ഓണക്കോടിയും ഗുരുവായൂരപ്പനും
ഗുരുവായൂരപ്പന്‍റെ ഭക്തവാത്സല്യം വെളിപ്പെടുത്തുന്ന നിരവധി സംഭവകഥകള്‍ പ്രചാരത്തിലുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ഊരാളന്മാരായ മല്ലിശ്ശേരി നമ്പൂതിരിമാരില്‍ ഒരാള്‍ക്ക് ഉണ്ടായ അനുഭവകഥയാണിത്.
ഗുരുവായൂരപ്പന്‍റെ ഭക്തവാത്സല്യം വെളിപ്പെടുത്തുന്ന നിരവധി സംഭവകഥകള്‍ പ്രചാരത്തിലുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ഊരാളന്മാരായ മല്ലിശ്ശേരി നമ്പൂതിരിമാരില്‍ ഒരാള്‍ക്ക് ഉണ്ടായ അനുഭവകഥയാണിത്.
കോഴിക്കോട് സാമൂതിരിയുമായി ഏറെ അടുപ്പമുള്ളവരായിരുന്നു മല്ലിശ്ശേരി ഇല്ലക്കാര്‍. ഗുരുവായൂരപ്പന്‍റെ തികഞ്ഞ ഭക്തരായിരുന്നു പാരമ്പര്യമായി ഇവര്‍. എങ്കിലും ഐതിഹ്യപരമായും ചരിത്രപരമായും ഗുരുവായൂരപ്പന്‍റെ കാരണവസ്ഥാനം ഇവര്‍ക്ക് ഉള്ളതിനാല്‍ ക്ഷേത്രശ്രീലകത്ത് പ്രവേശിച്ച് ഭഗവാനെ പൂജിക്കാനുള്ള അവകാശം ഇവര്‍ക്കില്ല.
ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മല്ലിശ്ശേരി ഇല്ലത്തെ അറുപത്തിനാല് വയസ്സ് പ്രായമുള്ള കൃഷ്ണന്‍ നമ്പൂതിരി എന്നയാള്‍ അനപത്യ ദുഃഖത്തില്‍ ഏറെ നിരാശനായിരുന്നു. സന്താനഭാഗ്യത്തിനായി ഏറെ വഴിപാടുകള്‍ നടത്തിയെങ്കിലും നഃ ഫലം. ഒടുവില്‍ ഈശ്വരഹിതം അറിയാനായി പ്രശ്നവിചാരം നടത്തി. കൃഷ്ണന്‍നമ്പൂതിരി ഭഗവാന് ഏറെ പ്രിയപ്പെട്ടവനാണ്. എങ്കിലും നമ്പൂതിരി തനിക്ക് ലഭിച്ചിട്ടുള്ള ഉയര്‍ന്ന സമ്പത്തില്‍ നിന്ന് യാതൊന്നും ദാനം ചെയ്തിട്ടില്ല. ദാനധര്‍മ്മ വിചാരത്തില്‍ നമ്പൂതിരി ഏറെ പിന്നിലാണ്. അതാണത്രേ സന്താനഭാഗ്യലബ്ധിക്ക് വിഘാതമായിരിക്കുന്നതെന്ന് പ്രശ്നവിധിയില്‍ തെളിഞ്ഞു.
പ്രശ്നവിചാരം അറിഞ്ഞതിനുശേഷം നമ്പൂതിരി ദാനധര്‍മ്മങ്ങളില്‍ ഏറെ ശ്രദ്ധിച്ചു. ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുള്ള കുട്ടികള്‍ക്കും സാധുജനങ്ങള്‍ക്കും വസ്ത്രം, ഭക്ഷണം എന്നിവ ദാനം ചെയ്യാന്‍ തുടങ്ങി. താമസംവിനാ അന്തര്‍ജനം ഗര്‍ഭിണിയായി. സന്തോഷവാനായ നമ്പൂതിരി ദാനധര്‍മ്മങ്ങള്‍ വിപുലീകരിക്കുകയും ഗുരുവായൂരപ്പന് പല വിശേഷാല്‍ വഴിപാടുകള്‍ നടത്തുകയും ചെയ്തു. വംശപരമ്പര നിലനിര്‍ത്താന്‍ തനിക്ക് ഒരു പുത്രനെ തരണേ എന്ന് നമ്പൂതിരി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. മാത്രമല്ല ജനിക്കാന്‍ പോകുന്ന പുത്രന് 'കൃഷ്ണന്‍' എന്ന് നാമകരണം ചെയ്യുകയും ചെയ്യാം, മാത്രവുമല്ല കുടുംബത്തിലെ എല്ലാ തലമുറയിലും ഉണ്ടാകുന്ന ആദ്യപുരുഷ സന്താനത്തിന് 'കൃഷ്ണന്‍' എന്ന് നാമകരണം ചെയ്യണമെന്ന് വ്യവസ്ഥയും എഴുതി ഉണ്ടാക്കിവച്ചത്രേ.(ഈ സമ്പ്രദായം ഇപ്പോഴും തുടരുന്നു)
നമ്പൂതിരിയുടെ പ്രാര്‍ത്ഥനയ്ക്ക് ഫലമായി. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ നമ്പൂതിരിക്ക് സുന്ദരനായ ഒരു ആണ്‍സന്താനത്തെ ലഭിച്ചു. നമ്പൂതിരിയും അന്തര്‍ജനവും ഏറെ സന്തോഷിച്ചു. മകന് 'കൃഷ്ണന്‍' എന്ന് നാമകരണവും നടത്തി.
നമ്പൂതിരി ദാനധര്‍മ്മങ്ങള്‍ അവസാനിപ്പിച്ചില്ല. മകന്‍റെ പിറന്നാളിനോടനുബന്ധിച്ച് തിരുവോണദിനം സാധുക്കളായ കുട്ടികള്‍ക്ക് ഓണക്കോടി വിതരണം മുടങ്ങാതെ നടത്തിപ്പോന്നു.
നമ്പൂതിരിയുടെ മകന്‍റെ ഉപനയനത്തിനുള്ള കാലമായി. ഇതും തിരുവോണദിനം തന്നെ നടത്താന്‍ തീരുമാനമായി. സാധുകുട്ടികള്‍ക്ക് ദാനം ചെയ്യാനുള്ള ഓണക്കോടിക്കൊപ്പം നമ്പൂതിരി സ്വന്തം മകനായി ഒരു മേല്‍ത്തരം പാവുമുണ്ട് കൂടി വാങ്ങി. തികഞ്ഞ ഭക്തനും, ശുദ്ധഹൃദയനും, ദാനശീലനുമാണ് നമ്പൂതിരി എങ്കിലും സ്വന്തം മകനുവേണ്ടി എന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടായത് സ്വാഭാവികം.
ശ്രീലകത്തിരിക്കുന്ന ഭഗവാന്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കിയിരുന്നു. ഏറെ വിശേഷപ്പെട്ട പാവുമുണ്ട് തനിക്ക് വേണമെന്ന് ഭഗവാനും ചിന്തിച്ചിട്ടുണ്ടാകണം. അങ്ങനെ തിരുവോണദിനമെത്തി. അന്നേദിനം ദീപാരാധനയ്ക്ക് ശേഷമാണ് ഓണക്കോടി വിതരണം. നമ്പൂതിരിയുടെ ഓണക്കോടി വാങ്ങാന്‍ ധാരാളം കുട്ടികള്‍ ക്ഷേത്രത്തിലെത്തി. തിരുമേനി തന്‍റെ മകനുള്ള വിശേഷാല്‍ ഓണക്കോടി ഭദ്രമായി മാറ്റിവച്ചു. എല്ലാ കുട്ടികള്‍ക്കും തിരുമേനി സന്തോഷത്തോടെ ഓണക്കോടികള്‍ നല്‍കി അനുഗ്രഹിച്ചു. അവസാനം മകനുള്ള വിശേഷാല്‍ ഓണക്കോടിയുമായി ക്ഷേത്രത്തില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അതിസുന്ദരനായ ഒരു ആണ്‍കുട്ടി ഓടിക്കിതച്ച് നമ്പൂതിരിയുടെ അരികിലെത്തി. നമ്പൂതിരിയുടെ മകന്‍റെ അതേ പ്രായം.
'എന്താ തിരുമേനീ ഇത്രവേഗം പോകാറായോ..? നട അടച്ചില്ലല്ലോ... എനിക്കുകൂടി ഓണക്കോടി തര്വോ...' ശ്രീത്വമുള്ള മുഖമുള്ള കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ നമ്പൂതിരി ഒന്നുപരുങ്ങി. എങ്കിലും പരുങ്ങല്‍ ഒന്നും മുഖത്ത് പ്രകടമാക്കാതെ നമ്പൂതിരി ഇപ്രകാരം കുട്ടിയോടായി പറഞ്ഞു 'ഓണക്കോടി എല്ലാം കൊടുത്തുകഴിഞ്ഞല്ലോ.. എന്താ ഇത്ര വൈകിയത്. ഇനി ഓണക്കോടി അടുത്ത വര്‍ഷമാകട്ടെ..' കുട്ടി അപ്പോള്‍ അവിടെ നിന്ന എല്ലാവരും കേള്‍ക്കേ പറഞ്ഞു 'വല്ല്യ ദാനധര്‍മ്മിഷ്ഠനാണത്രേ.. താങ്കള്‍ നുണപറയാനും തുടങ്ങിയോ.. മല്ലിശ്ശേരി നമ്പൂതിരിയെക്കുറിച്ച് ഇങ്ങനൊന്നും കേട്ടിട്ടില്ലല്ലോ..'
താന്‍ ഒളിച്ചുവച്ച ഓണക്കോടിയുടെ കാര്യം കുട്ടി കണ്ടുപിടിച്ചതിന്‍റെ ജാള്യം നമ്പൂതിരിക്ക് ഉണ്ടായി. എങ്കിലും ഭഗവാന്‍റെ ഹിതം ഇതായിരിക്കാം എന്ന് മനസ്സിലുറച്ച് നമ്പൂതിരി വിശേഷപ്പെട്ട ഓണക്കോടി കുട്ടിയുടെ കയ്യിലേയ്ക്ക് സന്തോഷത്തോടെ നല്‍കി ഇല്ലത്തേക്ക് നമ്പൂതിരി നടന്നു. ക്ഷേത്രമതില്‍ക്കകത്ത് വച്ച് നിസ്സാരമായ ഒരു കാര്യത്തിനായി കള്ളം പറയേണ്ടി വന്ന ദുഃഖം നമ്പൂതിരിയെ ഏറെ സങ്കടപ്പെടുത്തിയിരുന്നു.
പിറ്റേദിനം നിര്‍മ്മാല്യദര്‍ശനത്തിനായി നമ്പൂതിരി ക്ഷേത്രത്തിലെത്തി. ശ്രീകോവില്‍ തുറന്നപ്പോള്‍ അതാ ഉണ്ണിക്കണ്ണന്‍റെ തൃക്കയ്യില്‍ നമ്പൂതിരി കുട്ടിക്ക് നല്‍കിയ പാവുമുണ്ട്. മല്ലിശ്ശേരി നമ്പൂതിരി ഏറെ അത്ഭുതപ്പെടുകയും ഭഗവാന്‍റെ ലീലാവിലാസം ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു.
എസ്.പി.ജെ
