നവരാത്രിയിലെ  വഴിപാടുകൾ

നവരാത്രിയിലെ വഴിപാടുകൾ

നവരാത്രി നാളുകളിൽ ദേവിയെ ആരാധിക്കുന്നതിന് ചില ചിട്ടകളുണ്ട്. ചിലയിടങ്ങളിൽ ദേവിയെ നവകന്യകയായും ചിലയിടങ്ങളിൽ നവദുർഗ്ഗയായും സങ്കൽപ്പിച്ച് ആരാധിച്ചുപോരുന്നു. പത്തുവയസ്സ് പൂർത്തിയാവാത്ത ബാലികമാരെ കന്യകയായി കരുതി നിത്യവും ദേവിയെ ആരാധിക്കുന്നതാണ് 'നവകന്യകാവഴിപാട്.' അതുപോലെ പാർവ്വതീദേവിയുടെ വിവിധ ഭാവങ്ങളിൽ, ദേവിയെ ദുർഗ്ഗയായി കരുതി വഴിപാട് നടത്തുന്നതിനെ'നവദുർഗ്ഗാവഴിപാട്' എന്ന് വിശേഷിപ്പിക്കുന്നു.
 
നവകന്യകാവഴിപാട്
ആ്വ്യത്തെ ദിവസം രണ്ടുവയസ്സുള്ള ബാലികയെ കുമാരിയായും, രണ്ടാമത്തെ ദിവസം മൂന്നുവയസ്സുള്ള ബാലികയെ ത്രിമൂർത്തിയായും, മൂന്നാമത്തെ ദിവസം നാലുവയസ്സുള്ള ബാലികയെ കല്യാണിയായും, നാലാമത്തെ ദിവസം അഞ്ചുവയസ്സുള്ള ബാലികയെ രോഹിണിയായും, അഞ്ചാമത്തെ ദിവസം ആറുവയസ്സുള്ള ബാലികയെ കാളികയായും, ആറാമത്തെ ദിവസം ഏഴ് വയസ്സുള്ള ബാലികയെ ചണ്ഡികയായും, ഏഴാമത്തെ ദിവസം എട്ടുവയസ്സുള്ള ബാലികയെ ശാംഭവിയായും, എട്ടാമത്തെ ദിവസം ഒൻപത് വയസ്സുള്ള ബാലികയെ ദുർഗ്ഗയായും, ഒൻപതാമത്തെ ദിവസം പത്തുവയസ്സുള്ള കുട്ടിയെ സുഭദ്രയായും ഓരോ ദിവസവും ഓരോ നാമത്തിൽ 'നവകന്യകാവഴിപാട്' നടത്തണം.
 
നവദുർഗ്ഗാവഴിപാട്
നവരാത്രിയിലെ ആദ്യത്തെ ദിവസം ശൈലപുത്രി, രണ്ടാമത്തെ ദിവസം ബ്രഹ്മചാരിണി, മൂന്നാം ദിവസം ചന്ദ്രകാന്താ, നാലാം ദിവസം കൂഷ്മാണ്ഡാ, അഞ്ചാം ദിവസം സ്‌കന്ദമാതാ, ആറാം ദിവസം കാർത്ത്യായനി, ഏഴാം ദിവസം കാളരാത്രി, എട്ടാം ദിവസം മഹാഗൗരി, ഒൻപതാം ദിവസം സിദ്ധിധാത്രി എന്നിങ്ങനെ ഒൻപതുദിവസവും നവദുർഗ്ഗാവഴിപാട് നടത്തുന്നത് ഐശ്വര്യപ്രദമാണ്.
 
നവരാത്രി കൊലുവിന്റെ തത്ത്വം
നവരാത്രി കൊലുവിൽ  വെയ്ക്കുന്ന പടികളും ചില തത്ത്വങ്ങളെ ഉണർത്തുന്നവയാണ്. കൊലുവിൽ താഴെനിന്നും തുടങ്ങുന്ന ആദ്യത്തെ മൂന്ന് പടികളിൽ വെച്ചിട്ടുള്ള അരി, ധാന്യങ്ങൾ, പാത്രങ്ങൾ എന്നിവ തമോഗുണത്തെ സൂചിപ്പിക്കുന്നു. അടുത്ത മൂന്ന് പടികളിൽ വെച്ചിട്ടുള്ള രാജാവ്, രാജ്ഞി, മന്ത്രി എന്നിവരുടെ ബൊമ്മകൾ രജോഗുണത്തെ പ്രതിനിധാനം ചെയ്യുന്നു. മുകളിലത്തെ മൂന്ന് പടികളിൽ വെച്ചിട്ടുള്ള ദൈവരൂപങ്ങൾ സാത്വികഗുണത്തെ പ്രാപിക്കുന്നതിനുള്ള മാർഗ്ഗം നമുക്ക് കാണിച്ചുതരുന്നു.
 
യാഗങ്ങളുടെ സംരക്ഷക
വേദങ്ങളിൽ പ്രകീർത്തിക്കപ്പെടുന്ന സരസ്വതിദേവി യാഗങ്ങളെ സംരക്ഷിക്കുന്നവളാണ്. അറിവ്, ജ്ഞാനം, തേജസ്, വീര്യം, വിജയം എന്നിവ പ്രദാനം ചെയ്യുന്നതും സരസ്വതി തന്നെ. യാഗത്തിന്റെ അവസാനം പറയുന്ന 'സ്വാഹാ' എന്ന പദം സരസ്വതിയെ സൂചിപ്പിക്കുന്നു. വീടുകളിൽ സരസ്വതിയെ പൂജിച്ചാൽ സുഖവും സന്തോഷവും വർദ്ധിക്കുമെന്നാണ് വിശ്വസം.
 
 
നവരാത്രി ദിനങ്ങളിൽ വേണ്ട
 ശ്രീ സരസ്വതിദേവി പ്രാർത്ഥനയ്ക്ക്
 
ധ്യാനം
യാ കുന്ദേന്ദു തുഷാര ഹാര ധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കരപ്രഭൃതിഭിർ
ദേവൈഃ സദാ വന്ദിതാ
സാ മാം പാതുസരസ്വതി ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാ
മൂലമന്ത്രം
ഓം ഐം സരസ്വതൈ്യ നമഃ
പ്രാർത്ഥന
ബുദ്ധിം ദേഹി യശോ ദേഹി
കവിത്വം ദേഹി ദേഹി മേ
മൂഢത്വം ച ഹരേർദേവി
ത്രാഹി മാം ശരണാഗതം
 
ധ്യാനം കഴിഞ്ഞ് മൂലമന്ത്രം. മൂലമന്ത്രം എത്ര ഉരു വേണമെങ്കിലും ജപിക്കാം. മനസ്സിൽ വിദ്യാധിദേവതയായ സരസ്വതിദേവിക്കുമാത്രം മതി ഏറ്റവും കൂടുതൽ പ്രാർത്ഥന.