ദുരിതനിവാരണ ആഘോഷം നവരാത്രി
ഒന്‍പത് രാത്രികള്‍ എന്നര്‍ത്ഥം വരുന്ന 'നവരാത്രി', ദുര്‍ഗ്ഗാദേവിയെ ആദരിക്കുന്നതിനായി ആഘോഷിച്ചുപോരുന്ന ആഹ്ലാദത്തിന്‍റെയും ഭക്തിയുടെയും ഒന്‍പത് രാത്രികളും പത്തുപകലുകളും നീണ്ടുനില്‍ക്കുന്ന ഒരു ഉത്സവമാണ്. ഈ ദിനങ്ങളില്‍ ദേവിയെ ദുര്‍ഗ്ഗാദേവി, കാളിദേവി, സരസ്വതിദേവി, ലക്ഷ്മിദേവി എന്നീ ദിവ്യരൂപങ്ങളില്‍ ആരാധിച്ചുപോരുന്നു.
ശരത് നവരാത്രി, ചൈത്ര നവരാത്രി, ആഷാഢ നവരാത്രി, വസന്ത നവരാത്രി എന്നിങ്ങനെ നാല് നവരാത്രികള്‍ ആചാരപ്രസിദ്ധമാണ്. എങ്കിലും കൂടുതലായും ആഘോഷിച്ചുപോരുന്ന രണ്ട് നവരാത്രികളാണ്. ചൈത്രനവരാത്രിയും ശരത്നവരാത്രിയും. എന്നാല്‍ അതിവിപുലമായി ആഘോഷിച്ചുപോരുന്നത് സാധാരണയായി സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ വന്നുചേരുന്ന ശരത് നവരാത്രി ആകുന്നു. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്നതും ഗംഭീരമായി കൊണ്ടാടി വരുന്നതുമായ ഒരു ഉത്സവം തന്നെയാണിത്.
മഹിഷാസുരനെ ദുര്‍ഗ്ഗാദേവി വധിച്ചതിന്‍റെ സന്തോഷസൂചകമായിട്ടാണ് നവരാത്രി ആഘോഷിച്ചുപോരുന്നത്. അസുരന്മാരില്‍ ഭീകരനായ മഹിഷാസുരന്‍ എന്ന രാക്ഷസന്‍ ദേവന്മാരെയും മനുഷ്യരെയും നിരന്തം ഒരുപോലെ ഉപദ്രവിച്ചുപോന്നിരുന്നു. അവന് പുരുഷന്മാരില്‍ നിന്ന് മരണമുണ്ടാകാതിരിക്കാന്‍ ബ്രഹ്മാവില്‍ നിന്നും വരംനേടിയിരുന്നു. മഹിഷാസുരന്‍റെ ക്രൂരത സഹിക്കാന്‍ വയ്യാതെ ദേവന്മാരും മുനിമാരും ദേവിയുടെ അടുത്ത് അഭയം പ്രാപിക്കുന്നു.
ആദിപരാശക്തിയായ ദേവി അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും മഹിഷാസുരനെ കീഴ്പ്പെടുത്തി നശിപ്പിക്കുവാനും ദൃഢനിശ്ചയമെടുക്കുന്നു. ലോകം മുഴുവന്‍ കീഴടക്കിയ മഹിഷാസുരനെ നശിപ്പിക്കാന്‍ ദേവി ഇതിനായി ദുര്‍ഗ്ഗയുടെ രൂപം സ്വീകരിച്ചു. ഒന്‍പതുദിവസം നീണ്ടുനിന്ന യുദ്ധത്തിലൂടെ ദുര്‍ഗ്ഗാദേവി, ദുഷ്ടശക്തിയായ മഹിഷാസുരനെ കീഴ്പ്പെടുത്തുകയും നിഗ്രഹിക്കുകയും ചെയ്യുന്നു. മഹിഷാസുരന്‍റെ മേല്‍ നടന്ന ഈ വിജയത്തിന്‍റെ ആഘോഷമായിട്ടാണ് നവരാത്രി ആഘോഷിച്ചുപോരുന്നതെന്നാണ് ഒരു ഐതിഹ്യം.
എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. രാവണനെ വധിക്കാന്‍ ശ്രീരാമന്‍ ദേവിയുടെ അടുത്ത് അനുഗ്രഹം തേടിയെത്തുന്നു. അതനുസരിച്ച് ശ്രീരാമന്‍ ഒന്‍പതുദിവസം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പത്താം ദിവസം അതികഠിനമായ ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷം ശ്രീരാമന്‍ രാവണനെ വധിക്കുന്നു. പത്തുതലയുള്ള രാവണനെ വകവരുത്തിയതിന്‍റെ സന്തോഷസൂചകമായും ഈ ഉത്സവം ആഘോഷിച്ചുപോരുന്നു.
മുകളില്‍ ഉദ്ധരിച്ച ഈ രണ്ട് ഐതിഹ്യത്തിന്‍റെയും പരിസമാപ്തിയായി നവരാത്രി കഴിഞ്ഞുള്ള പത്താംദിവസം 'ദസറ'യായി കൊണ്ടാടിവരുന്നു. ഭാരതം മുഴുവന്‍ ഒരേസമയം ആചരിച്ചുപോരുന്ന ഉത്സവമാണ് ദസറ. നവരാത്രി, ദസറ, ദുര്‍ഗ്ഗാപൂജ എന്നിങ്ങനെ പല സ്ഥലങ്ങളിലും പല പേരുകളില്‍ ഈ ഉത്സവം അറിയപ്പെടുന്നു.
'ദുര്‍ഗ്ഗാ' എന്ന വാക്കിന്‍റെയര്‍ത്ഥം ദുരിതങ്ങള്‍ ഇല്ലാതാക്കുന്നവള്‍ എന്നാകുന്നു. ഭക്തര്‍ അവരുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും അകറ്റി സന്തോഷവും, സമാധാനവും, ഐശ്വര്യവും, സമൃദ്ധിയും നേടുന്നതിനുവേണ്ടി ദുര്‍ഗ്ഗാദേവിയെ പൂര്‍ണ്ണഭക്തിയോടെ ആരാധിക്കുന്നു. നവരാത്രി നാളുകളില്‍ ദുര്‍ഗ്ഗാദേവിയുടെ വിവിധ രൂപങ്ങളെ പൂര്‍ണ്ണഭക്തിയോടും സമര്‍പ്പണത്തോടുംകൂടി ആരാധിച്ചുപോരുന്നു.
നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയുടെ മൂന്ന് ഭാവങ്ങളെ കാളി, ലക്ഷ്മി, സരസ്വതി എന്നീ രൂപങ്ങളില്‍ ആരാധിച്ചുപോരുന്നു. ആദ്യത്തെ മൂന്നുദിവസങ്ങളില്‍ നമ്മുടെ ഉള്ളിലെ എല്ലാ മാലിന്യങ്ങളെയും അകറ്റുന്ന കാളിയുടെ രൂപത്തെയും അടുത്ത മൂന്നൂനാളുകളില്‍ സമ്പത്തിന്‍റെ ദാതാവായി കണക്കാക്കപ്പെടുന്ന ലക്ഷ്മിയുടെ ഭാവത്തിലും അവസാന മൂന്നുനാളുകളില്‍ ദേവിയെ അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും ദാതാവായ സരസ്വതിയുടെ രൂപത്തിലുമാണ് ആരാധിച്ചുപോരുന്നത്.
നവരാത്രി ഉത്സവനാളുകളില്‍ ദുര്‍ഗ്ഗാദേവിയുടെ ഒന്‍പത് അവതാരങ്ങളെയും പൂജിച്ചുപോരുന്നു. മാതാ ശൈലപുത്രി, മാതാ ബ്രഹ്മചാരിണി, മാതാ ചന്ദ്രഘണ്ഡ, മാതാ കൂഷ്മാണ്ഡ, സ്കന്ദമാതാ, കാര്‍ത്യായനിമാതാ കാലരാത്രി, മാതാ മഹാഗൗരി, മാതാ സിദ്ധിദാത്രി എന്നിങ്ങനെയാണ് ഒന്‍പത് അവതാരങ്ങള്‍ അല്ലെങ്കില്‍ അമ്മയുടെ രൂപങ്ങളായി അറിയപ്പെടുന്നത്.
ബംഗാളിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്, ദുര്‍ഗ്ഗാപൂജ. നവരാത്രികാലങ്ങളിലാണ് ദുര്‍ഗ്ഗാപൂജ ആഘോഷിച്ചുപോരുന്നത്. ജാതിമതവ്യത്യാസമില്ലാതെ നഗരങ്ങളിലും ഗ്രാമങ്ങളിലും എല്ലാവരും ഒത്തുകൂടി ഐക്യവും സാഹോദര്യവും പ്രകടിപ്പിച്ചുകൊണ്ട് ഈ ഉത്സവത്തെ ആഘോഷിച്ചുപോരുന്നു. ഈ ദിനങ്ങളില്‍ ദുര്‍ഗ്ഗാദേവിയുടെ എല്ലാ ക്ഷേത്രങ്ങളും മനോഹരമായി അലങ്കരിക്കുന്നു. ദേവിയെ സര്‍വ്വാഭരണ ഭൂഷിതയായി അണിയിച്ച് ചൈതന്യം തുളുമ്പുന്ന രീതിയില്‍ എല്ലാ നഗരവീഥികളിലും പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലും പ്രതിഷ്ഠിക്കുന്നത് ആരേയും ആകര്‍ഷിക്കുന്നതും പ്രത്യേക അവാച്യമായ അനുഭൂതിയേകുന്നതുമായ കാഴ്ച തന്നെയാണ്.
ഇത്തരം പന്തലുകളില്‍ വര്‍ണ്ണാഭമായി പ്രകാശം ചൊരിയുന്നതിനോടൊപ്പം, സംഗീതത്തിന്‍റെയും, സൗരഭ്യത്തിന്‍റെയും ഭക്തിയുടെയും മാസ്മരിക ലോകം തന്നെ സൃഷ്ടിക്കുന്നു. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി നടക്കുന്ന ദുര്‍ഗ്ഗാദേവിയുടെ പന്തലുകളില്‍ നടന്നുപോരുന്ന പൂജകള്‍ അന്തരീക്ഷത്തെ ഭക്തിനിര്‍ഭരമാക്കുന്നു. എവിടെയും ഭക്തി അലതല്ലിക്കൊണ്ട് കടന്നുപോകുന്ന ഉത്സവദിനങ്ങള്‍. ഇതോടൊപ്പം ധാരാളം മധുരപലഹാരങ്ങളും മറ്റുവിഭവങ്ങളും ഭക്തര്‍ക്കായി ഈ ദിനങ്ങളില്‍ പന്തലുകളില്‍ വിളമ്പിപ്പോരുന്ന കാഴ്ചയാണ് എവിടെയും കാണാന്‍ കഴിയുക.
ബംഗാള്‍ സംസ്ഥാനത്ത് ആഘോഷിച്ചുപോരുന്ന ദുര്‍ഗ്ഗാപൂജയുടെ ചുവടുപിടിച്ചുകൊണ്ട് അതേ ആചാരങ്ങളോടുകൂടി മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ബീഹാര്‍, അസ്സാം എന്നീ പ്രദേശങ്ങളിലും ഈ ഉത്സവം അതിന്‍റേതായ മഹത്വത്തോടെയും തനിമയോടും ആഘോഷിച്ചുപോരുന്നു.
ഭാരതത്തിന്‍റെ പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ഒരു പ്രധാന ഉത്സവമായി കൊണ്ടാടുമ്പോള്‍, ഇത് മറ്റ് സംസ്ഥാനത്തെ രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്നു. നവരാത്രി നാളുകളില്‍ ഇവിടെ സ്ത്രീകള്‍ സാധാരണയായി പകല്‍ സമയം വ്രതം അനുഷ്ഠിച്ചുപോരുന്നു. ഈ ദിവസങ്ങളില്‍ വീടുകളും ക്ഷേത്രങ്ങളും അലങ്കരിക്കുകയും ക്ഷേത്രദര്‍ശനത്തിനും പൂജകള്‍ക്കുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതായും കണ്ടുവരുന്നു. നവരാത്രി ദിനങ്ങളില്‍ ഗുജറാത്തിലെ എല്ലാ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും പന്തലുകള്‍ ഒരുക്കിക്കൊണ്ട് അവിടെ അംബാമാതായുടെ വിഗ്രഹത്തിന് ചുറ്റും സ്ത്രീകളും പുരുഷന്മാരും ഒത്തുകൂടി പരമ്പരാഗത വേഷത്തോടുകൂടിയ വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടും ഇവിടുത്തെ സംസ്ക്കാരത്തിന്‍റെ ഭാഗമായ പരമ്പരാഗത നൃത്തരൂപങ്ങളായ ഗര്‍ബാ, ദാണ്ഡിയാ രാസ് എന്നീ നൃത്തങ്ങള്‍ ഈ ദിവസങ്ങളില്‍ അവതരിപ്പിച്ചുപോരുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചുപോരുന്നു.
സ്ത്രീകളും പുരുഷന്മാരും അറിയപ്പെടുന്ന ഗര്‍ബാഗായകര്‍ അവതരിപ്പിക്കുന്ന വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള ഗര്‍ബാഗാനങ്ങള്‍ക്കൊത്ത് ഒരു പ്രത്യേക രീതിയിലുള്ള ചുവടുവയ്പ്പുകളോടെ നൃത്തം അവതരിപ്പിക്കുന്നത് ആരേയും ആകര്‍ഷിക്കുന്നതും ഒരു പ്രത്യേക അനുഭൂതി നല്‍കുന്നതുമാണ്. പ്രത്യേക രീതിയിലുള്ളതും വിവിധ നിറത്തിലുമുള്ള ആടയാഭരണങ്ങളും ഒരു പ്രത്യേകതരം വാദ്യങ്ങള്‍ക്കൊപ്പം സ്ത്രീകളും പുരുഷന്മാരും ഒഴുകി ആവേശത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നൃത്തം ചെയ്തുപോകുന്നു.
സീതാദേവിയെ അപഹരിച്ചുകൊണ്ടുപോയ രാവണനുമേല്‍ ശ്രീരാമന്‍ നേടിയ വിജയത്തിന്‍റെ ആഘോഷമായിട്ടാണ് ഉത്തരേന്ത്യയില്‍ നവരാത്രി ആഘോഷിച്ചുപോരുന്നതിന്‍റെ പിന്നിലെ വിശ്വാസം.
രാവണന്‍റെ സഹോദരനായ കുംഭകര്‍ണ്ണന്‍റെയും മേഘനാഥന്‍റെയും കോലങ്ങള്‍ പടക്കം മുതലായ വസ്തുക്കള്‍ അതില്‍ നിറച്ചുകൊണ്ട് ഒരു വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ തീ കൊളുത്തി രസിക്കുന്നത് ഈ ആഘോഷത്തിന്‍റെ ഒരു ഭാഗമാണ്. ഇത്തരം കോലങ്ങള്‍ ദഹിപ്പിക്കുന്ന നിരവധി സ്ഥലങ്ങള്‍ ഈ ദിവസം വടക്കേ ഇന്ത്യയില്‍ സര്‍വ്വസാധാരണയായി കാണപ്പെടുന്നു. 'ദസറ' എന്നറിയപ്പെടുന്ന ഈ ദിവസം ഉത്തരേന്ത്യയിലെ ഒരു പ്രധാനചടങ്ങും ആഘോഷവും തന്നെയാണ്. ദില്ലിയിലെ രാംലീല മൈതാനത്ത് ഈ അവസരത്തില്‍ നടത്തിവരുന്ന ഇത്തരം കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ ആയിരങ്ങളാണ് അന്ന് തടിച്ചുകൂടാറുള്ളത്.
ഈ ആഘോഷത്തെ 'രാമലീല' എന്ന പേരിലും അറിയപ്പെടുന്നു. ഒന്‍പതുദിവസത്തെ ആരാധനയ്ക്കുശേഷം പത്താമത്തെ ദിവസം കര്‍ണാടകയിലെ മൈസൂറില്‍ ആരേയും ആശ്ചര്യപ്പെടുത്തുന്ന രീതിയില്‍ അതിഗംഭീരമായി ദസറ ആഘോഷിച്ചുപോരുന്നു. മൈസൂറിലെ ദസറ ഉത്സവം വളരെ പ്രസിദ്ധി നേടിയതും ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും ഈ ഉത്സവം ദര്‍ശിക്കുവാന്‍ സഞ്ചാരികള്‍ എത്തിക്കൊണ്ടിരിക്കുന്നതും ആരേയും വിസ്മയിപ്പിക്കുന്നതാണ്.
പത്തുദിവസം നീണ്ടുനില്‍ക്കുന്ന ദസറ ഉത്സവം വിജയദശമിയോടുകൂടി സമാപിക്കും. കര്‍ണ്ണാടക സംസ്ഥാനത്തിലെ സാംസ്കാരികവും മതപരവുമായ വിവിധ നൃത്ത, സംഗീത, സാംസ്കാരിക പരിപാടികള്‍ ഈ സമയങ്ങളില്‍ നടത്തിപ്പോരുന്നു. ഘോഷയാത്രകള്‍, മേളകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയൊക്കെ ഇതിന്‍റെ ഭാഗമായി നടത്തിവരുന്നു. ജാംബു സവാരി എന്ന ഘോഷയാത്ര ഈ ആഘോഷങ്ങളുടെ കൊഴുപ്പുകൂട്ടുന്നു.
അലങ്കരിച്ചൊരുക്കിയ ആനകളാണ് ഈ ഘോഷയാത്രയിലെ മുഖ്യ ആകര്‍ഷണം. ഈ
ഘോഷയാത്രയിലുടനീളം പരമ്പരാഗത നൃത്തരൂപങ്ങള്‍, സംഗീതപരിപാടികള്‍, വെടിക്കെട്ട് മുതലായവയുമായി മുന്നോട്ടുപോകുന്നത് ആരെയും ആകര്‍ഷിക്കുന്നതാണ്.
കേരളത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിവസത്തെ പൂജവയ്പ്പോടുകൂടിയാണ് നവരാത്രി ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത്.
ഈ ദിവസം വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പണിയായുധങ്ങളും, വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും സരസ്വതീവിഗ്രഹത്തിന് മുന്നില്‍ പൂജയ്ക്കായി സമര്‍പ്പിക്കുന്നു. ഇത് വീടുകളിലോ ക്ഷേത്രങ്ങളിലോ ആയിരിക്കും നടക്കുക. പൂജവെപ്പിലെ രണ്ടാം ദിവസമാണ് നവരാത്രിയിലെ ഏറ്റവും പുണ്യം നിറഞ്ഞ ദിവസമായ മഹാനവമി. ഈ ദിവസം ഗ്രന്ഥവായനയോ, പണിയായുധങ്ങള്‍ ഉപയോഗിക്കുകയോ പാടില്ലായെന്നാണ് വിശ്വാസം. കേരളത്തില്‍ വിജയദശമി ദിവസത്തെ വിദ്യാരംഭദിനമായി ആചരിച്ചപോരുന്നു. കുട്ടികളെ എഴുത്തിനിരുത്തുന്നത് ഈ ദിവസമാണ്.
