നിഷസാരംഗ് തന്‍റെ വിഷു അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുന്നു...
'കുട്ടിക്കാലത്ത് വിഷു വരുമ്പോള്‍ വിഷുക്കൈനീട്ടം കിട്ടുമല്ലോയെന്ന ചിന്തയായിരുന്നു മനസ്സില്‍. അതുകിട്ടുമ്പോള്‍ ഏറെ സന്തോഷിച്ചിട്ടുണ്ട്. അങ്ങനെ ബാല്യകാലം കടന്നുപോയി. മുതിര്‍ന്നപ്പോള്‍ വിഷുക്കൈനീട്ടം അമ്മയ്ക്ക് തിരിച്ചുകൊടുക്കണമെന്നതായി ചിന്ത. അത് ഇപ്പോഴും തുടരുന്നു. അമ്മയ്ക്കും മകള്‍ക്കും കൊച്ചുമക്കള്‍ക്കും കൈനീട്ടം കിട്ടുമ്പോള്‍ അവര്‍ക്ക് സന്തോഷമാകുന്നു. ആ സന്തോഷം കാണുമ്പോള്‍ നമ്മുടെ മനസ്സിലും സന്തോഷം നിറയും. അതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഇതെല്ലാം നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. എല്ലാത്തിനും ദൈവത്തിനോട് നന്ദി പറയുന്നു.
വിഷുവിന്‍റെ ഐതിഹ്യകഥകള്‍ പലതുണ്ട്. ഒരു കഥ ഇങ്ങനെ കേള്‍ക്കുന്നു.
രാക്ഷസരാജാവായ രാവണന്‍ നാട് അടക്കി വാണിരുന്ന കാലം തന്‍റെ മണിമാളികയുടെ മുകളില്‍ സൂര്യപ്രകാശം നേരിട്ടുവരുന്നത് രാവണന് ഇഷ്ടമായില്ല. ആ ഇഷ്ടക്കേട് രാവണന്‍ ഒരു ദിവസം പ്രകടിപ്പിക്കുകയുണ്ടായി. അതായത്, രാവണന്‍ സൂര്യനോട് ആജ്ഞാപിക്കുകയാണുണ്ടായത്. ഇനി മേലില്‍ തന്‍റെ മാളികയ്ക്ക് മുകളില്‍ ഉദിക്കരുതെന്നായിരുന്നു കല്‍പ്പന.
ആ കല്‍പ്പന അനുസരിക്കാതിരിക്കാന്‍ സൂര്യന് കഴിഞ്ഞില്ല. അടുത്ത ദിവസം മുതല്‍ സൂര്യന്‍ ആകാശത്തിന്‍റെ ഓരോ ഭാഗത്തേയ്ക്കുമായി നീങ്ങിനീങ്ങി ഉദിക്കാന്‍ തുടങ്ങി.രാവണന് തൃപ്തിയായി. എന്നുമാത്രമല്ല,ആദിത്യനെപ്പോലും കീഴടക്കിയതില്‍ അഹങ്കരിക്കുകയും ചെയ്തു. എന്നാല്‍, പിന്നീടാണ് ആ ദിവസം വന്നെത്തിയത്.രാവണനെ ശ്രീരാമന്‍ വധിച്ചു.
ആ ദിനം സന്തോഷപൂര്‍വ്വം ആര്‍ഭാടപൂര്‍വ്വം, ആഘോഷിക്കുന്ന ദിനമാണ് വിഷു എന്നും ഒരു ഐതിഹ്യത്തില്‍ പറയുന്നുണ്ട്.
വിഷുവിന്‍റെ തലേദിവസം വീടിന്‍റെ പരിസരങ്ങളിലുള്ള ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചുകളയുന്ന ഒരു പതിവുണ്ട്. ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണിത്. ദുഷ്ടതയ്ക്ക് അറുതിവരുത്തിയ ദിവസമായതിനാല്‍ മറ്റുള്ള ആഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അത് ഇന്നും നിലകൊള്ളുന്നു. പൂത്തിരിയും മത്താപ്പും പടക്കങ്ങളുമായി രാവുകള്‍ തിളങ്ങി പുതിയ ഒരു പ്രസരിപ്പിന് വഴിയൊരുക്കുന്നു.
എല്ലാ ദുരിതങ്ങളും തീയില്‍ ചുട്ടുപൊട്ടിച്ച് പുതിയ ഒരു പ്രഭാതം കണികണ്ടുണരുന്ന സങ്കല്‍പ്പം ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നതുകൊണ്ടുകൂടിയാവാം 'വിഷു' എന്ന ആഘോഷദിനം ചൈതന്യത്തോടെയും ധന്യതയോടെയും സ്വര്‍ണ്ണത്തിളക്കത്തോടെയും ഒളിമങ്ങാതെ നിലനില്‍ക്കുന്നത്.
വിഷുവിനെക്കുറിച്ചുള്ള ഈ ഐതിഹ്യകഥ വായനയിലൂടെ കേട്ടറിഞ്ഞിട്ടുണ്ടെന്ന് ചലച്ചിത്ര- സീരിയല്‍ നടി നിഷാസാരംഗ് പറയുകയുണ്ടായി.
നിഷയുടെ വിഷു അനുഭവങ്ങള്‍ എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണെന്ന് ചോദിക്കുമ്പോള്‍ നിഷ പറഞ്ഞു.
'കുട്ടിക്കാലത്ത് വിഷു വരുമ്പോള്‍ വിഷുക്കൈനീട്ടം കിട്ടുമല്ലോയെന്ന ചിന്തയായിരുന്നു മനസ്സില്‍. അതുകിട്ടുമ്പോള്‍ ഏറെ സന്തോഷിച്ചിട്ടുണ്ട്. അങ്ങനെ ബാല്യകാലം കടന്നുപോയി. മുതിര്‍ന്നപ്പോള്‍ വിഷുക്കൈനീട്ടം അമ്മയ്ക്ക് തിരിച്ചുകൊടുക്കണമെന്നതായി ചിന്ത. അത് ഇപ്പോഴും തുടരുന്നു. അമ്മയ്ക്കും മകള്‍ക്കും കൊച്ചുമക്കള്‍ക്കും കൈനീട്ടം കിട്ടുമ്പോള്‍ അവര്‍ക്ക് സന്തോഷമാകുന്നു. ആ സന്തോഷം കാണുമ്പോള്‍ നമ്മുടെ മനസ്സിലും സന്തോഷം നിറയും. അതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഇതെല്ലാം നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. എല്ലാത്തിനും ദൈവത്തിനോട് നന്ദി പറയുന്നു.
വിഷു വന്നാല്‍ വീട്ടില്‍ കണി ഒരുക്കുന്നത് പ്രധാനമാണ്. കുട്ടിക്കാലത്ത് നമുക്ക് കിടന്നുറങ്ങിയാല്‍ മതിയായിരുന്നു. വെളുപ്പിനെ അമ്മ വിളിച്ചുണര്‍ത്തി കണികാണിച്ചുകൊള്ളും. മുതിര്‍ന്നപ്പോള്‍ ആ രീതിയും മാറി. കണി ഒരുക്കുന്നതും കുട്ടികളെ കണികാണിപ്പിക്കുന്നതും എല്ലാം നമ്മുടെ ഉത്തരവാദിത്തമായി മാറി. മുന്‍പൊക്കെ ചില ക്ലബ്ബുകാരും വെളുപ്പിന് വിഷുക്കണിയുമായി വീടുകളില്‍ വരാറുണ്ടായിരുന്നല്ലോ. ആ കാഴ്ചയും ഒക്കെ ഒരു രസമായിരുന്നു.
കാലം മാറിയതോടെ ആ പതിവ് രീതികള്‍ക്കും മാറ്റം വന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമൊക്കെ കണിയുമായി വീടുകള്‍ തോറും പോകാനൊന്നും കഴിയില്ല. അവര്‍ക്ക് മടിയാണ്. ഇങ്ങനെ കാലം മാറുമ്പോള്‍ ഓരോ ചടങ്ങുകളും നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. നമ്മുടെ നാട്ടിലെ ഓരോ ആഘോഷങ്ങള്‍ക്കുമുണ്ട് ഓരോരോ ചിട്ടകളും അനുഭവങ്ങളും. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ പല നന്മകളും പുണ്യവും കാലഹരണപ്പെട്ടുപോകുന്നുണ്ടെന്ന് തോന്നുന്നു. അതെല്ലാം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. ആ കടമകള്‍ നാം ഓരോരുത്തരും കാത്തുസൂക്ഷിച്ചാല്‍ വരുംതലമുറയ്ക്കും പഴയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും അതിന്‍റേതായ തനിമയോടെ അനുഭവിക്കാന്‍ കഴിയും- നിഷ പറഞ്ഞു.
മയില്‍പ്പീലിത്തണ്ടുകളുമായി നില്‍ക്കുന്ന നിഷാസാരംഗിനോട് ചോദിച്ചു.
വിഷുനാളില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പതിവുണ്ടോ?
ഗുരുവായൂരില്‍ ഇടയ്ക്കെല്ലാം തൊഴാന്‍ പോകാറുണ്ടെങ്കിലും വിഷുനാളില്‍ ഇതുവരെയും ഗുരുവായൂരില്‍ പോയിട്ടില്ല. ആ ഒരു ആഗ്രഹം ബാക്കിയായി മനസ്സില്‍ കിടക്കുന്നുണ്ട്. ഈ വര്‍ഷമോ അടുത്ത വിഷുവിനോ അത് സാദ്ധ്യമാകും എന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയും എനിക്കുണ്ട്.
എറണാകുളത്ത് കാക്കനാട് വികാസവാണി ജംഗ്ഷന്‍റെയടുത്താണല്ലോ ഞാന്‍ താമസിക്കുന്നത്. ഇവിടെ അടുത്തുള്ള ക്ഷേത്രങ്ങളിലെല്ലാം വിഷുനാളില്‍ തൊഴാന്‍ പോകും. പ്രത്യേകിച്ചും തൃക്കാക്കര ക്ഷേത്രത്തില്‍. ക്ഷേത്രത്തിലെ തിരുമേനിമാരെല്ലാം അന്നേദിവസം നാണയത്തുട്ടുകള്‍ കൈനീട്ടമായി തരും. അതു കിട്ടുന്നതും ഒരു സന്തോഷം തന്നെയാണ്.'
കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് നിഷാസാരംഗ്. എങ്കിലും മിനിസ്ക്രീനില്‍ വന്നുകൊണ്ടിരുന്ന 'ഉപ്പും മുളകും' എന്ന ഹാസ്യപരമ്പരയാണ് നിഷയെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. ഭര്‍ത്താവും നാല് കുട്ടികളുടെ അമ്മയുമായി അഭിനയിച്ച നിഷയ്ക്ക് ആ പരമ്പര അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയായിരുന്നു.(വര്‍ഷങ്ങള്‍ തന്നെ പിന്നിട്ടുവന്ന ആ പരമ്പര ഇപ്പോഴില്ല)
നിഷാസാരംഗ് ഇപ്പോള്‍ ഏഷ്യനെറ്റില്‍ രാത്രി ഒന്‍പതരയ്ക്ക് സംപ്രേഷണം ചെയ്തുവരുന്ന 'ഈ പുഴയും കടന്ന്' എന്ന സീരിയലില്‍ അഭിനയിച്ചുവരുന്നു. ഈ സീരിയലില്‍ നാലുപെണ്‍കുട്ടികളുടെ അമ്മയായിട്ടാണ് നിഷ അഭിനയിക്കുന്നത്. ഹരിത, ഗോമതിപ്രിയ, രേവതി, ലക്ഷ്യ എന്നിവരാണ് എന്‍റെ മക്കളായി അഭിനയിക്കുന്നതെന്ന് നിഷ പറഞ്ഞു. മൂത്തമകള്‍ കല്ല്യാണപ്രായമെത്തി നില്‍ക്കുന്നു. ഇത്രയും പ്രായമുള്ള നാലുകുട്ടികളുടെ അമ്മയായി അഭിനയിക്കുമ്പോള്‍ തന്‍റെ ഇമേജ് പൊട്ടിത്തകര്‍ന്നുപോകില്ലേ എന്നൊന്നും ചിന്തിച്ചില്ലേയെന്ന് ചോദിക്കുമ്പോള്‍ 'ഉപ്പും മുളകും' സീരിയലിലും ഞാന്‍ നാല് കുട്ടികളുടെ അമ്മയായിട്ടാണല്ലോ അഭിനയിച്ചതെന്ന മറുചോദ്യം ചോദിച്ചുകൊണ്ടാണ് നിഷ പ്രതികരിച്ചത്.
മഞ്ജു കൃഷ്ണന്‍,
ഫോട്ടോ: ചിത്രാ കൃഷ്ണന്‍കുട്ടി
Photo Courtesy - ഫോട്ടോ: ചിത്രാ കൃഷ്ണന്‍കുട്ടി
