അയ്യപ്പസ്വാമിക്കരികില്‍... -ജലജ

അയ്യപ്പസ്വാമിക്കരികില്‍... -ജലജ

HIGHLIGHTS

2017 ല്‍ മിഥുനമാസപൂജകള്‍ക്കായി നടതുറന്നപ്പോഴാണ് ആദ്യമായി അയ്യപ്പസ്വാമിയെ ദര്‍ശിക്കുന്നത്. ഭക്തലക്ഷങ്ങളുടെ ഹൃദയേശ്വരനായ അയ്യപ്പസ്വാമിയുടെ ദര്‍ശനം ചിരകാല അഭിലാഷമായിരുന്നു. ടി.വിയില്‍ കണ്ടും കേട്ടും പരിചയമുള്ള അയ്യപ്പസന്നിധിയിലെത്തിയപ്പോള്‍ ഭക്തിക്കൊപ്പം വിസ്മയവും തോന്നി.

 

തിരുവനന്തപുരത്തുള്ള വീട്ടിലെ പൂജാമുറിയില്‍ വച്ച് ഭര്‍ത്താവ് പ്രകാശിനോടൊപ്പം ശരണം വിളിയോടെ കെട്ടുമുറുക്കി പമ്പാ ഗണപതി കോവിലിലും, ശ്രീരാമസ്വാമി ക്ഷേത്രത്തിലും തൊഴുത് മലകയറി. വ്രതം നോറ്റായിരുന്നു അയ്യപ്പദര്‍ശനം നടത്തിയത്. കഴിഞ്ഞ മകരവിളക്ക് ദിവസവും അയ്യപ്പസന്നിധിയിലെത്തി. രണ്ടാമത്തെ അയ്യപ്പദര്‍ശനത്തിനായി എത്തിയപ്പോഴും പ്രകാശ് ഒപ്പമുണ്ടായിരുന്നു. അന്ന് ശബരിമലയില്‍ വന്‍ഭക്തജനത്തിരക്കായിരുന്നെങ്കിലും അയ്യപ്പസ്വാമിയെ കണ്‍നിറയെ കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കാനുള്ള ഭാഗ്യമുണ്ടായി. അയ്യപ്പ സ്വാമിക്കരികില്‍ രണ്ട് പ്രാവശ്യം എത്തിയപ്പോഴും ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാണ് അനുഭവവേദ്യമായത്. ബഹ്റൈനില്‍ താമച്ചിരുന്ന കാലത്തും മണ്ഡലമാസ കാലയളവില്‍ വ്രതം നോല്‍ക്കുന്ന പതിവുണ്ടായിരുന്നു. മനസ്സുകൊണ്ട് അയ്യപ്പസ്വാമിക്കരികിലെത്തിയിരുന്നു.

പഠനകാലയളവില്‍ തകഴി ശാസ്താക്ഷേത്രത്തില്‍ പോയി ഭഗവാനെ തൊഴുത് പ്രാര്‍ത്ഥിച്ചിരുന്നു. തകഴിയിലെ ശാസ്താവ് വൈദ്യനാഥനാണ്. വൃശ്ചിക മാസമായാല്‍ തകഴി ശാസ്താ ക്ഷേത്രസന്നിധിയില്‍നിന്ന് കെട്ടു മുറുക്കി ശബരിമലയ്ക്ക് പോകുന്നവരുടെ തിരക്ക് കണ്ടിട്ടുണ്ട്. സംഗീതസാമ്രാട്ടായ ദക്ഷിണാമൂര്‍ത്തിസ്വാമി ശാസ്താസന്നിധിയില്‍ വച്ച് കെട്ടുമുറുക്കി ശരണം വിളിച്ച് ശബരിമലയ്ക്ക് പുറപ്പെടുന്നത് കണ്ടിട്ടുണ്ട്. തകഴിക്കാര്‍ മിക്കവരും ശാസ്താ ഭക്തരാണെന്നാണ് തോന്നിയിട്ടുള്ളത്. ശാസ്താവിനേയും, അയ്യപ്പനേയും ഇഷ്ടദൈവങ്ങളുടെ ഗണത്തിലാണ് മനസ്സില്‍ കുടിയിരുത്തിയിരിക്കുന്നത്.

ശബരിമലയാത്ര ഏറെ ആയാസകരമാണെന്നാണ് കേള്‍വി. അയ്യപ്പസന്നിധിയണയാന്‍ പറയത്തക്ക ബുദ്ധിമുട്ട് തോന്നിയില്ല. ചെരുപ്പ് ഉപയോഗിക്കാതെയാണ് രണ്ടുതവണയും മലകയറിയത്. ശരണവഴിയില്‍ ഇടയ്ക്ക് അല്‍പ്പനേരം വിശ്രമിച്ച് മലകയറി. മലകയറ്റത്തില്‍ ഡോളി സംവിധാനം ഉണ്ടെന്ന് കേട്ടിരുന്നെങ്കിലും അത്തരം സംവിധാനത്തോട് താല്‍പ്പര്യം തോന്നിയില്ല. ശരണം വിളിച്ചും പ്രാര്‍ത്ഥിച്ചുമുള്ള മലകയറ്റം ആത്മീയ സന്തോഷമായിരുന്നു നല്‍കിയത്. വ്രതശുദ്ധിയോടെ മലകയറുന്ന അയ്യപ്പലക്ഷങ്ങളുടെ നാവില്‍നിന്ന് ഉയരുന്ന ശരണംവിളി കേള്‍ക്കുമ്പോള്‍ അത് മാനസിക- ശാരീരിക അസ്വസ്ഥകളെ ഇല്ലാതാക്കുമത്രേ.

സത്യമായ പൊന്നുപതിനെട്ടാം പടി തൊട്ടുതൊഴുത് കയറിയപ്പോള്‍ അതും വലിയൊരു ആത്മീയ അനുഭവമായി. ക്ഷേത്രത്തിന്‍റെ പവിത്രതയോളം തന്നെ അവിടേയ്ക്കുള്ള പടികള്‍ക്കും പവിത്രത നല്‍കുന്നത് ശബരിമലയില്‍ മാത്രമാണ്. അയ്യപ്പ ദര്‍ശനത്തിനുശേഷം മാളികപ്പുറം, നവഗ്രഹ പ്രതിഷ്ഠ, മണിമണ്ഡപം, വാവര് നട എന്നിവിടങ്ങളിലും ദര്‍ശനം നടത്തിയാണ് രണ്ട് തവണയും മലയിറങ്ങിയത്.

വൃശ്ചികം പുണ്യമാസമാണ്. പ്രകൃതിക്കും ഇക്കാലത്ത് വ്യത്യാസമുണ്ട്. പുലര്‍ച്ചെ ക്ഷേത്രക്കുളത്തിന് മീതെ തണുപ്പ് ആവിയായി പറക്കും. ആത്മീയതയ്ക്ക് ഈ മാസം ഏറെ പ്രാധാന്യമുണ്ട്. നിറങ്ങള്‍ പൂശി ക്ഷേത്രങ്ങള്‍ മുഖം മിനുക്കി നില്‍ക്കും. ശബരിമല ഇടത്താവളങ്ങള്‍ സജീവമാകും. ക്ഷേത്രത്തിനരികിലുള്ള കൊച്ചുപീടികകള്‍ക്ക് മുമ്പില്‍ പൂജാദ്രവ്യങ്ങളും, തുളസിമാലയും തിരക്കും. റോഡരുകില്‍ അന്നദാനത്തിനുള്ള പന്തലുകള്‍ ഉയരുന്നു. വാഴകൊണ്ട് അലങ്കരിച്ച് ചന്ദനം വാരിപ്പൂശി അയ്യപ്പസ്വാമിക്കരികിലേയ്ക്ക് നീങ്ങുന്ന വാഹനങ്ങള്‍. രാവും പകലും എവിടെനിന്നൊക്കെയോ പറന്നെത്തുന്ന അയ്യപ്പഭക്തിഗാനങ്ങള്‍ കാതിന് ഇമ്പമാകും. അര്‍ദ്ധമയക്കത്തിലും കേള്‍ക്കാം ശബരിമല യാത്രികരുടെ താളത്തിലുള്ള ശരണം വിളി.. ആകെ ഭക്തിമയം. സര്‍വ്വതിലും ഈശ്വരസാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന, സര്‍വ്വതിലും സ്വാമിയെ മാത്രം ദര്‍ശിക്കുന്ന പുണ്യകാലമാണിത്.

പതിനെട്ടാംപടി കയറിച്ചെല്ലുമ്പോള്‍ ആദ്യം നമ്മള്‍ കാണുന്നത് 'തത്ത്വമസി' എന്നാണ്. ഇതാണ് അയ്യപ്പദര്‍ശനം. ഇത് തീര്‍ത്ഥാടനത്തിന്‍റെ സന്ദേശമാണ്. 'തത് ത്വം അസി'- അത് നീയാകുന്നു. എന്നാള്‍ പൊരുള്‍. ഈശ്വരനും, മനുഷ്യനും സര്‍വ്വചരാചരങ്ങളും ഒന്നുതന്നെയെന്നുള്ള അദ്വൈതചിന്ത. ഇവിടെ ഭഗവാനും, ഭക്തനും 'അയ്യപ്പന്‍'എന്നറിയപ്പെടുന്നു. ഭക്തയെ ദേവിയുടെ പേരായ 'മാളികപ്പുറ'മെന്നും വിളിക്കുന്നു. ഈ തന്മയീഭാവം മറ്റൊരിടത്തും കാണാനാവില്ല.

മംഗളമൂര്‍ത്തിയാണ് ശ്രീ ഭൂതനാഥന്‍. സേവിപ്പവര്‍ക്ക് ആനന്ദമൂര്‍ത്തിയും, അഭയവരദദായകനുമാണ് അയ്യപ്പസ്വാമി. കാടും മേടും താണ്ടി കല്ലും മുള്ളും ചവിട്ടി സ്വാമിക്കരികിലെത്തുന്ന ഭക്തകോടികളുടെ ശരണാരവണങ്ങളാണ് അയ്യപ്പസന്നിധിയില്‍. എല്ലാ ക്ഷേത്രങ്ങളിലും മൗനപ്രാര്‍ത്ഥനയാണെങ്കില്‍ ഇവിടെ ശരണം വിളിയുടെ ഇരമ്പലാണ് അയ്യപ്പനരികിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. അയ്യപ്പസ്വാമിയെ ദര്‍ശിക്കാനെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ ഉച്ചസ്ഥായിലുള്ള ശരണം വിളി നല്‍കുന്ന ആത്മബലം അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. ദേഹബലവും, പാദബലവും നല്‍കുന്ന സ്വാമി സദാനേരവും അരികിലുണ്ടെന്ന ഉറച്ചവിശ്വാസമാണ് ഭക്തന് വഴിതെളിക്കുന്നത്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ തുല്യമായ ജനസഞ്ചയം ഓരോ തീര്‍ത്ഥാടനകാലത്തും അയ്യപ്പനരികില്‍ എത്തുമെന്നാണ് അറിയുന്നത്. 

സര്‍വ്വരേയും സമഭാവനയോടെ കാണുന്ന വലിപ്പച്ചെറുപ്പങ്ങളില്ലാത്ത സമൂഹം സൃഷ്ടിക്കാന്‍ വ്യക്തികള്‍ തയ്യാറാകുമ്പോഴാണ് അയ്യപ്പദര്‍ശനങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തുന്നത് എന്നാണ് അഭിപ്രായം. പുണ്യനദികളും, പൂങ്കാവനങ്ങളും പിന്നീട് പതിനെട്ട് പടികളും കയറി സന്നിധാനത്ത് എത്തുന്ന ഭക്തര്‍ ഭഗവാന് തുല്യനാകുന്നു. മനസ്സും, ശരീരവും അര്‍പ്പണം ചെയ്ത് വ്രതശുദ്ധിയോടെ മഹാചൈതന്യത്തിന്‍റെ അരികിലെത്തുമ്പോള്‍ അത് അനുഗ്രഹമായും ആശ്വാസമായും നമ്മില്‍ ഭവിക്കുന്നു. മനുഷ്യരുടെ ഭേദചിന്തകള്‍ നശിപ്പിക്കുന്ന മഹാസന്നിധിയാണ് അയ്യപ്പസന്നിധി. ജന്മാന്തരങ്ങളുടെ മതിഭ്രമങ്ങള്‍ അകലാന്‍ അയ്യപ്പകടാക്ഷത്തിന് കഴിയും.

കേരളത്തില്‍ മാത്രമായിരുന്ന അയ്യപ്പക്ഷേത്രങ്ങള്‍ പിന്നീട് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമായി. തുടര്‍ന്ന് ലോകത്തിന്‍റെ മിക്ക രാജ്യങ്ങളിലും അയ്യപ്പക്ഷേത്രങ്ങള്‍ ഉയര്‍ന്നു. നമ്മുടെ സ്വന്തം അയ്യപ്പന്‍ അവരുടേയും കൂടി സ്വന്തമായതില്‍ നമുക്ക് അഭിമാനിക്കാം. കേരളം എന്നുകേള്‍ക്കുമ്പോള്‍ അയ്യപ്പനും, ശബരിമലയുമാണ് ആദ്യം ഓര്‍മ്മയിലെത്തുക എന്ന് മറ്റ് ദേശക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്.

കലിയുഗവരദന്‍റെ പുണ്യപാദങ്ങളില്‍ മനസ്സുകൊണ്ട് പുഷ്പാഞ്ജലി അര്‍പ്പിക്കുന്നു. പതിനെട്ട് ഭാവങ്ങള്‍ സംഭവിക്കുന്ന മനസ്സിനെ കീഴടക്കി സത്യത്തിന്‍റെ ചിത്സ്വരൂപം ദര്‍ശിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ...

തയ്യാറാക്കിയത്
എസ്.പി.ജെ