നവമാരുതി

നവമാരുതി

HIGHLIGHTS

ശ്രീരാമദൂതനായ ഹനുമാന്‍റെ നവരൂപങ്ങള്‍ സവിശേഷമാണ്. നമ്മുടെ ഓരോ പ്രാര്‍ത്ഥനയ്ക്കും ഓരോ രൂപത്തില്‍ ഹനുമാനെ ആരാധിച്ചാല്‍ അധികഫലം ലഭിക്കുമെന്നാണ് ഐതിഹ്യം. ബാലമാരുതി, യോഗമാരുതി, ധീരമാരുതി, ഭജനമാരുതി, വീരമാരുതി, ധ്യാനമാരുതി, ഭക്തമാരുതി, ഭവ്യമാരുതി, സഞ്ജീവിനി മാരുതി എന്നിങ്ങനെ ഒന്‍പത് രൂപങ്ങളില്‍ ദര്‍ശനമരുളുന്ന വായുപുത്രനെ ഓരോ ദിവസവം ഓരോ രൂപത്തില്‍ ആരാധിക്കേണ്ടത് ഇങ്ങനെയാണ്.

ബാലമാരുതിയെ ഞായറാഴ്ച രാവിലെ സൂര്യോദയവേളയില്‍ വണങ്ങിയാല്‍ ആരോഗ്യം വര്‍ദ്ധിക്കുന്നു. കണ്ണുരോഗങ്ങള്‍ അകലുന്നു. രാഹുദോഷത്താല്‍ തടസ്സപ്പെട്ട വിവാഹം നടക്കുകയും ചെയ്യുന്നു.

യോഗമാരുതിയെ തിങ്കളാഴ്ച വണങ്ങിയാല്‍ മനസ്സിന്‍റെ അസ്വസ്ഥതകളും ചാഞ്ചാട്ടവും അകലും. ചന്ദ്രന്‍റെ അനുഗ്രഹവും മനഃശാന്തിയും മനഃശുദ്ധിയും കൈവരും. ധീരമാരുതിയെ ചൊവ്വാഴ്ച വെറ്റിലമാല അണിയിച്ച് സിന്ദൂരാര്‍ച്ചന നടത്തി വണങ്ങിയാല്‍ ശത്രുക്കളുടെ ശല്യം അകലും. വ്യവഹാരങ്ങളില്‍ വിജയവും ഫലം.

ഭജനമാരുതിയെ ബുധനാഴ്ച വണങ്ങിയാല്‍ പാപദോഷങ്ങള്‍ അകലും. വീരമാരുതിയെ വ്യാഴാഴ്ച തോറും ചെറുനാരങ്ങാ മാലയണിയിച്ച് വണങ്ങി പോന്നാല്‍ വിദ്യ, ജ്ഞാനം, സമ്പല്‍സമൃദ്ധി എന്നിവ ഫലം. മാത്രമല്ല നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടുകയും ചെയ്യും. ധ്യാനമാരുതിയെ വെള്ളിയാഴ്ച തോറും സ്ത്രീകള്‍ ആരാധിച്ചാല്‍ ഭര്‍ത്താവിന് സൗഖ്യം വര്‍ദ്ധിക്കും.ശത്രുശല്യം അകലും. കുട്ടികള്‍ക്ക് വിദ്യാപ്രാപ്തിയും മനസ്സിന് ഏകാഗ്രതയും ലഭിക്കും.

ഭക്തമാരുതിയെ ശനിയാഴ്ച തോറും എള്ളെണ്ണ/നല്ലെണ്ണ ദീപം കത്തിച്ച് വന്നി ഇലയാല്‍ അര്‍ച്ചിച്ച് പൂജ ചെയ്താല്‍ ഏഴരശനി, കണ്ടകശനി, അഷ്ടമശനി ദോഷങ്ങള്‍ അകലും. സങ്കടങ്ങളും സകല ആപത്തുകളും അകന്ന് ദീര്‍ഘായുസ്സും ലഭിക്കും.

എല്ലാ ദിവസവും ഭവ്യമാരുതിയെ ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചനചെയ്ത് ആരാധിച്ചാല്‍ തൊഴില്‍വിജയം ഫലം. മാനസികമായ കഷ്ടതകളും അകലും.

പ്രദോഷദിവസങ്ങളില്‍ സന്ധ്യാകാലത്ത് കരിനീല പുഷ്പങ്ങളാല്‍ സഞ്ജീവിനി മാരുതിയെ അര്‍ച്ചനചെയ്ത് വടമാല അണിയിച്ച് പൂജ ചെയ്താല്‍ രോഗങ്ങള്‍ അകലും.

നവമാരുതിമാരെ ക്ഷേത്രങ്ങളില്‍ ഒന്നിച്ചുകാണുകയെന്നത് അപൂര്‍വ്വമാണ്. തമിഴ്നാട്ടില്‍ ദിണ്ഡിക്കല്ലിലെ രാം നഗറിലുള്ള ക്ഷേത്രത്തില്‍ നവമാരുതികള്‍ ദര്‍ശനമരുളുന്നു.