൂപനായ, തീക്ഷ്ണരശ്മികൾ പുറപ്പെടുവിക്കുന്ന ശനീശ്വരനും ചേരുമ്പോൾ ഉണ്ടാകുന്ന 1 ആണ്. 37 ആകട്ടെ 3 എന്ന ജ്ഞാനകാരകനായ വ്യാഴവും 7 എന്ന മോക്ഷകാരകനായ കേതുവും ചേർന്നുണ്ടാകുന്ന ഉഷ്ണം ശരീരത്തിലെ നാഡീഞരമ്പുകളെ ശക്തമായി ബാധിക്കും. ഏകാന്തത, സന്യാസജീവിതം, മറുവശത്ത് പരസ്ത്രീബന്ധങ്ങളോ അവിഹിതമായ പരപുരുഷ ബന്ധങ്ങളോ ഉണ്ടാകാം. വിവാഹം നടന്നാൽ തന്നെ അത് വിജയിക്കാൻ പ്രയാസമാണ്.
കലാസാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒരുപാട് പേർ വഹിക്കുന്ന നാമസംഖ്യകളാണ് 29, 38, 47. ജലതത്വമായ മനസ്സിന്റെ കാരകത്വമുള്ള ചന്ദ്രനും, അനിതത്വമായ ചൊവ്വയും വന്ന് വീണ്ടും 2 ആയി തീരുന്നതാണ് 29. വ്യാഴസംഖ്യയായ 3, ശനീശ്വര സംഖ്യയായ 8 എന്നിവ ചേർന്ന് 11=2 ആകുന്നതാണ് 38. കാളസർപ്പയോഗത്തിന് തുല്യമായ ദുരിതങ്ങൾ തനിക്കും മറ്റുള്ളവർക്കും സമ്മാനിക്കുന്നതാണ് 4 എന്ന രാഹുവും 7 എന്ന കേതുവും ചേർന്നുണ്ടാകുന്ന 47=11=2. ഈ സംഖ്യകളുടെയെല്ലാം പൊതുവായ ഒരു പ്രത്യേകത കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിലിൽ അസാമാന്യമായ പ്രതിഭാവിലാസം ഉണ്ടാകും എന്നതാണ്. പക്ഷേ എന്തെങ്കിലും കാരണവശാൽ കലാപ്രവർത്തനങ്ങളിൽ നിന്നും വിരമിച്ചാൽ, ഇതൊരു വിഷസർപ്പമായി മാറും. 29 അഭിനയം, സംഗീതം, ചിത്രരചന, സാഹിത്യരചന എന്നിവയും, വഞ്ചന, ദുഷ്പേര്, കോടതി, കേസ് എന്നീ ബന്ധങ്ങളും ഉണ്ടാക്കും. 38 മേൽപ്പറഞ്ഞ ഗുണങ്ങൾക്ക് പുറമെ കരൾരോഗം, മദ്യപാനം, സംശയം, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാവാസന, ഹൃദയാഘാതം, അകാലമരണം എന്നിവയും ഉണ്ടാക്കാം. 47, സ്വന്തം കാര്യത്തിനായി ഏത് നീചമാർഗ്ഗവും അവലംബിക്കാൻ മടിക്കാത്ത ദുഷ്ടസ്വഭാവവും വരാം.
ഇതുവരെ എഴുതിയ കാര്യങ്ങൾ നൂറുശതമാനവും സത്യമാണെന്ന് തെളിയിക്കാൻ ഒരുപാട് ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളുണ്ട്. അതെല്ലാം ഇവിടെ ഉദ്ധരിച്ചാൽ വ്യക്തിഹത്യയ്ക്ക് കാരണമാകും. മേൽക്കാണിച്ച അക്ഷരങ്ങളുടെ സംഖ്യാമൂല്യങ്ങൾ ഉപയോഗിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും നടന്നതുമായ പ്രമാദമായ കേസുകൾ, പണമിടപാടും അനുബന്ധ തട്ടിപ്പുകളും, ഹീനമായ കുറ്റകൃത്യങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയിൽ പ്രതികളായി വരുന്നവരുടെ നാമസംഖ്യകൾ കണക്കാക്കി നോക്കുക. കലാസാംസ്കാരിക രംഗത്ത് ബന്ധപ്പെട്ടവരുമായി നടന്നുകൊണ്ടിരിക്കുന്ന കേസുകളിൽ പ്രശസ്തരും അപ്രശസ്തരുമായ പലരുടേയും പേരുകൾ ഇത്തരത്തിൽ വരുന്നവയാണ്. മാത്രമല്ല, ജ്യോതിഷം, മാന്ത്രികം, ആദ്ധ്യാത്മികം, സംഖ്യാജ്യോതിഷം ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന പലരുടേയും പേരുകൾ മേൽപ്പറഞ്ഞ സംഖ്യകളിലാണുള്ളതെന്നത് ഒരു അതിശയമാണ്.
