നിലവിളക്കും നിറപറയും
ഒരു ക്ഷേത്രം നിര്‍മ്മിക്കുകയോ, വീട് പണിയുകയോ ചെയ്യുമ്പോള്‍ ആദ്യചടങ്ങായ തറക്കല്ലിടുന്നതിനും പിന്നീട് കട്ടിള വയ്പ്പിനും ഗൃഹപ്രവേശനത്തിനും നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കുന്നത്. അഷ്ടമംഗല്യ പ്രശ്നത്തില്‍ ദീപലക്ഷണം ഒരു പ്രധാന വിഷയമാണ്.
ഗൃഹത്തില്‍ രാവിലെയും സന്ധ്യയ്ക്കും നിലവിളക്ക് കത്തിക്കുന്നത് ഐശ്വര്യപ്രദമാണ്. കൊടിവിളക്ക് ഉപയോഗിച്ചാണ് വിളക്ക് കത്തിക്കേണ്ടത്. പൂജാമുറിയിലോ മുന്‍വശത്തെ മുറിയിലോ ഹാളിലോ ആകാം വിളക്ക് വയ്ക്കേണ്ടത്. നിലവിളക്ക് വെറും തറയില്‍ വയ്ക്കരുത് എന്ന് പണ്ടുകാലത്തുള്ളവര്‍ പറയാറുണ്ട്. നിലവിളക്ക് വയ്ക്കുമ്പോള്‍ ഒരു താലത്താലോ, ഇലയിലോ വയ്ക്കണം. അല്ലെങ്കില്‍ പീഠമെന്ന് സങ്കല്‍പ്പിച്ച് കുറച്ച് പുഷ്പങ്ങള്‍ പ്രാര്‍ത്ഥനയോടെ സമര്‍പ്പിച്ച് അതിന് മുകളില്‍ നിലവിളക്ക് വയ്ക്കണം. കാരണം, ശാസ്ത്രമനുസരിച്ച് ശംഖ്, പൂജാഗ്രന്ഥം, വിളക്ക് എന്നിവയുടെ ഭാരം ഭൂമിദേവി സ്വയം താങ്ങുകയില്ല. അതുകൊണ്ട് വെറും നിലത്ത് ഇവ വയ്ക്കാറില്ല. നിറയെ എള്ളെണ്ണ ഒഴിച്ച് രണ്ടോ, അഞ്ചോ തിരികളിട്ടാണ് ദീപം തെളിയിക്കേണ്ടത്.
ഏതൊരു ചടങ്ങിനും ദീപം കത്തിച്ച ശേഷമെ നിറയും പറയും നിറയ്ക്കുവാന്‍ പാടുള്ളൂ എന്നുണ്ട്. നിറ എന്നാല്‍ ഇടങ്ങഴി. പറ എന്നാല്‍ പത്ത് ഇടങ്ങഴി കൊള്ളുന്നത് എന്നാണ്. അതില്‍ നിറ മുറത്തിലും പറ കൊട്ടയിലും നെല്ല് കൊണ്ട് വന്നുനിറയ്ക്കണം. നിറയും പറയും നിറക്കുമ്പോള്‍ ആദ്യം മൂന്നുപിടി വാരി ഇടണം. അത് മാതാ-പിതാ- ഗുരു എന്നിവര്‍ക്കും അതിനുശേഷം ദൈവങ്ങള്‍ക്കും ചൊരിയണം എന്നാണ് ആചാരം.
മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് നിറപറ. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറയ്ക്ക് നെല്ലാണ് ഉപയോഗിക്കുന്നത്. അവിലും മലരും അരിയും മറ്റും നിറപറ വഴിപാടായി കഴിച്ചുവരുന്നു.
ഹിന്ദുക്കള്‍ കതിര്‍മണ്ഡപത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്പില് നിറപറയും, പറയുടെ മദ്ധ്യത്തില്‍ തെങ്ങിന്‍പൂക്കുലയും വയ്ക്കുന്നു. തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. പറയുടെ പാലം കിഴക്ക് പടിഞ്ഞാറായി വരത്തക്ക വിധമേ എപ്പോഴും പറ വയ്ക്കാവൂ. വാലുള്ള കുട്ടയില്‍(കോരുകുട്ട) നെല്ല് എടുത്തുവെച്ച് അതില്‍നിന്ന് ഭക്തിപൂര്‍വ്വം ഇരുകൈകളും കൊണ്ട് വാരി മൂന്നുപ്രാവശ്യം പറയിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്റെ വാലില്‍ കൂടി നെല്ല് പറയിലിടുക. പറ നിറഞ്ഞു ഇലയില്‍ വിതറി വീഴുന്നതുവരെ നെല്ല് ഇടണം. അമ്പലങ്ങളിലായാലും വീടുകളില്‍ ആയാലും പറ നിറയ്ക്കുന്നത് ഇങ്ങനെ തന്നെയാണ്. ചില പ്രദേശങ്ങളില്‍ പറയില്‍ നെല്ല് നിറയ്ക്കുന്നതിന് മുന്നേ, വാഴയിലയുടെ ചെറിയ ഒരു ഭാഗം കയ്യില്‍ തരും. അതുംകൂടി ചേര്‍ത്ത് പിടിച്ചാണ് നെല്ല് നിറയ്ക്കുന്നത്.
ക്ഷേത്രകലകളായ കൂത്ത്, കൂടിയാട്ടം, പാഠകം, കഥകളി മുതലായവയ്ക്ക് തുടക്കം കുറിക്കുന്നത് കളിവിളക്കില്‍ ദീപം പകര്‍ന്നാണ്. മരത്തില്‍ തീര്‍ത്തവയായിരുന്നു കളിവിളക്ക് ആദ്യമൊക്കെ. ഇപ്പോള്‍ ഓട്ടുവിളക്കാണ് മിക്കയിടത്തും. ചിലയിടങ്ങളില്‍ മരവിളക്കും കാണാം. പഞ്ചഭൂതങ്ങളില്‍ അഗ്നിക്ക് മാത്രമേ ശുദ്ധമാക്കാനും സ്വയം അശുദ്ധിയാകാതിരിക്കുവാനുമുള്ള കഴിവുള്ളൂ. അഗ്നിയെ സാക്ഷിയാക്കിയാണ്- അത് ഹോമകുണ്ഡലത്തിലായാലും ദീപനാളത്തിലായാലും- ഏതൊരും മംഗള കര്‍മ്മങ്ങളും നടത്തുന്നത്.
ഏതൊരു ചടങ്ങിനും സമാരംഭം കുറിക്കുന്നത് നിലവിളക്ക് കൊളുത്തിയാണല്ലോ? ഒരു കുട്ടി ജനിച്ച് ആദ്യചടങ്ങായ 28 ന് ചരട് കെട്ടല്‍(നൂല് കെട്ടല്‍) ആരംഭിക്കുന്നത് നിലവിളക്ക് കൊളുത്തിയാണ്. കത്തിച്ച നിലവിളക്കിനരികില് നിറപറ വെച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. വിവാഹശേഷം ഗൃഹപ്രവേശനത്തിന് കത്തിച്ച നിലവിളക്ക് കയ്യില്‍ നല്‍കിയാണ് വരന്റെ അമ്മ വധുവിനെ സ്വീകരിക്കുന്നത്. ജീവിതാവസാനം മരിച്ച വ്യക്തിയുടെ ശിരസ്സിന്റെ ഭാഗത്ത് കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നിലിരുന്നാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തുക.
ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള കൊടിയേറ്റ ചടങ്ങിന് തന്ത്രി നിലവിളക്ക് കൊളുത്തിയും തന്ത്രിമാരെ സ്വീകരിക്കുന്ന ചടങ്ങായ ആചാര്യവരണത്തിന് മേല്‍ശാന്തി നിലവിളക്ക് കൊളുത്തിയാണ് തുടക്കം കുറിക്കുന്നത്. ഇനി കലാപരിപാടികളുടെ ഉല്ഘാടനമായാലോ അതിനും സ്റ്റേജില്‍ നിലവിളക്ക് കൊളുത്തിവേണം ചടങ്ങിന് ആരംഭം കുറിക്കാന്‍.
നിലവിളക്കും നാമങ്ങളും കൊണ്ട് ദോഷങ്ങളെയെല്ലാം ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും എന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ ശിവനെ നിത്യം ഭജിക്കുന്നത് സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണമാകും. നമഃശിവായ എന്നത് നിലവിളക്കിലെ അഞ്ച് തിരിയുടെ അടയാളമാണ്. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഭവം എന്നിവയെ ദ്യോതിപ്പിക്കുന്ന മന്ത്രമാണ് പഞ്ചാക്ഷരി. ബാല്യകാലത്ത് തന്നെ കുട്ടികളില്‍ ഭക്തിഭാവം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
Photo Courtesy - jyothisharathnam
