ജീവിതത്തില്‍ ഉന്നതിയേകുന്ന നവരാത്രിവ്രതം

ജീവിതത്തില്‍ ഉന്നതിയേകുന്ന നവരാത്രിവ്രതം

HIGHLIGHTS

ഒക്ടോബര്‍18  പൂജവയ്പ്പ്, ഒക്ടോബര്‍19 ദുര്‍ഗ്ഗാഷ്ടമി, ഒക്ടോബര്‍20 മഹാനവമി, ഒക്ടോബര്‍21  വിജയദശമി

നവരാത്രി എന്നുകേള്‍ക്കുമ്പോള്‍ തന്നെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അതിന്‍റെ ഐതിഹ്യങ്ങളും ആചാരരീതികളും വിവരിക്കും. മൂന്ന് ദേവിമാര്‍ക്കും മൂന്നുദിവസം വീതം നടത്തുന്ന ഉത്സവം. ഇച്ഛാ, ജ്ഞാനം, ക്രിയാ എന്നീ മൂന്ന് ഐശ്വര്യങ്ങളും ലഭിക്കാന്‍ ചെയ്യുന്ന പൂജ, പടിപടിയായി ബൊമ്മകള്‍ നിരത്തിയും അടുക്കിയും വെച്ച് നടത്തുന്ന ആഘോഷം എന്നിങ്ങനെയുള്ള പൊതുവായ കാര്യങ്ങളാണ് എല്ലാവരും പറയുക. എന്നാല്‍ നവരാത്രിക്ക് ഇതിലപ്പുറവും പല സവിശേഷതകളുണ്ട്. പല പുരാണങ്ങളും ജീവിതത്തില്‍ ഉന്നതിയേകുന്ന വ്രതമായിട്ടാണ് നവരാത്രിയെ വിശേഷിപ്പിക്കുന്നത്. നവരാത്രി വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കാത്ത സദ്ഫലങ്ങള്‍ തന്നെ ഇല്ലാ എന്നാണ് പലപ്പോഴും പറയാറ്.

നാലുവേദങ്ങള്‍ മൂന്നുലോകങ്ങള്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ലളിതമായ ഗ്രന്ഥങ്ങളായി രചിച്ച ആളാണ് വേദവ്യാസന്‍. ഗണപതിയുടെ സഹായത്തോടെ മഹാഭാരതം രചിച്ചതും വ്യാസന്‍ തന്നെ. എല്ലാവര്‍ക്കും എല്ലാ സൗഭാഗ്യങ്ങളും ലഭിക്കണം എന്നുകരുതിയ വ്യാസമഹാമുനി എല്ലാ ക്ഷേമവും സമൃദ്ധിയും നല്‍കുന്നവള്‍ അംബികയാണെന്ന് താന്‍ രചിച്ച വേദപുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

നവരാത്രി വ്രതത്തെക്കുറിച്ച് ആദ്യമായി ശുകമഹര്‍ഷിയാണ് പരീക്ഷിത്ത് രാജാവിനോട് പറഞ്ഞത് എന്ന്  പുരാണങ്ങളില്‍ പറയുന്നുണ്ട്. പരീക്ഷിത്ത്  രാജാവിന്‍റെ മകനായ ജനമേജയന്‍ വ്യാസമഹര്‍ഷിയോട് പരാശക്തിയുടെ മഹിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം ദേവിയുടെ മഹിമകള്‍ വിവരിച്ചു. താന്‍ മാത്രമല്ല, മറ്റുള്ളവരും ദേവിയുടെ അനുഗ്രഹം നേടണം എന്ന് കരുതിയ ജനമേജയന്‍ അവയെ ലളിതമായ രീതിയിലുള്ള ഗ്രന്ഥമാക്കണമെന്ന് വ്യാസനോട് അഭ്യര്‍ത്ഥിച്ചു. അതിന്‍റെ ഫലമായി ദേവിയുടെ മഹിമകളെക്കുറിച്ച് വിവരിക്കുന്ന 'ദേവീമഹാത്മ്യം' ലളിതമായ സംസ്കൃതശ്ലോകങ്ങളായി രചിച്ചു വ്യാസന്‍.

സ്യമന്തകമണി മോഷണം പോയതുകാരണം അപവാദത്തിന് പാത്രീഭൂതനായ കൃഷ്ണന്‍റെ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിതാവ് വസുദേവന്‍ നവരാത്രി വ്രതം അനുഷ്ഠിച്ചതിന്‍റെ ഫലമായിട്ടാണ് ആ അപവാദത്തില്‍ നിന്നും കൃഷ്ണന്‍ മുക്തനായത്. വിവസ്വാന്‍റെ കൊച്ചുമകനായ ഇളന്‍, പാര്‍വ്വതിയുടെ ശാപത്താല്‍ പെണ്ണായി മാറി നവഗ്രഹങ്ങളില്‍ ഒരാളായ ബുധനെ വിവാഹം കഴിച്ചു. അതിനുശേഷം നവരാത്രി വ്രതം അനുഷ്ഠിച്ച് ശാപമോക്ഷം നേടി വീണ്ടും ആണിന്‍റെ രൂപം പ്രാപിച്ചു ഇളന്‍. ശ്രീരാമന്‍ നാരദന്‍റെ നിര്‍ദ്ദേശപ്രകാരം നവരാത്രി വ്രതം അനുഷ്ഠിച്ച് ദേവിയുടെ അനുഗ്രഹം നേടിയാണ് രാവണനെ പരാജയപ്പെടുത്തിയത്.

ദുര്യോധനന്‍റെ നീതിക്കുനിരക്കാത്ത ആജ്ഞയാല്‍ വനവാസം നടത്തിയ പാണ്ഡവര്‍, അതിനുശേഷം അജ്ഞാതവാസം നടത്തിയതും ഒടുവില്‍ ധര്‍മ്മം വിജയിച്ചതും നവരാത്രിവ്രതം അനുഷ്ഠിച്ച് അംബികയുടെ അനുഗ്രഹം നേടിയതുകൊണ്ടാണ്. മരപ്പൊത്തുകളില്‍ തങ്ങള്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങള്‍ പാണ്ഡവര്‍ എടുത്ത ദിവസം വിജയദശമി നാളിലായിരുന്നെന്നും അതുകൊണ്ട് അന്നേദിവസം ആയുധങ്ങള്‍ പൂജിക്കുന്ന ആചാരം ഉണ്ടായെന്നും പറയാറുണ്ട്. 

അഗസ്ത്യമഹര്‍ഷി മുരുകനോട് നവരാത്രിയുടെ മഹത്വം വിവരിക്കുന്ന കഥകളും അംബികയുടെ അത്ഭുതങ്ങളും തനിക്ക് ആവശ്യപ്പെട്ടതായും, അതുപ്രകാരം കുമാരന്‍ കുറുമുനി അഗസ്ത്യന് അത് പറഞ്ഞുകൊടുത്തുവെന്നും ദേവീഭാഗവതത്തില്‍ പറയുന്നു. അസുരന്മാര്‍ക്ക് അഹങ്കാരം മൂത്ത് ദേവന്മാര്‍ക്ക് ആപത്ത് ഭവിച്ചപ്പോഴെല്ലാം അവര്‍ പരാശക്തിയായ അംബികയെ തൊഴുത് പ്രാര്‍ത്ഥിച്ചു. നവരാത്രികാലത്ത് ചണ്ഡികയായി അവതരിച്ച് ഒന്‍പത് കോടി രൂപങ്ങളെടുത്ത് തിന്മയെ നിഗ്രഹിച്ച് നന്മയേകി മഹാശക്തിയായതും പരാശക്തിയെന്ന് ദേവീമാഹാത്മ്യം പറയുന്നു.

ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രകാണ്ഡാ, കൂഷ്മാണ്ഡാ, സ്കന്ദമാതാ, കാത്ത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നീ ഒന്‍പത് ഭാവങ്ങളില്‍ ദേവിയെ നവരാത്രികളില്‍ പൂജിക്കുന്നവര്‍ക്ക് ഒരുതരത്തിലുള്ള ദുഃഖദുരിതങ്ങളും ഉണ്ടാവില്ലെന്നും, പല നന്മകളും ലഭിക്കുമെന്നും മാര്‍ക്കണ്ഡേയ മഹര്‍ഷിയോട് ബ്രഹ്മാവ് പറയുന്ന ഒരു ശ്ലോകം മാര്‍ക്കണ്ഡേയ പുരാണത്തിലുണ്ട്. നവരാത്രിയുടെ മഹനീയതയെ അംബിക തന്നെ വിവരിച്ചതായി പറയുന്നു ദേവീഭാഗവതം. കാശി രാജാവിന്‍റെ പുത്രിയായ ശശികല തന്‍റെ മനസ്സിന് ഇഷ്ടപ്പെ ദേവിയുടെ പരമഭക്തനായ സുദര്‍ശനനെ വിവാഹം കഴിച്ചു.

ആ വിവാഹത്തെ എതിര്‍ത്ത അവളുടെ സഹോദരന്‍, സുദര്‍ശനനെ വധിക്കാനായി സേനയെ അയച്ചു. ദേവീഭക്തനായ സുദര്‍ശനന്‍ ദേവിയെ തൊഴുത് പ്രാര്‍ത്ഥിക്കവേ, ദേവി ദുര്‍ഗ്ഗയായി അവതരിച്ച് അവനെ സംരക്ഷിച്ചു. ഒപ്പം കോസല രാജ്യത്തിന്‍റെ രാജാവായി അവന് കിരീടധാരണവും നടത്തിക്കൊടുത്തു. അതിനുശേഷം സുദര്‍ശനനും അവന്‍റെ ജനങ്ങളും കന്നിമാസത്തിലോ, തുലമാസത്തിലോ ശരത് ഋതുവില്‍ വരുന്ന നവരാത്രിവ്രതം മുടങ്ങാതെ അനുഷ്ഠിച്ചാല്‍ താന്‍ എപ്പോഴും അവരെ കാത്തുരക്ഷിക്കുമെന്ന് ദുര്‍ഗ്ഗാദേവി അരുളി ചെയ്ത് അനുഗ്രഹിച്ചു. ശ്രീരാമന്‍റെ പൂര്‍വ്വികനായ ഈ സുദര്‍ശനരാജാവിലൂടെയാണ് 'നവരാത്രിവ്രതം' ലോകമാകെ പ്രചാരം നേടിയത് എന്നും പറയപ്പെടുന്നു.

എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന മഹത്തായ നവരാത്രിയെ എങ്ങനെ ആഘോഷിക്കണമെന്നും പുരാണങ്ങളില്‍ പറയുന്നുണ്ട്. നവരാത്രിവ്രതം കന്നിമാസത്തില്‍ വരുന്ന മഹാലയ അമാവാസിയുടെ അടുത്തദിവസമായ പ്രഥമനാളില്‍ തുടങ്ങുന്നു. എന്നാല്‍ മഹാലയ അമാവാസി ദിവസം രാത്രി തന്നെ വ്രതം തുടങ്ങുന്നവരുമുണ്ട്. നവരാത്രി വ്രതം കുടുംബപൂജയോടെയാണ് തുടങ്ങുന്നത്. ഇച്ഛാ, ജ്ഞാന, ക്രിയാശക്തികളെ അനുഗ്രഹിച്ചേകുന്ന പാര്‍വ്വതി, ലക്ഷ്മി, സരസ്വതി മൂവരേയും ഒരേ അംശമായി, ഒന്നായി സങ്കല്‍പ്പിച്ച് മഹാശക്തിയായ അവളെ കലശത്തില്‍ എഴുന്നെള്ളിച്ച് പ്രാര്‍ത്ഥിക്കുന്നതാണ് ഈ പൂജ.

നവരാത്രി ആരംഭിക്കുന്ന പ്രഥമതിഥി ദിവസം അതിരാവിലെ എഴുന്നേറ്റ് എണ്ണതേച്ച് കുളിച്ച്, കൊലുവയ്ക്കാന്‍ പോകുന്ന സ്ഥലത്ത് കിഴക്കോട്ട് അഭിമുഖമായിട്ട് ഇരുന്നുകൊണ്ടുവേണം പൂജ തുടങ്ങാന്‍. ഒരു പലക നല്ലവണ്ണം കഴുകി വൃത്തിയാക്കി തുടച്ച്, അതിനുമീതെ കോലം വരയ്ക്കണം. ശ്രീചക്രം വരയ്ക്കാന്‍ അറിയുന്നവര്‍ക്ക് അത് വരയ്ക്കാം. അതിനുമീതെ നാക്കില(വാഴയില) വച്ച് കുറച്ച് നെല്ലോ അരിയോ പരത്തിവയ്ക്കുക. 

അതിനുമീതെ വെള്ളിയിലോ, ചെമ്പിലോ ഉള്ള കലശം വെച്ച് അതില്‍ ശുദ്ധജലം നിറയ്ക്കണം. പച്ചകര്‍പ്പൂരം, കുറച്ച് ചന്ദനം, ഒന്നോ രണ്ടോ പൂവിതള്‍ എന്നിവ അതില്‍ ഇടുക. അഴുക്കില്ലാത്ത പുതിയ നാണയങ്ങളും അതിലേയ്ക്ക് ഇടുക. കഴിവുള്ളവര്‍ക്ക് ചെറിയ സ്വര്‍ണ്ണമോ വെള്ളിയോ ഇടാം. കലശത്തിന്‍റെ വായ് ഭാഗത്ത് മാവിലകള്‍ തിരുകിവെച്ച്, മഞ്ഞള്‍പൂശിയ നാളികേരം അതിനുമീതെ വയ്ക്കുക. 

കലശത്തിന്‍റെ കഴുത്തില്‍ ചുവപ്പുനിറത്തിലോ കടുത്ത കാവിനിറത്തിലോ ഉള്ള തുണി ചുറ്റുക. പൂജാമുറിയില്‍ നിങ്ങള്‍ പതിവായി തൊഴുത് പ്രാര്‍ത്ഥിക്കുന്ന ദൈവത്തിനുമുന്നില്‍ വിളക്കുകത്തിച്ചുവച്ച ശേഷം കലശത്തിന്‍റെ മുന്നിലും ഒരു വിളക്ക് കത്തിച്ചുവെയ്ക്കുക. (അവരവരുടെ ഇഷ്ടാനുസരണമോ ആചാരപ്രകാരമോ നിലവിളക്ക്, കാമാക്ഷി വിളക്ക് എന്നീ വിളക്കുകളും കത്തിച്ചുവയ്ക്കാം) കലശത്തിന്‍റെ മുമ്പിലായി ഒരു വെറ്റില വെച്ച് അതിനുമീതെ മഞ്ഞള്‍പ്പൊടി നനച്ച് ഗണപതിയെ പിടിച്ചുവയ്ക്കുക. 

ആ ഗണപതിക്ക് കുങ്കുമപ്പൊട്ട് വച്ച്, കുറച്ചു പൂമാല അണിയിക്കുക. ശേഷം കലശത്തിനും പൊട്ട് വച്ച് അതിനും പൂമാല അണിയിക്കുക. എന്നിട്ട് ധൂപം കാണിക്കുക. (ചന്ദനത്തിരി കത്തിച്ച് പഴത്തില്‍ കുത്തിവയ്ക്കരുത്. അതുപോലെ സാമ്പ്രാണി കത്തിച്ച് പുകയ്ക്കുകയാണെങ്കില്‍ കനലിനെ വായ് കൊണ്ട് ഊതരുത്) ആദ്യം ഗണപതിയോട് പ്രാര്‍ത്ഥിച്ചശേഷം ലക്ഷ്മി, പാര്‍വ്വതി,  സരസ്വതിമാരെ കലശത്തില്‍ എഴുന്നെള്ളുവാന്‍ മനസ്സില്‍ പ്രാര്‍ത്ഥിക്കുക. മൂന്ന് ദേവിമാരും കലശത്തില്‍ ആവാഹിക്കപ്പെട്ടതായി സങ്കല്‍പ്പിച്ച് ധൂപ, ദീപം കാണിച്ച് പ്രാര്‍ത്ഥിക്കുക. ശേഷം കാച്ചിയ പാലില്‍ പഞ്ചസാര ചേര്‍ത്ത് നേദിക്കുക. പാല്‍പായസം നേദിക്കാം.

അവരവരുടെ ആചാരപ്രകാരം കൊലുവയ്ക്കുക. കൊലുവിന് മുന്നില്‍ കലശം അതേപടിവെച്ച്, നവരാത്രിയിലെ ഒന്‍പത് ദിവസവും പത്താം ദിവസമായ വിജയദശമി നാളിലും ആദ്യത്തെ പൂജ കലശത്തിനും ചെയ്യുക. കൊലുവിന് തയ്യാറാക്കിയിട്ടുള്ള നേദ്യവും ആദ്യം കലശത്തിന് സമര്‍പ്പിക്കണം.
 
അംബികയുടെ പുരാണങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ പാരായണം ചെയ്യുകയും പാടുകയും ചെയ്യാം. ഇവയൊക്കെ ഇരട്ടി പുണ്യം നേടിത്തരും. ദിവസവും ഈ പൂജ ചെയ്തുതീരും വരെ ആഹാരം കഴിക്കാതിരിക്കുന്നത് ശ്രേഷ്ഠമാണ്. ഭക്ഷണം ഒഴിവാക്കാനാവാത്തവര്‍ക്ക് പാലോ പഴങ്ങളോ കഴിക്കാം. കലശം മാറ്റാതെ ഓരോ ദിവസവും പഴയ പൂക്കളും പൂമാലകളും മാറ്റി നിവേദ്യം ചെയ്യുക. പാര്‍വ്വതി/ അംബികയുടെ മഹിമകളെക്കുറിച്ച് സംസാരിക്കുന്നതും അമ്മയുടെ പാദാരവിന്ദങ്ങളെ തൊഴുത് ശ്ലോകങ്ങള്‍ പാടുന്നതും ഒന്‍പത് ദിവസവും തുടരണം. 

ആദ്യത്തെ മൂന്നുദിവസം ദുര്‍ഗ്ഗയേയും, അടുത്ത മൂന്നുദിവസം ലക്ഷ്മിയേയും അവസാനത്തെ മൂന്നുദിവസം സരസ്വതിയേയും തൊഴുത് പ്രാര്‍ത്ഥിക്കുക. നവരാത്രിയിലെ അവസാനത്തെ മൂന്നുദിവസം സരസ്വതിദേവിക്കായി ഉള്ളതാണ്. മൂലം നക്ഷത്രം ഉച്ചത്തിലുള്ളപ്പോള്‍ സരസ്വതിദേവി അവതരിച്ചു എന്നാണ് ഐതിഹ്യം. എല്ലാം മൂലത്തില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത് എന്നതിനെ സാധൂകരിക്കുംവിധം സരസ്വതി മൂലം നക്ഷത്രത്തില്‍ അവതരിച്ചു. ജ്ഞാനം, വിദ്യ, കല എന്നിവയെ കൂടാതെ ആയുസ്, ആരോഗ്യം എന്നിവയും സരസ്വതികടാക്ഷത്താല്‍ കിട്ടുമെന്ന് ഭവിഷ്യോത്തര പുരാണം പറയുന്നു. 

മാര്‍ക്കണ്ഡേയ പുരാണവും, ദേവീഭാഗവതവും സരസ്വതിയുടെ മഹത്വത്തെക്കുറിച്ച് വര്‍ണ്ണിച്ച് പറയുന്നുണ്ട്. മേന്മകള്‍ ഒട്ടേറെ അനുഗ്രഹിച്ചേകുന്ന സരസ്വതിയെ മൂലം നക്ഷത്രം വരുന്ന ദിവസം മുതല്‍ തിരുവോണനക്ഷത്രം വരുന്ന ദിവസംവരെ പൂജിക്കണം എന്നാണ് നിയമം. സത്വഗുണമുള്ള സരസ്വതി ജ്ഞാനശക്തിയുടെ രൂപമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. നവരാത്രിയുടെ ഒന്‍പതുദിവസവും പൂജ, വ്രതം എന്നിവ അനുഷ്ഠിക്കണമെന്നും അതിന് കഴിയാത്തവര്‍ അഷ്ടമിതിഥി വരുന്ന ദിവസമെങ്കിലും നിര്‍ബന്ധമായും വ്രതം അനുഷ്ഠിക്കണമെന്നും പുരാണങ്ങള്‍ അനുശാസിക്കുന്നു.

നവരാത്രി നാളുകളില്‍ സ്ത്രീകളെ എല്ലാവരേയും അംബികയുടെ അംശമായി കരുതി അവരെ സ്നേഹിക്കയും ബഹുമാനിക്കയും വേണം. അതുകൊണ്ട് നവരാത്രി ദിവസങ്ങളില്‍ വീട്ടില്‍ വരുന്ന സ്ത്രീകള്‍, കുട്ടികള്‍ മുതല്‍ ഏത് പ്രായക്കാരാണെങ്കിലും അവരെ അംബികയായി സങ്കല്‍പ്പിച്ച് ഐശ്വര്യവസ്തുക്കള്‍(കുങ്കുമം, പൂവ്, പുതുവസ്ത്രം) എന്നിവ നല്‍കി ഉപചരിച്ചാല്‍ വീട്ടില്‍ നിരന്തരമായി ഐശ്വര്യം നിലനില്‍ക്കും.

വിജയദശമിദിനത്തില്‍ അംബിക അഹങ്കാരം, കല്‍മഷം, മായ എന്നിവയുടെ മൂര്‍ത്തീഭാവമായ അസുരന്മാരെ ഉന്മൂലനം (വധിച്ച്) ചെയ്ത് വിജയകിരീടം അണിഞ്ഞു. അതായത് അഹങ്കാരത്തെ ശക്തികൊണ്ടും, ദാരിദ്ര്യത്തെ സമ്പത്തുകൊണ്ടും, അജ്ഞതയെ ജ്ഞാനം കൊണ്ടും കീഴടക്കണം എന്നതാണ് ഇതിന്‍റെ അകപ്പൊരുള്‍. അതുകൊണ്ട് വിജയദശമി ദിവസവും ശ്രേഷ്ഠമായതായി പറയപ്പെടുന്നു. അന്നേദിവസം പഠിച്ചുതുടങ്ങുന്ന ഏത് കലയും വളരെ പെട്ടെന്ന് ഹൃദിസ്ഥമാവും. 

നവരാത്രി ആഘോഷങ്ങള്‍ പൂര്‍ത്തിയാവുന്നതും വിജയദശമി നാളിലാണ്. അന്നേദിവസം കലശപൂജയില്‍ ഉപയോഗിച്ച കലശത്തിന്‍റെ മുമ്പാകെ ഇരുന്ന് മൂന്ന് ശക്തികളേയും മനസ്സില്‍ ധ്യാനിച്ച് 'ആരതി' നടത്താം. 'ദേവിമാരേ ഈ കലശത്തില്‍ നിറഞ്ഞിരിക്കുന്ന നിങ്ങള്‍ ഇനി എന്നും ഞങ്ങളുടെ കുടുംബത്തില്‍ നിത്യവാസം ചെയ്ത് സര്‍വ്വഐശ്വര്യങ്ങളും അനുഗ്രഹിച്ചേക്കണം' എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് കലശത്തെ അല്‍പ്പം വടക്കോട്ട് നീക്കണം. 

ശേഷം കലശത്തിലെ ജലം മാവിലകൊണ്ട് വീടുമുഴുവന്‍ തളിക്കണം. ഇങ്ങനെ നവരാത്രിപൂജ ചെയ്യുന്നതിലൂടെ മൂന്ന് മഹാദേവിമാരുടേയും ഉള്ളം കുളിരും. അവരുടെ അനുഗ്രഹത്താല്‍ എല്ലാ ഐശ്വര്യങ്ങളും ലഭിച്ച് ജീവിതം ആനന്ദപ്രദമാവും.