നവരാത്രി മഹോത്സവം
നവരാത്രിക്കാലത്ത് ജ്ഞാനദായിനിയും മുക്തിദായിനിയും ശത്രുനാശിനിയുമായ ദുര്‍ഗ്ഗയെ പൂജിക്കുന്നത് സവിശേഷത നിറഞ്ഞതാണ്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ ചൈതന്യങ്ങള്‍ ഒന്നാകുന്ന മൂര്‍ത്തിയാണ് ദുര്‍ഗ്ഗാഭഗവതി. അതിനാല്‍ നവരാത്രിക്കാലത്ത് ദുര്‍ഗ്ഗാപൂജയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ഈ പുണ്യദിനമാണ് നവരാത്രിയായി ആഘോഷിക്കുന്നത്
ഹൈന്ദവ അനുഷ്ഠാനത്തിന്‍റെ ഭക്തിനിര്‍ഭരമായ അലൗകിക അന്തരീക്ഷത്തില്‍ ആഘോഷപൂര്‍വ്വമായി നവരാത്രി മഹോത്സവം വന്നെത്തി. കേരളത്തില്‍ കന്നി- തുലാം മാസങ്ങളില്‍ സരസ്വതിപൂജയായും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ അശ്വനി- കാര്‍ത്തിക മാസങ്ങളില്‍ ആയുധപൂജയായും ആചരിക്കപ്പെടുന്ന മതപരമായ ആഘോഷത്തിന്‍റെ കാലമാണിത്. വിജയദശമിനാളിന് പത്തുദിവസം മുന്‍പ് ആരംഭിച്ച് ഒന്‍പത് രാത്രികള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവം എന്ന അര്‍ത്ഥത്തില്‍ നവരാത്രി മഹാത്മ്യമായി, ഒന്നാം ദിവസം പ്രത്യേക പൂജകളും മറ്റും നടത്തി വരുന്ന പതിവുണ്ട്. പലയിടത്തും ഈ സ്തോത്രാലാപം സംഗീത കലാപ്രകടനമായി നടത്താറുണ്ട്. തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇതിനായി പ്രത്യേകം നീക്കിവച്ചിട്ടുള്ള നവരാത്രിമണ്ഡപത്തില്‍ സ്വാതി തിരുനാള്‍ മഹാരാജാവിന്‍റെ കാലം തൊട്ട് നവരാത്രിപൂജയും ഒന്‍പതുദിവസത്തെ സംഗീതപൂജയും നടത്തിവരുന്നു.
നവരാത്രിപൂജ ആരംഭിക്കുന്ന ദിവസം മുതല്‍ ഓരോ പ്രദേശത്തെയും ആളുകള്‍ ആരാധനയുടെ സ്വഭാവം അനുസരിച്ച് ഗ്രന്ഥങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പൂജാപീഠത്തിന് മുമ്പില്‍ സമര്‍പ്പിക്കുകയും വിജയദശമിനാളില്‍ അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ വിദ്യക്കോ ജീവിത വൃത്തിക്കോ ദേവതയുടെ അനുഗ്രഹം ആര്‍ജ്ജിക്കുക എന്നതാണ് ഇതിനുപിന്നിലെ സങ്കല്‍പ്പം. കുട്ടികളെ എഴുത്തിനിരുത്താനും കേരളീയര്‍ തെരഞ്ഞെടുക്കുന്ന ദിവസം ഇതാണ്. കര്‍ണ്ണാടകത്തിലും ബംഗാളിലും മറ്റും ഇത് ദുര്‍ഗ്ഗാപൂജയ്ക്കുള്ള അവസരമാണ്. മൈസൂറില്‍ ഇത് അവസാനിക്കുന്നത് രാജകീയമായ ഘോഷയാത്രയോടുകൂടിയാണ്. എട്ടാമത്തെ പൂജാദിവസം ദുര്‍ഗ്ഗാഷ്ടമിയായാണ് എല്ലായിടത്തും കണക്കാക്കിവരുന്നത്. പൂജാവേദിയില്‍ കൊലു എന്ന പേരില്‍ വിഗ്രഹങ്ങളും പ്രതിമകളും പാവകളും നിരത്തിവച്ച് അലങ്കരിക്കുന്ന പതിവുമുണ്ട്.
പരാശക്തി സ്വരൂപണിയായ ദേവിയെ ആപത്നിവാരണമായും ധനാഭിവൃദ്ധിക്കായും പൂജിക്കുന്ന അതിപ്രധാന ദിവസമാണ് നവരാത്രി എന്ന് വിശേഷിപ്പിക്കുന്നത്. പരാശക്തിയുടെ മൂന്ന് രൂപങ്ങളാണ് സരസ്വതിയും, മഹാലക്ഷ്മിയും, പാര്‍വ്വതിയും. അതുകൊണ്ട് ഇവരില്‍ ആരെ വേണമെങ്കിലും ആരാധിക്കാം. സാക്ഷാല്‍ പരാശക്തിയെത്തന്നെ ആരാധിക്കുന്നതിലും വിരോധമില്ല. അശ്വനി മാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതലാണ് നവരാത്രി ആരംഭിക്കുന്നത്. അതുകൊണ്ട് അന്ന് മുതല്‍ ഒരു മണ്ഡപമാക്കി അതില്‍ ദേവിയെ കുടിയിരുത്തി ദേവിഭാഗവതം, ദേവിമാഹാത്മ്യം മുതലായവ വായിക്കുകയും വേണം.
കോസലദേശത്തിലെ പരമദരിദ്രനായ സുശീലന്‍ എന്ന വൈശ്യന് ഒരു ബ്രാഹ്മണന്‍ നവരാത്രിവ്രതവും ദേവീപൂജയും ഉപദേശിച്ചുകൊടുത്തു. അദ്ദേഹം അത് കൃത്യമായി അനുഷ്ഠിക്കയാല്‍ അചിരേണ ദാരിദ്ര്യം മാറി ധനവാനായിത്തീര്‍ന്നു. സീതാപഹരണം മൂലം ദുഃഖിതനായ രാമന് നാരദന്‍ നവരാത്രിവ്രതോപദേശം ചെയ്തു. അദ്ദേഹം ആ വ്രതം കൃത്യമായി അനുഷ്ഠിച്ചു. തന്മൂലം വാനരസൈന്യത്തിന്‍റെ സഹായത്തോടുകൂടി ലങ്കയിലെത്തി രാവണനെ യുദ്ധത്തില്‍ വധിക്കുകയും സീതയെ വീണ്ടെടുക്കുന്നതിനും സാധിച്ചു.
ശത്രുസംഹാരം ചെയ്ത് അഭീഷ്ടം കൈവരുത്തുകയെന്നുള്ളത് നവരാത്രി വ്രതത്തിന്‍റെ പ്രത്യേകതയാണ്. ദക്ഷിണ ഭാരതത്തിലെ നവരാത്രി കര്‍ണ്ണാടകര്‍ക്ക് ദശരാത്രിയാണ്. ബംഗാളികള്‍ക്ക് കാളീപൂജയാണ്. ദേവി മഹിഷാസുരനെക്കൊന്ന് ദേവതകള്‍ക്ക് സമാധാനമുണ്ടാക്കി കൊടുത്ത ദിവസമാണ് നവരാത്രി എന്ന് ചിലര്‍ പറയുന്നു.
ദനൂജരായ രംഭനും കരംഭനും കഠിനമായ തപസ്സുചെയ്തുകൊണ്ടിരിക്കെ ദേവേന്ദ്രന്‍ മുതലയായി ചെന്ന് കരംഭനെ കൊന്നുകളഞ്ഞു. കോപാകുലനായ രംഭന്‍ പിന്നീട് കഠിന തപസ്സ് ചെയ്തു ഇന്ദ്രലോകം കൈക്കലാക്കി ശക്തിയും പ്രഭാവവുമുള്ള ഒരു പുത്രനുണ്ടാകുന്നതിനുള്ള വരം ബ്രഹ്മാവില്‍ നിന്നുവാങ്ങി.
അതനുസരിച്ച് രംഭന് മഹിഷിയിലുണ്ടായ പുത്രനാണ് മഹിഷന്‍. അവന്‍ തപസ്സ് ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി ഒരു അബലമൂലമല്ലാതെ മറ്റാരാലും താന്‍ വധ്യനല്ലെന്നുള്ള വിവരം വാങ്ങിക്കൊണ്ടു ദേവലോകത്തെത്തി. ഇന്ദ്രനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് ഇന്ദ്രനായി അവിടെ വാണു. ദേവന്മാരെല്ലാം അതോടുകൂടി ഓടി ഒളിച്ചു. സ്വര്‍ഗ്ഗം അസുരന്മാരുടെ നാടായി തീര്‍ന്നു. ഒളിച്ചോടിപ്പോയ ഇന്ദ്രന്‍ പരാശക്തി സ്വരൂപിണിയായ ദേവിയെ ഭജിച്ചു. ബ്രഹ്മാ- വിഷ്ണു-മഹേശ്വരന്മാരുടെയും മറ്റ് ദേവകളുടെയും ശക്തി ഒത്തുച്ചേര്‍ന്നുണ്ടായ ദേവി ദേവന്മാരില്‍ നിന്ന് ആയുധധാരിയായി മഹിഷനെ യുദ്ധത്തില്‍ വധിക്കുകയും ദേവലോകം ശത്രുബാധയകറ്റി ഇന്ദ്രന് തന്നെ പ്രദാനം ചെയ്യുകയുമുണ്ടായി. മഹിഷാസുരവധം നടന്ന ദിവസമാണ് വിജയദശമി. അതുകൊണ്ട് ആയുധപൂജ ഒരു പതിവായി.
മഹിഷപുരമാണ് മൈസൂര്‍. വിജയദശമി ദിവസം മൈസൂര്‍ രാജാവും തിരുവിതാംകൂര്‍ രാജാവും അസ്ത്രവിദ്യ അഭ്യസിക്കാന്‍ ആഡംബരസഹിതം പോകുന്ന ഒരു ചടങ്ങുണ്ടായിരുന്നു. തൊഴിലാളികള്‍ അവരവരുടെ പണി ആയുധങ്ങള്‍ വച്ച് പൂജിക്കുന്നു. സരസ്വതിയും കാളിയും ലക്ഷ്മിയും എല്ലാം പരാശക്തിയായി ഓരോ നാട്ടുകാര്‍ ഓരോ ദേവിയെ ആരാധിച്ചാലും ഫലം ഒന്നുതന്നെയാകുന്നു. കര്‍ണ്ണാടകത്തില്‍ ചണ്ഡികാദേവിയെ ആരാധിക്കുമ്പോള്‍ കേരളത്തില്‍ സരസ്വതിയേയും കൊല്‍ക്കത്തയില്‍ കാളിയേയും ആരാധിക്കുന്നു.
ദക്ഷന്‍റെ യാഗം മുടക്കി അവനെ വധിച്ച ഭദ്രയുടെ ജന്മദിവസമാണ് ജന്മാഷ്ടമി. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ഈ മൂന്ന് ദിവസവും ദേവീപൂജ നടത്തുന്നവര്‍ക്ക് ആപത്തുകള്‍ ഉണ്ടാകുകയില്ല. ദാരിദ്ര്യബാധയും വിട്ടുപോകും. കുട്ടികളെ എഴുത്തിനിരുത്തുന്നത് വിജയദശമി ദിവസം വേണമെന്നാണ് കേരളത്തിലെ ആചാരം.
ദക്ഷിണേന്ത്യയില്‍ ദേവിവിഗ്രഹം ഒമ്പതുഭാവങ്ങളില്‍ അലങ്കരിച്ച് പൂജ നടത്തുന്ന രീതിയാണുള്ളത്. ഈ ഭാവങ്ങള്‍ യഥാക്രമം ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂശ്മാണ്ഡ, സ്കന്ദമാതാ, കാര്‍ത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി ഇവരാകുന്നു. വിജയദശമി ദിനത്തിലെ വിദ്യാരംഭം അതിപ്രാധാന്യമുള്ള ഒരു ചടങ്ങാകുന്നു. കുട്ടികളെ വിദ്യാരംഭം ചെയ്യിക്കുന്നതിന് ജ്ഞാനികളായ സാധകരാണ് വേണ്ടത്. അല്ലാതെ ധനികരോ, പ്രശസ്തരോ അല്ല. യമനിയമാദി സാധനകളാല്‍ നമ്മുടെ ഉള്ളിലുള്ള ആത്മചൈതന്യത്തെ ഉണര്‍ത്തിയവരാണ് യഥാര്‍ത്ഥ സാധകര്‍.
മന്ത്രസിദ്ധരായ സാധകര്‍ക്ക് ഉള്ളിലുള്ള പ്രാണശക്തിയുടെ പ്രവാഹം വളരെ ഉയര്‍ന്നതായിരിക്കും. സകല ജീവജാലങ്ങളിലും ഉള്ളില്‍ ലയിക്കുന്നത് ജീവശക്തി തന്നെയാണ്. എന്നാല്‍ ശാസ്ത്രീയ സാധനാ മാര്‍ഗ്ഗങ്ങളിലൂടെയും യമ, നിയമങ്ങള്‍, പ്രാണായാമങ്ങള്‍, കുണ്ഡലിനീയോഗ തുടങ്ങിയ അനുഷ്ഠാനങ്ങളിലൂടെയും തന്നിലെ പ്രാണശക്തിയെ പൂര്‍ണ്ണത വരുത്തിയവര്‍ വിദ്യാദീക്ഷയുടെ ആചാര്യന്മാരായാല്‍ വിദ്യലഭിക്കുന്ന കുട്ടികള്‍ വലിയ പന്ധിതരും സമര്‍ത്ഥരുമായിത്തീരുന്നു.
പ്രകൃതിയോട് തന്മയീഭാവം പ്രാപിക്കുന്ന ശക്തിയാണ് ദേവി. ദേവി സാക്ഷാല്‍ പ്രകൃതി തന്നെയാകുന്നു. വിജയദശമിദിനത്തിലെ വിദ്യാദീക്ഷയിലൂടെ ഒരു വ്യക്തി പ്രപഞ്ച വിജ്ഞാനത്തിന് തന്നെയാണ് തുടക്കം കുറിക്കുന്നത്.
ലളിതാസഹസ്രനാമത്തില്‍ ദേവിയെ വിശ്വമാതാ ജഗദ്ധാത്രീ എന്ന് വിശേഷിപ്പിക്കുന്നു. സകല പ്രപഞ്ചത്തിനും മാതാവും ലോകത്തെ തന്‍റെയുള്ളില്‍ ധരിച്ചിരിക്കുന്നവളുമാണ് ദേവി.
സര്‍വ്വാഭീഷ്ടസിദ്ധി, സര്‍വ്വവശീകരണം ഈ ലക്ഷ്യങ്ങള്‍ ത്രിപുരസുന്ദരി പൂജയിലൂടെ സാധ്യമാകുന്നു. സര്‍വ്വവിധസമൃദ്ധിയും ലഭിക്കുന്നതിന് അഷ്ടലക്ഷ്മി പൂജ ഉത്തമമാണ്. വിവാഹലബ്ധിക്ക് മംഗളഗൗരീപൂജ, ശത്രുദോഷശാന്തിക്ക് മഹാപ്രത്യംഗിരാ പൂജ തുടങ്ങി വിവിധങ്ങളായ ദേവീ ആരാധനാകര്‍മ്മങ്ങള്‍ നവരാത്രികാലത്ത് ഭക്തരുടെ ആവശ്യാര്‍ത്ഥം നടത്തുന്നത് അതീവഫലപ്രദമാകുന്നു.
ഭാരതീയ സമൂഹത്തിന്‍റെ ഒരു വര്‍ഷക്കാലമുള്ള വിവിധ ആചാരങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ രാജ്യമെങ്ങും ആചരിക്കപ്പെടുന്നത് നവരാത്രിയാണ്. ഇത് വിദ്യാവിനിമയത്തിന്‍റെ പ്രാധാന്യത്തെ കാണിക്കുന്നു. ജ്ഞാനപ്രകാശനത്തിന്‍റെ ദീപ്തി ദേശാന്തരങ്ങളില്‍ വ്യാപിക്കുന്ന ദിനമാണ് വിജയദശമി. അന്ധകാരത്തിനുമേല്‍ പ്രകാശം നേടിയ വിജയത്തിന്‍റെ ദിനം. അജ്ഞാനവും മൂഢതയുമാകുന്ന മഹിഷത്തിന് മേല്‍ വിശ്വമാതാവായി വിദ്യ നേടിയ വിജയത്തിന്‍റെ ദിനം.
നവരാത്രിക്കാലത്ത് ജ്ഞാനദായിനിയും മുക്തിദായിനിയും ശത്രുനാശിനിയുമായ ദുര്‍ഗ്ഗയെ പൂജിക്കുന്നത് സവിശേഷത നിറഞ്ഞതാണ്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ ചൈതന്യങ്ങള്‍ ഒന്നാകുന്ന മൂര്‍ത്തിയാണ് ദുര്‍ഗ്ഗാഭഗവതി. അതിനാല്‍ നവരാത്രിക്കാലത്ത് ദുര്‍ഗ്ഗാപൂജയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ഈ പുണ്യദിനമാണ് നവരാത്രിയായി ആഘോഷിക്കുന്നത്.
അഹങ്കാരിയായ ദക്ഷനെ ഇല്ലാതാക്കാന്‍ കാളി അവതരിച്ചത് അഷ്ടമിനാളിലായിരുന്നു. ശ്രീരാമന്‍ പരാശക്തിയെ പൂജിച്ചു പ്രാര്‍ത്ഥിച്ചു. ദേവി അഷ്ടമി ദിവസം പ്രത്യക്ഷപ്പെട്ട് വരം നല്‍കിയെന്നും രാമരാവണയുദ്ധത്തില്‍ വിജയം നേടിയത് വിജയദശമി ദിനത്തിലാണെന്നും ഐതിഹ്യമുണ്ട്. നവരാത്രിപൂജയിലൂടെ ശക്തിയാര്‍ജ്ജിച്ചാണ് അര്‍ജ്ജുനന്‍ വിജയം വരിച്ചത്.
സുരേഷ് അന്നമനട
(8157805008)
Photo Courtesy - Google
