നാരായണജപവും പഞ്ചഹരി ദര്‍ശനവും

നാരായണജപവും പഞ്ചഹരി ദര്‍ശനവും

HIGHLIGHTS

മലപ്പുറം ജില്ലയില്‍ കൂട്ടിലങ്ങാടി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന അഞ്ച് മഹാവിഷ്ണു ക്ഷേത്രങ്ങളുടെ മാഹാത്മ്യങ്ങളിലൂടെയാണ് ഈ വൈശാഖ മാസക്കാലത്തിന്‍റെ ഭക്തിസഞ്ചലനം. വിഷ്ണുഭക്തരായ  ഗ്രാമവാസികളുടെ ഭക്തിപ്രയാണമാണ് കാലം ആവര്‍ത്തിക്കുന്നത്. പരശുരാമനാല്‍ കല്‍പ്പിക്കപ്പെട്ട അറുപത്തിനാല് ഉപഗ്രാമങ്ങളില്‍ ഒന്നാണ് സഗരപുരം എന്ന ഗ്രാമം. വള്ളിക്കാപ്പറ്റ, മങ്കട പള്ളിപ്പുറം, കടുകൂര്, പടിഞ്ഞാറ്റേ മുറി എന്നീ ഭാഗങ്ങള്‍ ചേര്‍ന്ന സകരപുരം ഗ്രാമം. മരുകാലഘട്ടത്തില്‍ നാമജപമുഖരിതമായിരുന്ന ഗ്രാമം, പടയോട്ടവും, കലാപവും ഇരുചാലുകീറി എത്തിയപ്പോള്‍ നിലവിളികളിലും പലായനത്തിലും കണ്ണീര്‍ചാലുകള്‍ തീര്‍ത്തു. പഴയ ആചാരങ്ങള്‍ പലതും നെടുവീര്‍പ്പുകളില്‍ ഒതുങ്ങുകയായിരുന്നു. ഭക്തിയുടെ പുനര്‍ജനിയാണ് അഞ്ചമ്പല ദര്‍ശനത്തിന്‍റെ കാല്‍പ്പാടുകള്‍. ഭക്തിയുടെ അടിപ്രദക്ഷിണവുമായി എത്തുകയാണ് വൈശാഖ പുണ്യം തേടി ഭക്തര്‍.

വൈശാഖമാസത്തില്‍ വിഷ്ണുഭക്തിയുടെ മഹത്വം ഏവര്‍ക്കും തിരിച്ചറിവുള്ളതാണല്ലോ. അറിയാതെയെങ്കിലും 'നാരായണ'എന്ന് ജപിച്ചാല്‍ സാക്ഷാല്‍ മോക്ഷം ലഭിക്കുന്ന ദിനങ്ങളാണ് വൈശാഖം. നഗരപുരത്തിലെ ഹരിദര്‍ശനം ഭക്തിയില്‍ മോക്ഷമായി തന്നെ ഭക്തരില്‍ എത്തിച്ചേരുകയാണ്. വള്ളിക്കാപ്പറ്റ വിഷ്ണുക്ഷേത്രം, തിരുനാരായണപുരം, കീഴ്തൃക്കോവില്‍, കുളമേതൃക്കോവില്‍, മുടപ്പിലാ വിഷ്ണുക്ഷേത്രം എന്നിപ്രകാരം അഞ്ച് വിഷ്ണു ക്ഷേത്രങ്ങളില്‍ ഉച്ചപൂജയ്ക്ക് മുമ്പ് തൊഴുതു വണങ്ങുക എന്നതാണ് അഞ്ചമ്പലദര്‍ശനത്തിന്‍റെ കേമം.

ഒന്നാം തൊഴീലും രണ്ടാം തൊഴീലും

വിഷ്ണുവിന്‍റെ അഞ്ച് ഭാവത്തിലുള്ള മഹാക്ഷേത്രങ്ങളാണ് സഗരപുരത്തിലൂടെ വലം വയ്ക്കുന്നത്. ഭക്തിയുടെ ഒട്ടനവധി ഐതിഹ്യങ്ങള്‍ ചേര്‍ന്നതാണ് ഓരോ നാലകങ്ങളും. സഗരപുരത്തിലെ ഹരിപഞ്ചദര്‍ശനത്തിന് എടുത്തുപറയത്തക്കതായ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. മാസത്തിന്‍റെ ആദ്യത്തെ പതിനഞ്ച് ദിവസം വള്ളിക്കാപ്പറ്റ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മുടപ്പിലവിഷ്ണുക്ഷേത്രത്തില്‍ അവസാനിക്കും പ്രകാരമാണ് ക്ഷേത്രവലം. പകുതിക്കുശേഷം മുടപ്പിലാക്ഷേത്രത്തില്‍ നിന്നും തുടങ്ങി വള്ളിക്കാപ്പറ്റയില്‍ അവസാനിക്കും പ്രകാരമാണ് വലംവയ്ക്കല്‍.

ഒന്നാം തൊഴീലും രണ്ടാം തൊഴീലും എന്നൊരു നേര്‍ച്ച ഇവിടെ പതിവുണ്ട്. ഭക്തന്‍റെ കാര്യസാധ്യത്തിനായി രണ്ട് തൊഴില്‍ നേര്‍ച്ചയായി നേരുന്നവരുണ്ട്. ആദ്യത്തെ പതിനഞ്ച് ദിവസത്തിനുള്ളില്‍ ആദ്യവലവും പിന്നീടുള്ള പതിനഞ്ച് ദിവസത്തിനുള്ളില്‍ രണ്ടാമത്തേതും തൊഴുതുവലം വയ്ക്കാം എന്നതാണ് നേര്‍ച്ച.
വൈശാഖത്തിന്‍റെ പുണ്യം ഒരിറ്റുപോലും ചോരാതെ ഭഗവാന്‍റെ ഭക്തിഹൃദയം നിറയേ ആവാഹിച്ചുചേര്‍ക്കുന്ന ഭക്തിപ്രയാണം തന്നെയാണ് പഞ്ചഹരിദര്‍ശനം. വൈശാഖപുണ്യം ഏവരിലും ഐശ്വര്യം പകരട്ടെ...

മുടപ്പിലാതൃക്കോവില്‍

സഗരപുരത്തെ പുരാതനതാന്ത്രികതറവാടായ മുടപ്പിലാപ്പിള്ളി മനക്കാരുടെ വകയാണ് മുടപ്പിലാതൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം. സകലവിധാനങ്ങളും ചേര്‍ന്ന അതിമനോഹരമായ മഹാവിഷ്ണുക്ഷേത്രമാണിത്. ഭക്തിയുടെ അദൃശ്യമായ ഒരു തഴുകല്‍ നമ്മെ സ്വാധീനിക്കുന്നതായി ഈ സന്നിധിയില്‍ നമുക്ക് അനുഭവപ്പെടും. മുടപ്പിലായ്ക്ക് നൂറ് മീറ്റര്‍ ചുറ്റളവിലായി, കാരാട്ട് തൃക്കോവില്‍ ശിവക്ഷേത്രം, കടക്കോട്ടുകാവ് ക്ഷേത്രസമുച്ചയം, കടക്കോട്ടുകാവില്‍ ഗണപതി, അയ്യപ്പന്‍, ഭഗവതി കരിങ്കാളി എന്നീ ദേവതകള്‍ തുല്യപ്രാധാന്യത്തോടെ നിലകൊള്ളുന്നു. മഹാവിഷ്ണു പൂര്‍ണ്ണകലകളോടും ചേര്‍ന്ന് ചതുര്‍ബാഹുവായി ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നു. എല്ലാ വൈഷ്ണവ പ്രാധാന്യദിവസങ്ങളും ഈ ക്ഷേത്രത്തില്‍ വിശേഷദിവസങ്ങളാണ്.

എല്ലാ തിരുവോണനാളുകളും വാരദിനമായി കൊണ്ടാടുന്നു. തിരുവോണനാളുകളില്‍ നടത്തി വരുന്ന ലക്ഷ്മീനാരായണപൂജ വളരെ പ്രാധാന്യമാണ്. ശൈവ- വൈഷ്ണവ, ശാക്തേയ സമ്പ്രദായങ്ങളെ മുഴുവന്‍ സമന്വയിപ്പിക്കുന്ന പുണ്യസങ്കേതമാണ് മുടപ്പിലാതൃക്കോവില്‍. ലോകത്തില്‍ ആദ്യമായി ദേവീഭാഗവത നവാഹസത്രം നടത്തിയത് ഇവിടുത്തെ മണിദ്വീപപുരിയിലാണ്. പാല്‍പ്പായസവും പാല്‍ അഭിഷേകവുമാണ് ഇവിടെ പ്രധാന വഴിപാടുകള്‍. തുലാമാസത്തിലെ തിരുവോണ നാളില്‍ വാരം ആചരിച്ചുപോരുന്നു.

ശ്രീകുളമേ തൃക്കോവില്‍ക്ഷേത്രം(ഗോശാല കൃഷ്ണന്‍)

സഗരപുരം ഗ്രാമത്തില്‍ മഹാവിഷ്ണുവിനെ ഗോശാലകൃഷ്ണഭാവത്തില്‍ ആരാധിക്കുന്ന ക്ഷേത്രമാണ് കുളമേതൃക്കോവില്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിന്‍റെ കാലപ്പഴക്കത്തെക്കുറിച്ച് ആധികാരിക രേഖകള്‍ ലഭ്യമല്ല. മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രം വെളുത്തേമന ഇല്ലക്കാരുടെ കുടുംബക്ഷേത്രമായിരുന്നു. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രം ആക്രമിക്കപ്പെടുകയും വിഗ്രഹം വെട്ടിമുറിച്ച് കുളത്തില്‍ എറിയപ്പെടുകയും ചെയ്തു. പടയോട്ടത്തിനുശേഷം വിഗ്രഹം കുളത്തില്‍ നിന്നും പുറത്തെടുത്തപ്പോള്‍ അടിഭാഗം വെട്ടിക്കളഞ്ഞ നിലയിലായിരുന്നു. പുനഃപ്രതിഷ്ഠാസമയത്ത് വിഗ്രഹം മാറ്റാന്‍ വേണ്ടി നടത്തിയ പ്രശ്നവിചാരത്തില്‍, ചെറിയൊരു ഭാഗം മാത്രമേ ഉള്ളൂ എങ്കിലും ഈ വിഗ്രഹം മതി എന്നായിരുന്നു ഭഗവാന്‍റെ ഇഷ്ടം.

പാലും വെണ്ണയും

സന്താനസൗഭാഗ്യം തന്നെയാണ് കുളമേതൃക്കോവില്‍ ഭഗവാന്‍റെ മഹത്വം. സന്താനഭാഗ്യത്തിനും സന്താനങ്ങളുടെ യശസ്സിനും ഗോശാലകൃഷ്ണന്, പാലില്‍ വെണ്ണ ചേര്‍ത്ത് നിവേദ്യം നല്‍കിയാല്‍ മതി. മറ്റെങ്ങും അധികമായി കേള്‍ക്കാത്ത വഴിപാടാണ് പാലില്‍ വെണ്ണ ഉരുട്ടി വെച്ച് നിവേദിക്കുക എന്ന നൈവേദ്യം. പാലഭിഷേകം, പാല്‍പ്പായസം, ഉണ്ണിയപ്പ പറ(ഒരു പറ ഉണ്ണിയപ്പം) എന്നിവ ഇഷ്ടനിവേദ്യമാണ്. തൈര് ചേര്‍ത്ത വെള്ളനിവേദ്യം കുട്ടികളിലെ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധിയായി വിശ്വസിക്കപ്പെടുന്നു.

ശ്രീകീഴ്തൃക്കോവില്‍ ക്ഷേത്രം(നരസിംഹമൂര്‍ത്തി)

സഗരപുരം ഗ്രാമക്ഷേത്രമായ മേതൃക്കോവില്‍ ക്ഷേത്രത്തിന് സമീപത്താണ് ശ്രീകീഴ്തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം. മൂന്ന് മഹാക്ഷേത്രങ്ങള്‍ ചേര്‍ന്നതാണ് ഈ ഗ്രാമക്ഷേത്ര സമുച്ചയം. മേതൃക്കോവില്‍ ശിവക്ഷേത്രവും, കീഴ്തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രവും, കീഴ്തൃക്കോവിലിനോട് ചേര്‍ന്ന് ശാസ്താവിന്‍റെ ക്ഷേത്രവും നിലകൊള്ളുന്നു. കടലുണ്ടിപ്പുഴയുടെ തീരത്തായി നിലകൊള്ളുന്ന ഈ ക്ഷേത്രസമുച്ചയം കാഴ്ചയില്‍ അതിമനോഹരവും ഏറെ പ്രൗഢവുമാണ്.

ഇവിടെ കീഴ്തൃക്കോവില്‍ മഹാവിഷ്ണു നരസിംഹഭാവത്തിലാണ് നിലകൊള്ളുന്നത്. പ്രഹ്ലാദന് വരം കൊടുത്ത് അനുഗ്രഹിച്ച് ആനന്ദചിത്തനായ നരസിംഹമൂര്‍ത്തീഭാവത്തിലാണ് (പ്രഹ്ലാദവരദമൂര്‍ത്തി) മഹാവിഷ്ണുവിനെ ഇവിടെ ആരാധിക്കുന്നത്. ഉപദേവനായി ഒക്കത്ത് ഗണപതി മാത്രമാണ് ഉള്ളത്.
തടസ്സങ്ങള്‍ തീരുന്നതിന് ദേവന് വിളക്കുവെച്ച് പ്രാര്‍ത്ഥിക്കുന്നത് വളരെ വിശേഷമാണ്. പഞ്ചസാര പ്പായസം, അവല്‍നിവേദ്യം എന്നിവ പ്രധാന വഴിപാടാണ്. മറ്റ് വിഷ്ണുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, ശര്‍ക്കരനിവേദ്യം എന്ന വഴിപാട് ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഇവിടെ പൂര്‍വ്വകാലം മുതല്‍ ആചരിച്ചുപോരുന്നു. ഭഗവാന്‍ നരസിംഹമൂര്‍ത്തി ആയതിനാലാവാം ഇപ്രകാരം ശര്‍ക്കരനിവേദ്യമാണ് ഏവരും കരുതുന്നു.

ഈ ക്ഷേത്രക്കടവില്‍ നിത്യേന പിതൃതര്‍പ്പണം നടത്തപ്പെടുന്നുണ്ട്. വിധിയാംവണ്ണം പിതൃതര്‍പ്പണം ചെയ്ത് ഇവിടെ തിലഹോമം നടത്തുന്നത് പിതൃമോക്ഷത്തിന് ഏറെ ശ്രേയസ്ക്കരമായി വിശ്വസിച്ചുപോരുന്നു.

ശ്രീതിരുനാരായണപുരം മഹാവിഷ്ണുക്ഷേത്രം (ശ്രീരാമഭാവം)

നാമജപത്തിന് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് തിരുനാരായണപുരം മഹാവിഷ്ണു ക്ഷേത്രം. നാമജപം വഴിപാടായി നടത്തുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് നാരായണപുരം മഹാദേവക്ഷേത്രം. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഭഗവല്‍നാമജപം തന്നെയാണ് ഇവിടെ പ്രാധാന്യം. പിറന്നാള്‍ തുടങ്ങിയ വിശേഷദിനങ്ങളില്‍ നാമജപം വഴിപാടായി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. ഭഗവല്‍നാമജപത്തില്‍ ഭക്തി തിരിച്ചറിഞ്ഞ ഒരു ഭക്തസമൂഹം തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട്  നിലകൊള്ളുന്നുണ്ട്. സദാസമയവും

നാമജപത്താല്‍ മുഖരിതമായ അന്തരീക്ഷമാണ് ഈ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നത്.
ആചാര്യന്‍ പയ്യപ്പള്ളി നാരായണന്‍ നമ്പൂതിരിയാണ് നാമജപത്തിലൂടെ ഭഗവാന്‍റെ മാഹാത്മ്യം ഭക്തജനങ്ങളില്‍ പകര്‍ന്നുനല്‍കിയത്. ഈ ക്ഷേത്രവിശ്വാസികള്‍ ആചാര്യനെ ഗുരുസങ്കല്‍പ്പത്തില്‍ കരുതി ആരാധിക്കുന്നു. വിഷ്ണുപദം പൂകിയ ആചാര്യന്‍റെ ചിത്രം മേല്‍പ്പത്തൂരിനേപ്പോലെയും, പൂന്താനത്തിനേപ്പോലെയും അവര്‍ ഭക്ത്യാവണങ്ങുന്നുണ്ട്. ഈ ക്ഷേത്രത്തിന്‍റെ എല്ലാ ഉന്നതിക്കും കാരണം ആചാര്യന്‍ കല്‍പ്പിച്ചുതന്ന നാമജപ സാധനയാണെന്ന് ഏവരും വിശ്വസിക്കുന്നു. ഏകദിനഭാഗവത പാരായണവും അവതാരപൂജയും ഈ ക്ഷേത്രത്തിലെ വിശേഷാല്‍ വഴിപാടാണ്.

പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം

ഇവിടെ ഭഗവാന്‍ ശ്രീരാമഭാവത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. രാമനവമി വളരെ വിശേഷാല്‍ ദിനമാണ്. ഭഗവാന്‍റെ ഇഷ്ടനിവേദ്യം മധുരമില്ലാത്ത പാല്‍പ്പായസമാണ്. ക്ഷേത്രത്തില്‍ തൊഴുതുമടങ്ങുന്നതിന് മുന്‍പ് നാമജപമണ്ഡപത്തിലിരുന്ന് അല്‍പ്പനേരം നാമം ജപിച്ച് മടങ്ങുന്നത് അതീവപ്രാധാന്യമായി കരുതിപ്പോരുന്നു.

വള്ളിക്കാപ്പറ്റ വിഷ്ണുക്ഷേത്രം(അനന്തശയനം)

അനവധി കഥകളും അതിശയിപ്പിക്കുന്ന ഒട്ടേറെ ഐതിഹ്യങ്ങളും ചേര്‍ന്നതാണ് വള്ളിക്കാപ്പറ്റ മഹാവിഷ്ണുക്ഷേത്രം. മുന്‍കാലങ്ങളില്‍ ക്ഷേത്ര പൂജകള്‍ നടത്തിയിരുന്ന പൂജാരിമാര്‍ ക്ഷേത്രത്തില്‍ തന്നെ ആയിരുന്നു താമസിച്ചിരുന്നത്. ക്ഷേത്രംവിട്ട് പുറത്ത് പോകാത്ത പുറപ്പെടാശാന്തിമാരായിരുന്നു ഇവിടെ ദേവഹിതങ്ങള്‍ നടത്തിപ്പോരുന്നത്. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രവും വിഗ്രഹവും തകര്‍ക്കപ്പെട്ടിരുന്നു. ആ മുറിപ്പാടുകളോട് ചേര്‍ന്നതാണ് ഇന്നിപ്പോള്‍ ഈ ക്ഷേത്രത്തിലെ മഹാവിഷ്ണു വിഗ്രഹവും. ശ്രീവത്സം അലങ്കാരമാക്കി മാറ്റിയ ഭഗവാന്‍ ടിപ്പുവിന്‍റെ വാള്‍മുറിപ്പാടും ദേഹത്ത് ചേര്‍ത്തുവെച്ചിരിക്കുകയാണ്. ഈ മുറിപ്പാടുകള്‍ മതി മറ്റൊരു വിഗ്രഹം വേണ്ട എന്ന് ദേവപ്രശ്നത്തില്‍ ഭഗവാന്‍ പറഞ്ഞു.

സാക്ഷാല്‍ അനന്തശായി ഭാവത്തിലാണ് ഭഗവാന്‍. ബ്രഹ്മം തേടുന്നവര്‍ തിരയുന്ന സാക്ഷാല്‍ വൈകുണ്ഠരൂപമാണ് അനന്തനില്‍ ശയിക്കുന്ന ഭഗവാന്‍റെ യോഗനിദ്ര. യോഗികള്‍ തേടുന്ന ആത്മാനന്ദസ്വരൂപനാണ് വള്ളിക്കാപ്പറ്റ വിഷ്ണുസങ്കല്‍പ്പം.

വള്ളിക്കാപ്പറ്റ വിഷ്ണുക്ഷേത്രം പ്രാധാന്യമുള്ളത് രണ്ട് മഹാവിഷ്ണു പ്രതിഷ്ഠയോട് ചേര്‍ന്നതാണ്. മയിലാടി വിഷ്ണു എന്നാണ് ഒരു ഭഗവാനെ അറിയപ്പെടുന്നത്. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട, പോപ്പൂര് മയിലാടി ക്ഷേത്രത്തിലെ വിഷ്ണുവിഗ്രഹമാണ് ഈ ഭഗവാന്‍. ഉഗ്രമൂര്‍ത്തിയും ഇഷ്ടവരദായകനുമായ ഗണപതിയുടെ പ്രതിഷ്ഠ വളരെ വിശേഷമാണ്. തെക്കോട്ട് ദര്‍ശനമായിട്ടാണ് ഗണപതി പ്രതിഷ്ഠിച്ചിരിക്കുന്നത്. തടസ്സങ്ങള്‍ നീക്കാന്‍ ഗണപതിക്ക് മുട്ടറുക്കല്‍ വളരെ പ്രാധാന്യമായ വഴിപാടാണ്.

ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍:- മലപ്പുറത്തിനും മഞ്ചേരിക്കും മദ്ധ്യത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. പടിഞ്ഞാറ്റേമുറി ഗ്രാമത്തില്‍ പല ഭാഗത്തായി രണ്ട് കിലോമീറ്റര്‍ ചുറ്റളവിലായിട്ടാണ് അഞ്ച് ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. പെരിന്തല്‍മണ്ണ- കൂട്ടിലങ്ങാടി വഴിയും ക്ഷേത്രത്തില്‍ എത്തിച്ചേരാം.

തയ്യാറാക്കിയത് 
നാരായണന്‍പോറ്റി
ഫോട്ടോ: പ്രദീപ് കൃഷ്ണ
മൊ: 9846922329