2026 സംഖ്യയിലൂടെ...
2026 (2+0+2+6=10-1) നവഗ്രഹങ്ങളുടെ അധിപനാണ് സൂര്യന്‍. ഊര്‍ജ്ജകാരനായ സൂര്യന്‍ സകല ചരാചരങ്ങള്‍ക്കും ചൈതന്യവും ആയുസ്സും സുഖസൗകര്യവും നല്‍കുന്നു. നവഗ്രഹങ്ങളില്‍ മറ്റുള്ള ഗ്രഹങ്ങളുടെ മേല്‍ സൂര്യന്‍റെ ചൈതന്യം വര്‍ഷിക്കുന്നതിനാലാണ് ഗ്രഹങ്ങളുടെ പ്രകാശതരംഗം ഭൂമിയില്‍ പതിക്കുന്നത്. ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും തേജസ് പ്രധാനം ചെയ്യുന്ന താരമാണ് സൂര്യന്‍. സൂര്യപ്രഭാവം അഗ്നിയായും മാറാം. എല്ലാത്തിനെയും ശുദ്ധി ചെയ്യുക എന്നത് സൂര്യന്‍റെ ധര്‍മ്മമാണ്.
പൊതുഫലങ്ങള്‍
അറിവിന്‍റെ നിറകുടമായ സൂര്യന്‍ എല്ലാ ഉയര്‍ച്ചകളെയും സൂചിപ്പിക്കുന്നു. സ്വര്‍ണ്ണം, ധനം, നല്ല ഭാര്യ, പുത്രന്‍, ആയുധബലം, യുദ്ധജയം, ശത്രുജയം, രാഷ്ട്രീയ ഉയര്‍ച്ച ഇതെല്ലാം സൂര്യന്‍റെ നല്ല ഗുണങ്ങളാണ്. സൂര്യന്‍ ഇഷ്ടസ്ഥാനത്ത് അല്ല എങ്കില്‍ മനക്ലേശം, കാര്യനാശം, കലഹം, മലിന വസ്ത്രധാരണം, രോഗദുരിതം, ദുഃസ്വഭാവശീലം, ഭാര്യാപുത്രക്ലേശം ഇവ അനുഭവിക്കേണ്ടതായി വരും.
ഈ വര്‍ഷം കഠിനമായ ചൂട് മൂലം ദുരിതങ്ങള്‍ അനുഭവിക്കും. ജലദൗര്‍ലഭ്യം അനുഭവപ്പെടും. എ.സി പ്രവര്‍ത്തിക്കുന്നവരും വാഹനങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവരും സൂക്ഷിക്കുക.
സ്ഫോടക- പടക്ക- വെടിക്കോപ്പ് നിര്‍മ്മാണ മേഖലകള്‍ ദുരന്തസാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്‍ കരുതലുകള്‍ ഉറപ്പുവരുത്തേണ്ടതാണ്. ലോകരാഷ്ട്രങ്ങളില്‍ എല്ലാം പ്രക്ഷുബ്ധമായ അവസ്ഥകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. പഞ്ചഭൂതങ്ങളെ ശരണം പ്രാപിക്കേണ്ടത് ആവശ്യമാണ്. കിഴക്ക് ദിക്കിന്‍റെയും ഞായറാഴ്ചയുടെയും ചിങ്ങം രാശിയുടെയും അധിപന്‍ സൂര്യനാണ്. ഞായറാഴ്ചവ്രതം അനുഷ്ഠിക്കുകയും സൂര്യ ആരാധന നടത്തുകയും, ശിവപ്രീതി ഉറപ്പുവരുത്തുകയും ചെയ്ത് ദോഷങ്ങളെ അകറ്റുകയും ഗുണങ്ങളെ ഉറപ്പുവരുത്തേണ്ടതും ലോകം നന്മയ്ക്ക് ആവശ്യമാണ്.
1, 10, 19, 28 എന്നീ സംഖ്യയില്‍ ജനിച്ചവരുടെ ഫലങ്ങള്‍
ഈ വര്‍ഷം നിങ്ങളുടേതാണ്. എന്നാലും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ജോലി മാറ്റം, സ്ഥലംമാറ്റം എന്നിവ ഉണ്ടാകും. മാനസിക ശാരീരിക കുടുംബ സാഹചര്യങ്ങളില്‍ ഗുണകരമായ മാറ്റം സംഭവിക്കും. എല്ലാ രീതിയിലും മാറ്റങ്ങളുടെ വര്‍ഷമായിരിക്കും. നിലവിലുള്ള പദ്ധതികള്‍ ഉപേക്ഷിക്കുകയും ലാഭകരമായ പദ്ധതികള്‍ ആരംഭിക്കുന്നതിനും സഹായകരമാകും. സ്നേഹിതന്മാരുടെയും വീട്ടുകാരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാവുകയും, ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്യും. കുടുംബസംബന്ധമായ ചില അലോസരങ്ങള്‍ ഉണ്ടാകുന്നതിനും ഷെയറുകളും മറ്റും ലഭിക്കുന്നതിനും ഉള്ള സാഹചര്യങ്ങളും കാണുന്നു. വേണ്ടപ്പെട്ടവരുടെ ആശുപത്രിവാസവും ഉണ്ടാകും. ചെറിയ ചില ദുഃഖകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുമെങ്കിലും വര്‍ഷാവസാനം ഗുണകരമായ അവസ്ഥകള്‍ ഉണ്ടാകും. പുതിയ വീട് വെച്ച് താമസിക്കുന്നതിനും വീട് വാങ്ങുന്നതിന് യോഗം കാണുന്നു. അകന്നുകഴിയുന്നവരുമായി ഒന്നിക്കുന്നതിനും യോഗം കാണുന്നു.
പരിഹാരങ്ങള്‍: ശിവക്ഷേത്രത്തില്‍ മുന്‍പിന്‍വിളക്ക്, ധാര, കൂവളമാല, സുബ്രഹ്മണ്യസ്വാമി, ദേവീക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തുക.
ജന്മസംഖ്യ 2, 11, 20, 29
ഈ വര്‍ഷം നിങ്ങള്‍ക്ക് നന്മയും തിന്മയും ഇടകലര്‍ന്നിരിക്കും. ശാരീരിക അസ്വസ്ഥതകള്‍ക്കും കുടുംബ സാഹചര്യങ്ങള്‍ക്കും മാറ്റം വരും. ജോലി മാറ്റവും സ്ഥലമാറ്റവും സ്ഥാപനങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളും ബുദ്ധിമുട്ടുകളും അലട്ടിക്കൊണ്ടിരിക്കും. തൊഴിലില്‍ നിന്ന് ലാഭം ലഭിക്കാതെ വരുന്നതുകൊണ്ട് ഉള്ള തൊഴില്‍ ഉപേക്ഷിക്കുകയും വേറെ തൊഴിലുകള്‍ തേടേണ്ടി വരും. വീട്ടില്‍ മോശപ്പെട്ട അവസ്ഥകള്‍ ഉണ്ടാവുകയും, മാറിത്താമസിക്കുക തുടങ്ങിയ അവസ്ഥകള്‍ വന്നുചേരുകയും ചെയ്യും. സ്വന്തം ബന്ധുക്കളുടെ ആരോഗ്യസ്ഥിതിയില്‍ അസ്വസ്ഥത ഉണ്ടാവുകയും സാമ്പത്തിക ചെലവുകള്‍ക്ക് കാരണമായി തീരുകയും ചെയ്യും. ഇപ്രകാരമായ ദുഃഖകരമായ അവസ്ഥയില്‍ കഴിയുന്നവര്‍ക്ക് വര്‍ഷാവസാനം മറ്റുള്ളവരുടെ സഹായങ്ങള്‍ ലഭിക്കുകയും ഭാഗ്യം വന്നുചേരുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുതുടങ്ങുകയും ചെയ്യും.
പരിഹാരങ്ങള്‍: ദേവീക്ഷേത്രങ്ങളില്‍ പട്ട്, നെയ് വിളക്ക് മാല, കടുംപായസം നിവേദ്യം, ശിവക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തുക.
ജന്മസംഖ്യ 3, 12, 21, 30
ഈ വര്‍ഷം ഭാഗ്യം നിറഞ്ഞ വര്‍ഷം മുതലുകള്‍ കളവുപോവുകയോ നഷ്ടപ്പെടുകയോ ചെയ്തേക്കാം. മേലധികാരികള്‍ ദേഷ്യപ്പെടുകയോ പ്രമോഷനുകള്‍ തടഞ്ഞുവയ്ക്കുകയോ ഒക്കെ ചെയ്തേക്കാം. ഒന്നുകൊണ്ടും വിഷമിക്കേണ്ട. കടിച്ച പാമ്പ് തന്നെ വിഷമിറക്കും എന്നും, സന്തോഷകരമായ അവസ്ഥകള്‍ വന്നുചേരുകയും, മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാവുകയും, പുതിയ വാഹനം വാങ്ങുകയും, വീട് വയ്ക്കുകയും പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. വ്യാപാരികള്‍ക്ക് ഈ വര്‍ഷം നല്ല സമയം അല്ല. സര്‍ക്കാര്‍ നികുതി പ്രശ്നങ്ങള്‍ മുതലായവ ചുമത്തുകയും വില്‍പ്പനസാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. സ്ത്രീകള്‍ കാരണം ബുദ്ധിമുട്ടുകള്‍ക്ക് സാധ്യത. ചെറിയ മാറ്റങ്ങള്‍ നല്ലതിനായി കണക്കാക്കി മനസ്സ് വിഷമിപ്പിക്കാതിരിക്കുക. ഈ വര്‍ഷം നിര്‍ബന്ധമായും ദേവാലയദര്‍ശനവും പുണ്യപ്രവൃത്തികളും നടത്തേണ്ടതാണ്. നന്മ മാത്രം ചെയ്യുന്നതിനായി പരിശ്രമിക്കുക.
പരിഹാരങ്ങള്‍: വിഷ്ണുക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും യഥാശക്തി വഴിപാടുകളും ഗണപതിഹോമവും ഭഗവത് സേവയും നടത്തുക.
ജന്മസംഖ്യ 4, 13, 22
ഈ വര്‍ഷം പൊതുവേ ഗുണകരമാണ്. ജീവിതത്തില്‍ പലവിധ സന്തോഷങ്ങളും അനുഭവിക്കാന്‍ യോഗം കാണുന്നു. ഏത് കാര്യത്തില്‍ ഇടപെട്ടാലും വിജയം വരിക്കും. സ്ഥലം വാങ്ങുകയും വീട് വയ്ക്കുകയും പുതിയ സൗഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്യും. പഴയ സ്നേഹിതനില്‍നിന്ന് പിരിയുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. തൊഴിലില്‍ മുന്നേറ്റം ഉണ്ടാവുകയും ജോലി സംബന്ധമായി അന്യനാട്ടിലേക്ക് പോവുകയും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യും. ഭാര്യാഭര്‍ത്താക്കന്മാരുടെ ജീവിതത്തില്‍ ആനന്ദം നിറഞ്ഞതായിരിക്കും. അവിവാഹിതരായി കഴിയുന്നവര്‍ക്ക് വിവാഹയോഗമുള്ള വര്‍ഷം. എന്നിരുന്നാലും ചതിയില്‍ പെടാന്‍ സാധ്യത. നിങ്ങളെ ഏതെങ്കിലും കേസില്‍ പെടുത്തി കോടതി കയറ്റുകയും സ്വത്ത് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മാറ്റിവയ്ക്കാന്‍ ആകാത്ത പാഴ്ച്ചെലവുകള്‍ മൂലം ക്ലേശിക്കാന്‍ സാധ്യത. ജാഗ്രതയായിരുന്നാല്‍ ധനം നഷ്ടവും മാനഹാനിയും ഒഴിവാക്കാം. മുന്‍ധാരണയോടെ ആണ്ടാവസാനത്തെ നോക്കിക്കാണുകയെങ്കില്‍ മുഴുവന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
പരിഹാരങ്ങള്‍: കുലദൈവങ്ങള്‍ക്ക് പൂജാദി കാര്യങ്ങളും, പിതൃക്കള്‍ക്ക് ബലിതര്‍പ്പണവും നടത്തേണ്ടതാണ്. സര്‍പ്പാരാധന, ശിവക്ഷേത്രത്തില്‍ മുന്‍-പിന്‍ വിളക്ക് ധാര, കൂവള മാല, മൃത്യുഞ്ജയ മന്ത്രപുഷ്പാഞ്ജലി, നാഗക്ഷേത്രത്തില്‍ ദര്‍ശനവും, യഥാശക്തി വഴിപാടുകളും.
ജന്മസംഖ്യ 5, 14, 23
ഈ വര്‍ഷം കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുകയും നാനാരീതിയിലുള്ള സഹായസഹകരണങ്ങള്‍ ലഭിക്കുകയും ചെയ്യും. എന്നാലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മനസ്സിന് ദുഃഖകരമായ ചില പ്രയാസങ്ങളും വന്നുചേരും. അത്തരം കാര്യങ്ങളില്‍ മനസ്സ് തളര്‍ന്നുപോവുകയോ കടമകള്‍ മറക്കുകയോ അരുത്. ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തനസജ്ജമായി ഇരിക്കുക. നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവിന്‍റെ വര്‍ഷം. സ്വയം പരിശ്രമിച്ച് അനുഭവിക്കാന്‍ തയ്യാറായിരിക്കുക. വീട്ടില്‍ വന്ന മഹാലക്ഷ്മിയെ ചവിട്ടി പുറത്താക്കരുത്. നിങ്ങളുടെ കുടുംബജീവിതത്തില്‍ പല കാര്യങ്ങളും സംഭവിക്കും. ജാഗ്രതയോടെ ഇരിക്കുക. മനോനിയന്ത്രണം പാലിക്കുക. എടുത്തുചാട്ടമരുത്. കോടതിവ്യവഹാരങ്ങള്‍ക്കായി ഇറങ്ങി പുറപ്പെടരുത്. ഈ ആണ്ടില്‍ ഭാഗ്യപരീക്ഷണങ്ങള്‍ക്ക് മുതിരരുത്. പണനഷ്ടവും, മാനഹാനിയും സംഭവിക്കും. ഇതുപോലെയുള്ള പണം ദാനധര്‍മ്മങ്ങള്‍ക്കായി ചെലവാക്കുക. പുറംനാടുകളില്‍ ഈ വര്‍ഷം ജോലി തേടി പോകാതിരിക്കുക. അപകടങ്ങളും ആപത്തുകളും പതിയിരിക്കുന്നു.
പരിഹാരങ്ങള്‍: ഈശ്വരധ്യാനം സ്ഥിരമാക്കുകയും ദൈവത്തില്‍ സ്വയം അര്‍പ്പിക്കുകയും ചെയ്യുക. ശ്രീകൃഷ്ണക്ഷേത്രത്തിലും ശ്രീരാമക്ഷേത്രത്തിലും അവല്‍ നിവേദ്യം നടത്തുകയും ചെയ്യുക.
ജന്മസംഖ്യ 6, 15, 24
ഈ വര്‍ഷാരംഭം അത്ര സുഖകരമല്ല. ദുഃഖകരമായ വാര്‍ത്തകള്‍ കേള്‍ക്കുകയും വേണ്ടപ്പെട്ടവരുടെ വേര്‍പാടുകള്‍ ഉണ്ടാകുകയും ചെയ്യും. വര്‍ഷാരംഭത്തില്‍ മനസ്സ് വിഷമിക്കേണ്ട അവസ്ഥകള്‍ വരുമെങ്കിലും പിന്നീട് നന്മയുടെ പ്രകാശം കണ്ടുതുടങ്ങും. കോടതി വ്യവഹാരങ്ങളില്‍ വിജയവും നല്ല തീരുമാനങ്ങള്‍ ഉണ്ടാവുകയും ചെയ്യും. വര്‍ഷം മുഴുവന്‍ ഭാഗ്യദേവത അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ടേയിരിക്കും. വ്യാപാരികള്‍ക്കും നല്ല വര്‍ഷം വന്‍ സാമ്പത്തിക മുന്നേറ്റം പ്രതീക്ഷിക്കാം. ആരോഗ്യം വര്‍ദ്ധിക്കുകയും ശാരീരികമായ അസുഖങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ജോലി തേടിയുള്ള വിദേശയാത്ര എല്ലാ ഭാഗ്യവും നേടിത്തരും. ജോലി ലഭിക്കുന്നതിനും പ്രമോഷനും ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുന്നതിനും സ്ഥലം മാറ്റത്തിനും യോഗം. വീട്ടില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുകയും സന്താനഭാഗ്യത്തിനും യോഗം. ഗുരുസ്ഥാനീയ നിന്ദ അരുത്. ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ മറക്കരുത്.
പരിഹാരങ്ങള്‍: സൂര്യക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും നാഗക്ഷേത്രത്തിലും ഗണപതിക്കും ലക്ഷ്മിദേവിക്കും യഥാശക്തി വഴിപാടുകള്‍ നടത്തുക.
ജന്മസംഖ്യ 7, 16, 25
ഈ വര്‍ഷം പൊതുവേ ഉദ്യോഗസ്ഥര്‍ക്കും വ്യാപാരികള്‍ക്കും നല്ല കാലം. ഉന്നതസ്ഥാനലബ്ധിയും, വ്യാപാരവിജയവും, വരുമാനവര്‍ദ്ധനവും, കുടുംബസൗഖ്യവും ഉണ്ടാകും. സ്ഥാപനങ്ങളില്‍ പണിമുടക്കിനും തൊഴില്‍ തര്‍ക്കത്തിനും സാധ്യത. ഇങ്ങനെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എങ്കിലും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണും. വിജയം ഉറപ്പിക്കാവുന്ന നിലപാടുകള്‍ സ്വീകരിക്കും. വരവില്‍ കവിഞ്ഞ ചെലവ് ഉണ്ടാക്കുകയും കടം വാങ്ങേണ്ടി വരികയും ചെയ്യും. ഗൗരവമായി ചിന്തിച്ചു മറ്റുമാര്‍ഗ്ഗങ്ങള്‍ തേടി കാര്യവിജയം ഉറപ്പാക്കണം. വര്‍ഷാവസാനത്തില്‍ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും തൊഴില്‍ മേഖലകളില്‍ മുന്നേറുവാനും സാധിക്കും. കുടുംബത്തില്‍ പല ശ്രേയസ്കരമായ കാര്യങ്ങള്‍ക്കും തുടക്കം കുറിക്കും. മലപോലെ വന്നത് മലര്‍പോലെയായി മാറുന്ന വര്‍ഷം.
പരിഹാരങ്ങള്‍: മനഃസമാധാനത്തിനായി തീര്‍ത്ഥയാത്രകള്‍ ഗുണം ചെയ്യും. ശിവപ്രീതിയും ശിവമൂര്‍ത്തിയും ഉറപ്പുവരുത്തേണ്ടതാണ്. കുടുംബക്ഷേത്രങ്ങളിലെ ദേവിപ്രീതിയും ആവശ്യമാണ്.
ജന്മസംഖ്യ 8, 17, 26
ഈ വര്‍ഷം സുഖകരം അല്ല. വീട്ടില്‍ മനസ്സമാധാനക്കേടിനുള്ള പ്രശ്നങ്ങളും, ഭാര്യാഭര്‍തൃബന്ധത്തില്‍ സ്വരചേര്‍ച്ച ഇല്ലായ്മ. വീട്ടില്‍ ദുഃഖകരമായ സംഭവങ്ങള്‍ എന്നിവ ഉണ്ടായേക്കാം. വേണ്ടപ്പെട്ടവരുടെ വേര്‍പാടുകളില്‍ മനസ്സ് വിഷമിക്കേണ്ട അവസ്ഥകള്‍ വരുമെങ്കിലും പിന്നീട് നന്മ ഉണ്ടാകും. സാമ്പത്തികസ്ഥിതി വളരെ മോശമാവുകയും കയ്യില്‍ പണമിരിക്കാത്ത അവസ്ഥകള്‍ വന്നുചേരുകയും ചെയ്യും. സ്ത്രീകള്‍ വഴി പണം വന്നുചേരാന്‍ സാധ്യത. ചെയ്യുന്ന ജോലി കടമയായി കണക്കാക്കി ഈ വര്‍ഷം മുന്നോട്ട് പോവുക. പുതിയ പദ്ധതികളും പരിപാടികളും ഈ വര്‍ഷം നടപ്പിലാക്കാതിരിക്കുക. ഈ നിലയില്‍ മുന്നോട്ടുപോകുമ്പോള്‍ വര്‍ഷാവസാനം സന്തോഷകരമായ അവസരങ്ങള്‍ ഉണ്ടാകും. വീട്ടില്‍ ശാന്തിയും സമാധാനവും സന്താനഭാഗ്യവും സാമ്പത്തിക അഭിവൃദ്ധിയും മനശാന്തിയും ഉണ്ടാകും. ശനീശ്വരനെ കൈവിടാതിരിക്കുക. ആണ്ടവസാനം പരിഹാരം ഉണ്ടാകും. ശനീശ്വരധ്യാനം പരിഹാരങ്ങള്‍ക്ക് കാരണമാകും. ശാരീരിക അസ്വസ്ഥതകള്‍ ആശുപത്രിവാസത്തിനു കാരണമാകുന്ന ചുറ്റുപാടുകള്‍ ഉണ്ടാക്കിയേക്കാം. ഭക്ഷണകാര്യത്തിലും മറ്റും അതിശ്രദ്ധ ആവശ്യമാണ്.
പരിഹാരങ്ങള്‍: ഗണപതിഹാമവും ഭഗവത് സേവയും, മൃത്യുഞ്ജയ ഹോമവും നടത്തുക.
ജന്മസംഖ്യ 9, 18, 27
ഈ വര്‍ഷം ചില നന്മകള്‍ ഉണ്ടാകുമെങ്കിലും ദോഷങ്ങള്‍ ആയിരിക്കും ഏറെയും കാണപ്പെടുക. ഈശ്വരനെ ശരണം പ്രാപിക്കുക. മുങ്ങാന്‍ പോകുന്നവനെ കൈപിടിച്ച് കയറ്റുന്നതുപോലെ ദൈവം നിങ്ങളെ രക്ഷിക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാതിരിക്കുക. സ്വന്തം ബന്ധുക്കളോട് പോലും സൂക്ഷിച്ചു പെരുമാറുക. വഴിയേ പോയ വയ്യാവേലി തലയില്‍ കയറ്റി ചുമട് ഇറക്കാന്‍ കഴിയാതെ വിഷമിക്കുന്ന അവസ്ഥകള്‍ ഉണ്ടാകും. ലാഭമുണ്ട് എങ്കില്‍ മാത്രമേ മുതല്‍മുടക്കാവൂ. ഇല്ലായെങ്കില്‍ പൂച്ച ചൂടുവെള്ളത്തില്‍ ചാടിയ അവസ്ഥകള്‍ ഉണ്ടാകും. ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും. കാര്‍ഷികമേഖലകളില്‍ ധനനഷ്ടത്തിന് സാധ്യത. ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് സ്ഥലം മാറ്റത്തിനും സാധ്യതയുണ്ട്. സ്വന്തം ബന്ധുക്കളുടെ ആശുപത്രിവാസവും ചെലവുകളും നിങ്ങളെ വിഷമിപ്പിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യും.
പരിഹാരങ്ങള്‍: ഈ വര്‍ഷം ഈശ്വരാരാധനയും കുടുംബദേവപ്രീതിയും ഉറപ്പുവരുത്തുക. ഗണപതി ഹോമവും, ശിവക്ഷേത്രത്തില്‍ പാല്‍പ്പായസ നിവേദ്യം നടത്തുക.
എം.കെ. കൃഷ്ണകുമാര്‍,
9995962420, krishnakumar@gmail.com
