മായയ്ക്ക് അധീനനായ നാരദന്
ദേവര്‍ഷി നാരദനുമായി ബന്ധപ്പെടാത്ത പുരാണേതിഹാസങ്ങള്‍ ഉണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീ നാരദന് പല സന്ദര്‍ഭങ്ങളിലും തന്റെ പൂര്വ്വവൃത്താന്തങ്ങളെക്കുറിച്ച് സ്വയം പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ നാരദമുനിക്ക് വാനരമുഖനാകേണ്ടി വന്ന കഥ ശ്രീവ്യാസമുനിയോട് നാരദന് പറയുകയുണ്ടായി.
ദേവര്‍ഷി നാരദനുമായി ബന്ധപ്പെടാത്ത പുരാണേതിഹാസങ്ങള്‍ ഉണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീ നാരദന് പല സന്ദര്‍ഭങ്ങളിലും തന്റെ പൂര്വ്വവൃത്താന്തങ്ങളെക്കുറിച്ച് സ്വയം പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ നാരദമുനിക്ക് വാനരമുഖനാകേണ്ടി വന്ന കഥ ശ്രീവ്യാസമുനിയോട് നാരദന് പറയുകയുണ്ടായി.
ഒരിക്കല്‍ പര്വ്വതന് എന്ന ഋഷിയോടൊപ്പം നാരദനും ഭാരതഭൂമിയിലേക്ക് എഴുന്നെള്ളി. ദേവലോകത്തുനിന്ന് യാത്ര തിരിക്കുമ്പോള്‍ തന്നെ രണ്ടുപേരും തമ്മില്‍ ഒരു കരാറ് നിശ്ചയിച്ചു. 'തങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള പ്രവൃത്തികളെ പരസ്പരം മറച്ചുവയ്ക്കാതെ അന്യോന്യം തുറന്നുപറയണം. ഭോജനത്തിലുളവായ ആഗ്രഹമോ, രതിയിലുളവായ മോഹമോ, ധനത്തിലുളവായ ഇച്ഛയോ എന്തുതന്നെയായാലും പരമാര്‍ത്ഥം രണ്ടുപേരും പറയണം' എന്നായിരുന്നു കരാറ്.
അവര്‍ ഭാരതത്തില്‍ പല പുണ്യസ്ഥലങ്ങളും ദര്‍ശിച്ച് പുണ്യതീര്‍ത്ഥങ്ങളില്‍ സ്നാനം നിര്‍വ്വഹിച്ച് സഞ്ചരിച്ചു. വര്‍ഷകാലം ആരംഭിച്ചതിനാല്‍ യാത്ര തുടരേണ്ടന്ന് കരുതി. ചാതുര്മ്മാസവ്രതം ആചരിക്കേണ്ടതുണ്ട്. അതിനായി 'സഞ്ജയന്' എന്ന രാജാവിന്റെ കൊട്ടാരത്തിലെത്തി. ചാതുര്മ്മാസമനുഷ്ഠിക്കാന് വരുന്ന ഋഷികളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച് അവര്‍ക്കാവശ്യമായ സൗകര്യങ്ങളേര്പ്പെടുത്തിക്കൊടുക്കാന് അക്കാലത്തെ ഭാരതത്തിലുള്ള രാജാക്കന്മാര് ഉത്സുകരായിരുന്നു. സഞ്ജയന് മുനിമാരെ സ്വീകരിച്ചു. അവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി. ശുശ്രൂഷാര്‍ത്ഥം സഞ്ജയന് തന്റെ പുത്രിയായ ദമയന്തിയെ നിയമിച്ചു. ദമയന്തി അതീവ സുന്ദരിയും, സൗശില്യാദിഗുണങ്ങള് തികഞ്ഞവളും, നല്ല വിവേകമുള്ളവളും, ശുശ്രൂഷാദികളില് അതിനിപുണയും ആയിരുന്നു.
മുനിമാര്‍ക്ക് ഒന്നിനും പ്രയാസമില്ലാത്തവിധം അവരുടെ സ്നാനം, ഭോജനം, ഭജനം എല്ലാം കൃത്യസമയത്ത് തന്നെ നിര്‍വ്വഹിക്കപ്പെട്ടു. അവര്‍ ആവശ്യപ്പെടാതെതന്നെ ഓരോ ആവശ്യവും ദമയന്തി അറിഞ്ഞുനിറവേറ്റിവന്നു. ഒഴിവുസമയങ്ങളില്‍ അവര്‍ വേദപാരായണം ചെയ്യുമ്പോള്‍ ദമയന്തി ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചുകൊണ്ടിരിക്കും.
ശ്രീനാരദമുനി അദ്ദേഹത്തിന്റെ വീണയില്‍ ശ്രുതിമധുരമായി സാമവേദം വായിക്കുമ്പോള്‍ ദമയന്തിക്ക് അദ്ദേഹത്തിനോട് പ്രത്യേകം ആദരവ് തോന്നി. ക്രമേണ ആദരവിന്റെ സ്ഥാനത്ത് സ്നേഹവും, അനുരാഗവും ദിനം പ്രതി വര്‍ദ്ധിക്കാന്‍ തുടങ്ങി. നാരദനും അത്തരം വികാരം രാജകുമാരിയോട് ഉളവായി!
നാരദനോടുള്ള അനുരാഗം അവളുടെ ഓരോ കര്‍മ്മങ്ങളിലും പ്രകടമായി കണ്ടുതുടങ്ങി. പര്വ്വതന് ദമയന്തിയുടെ പെരുമാറ്റത്തില്‍ ചില സന്ദേഹങ്ങള്‍ ഉളവായി. നാരദനോട് അവര്‍ കാണിക്കുന്ന താല്‍പ്പര്യം തന്നോടില്ല. തന്നെയുമല്ല നാരദനും അവളോട് ഒരു പ്രത്യേക അനുഭാവം പ്രകടമായി കാണുന്നുണ്ട്. ഏതായാലും തനിക്കുള്ള സന്ദേഹം തീര്‍ത്തേ മതിയാകൂ. പര്വ്വതന് നിശ്ചയിച്ചു.
ഒരു ദിവസം ഗൂഢസ്മിതത്തോടെ പര്വ്വതന് നാരദനോട് ചോദിച്ചു. 'നാരദാ, രാജകുമാരിയുടെ പെരുമാറ്റത്തില്‍ അങ്ങയില്‍ അവള് അനുരക്തയാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. എന്താ ശരിയല്ലേ? പക്ഷേ ഒന്നുണ്ട്. നമ്മള് തമ്മിലുള്ള കരാറ് ലംഘിക്കരുത്. എന്നോട് സത്യം പറയണം.'
പര്വ്വതന്റെ ചോദ്യത്തിന് മുന്നില്‍ നാരദര് ലജ്ജിതനായി. കള്ളം പറയരുതല്ലോ. നാരദന് പറഞ്ഞു. 'ശരിയാണ്. രാജകുമാരിക്ക് എന്നെ വിവാഹം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഞാനും ആ അഭിപ്രായത്തോട് യോജിക്കുന്നു. എനിക്ക് അവളെ ഇഷ്ടമാണ്.'
നാരദന്റെ വാക്കുകേട്ട് പര്വ്വതന് കോപം വന്നു. അദ്ദേഹം കുപിതനായിക്കൊണ്ട് പറഞ്ഞു.
'കഷ്ടം മഹാകഷ്ടം. നീയെന്നെ വഞ്ചിച്ചു. മിത്രദ്രോഹം ചെയ്ത നീ വാനരമുഖനായി ഭവിക്കട്ടെ! 'പര്വ്വതന് നാരദനെ ശപിച്ചു. പര്വ്വതന്റെ ശാപം കേട്ട് നാരദന് വളരെ ദുഃഖിതനായി. പര്‍വ്വതനെ നാരദനും ശപിച്ചു. 'അല്പ്പാപരാധത്തില് ക്ഷുഭിതനായി നീയെന്നെ ശപിച്ചുവല്ലോ? അതിനാല്‍ നിന്നേയും ശപിക്കുന്നു. നീ ഇനി മേലാല്‍ വസിക്കുന്നത് യമലോകത്തായിരിക്കട്ടെ! സ്വര്‍ഗ്ഗത്തില്‍ നിനക്കിനി ഒരു സ്ഥാനവും ഇല്ലാതെ പോട്ടെ!'
നാരദന്റെ ശാപം കേട്ട് ദുഃഖിതനായി പര്വ്വതന് രാജധാനി വിട്ടുപോയി. നാരദനാകട്ടെ പര്വ്വതന്റെ ശാപത്താല്‍ വാനരമുഖനായി ഭവിച്ചു. നാരദനെ ക്രൂരമുഖഭാവത്തോടെ രാജകുമാരി കണ്ടു. അവള് അടുക്കല്‍ പോകാന്‍ ഭയപ്പെട്ടു. വീണ വായനകേള്പ്പാനുള്ള അവളുടെ ആഗ്രഹത്തിന് മങ്ങലേറ്റു. അവള്‍ക്ക് നാരദന്റെ അവസ്ഥയില്‍ എന്തെന്നില്ലാത്ത ദുഃഖം തോന്നി. എങ്കിലും അനുരാഗം കുറഞ്ഞില്ല.
സഞ്ജയന് നിശ്ചയിച്ചു. മകള്‍ക്ക് വിവാഹ പ്രായമായി. അതിനാല്‍ അവള്‍ക്ക് അനുരൂപനായ ഒരു ഭര്‍ത്താവിനെ കണ്ടെത്തേയിരിക്കുന്നു. തന്റെ ആഗ്രഹം രാജാവ് മന്ത്രിയോട് പറഞ്ഞു.
മന്ത്രി പറഞ്ഞു. 'വിഷമിക്കേണ്ട രാജന്. ദമയന്തിക്ക് എല്ലാം കൊണ്ടും യോജിക്കുന്ന എത്രയോ രാജകുമാരന്മാര് ഉണ്ട്. ആരെയാണോ അവള്‍ക്കിഷ്ടം അവനെ വരിച്ചുകൊളളട്ടെ.'
ദമയന്തി വാര്‍ത്ത അറിഞ്ഞു. പിതാവ് തന്നെ വിവാഹം ചെയ്തുകൊടുക്കുവാനാഗ്രഹിക്കുന്നു. ബുദ്ധിമതിയായ ദമയന്തി അവളുടെ വളര്ത്തമ്മയോട് തന്റെ മനസ്സിലുള്ള അഭിപ്രായം തുറന്നുപറഞ്ഞു. 'താന്‍ നാരദമുനിയില്‍ അനുരക്തയാണ്. നാരദനെയല്ലാതെ മറ്റാരേയും ഭര്‍ത്താവായി സ്വീകരിക്കുന്നതല്ല.'
തന്റെ മകള്‍ വാനരമുഖനായ നാരദനെ ഭര്‍ത്താവായി വരിക്കാന്‍ തീരുമാനിച്ച വിവരം സഞ്ജയന് അറിഞ്ഞു. അദ്ദേഹത്തിന് അത് വിശ്വസിക്കാന്‍ പോലും പ്രയാസമായി.
ഒടുവില്‍ സഞ്ജയന് പുത്രിയുടെ ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു. നാരദനുമായുള്ള ദമയന്തിയുടെ വിവാഹം വിധിവത്താംവണ്ണം നടത്തപ്പെട്ടു! നാരദന് പത്നിയോടൊപ്പം രാജധാനിയില്‍തന്നെ കഴിഞ്ഞു. സുന്ദരിയായ ദമയന്തിയുടേയും തന്റേയും സ്ഥിതിയോര്‍ത്ത് നാരദന് ദുഃഖിതനായി.
ഒരു ദിവസം നാരദന്റെ ഭാഗിനേയനായ പര്വ്വതന് തീര്‍ത്ഥയാത്ര കഴിഞ്ഞ് നാരദന്റെ അടുക്കലെത്തി. നാരദന് ഭാഗിനേയനെ കണ്ടമാത്രയില്‍ പശ്ചാത്താപ മാനസനായി പറഞ്ഞു. കോപം കാരണം നിന്നെ എനിക്ക് ശപിക്കേണ്ടി വന്നു. സാരമില്ല. നിനക്കിതാ ഞാന്‍ ശാപമോക്ഷം തരുന്നു. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.'
പര്വ്വതന് സന്തോഷമായി. പര്വ്വതന് നാരദനും ശാപമോക്ഷം നല്കി. 'വാനരമുഖം ഇല്ലാതായി പൂര്‍വ്വാധികം സുന്ദരനായി ഭവിക്കട്ടെ!' എന്ന്. പെട്ടെന്ന് നാരദന് അതിസുന്ദരമുഖത്തോട് കൂടിയവനായി. സഞ്ജയന് വളരെ സന്തോഷമായി. നാരദനും പര്‍വ്വതനും ധാരാളം സമ്പത്തും ഉപഹാരങ്ങളും നല്കി സന്തോഷിപ്പിച്ചു.
നാരദന് പറഞ്ഞു. 'ഹേ പരാശര്യാ. ഈ സംസാരത്തില്‍ മോഹിക്കാത്തവരായി ആരും തന്നെ ഇല്ല. മായാഗുണങ്ങളാല് സൃഷ്ടിക്കപ്പെട്ടയീ സംസാരം വെറും മിഥ്യയാണ്. ഇതില്‍ സുഖികളായി മാത്രം ഒരുവരും ഇല്ല. ഇനി ഉണ്ടാവുകയുമില്ല. കാമം, ക്രോധം, മത്സരം, മദം, മമത, മോഹം, അഹങ്കാരം എന്നിവയെല്ലാം വന്‍ശക്തികള്‍ തന്നെ. അവയെ എതിരിടാന്‍ ആരാലും സാധ്യമല്ല. എല്ലാം ആ മായയുടെ നിയന്ത്രണത്തിലാണെന്ന് മനസ്സിലാക്കുക.'
പി.പി
