നേരം ശുഭകരമാകുന്നതെങ്ങനെ?

നേരം ശുഭകരമാകുന്നതെങ്ങനെ?

HIGHLIGHTS

വ്യത്യസ്ത ദശാകാലങ്ങളില്‍ അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ അറിഞ്ഞിരുന്നാല്‍ ദുഃഖദുരിതങ്ങളില്‍ നിന്ന് അല്‍പ്പമെങ്കിലും ഒഴിഞ്ഞുനില്‍ക്കാനാവും..

 

നേരം ശുഭകരമാക്കാന്‍ നമുക്ക് കഴിയുമോ...? വിധിയെ പൂര്‍ണ്ണമായും തടുക്കാനാവില്ലെങ്കിലും വ്യത്യസ്ത ദശാകാലങ്ങളുടെ സവിശേഷതകള്‍ മനസ്സിലാക്കി അതിന് അനുയോജ്യമായ ജീവിതശൈലി രൂപപ്പെടുത്തണമെന്നാണ് ജ്യോതിഷം അനുശാസിക്കുന്നത്.

ശുക്രനാണെങ്കിലും കാര്യങ്ങളെല്ലാം ശുഭപര്യവസാനമായി വന്ന് ഭവിക്കണമെന്നില്ല. അതുപോലെ ശനിയാണ് എന്ന് കരുതി ജീവിതം തകര്‍ന്നുതരിപ്പണം ആകണമെന്നുമില്ലത്രേ. ജാതകത്തിലെ ഗ്രഹങ്ങളുടെ നില്‍പ്പ് അനുസരിച്ചായിരിക്കും ഓരോ ദശാകാലത്തും അനുഭവിക്കേണ്ട ഫലങ്ങള്‍.

ഒമ്പത് ദശാകാലങ്ങളായി 120 വര്‍ഷമാണത്രേ ഒരു പുരുഷായുസ്സ്. ഓരോരുത്തരുടെയും ജീവിതത്തില്‍ ഇത് കടന്നുപോകുന്നത് വ്യത്യസ്ത ക്രമത്തിലായിരിക്കും. ദശാകാലങ്ങളുടെ സ്വഭാവവും പരിഹാരങ്ങളും പൊതുവായി അറിഞ്ഞിരിക്കേണ്ടത് മുന്‍കരുതലാവും. സൂക്ഷ്മനിര്‍ദ്ദേശങ്ങള്‍ ഗ്രഹനില പരിശോധിക്കാതെ പ്രവചിക്കാനാവില്ല. കാലം അറിഞ്ഞു ജീവിക്കാം.. നിറയട്ടെ ജീവിതത്തില്‍ നന്മയുടെ പുലര്‍വെട്ടം...

ആദിത്യദശയില്‍  ശിവഭജനം

സൂര്യന്‍ ബലവാനായി ജാതകത്തില്‍ ഉണ്ടെങ്കില്‍ അതൊരു ഭാഗ്യം തന്നെയാണത്രേ. നല്ല പ്രവര്‍ത്തന ഉത്സാഹം, പേര്, പ്രശസ്തി, പദവി എന്നിവ നിങ്ങളെ തേടിയെത്തുകതന്നെ ചെയ്യും. ആദിത്യന്‍ ദുര്‍ബലമെങ്കില്‍ ദശാകാലത്ത് നേത്രരോഗത്തിന് സാധ്യത. കുടുംബാംഗങ്ങള്‍ക്കും ദുരിതങ്ങള്‍ സംഭവിക്കും. ഇക്കാലത്ത് ആത്മവിശ്വാസം കുറയും. അകാരണമായി മറ്റുള്ളവരെ ഭയക്കുന്ന പ്രവണതയും ഇവര്‍ക്കുണ്ടാകും.

ചതയം, ഉത്തൃട്ടാതി, തിരുവാതിര, പൂയം, ചോതി, അനിഴം ഈ നക്ഷത്രക്കാര്‍ക്ക് ആദിത്യദശ ഉചിതമായിരിക്കുകയില്ല എന്നാണ് വിശ്വാസം. ആദിത്യദശാകാലത്ത് ധരിക്കേണ്ട പുഷ്പങ്ങള്‍ ചുവന്ന പൂക്കള്‍, ചെത്തി, ചെന്താമര, ചെമ്പരത്തി എന്നിവയാണ്.

ആദിത്യദശാകാലത്ത് നല്‍കേണ്ട ദ്രവ്യങ്ങള്‍- ഗോതമ്പ്, മാണിക്യം പശു, ശര്‍ക്കര, കാവിവസ്ത്രം, സ്വര്‍ണ്ണം, ചെമ്പ്, രക്തചന്ദനം, താമര, ചെമ്പുകൊണ്ട് സൂര്യ പ്രതിമാദാനം എന്നിവയാകുന്നു. ആദിത്യദശാകാലത്ത്  ഗായത്രി, ആദിത്യഹൃദയം, സൂര്യമന്ത്രങ്ങള്‍ എന്നിവ ജപിക്കുക.

ഈ മന്ത്രങ്ങള്‍ എരുക്കിന്‍റെ ചുള്ളി, പായസം എന്നിവ 700 ആവൃത്തി ജപിച്ച് ഹോമിക്കണം. ആദിത്യദശാകാലത്ത്  യന്ത്രം എഴുതി സൂര്യമന്ത്രം 7,000 പ്രാവശ്യം ജപിച്ച് ശക്തിപ്പെടുത്തി പൂജിച്ച് ധരിക്കുക. മാണിക്യം, രുദ്രാക്ഷം എന്നിവയും ഇക്കാലത്ത് ധരിക്കണം.

ശിവഭജനം, രുദ്രജപം, ധാര, പ്രദോഷവ്രതം തുടങ്ങിയ ദേവതാഭജനം എന്നിവ ഇക്കാലത്ത് നടത്തണം. ശിവക്ഷേത്രത്തില്‍ ദര്‍ശനം ചെയ്തു യഥാശക്തി വഴിപാടുകള്‍ നടത്തുക. രാവിലെ 20 മിനിട്ടെങ്കിലും ഇളംവെയില്‍ കൊള്ളുക.

കാവിനിറത്തിലുള്ള വസ്ത്രമോ, ചുവന്ന നിറത്തിലുള്ള വസ്ത്രമോ ധരിച്ച് എല്ലാ ദിവസമോ, അത് സാധിക്കുന്നില്ലെങ്കില്‍ ഞായറാഴ്ചയും ജന്മനക്ഷത്രദിനവും സൂര്യക്ഷേത്രത്തിലോ, ശിവക്ഷേത്രത്തിലോ ദര്‍ശനം നടത്തുക. ആദിത്യപൂജയും ഫലം ചെയ്യും.

ചന്ദ്രദോഷം മാറാന്‍ പാല്‍പ്പായസം

ഒരാളുടെ മനോവികാരവും മനോബലവും അയാളുടെ ജാതകത്തിലെ ചന്ദ്രപക്ഷബലം അനുസരിച്ചാവും നിയന്ത്രിക്കപ്പെടുക.

ചന്ദ്രന്‍ ബലവാനാണെങ്കില്‍ ചന്ദ്രദശാകാലത്ത് കുടുംബാംഗങ്ങളില്‍ നിന്ന് സ്നേഹവും  കരുതലും കൂടുതല്‍ ലഭിക്കും. ഭൗതികനേട്ടങ്ങള്‍ ഇയാളെ തേടിയെത്തും.
ചന്ദ്രന്‍ അനിഷ്ടസ്ഥിതിയിലാണെങ്കില്‍ ദുര്‍ബല മനോഗതിയായിരിക്കും അയാള്‍ക്കുണ്ടാവുക. ബന്ധുക്കളുടെയും മേലധികാരികളുടെയും അപ്രീതിക്ക് കാരണമാകും. മാത്രമല്ല കഫ-ജന്യ രോഗങ്ങള്‍ക്ക് സാധ്യത, അമ്മയ്ക്ക് രോഗങ്ങള്‍ എന്നിവയാണ് ഫലം.

ചന്ദ്രദോഷപരിഹാരത്തിനായി വെളുത്ത പുഷ്പങ്ങള്‍ ധരിക്കുന്നതാണ് ഉചിതം. വെള്ളത്താമര, അല്ലിമന്ദാരം, നന്ത്യാര്‍വട്ടം, വെളുത്ത ശംഖുപുഷ്പം എന്നിവ ഉത്തമങ്ങളാണ്.
പാല്‍പ്പായസം നല്‍കുന്നതും പാല്‍പ്പായസമടങ്ങുന്ന സദ്യ നല്‍കുന്നതും ഫലം ചെയ്യും. പശുക്കളെ ശുശ്രൂഷിക്കുന്നതും ദോഷശാന്തിക്ക് നല്ലതുതന്നെ.

പാത്രം നിറച്ച വെളുത്ത അരി, കര്‍പ്പൂരം, മുത്ത്, വെള്ള വസ്ത്രം, പാല്‍ നിറച്ച പാത്രം, കല്ക്കണ്ടം, നെയ്യ്, നുകം വെച്ച കാളകള്‍, കരിമ്പ്, വെള്ളി, ശംഖ് എന്നിവ ദാനം നല്‍കുക.

പഞ്ചഗവ്യം, ആനക്കൊമ്പ്, മുത്തുച്ചിപ്പി, ശംഖ്, ആമ്പല്‍ പൂവ്, സ്ഫടികം എന്നിവ ഇട്ട് തിളപ്പിച്ച ജലത്തില്‍ ദിവസവും കുളിക്കുക.

ധരിക്കേണ്ട യന്ത്രം-ചന്ദ്രമന്ത്രമെഴുതി പൂജിക്കാന്‍ വെച്ച് 11,000 ആവൃത്തി ചന്ദ്രമന്ത്രം ജപിച്ച് ശക്തി വരുത്തി യന്ത്രം ധരിക്കുക.

11,000 പ്രാവശ്യം ചന്ദ്രമന്ത്രം ജപിച്ച് സമിത്ത്, എള്ള്, പായസം എന്നിവ യഥാവിധി ഹോമിക്കുക. ചന്ദ്രനെ ഭജിക്കുന്നത് ദോഷഫലങ്ങള്‍ കുറയ്ക്കും.

തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുക. അന്നേദിവസം ശുദ്ധിയോടും ഈശ്വരസ്മരണയോടുകൂടിയും ആകട്ടെ. അമാവാസി, ചന്ദ്രഗ്രഹണദിനം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട നക്ഷത്രങ്ങളില്‍ ചന്ദ്രപൂജ നടത്തുന്നത് നന്നല്ല. ശിവക്ഷേത്ര ദര്‍ശനം, ഇക്കാലത്ത് പ്രയോജനകരമാണ്. ജാതകന്‍റെ തിഥി അനുസരിച്ച് ഭദ്രകാളി, ദുര്‍ഗ്ഗാദേവി ഭജനം നടത്താം.

വെള്ളനിറത്തിലോ ചന്ദനനിറത്തിലോ ഉള്ള വസ്ത്രങ്ങള്‍ ആണ് ചന്ദ്രദശാകാലത്ത് ധരിക്കേണ്ടത്.

കുജപ്രീതിക്ക് സുബ്രഹ്മണ്യനെയോ  ഭദ്രകാളിയെയോ ഭജിക്കുക...

കുജദശാകാലത്ത് ബന്ധുക്കളുമായി കലഹം, അപകടസാധ്യത, കരള്‍, കുടല്‍രോഗങ്ങള്‍, പനി തുടങ്ങിയവ ഉണ്ടാവും. ചൊവ്വ അനിഷ്ടസ്ഥാനത്താണെങ്കില്‍ ക്രൂരത ചെയ്യാന്‍ ജാതകന് മടിയുണ്ടാവില്ല. മുന്‍കോപം, മദ്യാസക്തി ഇവയും തേടിയെത്തും. മനുഷ്യന്‍റെ ബലവും, ശരീരശക്തിയെയും ചൊവ്വ സ്വാധീനിക്കും.
കുജന്‍റെ ദേവ ഭദ്രകാളിയാണ്. കാളിക്ഷേത്രത്തില്‍ ദര്‍ശനം ചെയ്ത് അര്‍ച്ചന നടത്തുന്നത് ഉചിതം. സുബ്രഹ്മണ്യനേയും ഹനുമാനേയും സേവിക്കുന്നതും ദോഷപരിഹാരത്തിന് ഉത്തമം.

കുജമന്ത്രമെഴുതിയ ചെമ്പുതകിട് പൂജിച്ച് 10,000 ആവൃത്തി കുജമന്ത്രം ജപിച്ച് ശരീരത്തില്‍ ധരിച്ചാല്‍ ഫലം കൃത്യമായി ലഭിക്കും. ചൊവ്വയുമായി ബന്ധപ്പെട്ട മന്ത്രങ്ങളും സ്തോത്രങ്ങളും വിധിപോലെ ജപിച്ച് പതിനായിരം ആവൃത്തി കരിങ്ങാലി, പായസം, നെയ്യ് ഇവകൊണ്ട് 1,000 പ്രാവശ്യം ഹോമിച്ചാല്‍ തീര്‍ച്ചയായും ഫലം ലഭിക്കും. അന്നദാനം നല്‍കുന്നതും കുജപ്രീതിക്ക് കാരണമാകും.

തെച്ചി, ചെമ്പരത്തി, പ്ലാശ് എന്നീ പുഷ്പങ്ങള്‍ കൊണ്ട് പൂജിക്കുകയും ആ പൂക്കള്‍ ധരിക്കുകയും ചെയ്യുക. ചുവന്നപട്ട് ധരിക്കുന്നത് ഉചിതം.

കൂവളം, രക്തചന്ദനം, കുറുന്തോട്ടി, കൊന്ന, ഞാവല്‍, ഇലഞ്ഞി എന്നീ പൂക്കളും ചായില്യം, ജടാ മാഞ്ചി എന്നിവയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത്. ദോഷപരിഹാരത്തിന് ഉതകുന്നവയാണ്. ശുദ്ധമായ വെള്ളി ആഭരണങ്ങള്‍ ധരിക്കുക.

ബുധദോഷ പരിഹാരത്തിന് ശ്രീരാമ, ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം

ബുധദശാകാലത്ത് അനുകൂലമെങ്കില്‍ വിദ്യാഗുണമാണ് ഫലം. സാഹിത്യം, ഗണിതം, പത്രപ്രവര്‍ത്തനം ഇവയില്‍ ശോഭിക്കാം.
ബുധന്‍ ദുര്‍ബലനായി നിന്നാല്‍ മാനസിക പിരിമുറുക്കം, ഓര്‍മ്മക്കുറവ്, ചെയ്യേണ്ട കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരിക, ഉറക്കക്കുറവ്, അലര്‍ജി എന്നിവയും തേടിയെത്തും.

ബുധദശാകാലത്ത് ജാതകന്‍ കൂടുതല്‍ വായിക്കുകയും, എഴുതുകയും നല്ല പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്യണം. ഇക്കാലത്ത് പുതിയ ഭാഷകള്‍ പഠിക്കുക, ബന്ധുക്കളെ സഹായിക്കുന്നതും ബുധപ്രീതിക്ക് കാരണമാകും. ഇക്കാലത്ത് പച്ചപ്പട്ടു വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

മഞ്ഞനിറത്തിലുള്ള പൂക്കള്‍ ധരിക്കുക, ജമന്തി, സ്വര്‍ണ്ണമല്ലി, മഞ്ഞനിറമുള്ള ചെത്തി എന്നിവ വിഷ്ണുവിന്‍റെ അവതാര പ്രതിഷ്ഠയുള്ള ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ മുതലായ ക്ഷേത്രങ്ങളില്‍ പോയി തൊഴുതു വഴിപാട് കഴിക്കുന്നത് ഉചിതം. ദേവന് അര്‍ച്ചന നടത്തിയാല്‍ കൂടുതല്‍ ഫലമുണ്ടാകും.

വെള്ളോട്, സ്വര്‍ണ്ണം, മരതകം, പഞ്ചസാര, ചെറുപയര്‍, നെയ്യ്, പശു, ആനക്കൊമ്പുകൊണ്ടുള്ള വസ്തുക്കള്‍ എന്നിവ ദാനം ചെയ്യുക. ബുധഗായത്രി ചൊല്ലുക.

ഓം സോമപുത്രായ 
വിദ്മഹേ, ജ്ഞാനരൂപായ ദീമഹി, 
തന്നോ ബുധഃ പ്രചോദയാത് 

എന്ന ഗായത്രി 108 പ്രാവശ്യം ജപിക്കുക.

ചാണകം, അക്ഷതം, ജാതിക്ക, ഗോരോചനം, മുത്ത്, സ്വര്‍ണ്ണം, ചെമ്പകം, കച്ചോലം, തേന്‍ മുതലായവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം.

വ്യാഴദശയില്‍  മഹാവിഷ്ണുവിനെ പൂജിക്കുക

വ്യാഴം അനുകൂലമാണെങ്കില്‍ വ്യാഴദശാകാലത്ത് സര്‍വ്വകാര്യ വിജയം, ആദരവ്, ധനസമൃദ്ധി എന്നിവയുണ്ടാകും. വ്യാഴം പ്രതികൂല സ്ഥാനത്ത് ആണെങ്കില്‍ ശത്രുദോഷം, കുടുംബകലഹം, കരള്‍രോഗങ്ങള്‍, പ്രമേഹം, പാന്‍ക്രിയാസ് രോഗങ്ങള്‍ക്ക് സാധ്യത.

വ്യാഴദോഷശാന്തിക്കായി മഹാവിഷ്ണുവിനെയാണ് പൂജിക്കേണ്ടത്. വ്യാഴ സ്തോത്രങ്ങളും വിഷ്ണുസ്തോത്രങ്ങളും നിരന്തരം ജപിക്കാം. വ്യാഴാഴ്ച വ്രതമെടുക്കണം. വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. വ്യാഴദശാ കാലത്ത് ശത്രുദോഷം വന്നാല്‍ മഹാസുദര്‍ശനഹോമമാണ് പരിഹാരം. വീട്ടില്‍ മഞ്ഞപ്പൂക്കള്‍ വിരിയുന്ന ചെടികള്‍ വളര്‍ത്തുക. മഞ്ഞവസ്ത്രങ്ങള്‍ ധരിക്കുക. മഞ്ഞചെത്തി, മന്ദാരം, മഞ്ഞ അരളി എന്നിവയാണ് വ്യാഴപ്രീതിക്കായി ചൂടേണ്ടത്.

ശുക്രപ്രീതിക്ക്  വജ്രമേമാതിരം

ശുക്രന്‍ അനുകൂലഭാവത്തിലെങ്കില്‍ സമ്പല്‍സമൃദ്ധിയാണ് ഫലം. വിവാഹതടസ്സമുള്ള ജാതകന് ഇക്കാലത്ത് വിവാഹം മംഗളമായി നടക്കും.

മകയിരം ചിത്തിര, അവിട്ടം, പുണര്‍തം, വിശാഖം, പൂരുരുട്ടാതി, ആയില്യം, കേട്ട, രേവതി, നക്ഷത്രക്കാര്‍ക്ക് ശുക്രദശാകാലത്ത് വളരെയേറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരും.

വാക്കും, പ്രവൃത്തിയും ഈശ്വരചിന്തയോടെയാകട്ടെ. സംഗീതം കേള്‍ക്കുന്നത് ശുക്രപ്രീതിക്കായി കാരണമാകും. വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും സുഗന്ധദ്രവ്യങ്ങള്‍ പൂശാനും ശ്രദ്ധിക്കുക.

ശുക്രന്‍റെ അധിദേവത മഹാലക്ഷ്മിയാണ്. വെള്ളിയാഴ്ചവ്രതം എടുത്താല്‍ ശുക്രപ്രീതി ഉണ്ടാകും. അന്നേദിവസം മഹാലക്ഷ്മി ക്ഷേത്രത്തിലോ, അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലോ ദര്‍ശനം നടത്തുക. 

വെള്ളപ്പൂക്കള്‍, വെള്ളമന്ദാരം, വെള്ളത്താമര, നന്ത്യാര്‍വട്ടം എന്നിവ ചൂടുന്നത് നല്ലത്. വജ്രമോതിരം ധരിക്കുക. വെളുത്ത കുതിര, കറുത്ത പശു, വജ്രം, വെള്ളി, സ്വര്‍ണ്ണം, സുഗന്ധദ്രവ്യങ്ങള്‍ ഇവ ദാനം ചെയ്യാം.

അത്തി, ചമത, എള്ള്, പായസം എന്നിവ ഹോമിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. ശുക്രമന്ത്രം ചൊല്ലി 16,000 പ്രാവശ്യം അഗ്നിയില്‍ ഇവ ഹോമിച്ചാല്‍ ശുക്രദോഷം ശമിക്കും.

ഏലം, കേസരം, മനഃശില ഇവ ഇട്ടുതിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും ദോഷപരിഹാരം ആണ്.

ശനിപ്രീതിക്ക് ശാസ്താക്ഷേത്രദര്‍ശനം

ദുരിതദശയാണെന്നാണ് ശനിദശയെക്കുറിച്ച് പൊതുവേ പറയുന്നത്. എന്നാല്‍ ശനി ഇഷ്ടഫലപ്രദമായി നിന്നാല്‍ ജാതകനെ ജേതാവായും നേതാവായും കാണാം. ധനധാന്യ സമ്പല്‍സമൃദ്ധിയും ഉണ്ടാകും. ശനി അശുഭസ്ഥാനത്താണെങ്കില്‍ വന്നുചേരാത്ത ദുഃഖദുരിതങ്ങള്‍ കുറവ്. പ്രത്യേകിച്ച് അംഗഭംഗം, പാദരോഗം, കൃഷിനാശം, ഗൃഹനാശം എന്നിവ നിശ്ചയം.

സാഹസിക പ്രവര്‍ത്തനങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞുനില്‍ക്കുക. തണുപ്പുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇക്കാലത്ത് ഉപയോഗിക്കരുത്. കൂട്ടുകെട്ടുകള്‍ സദ്ജനങ്ങളുമായി മാത്രമേ ആകാവൂ. ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ മോശം കാലങ്ങളില്‍ കഴിയുന്നിടത്തോളം ഈശ്വരസ്മരണകളാല്‍ മനസ്സിനെ നിറയ്ക്കുക.

ജ്യോതിഷപ്രകാരം ശനിയുടെ അധിദേവത ശാസ്താവാണ്. അയ്യപ്പനെ ഭജിക്കുന്നതും ശബരിമലയ്ക്ക് പോകുന്നതും ദോഷപരിഹാരമാണ്. ശാസ്താക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്നതും ഉചിതം. ശബരിമലയ്ക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് നെയ്ത്തേങ്ങ നിറച്ചുനല്‍കുന്നതും ഫലം ചെയ്യും. ഹനുമദ്ക്ഷേത്രദര്‍ശനം നല്ലതാണ്. ശനിയാഴ്ചവ്രതം അനുഷ്ഠിക്കുന്നതും ഒരിക്കലിരിക്കുന്നതും ശനിദേവനെ പ്രീതിപ്പെടുത്താന്‍ ഉതകും.

ശനിദോഷശാന്തിക്ക് നല്‍കേണ്ട ദാനവസ്തുക്കള്‍ ഉഴുന്ന്, എള്ളെണ്ണ, എള്ള്, ഇന്ദ്രനീലം, കറുത്ത വസ്ത്രം, അഞ്ജനക്കല്ല്, കറുത്ത പശു, ഇരുമ്പ്, എരുമ, മുതിര എന്നിവയാണ് പ്രധാന ദ്രവ്യങ്ങള്‍. കാക്കകള്‍ക്കും അഗതികള്‍ക്കും ചോറുകൊടുക്കുന്നതും ശനിദേവന് പ്രീതികരം.

കാരെള്ള്, അഞ്ജനക്കല്ല്, പാച്ചോറ്റിത്തൊലി, ശതകുപ്പ, കുറുന്തോട്ടി, ജാതിക്ക, മലര് എന്നിവ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ ശനിദോഷം ദുര്‍ബലമായി തീരും. ഈ ഔഷധക്കൂട്ട് ശരീരത്തിന്‍റെ ആരോഗ്യസ്ഥിതിക്കും നല്ലതെന്ന് പറയപ്പെടുന്നു.

ശനിദോഷ പരിഹാരത്തിന്  നീലശംഖുപുഷ്പം, നീലത്താമര, നീലച്ചെമ്പരത്തി എന്നിവ ധരിക്കാം. ഇത്തരത്തിലുള്ള പൂക്കള്‍ ഉപയോഗിച്ച് ശനിദേവനെ പ്രീതിപ്പെടുത്താനുള്ള പൂജകളും ചെയ്യണം.

കടുംനീലനിറത്തിലുള്ളതോ, കറുപ്പ് നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക. മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം, ധനു, മീനം എന്നീ ലഗ്നങ്ങളില്‍ ജനിച്ചവര്‍ ദശാഘട്ടത്തില്‍ മഞ്ഞയോ മഞ്ഞ കലര്‍ന്ന ഇളം നിറങ്ങളും ഉപയോഗിക്കണം. ശിവഭജനവും ശനിമന്ത്രവും ജപിക്കുക.

ശനിമന്ത്രം- 'ശന്നോ ദേവിരഭീഷ്ടയേ ആപോ ഭവന്തു വീതയേ.
ശംയോരഭി! സവന്തു ന    (ദൈവികം)

രാഹുപ്രീതിക്ക് ആയില്യം പൂജയും സര്‍പ്പബലിയും

സാധാരണയായി രാഹുദശ ക്ലേശകാലമാണ്. ധനനാശം,അപമാനം, അപവാദം, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാതടസ്സം, വൃദ്ധര്‍ക്ക് കണ്ണ്, വായ്, പല്ല് രോഗങ്ങള്‍ സംഭവിക്കാം. അമിത ഉല്‍ക്കണ്ഠ, മതിഭ്രമം എന്നിവയും രാഹുവിന്‍റെ വിളയാട്ടമാണ്. വിഷബാധ ഏല്‍ക്കാനുള്ള സാധ്യതയുണ്ട്.

മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍, മറ്റ് പാപകരമായ ഉല്ലാസങ്ങള്‍ എന്നിവയില്‍ നിന്നും മനപ്പൂര്‍വ്വം ഒഴിഞ്ഞുനില്‍കുക. അപരിചിതരില്‍ നിന്നോ, മാനസിക അകല്‍ച്ച ഉള്ളവരില്‍ നിന്നോ, ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കരുത്. വനയാത്രയ്ക്ക് ജാതകന് ഇക്കാലത്ത് താല്‍പ്പര്യം തോന്നാന്‍ സാധ്യതയുണ്ട്. ഇതും ഒഴിവാക്കുക. സ്റ്റീല്‍ പാത്രങ്ങള്‍, വൈദ്യുത ഉപകരണങ്ങള്‍, നീലവസ്ത്രം ഇവ ആരില്‍ നിന്നും സ്വീകരിക്കരുത്.

രാഹുവിന്‍റെ ദേവതയായ സര്‍പ്പത്തെ പൂജിക്കുക. മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം, പാമ്പുമേക്കാവ്, വെട്ടിക്കോട് നാഗരാജാ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം ചെയ്തു വഴിപാട് കഴിക്കുന്നതും നല്ലതാണ്. മിക്ക ക്ഷേത്രങ്ങളിലും ഉപപ്രതിഷ്ഠകളായി നാഗങ്ങളെ കാണാം. അവിടെ സര്‍പ്പങ്ങള്‍ക്ക് നൂറും പാലും നല്‍കി പ്രീതിപ്പെടുത്തുന്നതും രാഹുദോഷശാന്തിക്കും പരിഹാരമാണ്. നാഗക്ഷേത്രങ്ങളിലെ എണ്ണ, കദളിപ്പഴം മുതലായ നിവേദ്യങ്ങള്‍ സേവിക്കുന്നത് ദോഷശാന്തിക്ക് പരിഹാരമാണ്. ആയില്യപൂജയും, സര്‍പ്പബലിയുമാണ് നടത്തുന്നതും ഉചിതം.

പോത്തിന്‍റെ കൊമ്പ്, അതികാരം, മനയോല, ഗുല്‍ഗുലു എന്നിവ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും പരിഹാരമാണ്. കറുത്ത വസ്ത്രങ്ങളും കറുത്തപട്ടും ധരിക്കുക.

രാഹുപൂജയ്ക്ക് കറുപ്പ്, നീല നിറത്തിലുള്ള പൂക്കളാണ് ഉപയോഗിക്കേണ്ടത്. ഉപ്പ് ചേര്‍ക്കാത്ത അടയുണ്ടാക്കി നാളികേരപ്പാലില്‍ നിവേദിക്കുക. ഗോമേദകം, കുതിര, നീലവസ്ത്രം, നീലക്കമ്പിളി, ഇരുമ്പുപാത്രത്തില്‍ എണ്ണദാനം, അന്നദാനം എന്നിവ ദോഷപരിഹാരമാണ്.

ഗോമേദകം ധരിക്കണം. അത് പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച മോതിരത്തിലോ വളയിലോ ആകാം. മാലയില്‍ ധരിക്കുന്നതും നന്ന്. രത്നത്തിന് ശരീരസ്പര്‍ശം ഉണ്ടായാലേ ഫലം ലഭിക്കൂ.

രാഹുമന്ത്രമായ-
 ഓം യാനശ്ചിത്ര 
ആഭൂവ ദുദതി
സദാ വ്യധഃ സഖാകയാ
ശചിഷ്ഠയാ വൃതാ
ഓം ഭ്രാം ഭ്രീം ഭൗസഃ രാഹവേ നമഃ
ഓം രാം രാഹവേ നമഃ

എന്നീ രാഹുമന്ത്രങ്ങള്‍ ജപിക്കുന്നത് രാഹുദോഷ പരിഹാരമാകുന്നു. രാഹുല്‍ യന്ത്രം പൂജിച്ച് ധരിക്കുന്നതും ദോഷപരിഹാരമാണ്.

ഹേതു വേണ്ടാത്ത കേതു

കേതുദശ കഷ്ടപ്പാടിന്‍റെയും അലച്ചിലിന്‍റെയും കാലമാണ്. ഇക്കാലത്ത് ഭയമാണ് മനസ്സിനെ നിയന്ത്രിക്കുന്നത്. സ്ത്രീകള്‍ കാരണം ദുഃഖം, ഭാര്യയ്ക്കും പുത്രനും ദോഷം തുടങ്ങി ഹേതു വരാത്ത കാരണങ്ങള്‍ കൊണ്ട് സ്വസ്ഥത ഇല്ലാതാകും.

ജാതകത്തില്‍ കേതു ഉചിത സ്ഥാനത്തെങ്കില്‍ നല്ല അനുഭവങ്ങളും ജാതകന് ഉണ്ടാകും. എങ്കിലും മോശമായ അനുഭവങ്ങള്‍ക്കാണ് പ്രാധാന്യം.
സര്‍വ്വപ്രവര്‍ത്തനങ്ങളും ഈശ്വരചിന്തയോടെയാകണം. എല്ലാവരോടും വിട്ടുവീഴ്ചാ മനോഭാവത്തോടെ പെരുമാറുക.

ജന്മനക്ഷത്രദിനവും, ദശാപഹാരം തുടങ്ങുന്ന ദിവസവും കേതുപൂജ ചെയ്യണം. ആയില്യം, മകം, മൂലം നക്ഷത്രദിവസങ്ങളില്‍ കേതുപ്രീതിക്കായി വ്രതമനുഷ്ഠിക്കണം.
തെച്ചി തുടങ്ങിയ ചുവന്ന പുഷ്പങ്ങളോ നീലശംഖുപുഷ്പമോ ധരിക്കാം.

കേതുവിന് ധരിക്കേണ്ട വസ്ത്രങ്ങളുടെ കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. കറുപ്പും നീലയും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഫലദാനവിഷയത്തില്‍ ചൊവ്വയ്ക്കും ശനിക്കും രാഹുവിനും സമാനനായി കാണുന്ന കേതുവിന് ചുവപ്പ് വസ്ത്രങ്ങളാണ് അഭികാമ്യമെന്നും പറയപ്പെടുന്നുണ്ട്.കേതു ജാതകത്തില്‍ അശുഭഫലം നല്‍കാതിരിക്കാന്‍ ഗണപതിയേയും, ചാമുണ്ഡിയേയും ഭജിക്കുക.

കേതു ദോഷപരിഹാരത്തിനായി പാച്ചൊറ്റിത്തൊലി, ദര്‍ഭ, മുത്തങ്ങ, എള്ളില, പാല്‍, ആട്ടിന്‍ മൂത്രം മുതലായവ ഇട്ട് തിളപ്പിച്ച് വെള്ളത്തില്‍ കുളിക്കുക. അന്നം, ആയുധം, ആട് എന്നിവ ദാനം ചെയ്യുക.

കേതു വിവാഹത്തിന് തടസ്സക്കാരന്‍ ആവും. ഗണപതി ഹോമത്തോടൊപ്പം തെച്ചിപ്പൂഹോമവും പരിഹാരത്തിനായി വേണം.

ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് വൃത്തിയാക്കി നെയ്യില്‍ മുക്കി സ്വയംവരമന്ത്രം കൊണ്ട് ഹോമിച്ചാല്‍ ഫലം ലഭിക്കും.

108 പ്രാവശ്യമെങ്കിലും ഇത് ചെയ്യേണ്ടതാണ്. സന്താനങ്ങളുടെ ദുരിതം മാറാന്‍ സന്താനഗോപാല മന്ത്രം ജപിച്ച് പാല്‍പ്പായസം കഴിക്കുന്നതും നല്ലതാണ്. 

പാല്‍പ്പായസം ഹോമിക്കുന്നതും, കേതു സ്തോത്രം ജപിക്കുന്നതും നന്ന്.