നിറപുത്തരിയുത്സവത്തിന്‍റെ കാര്‍ഷികധന്യത
കാര്‍ഷിക സമൃദ്ധിയും ഭക്തിയും ഇടകലര്‍ത്തി ക്ഷേത്രങ്ങളില്‍ ആചരിക്കപ്പെടുന്ന കേരളത്തിന്‍റെ തനത് അനുഷ്ഠാനങ്ങളില്‍ നിറപുത്തരിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇതിന്‍റെ ഭാഗമായി കൊയ്തെടുത്ത കതിര്‍ക്കറ്റകള്‍ പുത്തരിദിനത്തിന്‍റെ തലേന്നാള്‍ ക്ഷേത്രത്തിലെത്തിക്കുകയും അതില്‍ നിന്നും ഒരുപിടി കതിര്‍നാമ്പുകള്‍ പുത്തരിദിനം ക്ഷേത്രത്തിലെ ആചാരവിധിപ്രകാരമുള്ള പൂജകള്‍ക്കുശേഷം ഭക്തര്‍ക്ക് പ്രധാനപൂജാരി വിതരണം ചെയ്യുന്നു. അങ്ങനെ ലഭ്യമാകുന്ന ധാന്യക്കതിര്‍ ഭക്തര്‍ അവരുടെ ഭവനങ്ങളിലെ ഉമ്മറപ്പടിയില്‍ സ്ഥാപിക്കാറാണ് പതിവ്.
കാര്‍ഷിക സമൃദ്ധിയും ഭക്തിയും ഇടകലര്‍ത്തി ക്ഷേത്രങ്ങളില്‍ ആചരിക്കപ്പെടുന്ന കേരളത്തിന്‍റെ തനത് അനുഷ്ഠാനങ്ങളില്‍ നിറപുത്തരിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഓണം വരവിന്‍റെ പ്രാരംഭമെന്ന നിലയില്‍ നടക്കുന്ന കൊയ്ത്തുത്സവമാണിത്. ഇതിന്‍റെ ഭാഗമായി കൊയ്തെടുത്ത കതിര്‍ക്കറ്റകള്‍ പുത്തരിദിനത്തിന്‍റെ തലേന്നാള്‍ ക്ഷേത്രത്തിലെത്തിക്കുകയും അതില്‍ നിന്നും ഒരുപിടി കതിര്‍നാമ്പുകള്‍ പുത്തരിദിനം ക്ഷേത്രത്തിലെ ആചാരവിധിപ്രകാരമുള്ള പൂജകള്‍ക്കുശേഷം ഭക്തര്‍ക്ക് പ്രധാനപൂജാരി വിതരണം ചെയ്യുന്നു. അങ്ങനെ ലഭ്യമാകുന്ന ധാന്യക്കതിര്‍ ഭക്തര്‍ അവരുടെ ഭവനങ്ങളിലെ ഉമ്മറപ്പടിയില്‍ സ്ഥാപിക്കാറാണ് പതിവ്.
അത് ഒരു വര്‍ഷക്കാലത്തെ മുട്ടില്ലാത്ത ധനധാന്യ സമൃദ്ധിയുടെ അടയാളമാണ്. ഇങ്ങനെ നിറപുത്തരി ഒരാഘോഷമായി കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ആചരിക്കപ്പെടുന്നുണ്ട്. ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉള്‍പ്പെടെ ഒട്ടുമിക്ക പ്രധാന ക്ഷേത്രങ്ങളിലും നിറപുത്തരി കേരളത്തിന്‍റെ കാര്‍ഷിക സംസ്ക്കാരവുമായി ബന്ധപ്പെടുത്തി ആചരിച്ചുവരുന്നുണ്ട്. കേരളീയ സമൂഹത്തില്‍ ഐശ്വര്യത്തിന്‍റെ അഥവാ ശ്രീത്വത്തിന്‍റെ പ്രതീകമാണ് ധാന്യക്കതിരുകള്‍. അവ ക്ഷേത്രങ്ങളില്‍ നിന്ന് പൂജിച്ചുകിട്ടുമ്പോള്‍ ഭക്തര്‍ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ശ്രീ ഭഗവതിയുടെ തന്നെ ഐശ്വര്യാംശത്തെയാണ്. ആ നെല്‍ക്കതിരുകള്‍ വീടിന്‍റെ പ്രധാന വാതിലിനരികില്‍ തൂക്കുമ്പോള്‍ വീടുതന്നെ ധന്യമാകുന്ന പ്രതീതിയുണ്ടാകുന്നു.
നിറപുത്തരിയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പല ആചാരങ്ങളും ഉത്തരമലബാറില്‍ നിലനില്‍ക്കുന്നുണ്ട്. കലവറ നിറയ്ക്കല്‍ എന്ന ചടങ്ങ് അതില്‍ പ്രധാനമാണ്. കര്‍ക്കിടകമാസത്തിലെ വാവിന് കലവറ നിറയ്ക്കാന്‍ തീയതി കുറിക്കുന്നതോടെയാണ് അവിടെ നിറപുത്തരിയുടെ ആരംഭം. പുത്തരിനിറ ദിവസത്തിന് തീയതി കാണുന്നതോടെ അമ്പലങ്ങളില്‍ നിന്നും പുത്തരി വാങ്ങാന്‍ ഭക്തജനങ്ങള്‍ തിരക്കുകൂട്ടും. ഇവിടെ അമ്മഭഗവതിയാണ് വിത്തിന്‍റെ ഉടമ. നിറക്കാലത്ത് വിളവെടുപ്പുപാടത്തുനിന്നും എല്ലാ വീട്ടുകാരും നെല്‍ക്കതിര്‍ കൊണ്ടുവന്ന് പടിഞ്ഞാറ്റയില്‍ മച്ചില്‍ തൂക്കിയിടും. പുത്തിലയില്‍ ചുരുട്ടിക്കെട്ടിയാണ് ഇവ ഞാറ്റുക. തെങ്ങിന്‍റെ പാന്തമാണ് ഇതിന് കെട്ടാനുപയോഗിക്കുക. ഇതുകൂടാതെ അമ്പലത്തില്‍ നിന്നും നിറകതിര്‍ കിട്ടും.
താളിയിലയും തുമ്പപ്പൂവും കാഞ്ഞിരയിലയും അമ്പലത്തില്‍ കൊണ്ടുപോകുമ്പോള്‍ ഒരുപിടി പുത്തരി അവിടെ നിന്നും കിട്ടും. അവ പുത്തന്‍ കലത്തിലിട്ട് പുഴുങ്ങി കുത്തിയെടുത്ത് ഉണക്കച്ചോര്‍ ഉണ്ടാക്കും. പുത്തന്‍ കലത്തിനെ പൊലിവള്ളികൊണ്ട് ചുറ്റിയാണ് നെല്ല് പുഴുങ്ങുന്നത്. പിന്നീട് താളിയിലയില്‍ കുരുമുളക്, ശര്‍ക്കര, നാരങ്ങ, തേന്‍, തുമ്പപ്പൂ, പഴം എന്നിവ വച്ച് കാരണവര്‍ പൂജിച്ചശേഷം പ്രസാദമായി എല്ലാവര്‍ക്കും ഉണക്കച്ചോറിനൊപ്പം നല്‍കും. അവസാനം കിണ്ടിയിലെ വെള്ളം താളിയിലയിലൊഴിച്ച് കുടിക്കുകയും ചെയ്യും. ഒരു കാലത്ത് ചെറുകുന്നിലെ കതിരുവയ്ക്കുംതറ പ്രസിദ്ധമായിരുന്നു. കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഇന്നത് അപ്രത്യക്ഷമായിരിക്കുന്നു.
ഉത്തരകേരളത്തില്‍ നിറപുത്തരിയുമായും പൂരോത്സവവുമായി ബന്ധപ്പെട്ടുനടക്കുന്ന കാമദേവപൂജ പ്രധാനമാണ്. ചമതയിലയില്‍ കാമദേവ സങ്കല്‍പ്പത്തില്‍ അടയും, ഉഴുന്നും, അരിയും പൊടിച്ചെടുത്ത അരിങ്ങാടും പിന്നെ ഉണക്കച്ചോറുമെല്ലാം അമ്മദൈവപൂജകളിലും വീടുകളിലെ വിശേഷങ്ങള്‍ക്കുമെല്ലാം പ്രധാനമാണ്. കാമദേവപൂജയ്ക്ക് അടയുണ്ടാക്കുന്നത് ഏഴുദിവസം മുറ്റത്തും നടുമുറ്റത്തും എറയത്തും അത്രയത്തും പടിഞ്ഞാറ്റയിലും നെല്ലുകുത്തിയാണ്. ഈ അടയുണ്ടാക്കല്‍ കന്യകമാരുടെ ഉത്സവമായാണ് ആഘോഷിക്കുന്നത്. കാമദേവപൂജയുടെ ആരംഭം ശിവന്‍ നടത്തിയ കാമദഹനത്തിനുശേഷം കാമവികാരം പുനഃസ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു.
ഇതിനുവേണ്ടി പുറ്റുമണ്ണും ചാണകവും കുന്നിക്കുരുവും പുല്ലാണിപ്പൂവും, ചുള്ളിമുരിക്കുംപൂ, ചെമ്പകം എന്നിവ ഉപയോഗിച്ച് കാമദേവ കുടുംബം ഉണ്ടാക്കും. മാടായിക്കാവിലെ പൂരക്കളിക്ക് കാമദേവനെ പ്ലാവിന്‍ചുവട്ടില്‍ കൊണ്ടാക്കും. അന്ന് കുരവയിട്ട് അടിച്ചുതളിച്ച് പ്ലാവിന്‍ചുവട് വൃത്തിയിലും വെടിപ്പിലും കാമദേവനെ അലങ്കരിച്ചിരുത്തി മധുരമില്ലാത്ത അടയുണ്ടാക്കിക്കൊടുക്കും. വര്‍ഷം മുഴുവന്‍ കാമദേവന്‍ അവിടെത്തന്നെ കുടികൊള്ളുന്നുവെന്നാണ് സങ്കല്‍പ്പം. ഈ നാളുകളില്‍ കോമരം തുള്ളല്‍ പ്രധാനമാണ്.
കോമരം ഉറഞ്ഞുതുള്ളി ചെമ്പട്ടുഴിഞ്ഞ് എല്ലാ വീട്ടുകാരെയും അനുഗ്രഹിക്കും. മുറത്തില്‍ അരിയും നെല്ലും ഇളനീരും പണവും നല്‍കി കാമദേവപൂജ അതിന്‍റെ പാരമ്യത സൃഷ്ടിക്കും. പൂമാലക്കാവിലും, ചീര്‍മ്പ, സോമേശ്വരിക്കാവുകളിലും കാലത്തുതന്നെ കാമദേവരൂപങ്ങളുണ്ടാക്കി അലങ്കരിക്കും. ഇതിനെല്ലാം മുമ്പില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് പാര്‍വ്വതിദേവിയുടെ പ്രതിനിധികളായ കന്യകമാരാണ്. ഇത് പൂരോത്സവവുമായി ബന്ധപ്പെട്ടാണ് നടക്കുന്നതെങ്കിലും നിറപുത്തരിയും കാര്‍ഷികസംസ്കൃതിയുമായും ഇതിന് അഭേദ്യമായ ബന്ധമുണ്ട്.
