ശ്രീപത്മനാഭന്‍റെ മണ്ണിലെ  ബൊമ്മക്കൊലുക്കള്‍...

ശ്രീപത്മനാഭന്‍റെ മണ്ണിലെ ബൊമ്മക്കൊലുക്കള്‍...

HIGHLIGHTS

നവരാത്രിയെന്നാല്‍ ബൊമ്മക്കൊലുവിന്‍റെ നാളുകളാണ് തിരുവനന്തപുരത്തെ അഗ്രഹാരത്തെരുവുകള്‍ക്ക്. ശ്രീപത്മനാഭന്‍റെ മണ്ണില്‍ കുടികൊള്ളുന്ന സകലമാന ഐശ്വര്യങ്ങള്‍ക്കും നിദാനം ദേവീകടാക്ഷമാണെന്ന് ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ദേവിപ്രീതിക്കായി അവര്‍ നവരാത്രി വ്രതമെടുക്കുന്നതും പതിവാണ്. വാസ്തവത്തില്‍ കേരളത്തിന് പുറത്തുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരോ അല്ലെങ്കില്‍ ഇപ്പോഴും അവിടെ വേരുകള്‍ ഉള്ളവരോ ആയ ബ്രാഹ്മണരാണ് ബൊമ്മക്കൊലുവിന്‍റെ തലസ്ഥാനത്തെ വക്താക്കള്‍ എന്നുപറഞ്ഞാലും തെറ്റുണ്ടാകില്ല. തുളുബ്രാഹ്മണന്മാരും അക്കൂട്ടത്തിലുണ്ട്. മഹാനവമി, വിജയദശമി നാളുകള്‍ക്ക്(പൂജവയ്പ്പ്) മുന്നോടിയായി നടക്കുന്ന നവരാത്രി മഹോത്സവത്തിന് അനുബന്ധമായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.

വരാത്രിയെന്നാല്‍ ബൊമ്മക്കൊലുവിന്‍റെ നാളുകളാണ് തിരുവനന്തപുരത്തെ അഗ്രഹാരത്തെരുവുകള്‍ക്ക്. ശ്രീപത്മനാഭന്‍റെ മണ്ണില്‍ കുടികൊള്ളുന്ന സകലമാന ഐശ്വര്യങ്ങള്‍ക്കും നിദാനം ദേവീകടാക്ഷമാണെന്ന് ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ദേവിപ്രീതിക്കായി അവര്‍ നവരാത്രി വ്രതമെടുക്കുന്നതും പതിവാണ്. വാസ്തവത്തില്‍ കേരളത്തിന് പുറത്തുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരോ അല്ലെങ്കില്‍ ഇപ്പോഴും അവിടെ വേരുകള്‍ ഉള്ളവരോ ആയ ബ്രാഹ്മണരാണ് ബൊമ്മക്കൊലുവിന്‍റെ തലസ്ഥാനത്തെ വക്താക്കള്‍ എന്നുപറഞ്ഞാലും തെറ്റുണ്ടാകില്ല. തുളുബ്രാഹ്മണന്മാരും അക്കൂട്ടത്തിലുണ്ട്. മഹാനവമി, വിജയദശമി നാളുകള്‍ക്ക്(പൂജവയ്പ്പ്) മുന്നോടിയായി നടക്കുന്ന നവരാത്രി മഹോത്സവത്തിന് അനുബന്ധമായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.

തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നവരാത്രി കാലങ്ങളില്‍ ദേവീദേവന്മാരുടെ ബൊമ്മകള്‍(പാവകള്‍) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു. ഇതിപ്പോള്‍ തലസ്ഥാനത്തെ അഗ്രഹാരത്തെരുവുകളുടെ ആഘോഷം കൂടിയാണ്. തലസ്ഥാനത്ത് ഇതെന്നുമുതലാണ് വ്യാപകമായത് എന്നതിനെക്കുറിച്ച് കൃത്യമായ രേഖകളൊന്നുമില്ല. ഏതായാലും ബൊമ്മക്കൊലു ഒരുക്കല്‍ രാജഭരണകാലത്ത് തന്നെ പ്രചുരപ്രചാരത്തിലുണ്ടായിരുന്ന സംഗതിയാണെന്ന് ഇവിടത്തെ പഴമക്കാര്‍ പറയുന്നു. ബൊമ്മക്കൊലു എന്ന പദം 'പാവ' എന്നര്‍ത്ഥം വരുന്ന 'ബൊമ്മ' എന്നതും 'പടികള്‍' എന്നര്‍ത്ഥം വരുന്ന 'കൊലു' എന്ന വാക്കും കൂടിച്ചേര്‍ന്നുണ്ടായതാണ്. ബൊമ്മക്കൊലു എന്നത് തമിഴ്വാക്കാണ്. തെലുങ്കില്‍ ഇത് ബൊമ്മിലക്കൊലുവും കന്നടത്തില്‍ ഇത് ബോംബേ ഹബ്ബയുമാണ്.

നവരാത്രിയുടെ ആദ്യദിവസം ഗണപതി പൂജയ്ക്ക് ശേഷം കുടുംബത്തിലെ മുതിര്‍ന്ന ആള്‍ സരസ്വതി, പാര്‍വ്വതി, ലക്ഷ്മി ദേവിമാര്‍ക്കുവേണ്ടി കലശാവാഹനപൂജ നടത്തുന്നു. അതിനുശേഷം മരത്തടികള്‍ കൊണ്ട് പടികള്‍(കൊലു) ഉണ്ടാക്കുന്നു. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത്, പതിനൊന്ന് എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികള്‍ നിര്‍മ്മിക്കുന്നത്. പടികള്‍ക്ക് മുകളില്‍ തുണി വിരിച്ചശേഷം ദേവീദേവന്മാരുടെ ബൊമ്മകള്‍ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനുമനുസരിച്ച് അതില്‍ നിരത്തിവയ്ക്കുന്നു. തുടര്‍ന്ന് പൂജയുടേയും ആരാധനയുടേയും ഭക്തിസാന്ദ്രമായ ദിനരാത്രങ്ങളാണ്.

നവരാത്രി ആഘോഷം ഇങ്ങനെ

ആരാധനയുടെയും കലകളുടെയും വിദ്യാരംഭത്തിന്‍റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്കൃത പദത്തിന്‍റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ദേവി ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാള്‍ മഹാസരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയില്‍ നവദുര്‍ഗ്ഗാ അഥവാ ദുര്‍ഗ്ഗയുടെ ഒന്‍പത് ഭാവങ്ങളെ ആരാധിക്കുന്നു എന്നും പറയാം. ഇത് മഹാഗൗരിയില്‍ തുടങ്ങി സിദ്ധിദാത്രിയില്‍ അവസാനിക്കുന്നതാണ്. 

നവരാത്രി ഭഗവതിപൂജയ്ക്ക് പേരുകേട്ട ദിവസങ്ങളായാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. ഭഗവതി ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ക്ഷേത്രങ്ങളിലും ഉത്സവം, പൊങ്കാല, പൂരം, ദേവീഭാഗവത നവാഹയജ്ഞം, ഐശ്വര്യപൂജ എന്നിവയും നടത്താറുണ്ട്.

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്... തിന്മയുടെ മേല്‍ നന്മ.. ഇതാണ് നവരാത്രി നല്‍കുന്ന സന്ദേശം. സൃഷ്ടിയുടെ മഹാശക്തിക്കാണ് പരാശക്തിയെന്ന് പറയുന്നത്. കാലദേശവിധേയമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ പശ്ചാത്തലം ഒന്നുതന്നെയാണ്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തെയും തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടാകുന്ന വിജയത്തെയുമാണ് അത് ലക്ഷ്യമാക്കുന്നത്. ലോകത്തിലെ സകലശക്തിക്കും അതീതമായ ആദിപരാശക്തി ഭക്തന്മാരുടെ നന്മയെ കരുതി സത്വരജസ്തമോഗുണങ്ങളായും സൃഷ്ടിസ്ഥിതിസംഹാരവൃത്തികളായും ഇച്ഛാക്രിയാജ്ഞാനശക്തികളായും പ്രകീഭവിക്കുന്നതാണ് ദുര്‍ഗ്ഗയും ലക്ഷ്മിയും സരസ്വതിയും. ത്രിഗുണാത്മികയായ പരാശക്തി പല പേരുകളില്‍ നാനാശക്തികളായി പ്രവര്‍ത്തിക്കുന്നു.

നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തിവേളയില്‍ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്. തലസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആറ്റുകാല്‍ ദേവീക്ഷേത്രമാണ് പ്രധാന വിദ്യാരംഭകേന്ദ്രം. ആയിരക്കണക്കിന് കുരുന്നുകളാണ് ഓരോ കൊല്ലവും ആറ്റുകാല്‍ അമ്മയുടെ തിരുസന്നിധിയില്‍ ആദ്യാക്ഷരം കുറിക്കാനെത്തുന്നത്.