ഉത്സാഹത്തിന്‍റെയും സ്നേഹത്തിന്‍റെയും ഉത്സവം

ഉത്സാഹത്തിന്‍റെയും സ്നേഹത്തിന്‍റെയും ഉത്സവം

HIGHLIGHTS

കാലത്തിനൊപ്പം രീതികള്‍ മാറുന്നുവെങ്കിലും മലയാള നാടിന്‍റെ പ്രകൃതിക്കും മലയാളിയുടെ മനസ്സിനും ചിങ്ങമെത്തിയാല്‍ ഒരു ഉന്മേഷമാണ്. ഓണമെത്തിപ്പോയ് എന്ന വായ്ത്താരി എല്ലാ കാര്യത്തിലും ഉണ്ടാകും. നമ്മുടെ മനസ്സുകളിലേക്ക് ഉത്സാഹത്തിന്‍റെയും സ്നേഹത്തിന്‍റെയും ഉത്സവത്തിന്‍റെയും ഉന്മേഷം നിറക്കുന്നതാണ് ഓണക്കാലം.

ണവുമായി ബന്ധപ്പെട്ട് എത്രയെത്ര സങ്കല്‍പ്പങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് പണ്ടുണ്ടായിരുന്നത്. കാലം മാറി, ജീവിതം യാന്ത്രികമായി, ആചാരങ്ങള്‍ പലതും അപ്രത്യക്ഷമായി. ചിലതൊക്കെ വെറും ചടങ്ങുകളായി. ചിങ്ങമെത്തുന്നതോടെ പ്രകൃതി കൂടുതല്‍ മനോഹരിയായി മാറുന്നു. പൂക്കളായ പൂക്കളൊക്കെ പുഞ്ചിരി തൂകും. ഓണത്തുമ്പികള്‍ പാറിപ്പറക്കും. സ്വക്ഷേത്രസ്ഥിതനായ സൂര്യന്‍റെ രശ്മികള്‍ക്ക് പോലും തിളക്കമേറും. ഓണത്തുമ്പികള്‍ എന്ന് വിളിക്കപ്പെടുന്ന മഞ്ഞനിറമുള്ള ശലഭങ്ങള്‍ ഓണക്കാലത്തെ പ്രത്യക്ഷപ്പെടാറുള്ളൂ. ഓണപ്പൊന്‍വെയിലില്‍ അവ നൃത്തമാടുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേകചന്തവും ഓമനത്തവുമുണ്ട്.

കാലത്തിനൊപ്പം രീതികള്‍ മാറുന്നുവെങ്കിലും മലയാള നാടിന്‍റെ പ്രകൃതിക്കും മലയാളിയുടെ മനസ്സിനും ചിങ്ങമെത്തിയാല്‍ ഒരു ഉന്മേഷമാണ്. ഓണമെത്തിപ്പോയ് എന്ന വായ്ത്താരി എല്ലാ കാര്യത്തിലും ഉണ്ടാകും. നമ്മുടെ മനസ്സുകളിലേക്ക് ഉത്സാഹത്തിന്‍റെയും സ്നേഹത്തിന്‍റെയും ഉത്സവത്തിന്‍റെയും ഉന്മേഷം നിറക്കുന്നതാണ് ഓണക്കാലം.

ദാരിദ്ര്യമാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖം. ചില ഗൃഹങ്ങളിലെ അടുക്കളകള്‍ എന്നും പുകയാത്ത ഒരു കാലമുണ്ടായിരുന്നു. വയറൊട്ടി വിശപ്പ് സഹിച്ച ആ കാലഘട്ടങ്ങളിലും മലയാളിയുടെ ചുണ്ടില്‍ ചിരി ഒഴിയുമായിരുന്നില്ല. അതൊരു സഹനശക്തിയുടെ ഉള്‍പ്രേരണകൊണ്ടായിരുന്നു. എന്നാല്‍ ഈ ശക്തി മലയാളി നേടിയെടുത്തത് ഓണമെന്ന മഹത്തായ ആഘോഷത്തില്‍ നിന്നാണെന്ന് നിസ്സംശയം പറയാം. തിരുവോണം മുതല്‍ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണസദ്യയും ഓണക്കളിയും ആര്‍പ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക. 

ഇന്ന് മുന്നൂറ്റി അറുപത്തഞ്ച് ദിവസവും ഓണം പോലെ ജീവിക്കുവാനുള്ള സാമ്പത്തികശേഷി കൈവരിച്ച മലയാളിക്ക് അതിനുള്ള പ്രേരണ നല്‍കിയത് ഓണം പ്രദാനം ചെയ്ത മധുരസങ്കല്‍പ്പങ്ങളും സ്വപ്നങ്ങളുമായിരുന്നു.

കള്ളവും ചതിയുമില്ലാതെ നാടുവാണിരുന്ന അസുരചക്രവര്‍ത്തി മഹാബലിയോട് വാമനരൂപം പൂണ്ട് മഹാവിഷ്ണു മൂന്നടി ഭൂമി ദാനമായി ആവശ്യപ്പെട്ടു. മഹാബലി അളന്നെടുക്കാന്‍ പറഞ്ഞപ്പോള്‍ ആകാശത്തോളം വളര്‍ന്ന വാമനന്‍ രണ്ട് അടി കൊണ്ട് ലോകം മുഴുവന്‍ അളന്നെടുത്തു. വാമനന്‍റെ അവതാരോദ്ദേശം മനം കൊണ്ടറിഞ്ഞ മഹാബലി മൂന്നാമത്തെ അടി സ്വന്തം തലയില്‍ വെച്ചളക്കാന്‍ പറഞ്ഞു. 

അസുരചക്രവര്‍ത്തിയാണെങ്കിലും മഹാബലിയുടെ സാത്വികതയിലൂടെ കൈവന്ന ദേവസ്വരൂപം കണ്ടറിഞ്ഞ വാമനന്‍ ഭൂമിക്കും പാതാളത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന സുതലത്തിലേക്ക് ചവുട്ടിത്താഴ്ത്തി. തന്‍റെ പ്രജകളെ സന്ദര്‍ശിക്കുവാന്‍ വര്‍ഷത്തിലൊരിക്കല്‍ അനുമതി ആവശ്യപ്പെട്ടപ്പോള്‍ ആവണിമാസത്തില്‍ സന്ദര്‍ശനാനുവാദം വാമനന്‍ നല്‍കി. തിരുവോണനാളില്‍ കേരളത്തിലെ വീടുകളില്‍ മഹാബലി സന്ദര്‍ശിക്കാനെത്തുമെന്ന ഐതിഹ്യമാണ് കേരളത്തിലെ മഹത്തായ ഓണാഘോഷത്തിന്‍റെ ഐതിഹ്യം.

കൊല്ലവര്‍ഷാരംഭത്തില്‍ കേരളം ഭരിച്ചിരുന്നത് നാട്ടുരാജാക്കന്മാരായിരുന്നു. മഹോദയപുരം തലസ്ഥാനമാക്കി(ഇന്നത്തെ കൊടുങ്ങല്ലൂര്‍) ഭരിച്ച ചക്രവര്‍ത്തിക്കായിരുന്നു നാട്ടുരാജാക്കന്മാരുടെ മേല്‍ക്കോയ്മ. ഈ സാമ്രാജ്യത്തിന്‍റെ മദ്ധ്യഭാഗത്തായി അറബിക്കടലിനും പെരിയാറിനും തീരത്തായിരുന്നു കാല്‍ക്കരൈ നാട് എന്ന നാട്ടുരാജ്യം. അതിന്‍റെ തലസ്ഥാനം തൃക്കാക്കരക്ഷേത്രം ഉള്‍പ്പെട്ട പ്രദേശമായിരുന്നു.

കര്‍ക്കിടകത്തിലെ തിരുവോണനാള്‍ മുതല്‍ ചിങ്ങത്തിലെ തിരുവോണനാള്‍ വരെ ചേര സാമ്രാജ്യത്തിലെ നാടുവാഴികളുടെ വാര്‍ഷിക കൂട്ടായ്മ തൃക്കാക്കര ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തി ഉത്സവമായിട്ടായിരുന്നു ആഘോഷിച്ചിരുന്നത്. ഇരുപത്തെട്ടുദിവസത്തെ ഉത്സവത്തില്‍ അവസാനപത്തുദിവസമാണ് കെങ്കേമമായി കൊണ്ടാടിയിരുന്നത്.

ചിങ്ങത്തിലെ അത്തം മുതല്‍ പത്തുദിവസം അറുപത്തിനാല് ഗ്രാമത്തലവന്‍മാരുടെ വക ഓരോ ഗജവീരന്മാരും പെരുമാളിന്‍റെ വക ഒരു ഗജവീരനും ചേര്‍ത്ത് അറുപത്തഞ്ച് ഗജവീരന്മാര്‍ തൃക്കാക്കര ക്ഷേത്ര ആറാട്ടിന് എഴുന്നെള്ളിയിരുന്നു. ഉത്സവദിവസങ്ങളില്‍ എല്ലാ രാജാക്കന്മാരും ചേര്‍ന്ന് പ്രജകള്‍ക്ക് ക്ഷേത്രത്തില്‍ സദ്യയും ഒരുക്കിയിരുന്നു. അവസാന മൂന്ന് ദിവസങ്ങളില്‍ അതിവിപുലമായ ഓണസദ്യയാണ് ഉണ്ടായിരുന്നത്. ഓരോ വര്‍ഷവും തൃക്കാക്കരയില്‍ എത്തുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഉത്സവം നടത്താന്‍ പറ്റാതെ വന്നു.

ഈ പ്രശ്നം ഒഴിവാക്കുന്നതിനായി പ്രജകള്‍ക്ക് സ്വന്തം വീടിന്‍റെ മുറ്റത്തുതന്നെ അത്തം മുതല്‍ പത്തുദിവസം പൂക്കളം ഒരുക്കി തൃക്കാക്കരയപ്പനെവെച്ച് ഓണം ആഘോഷിക്കുവാന്‍ പെരുമാള്‍ അനുമതി കൊടുത്തു. എറണാകുളത്തു നിന്നും പത്തുകിലോമീറ്റര്‍ വടക്കുമാറിയാണ് ചരിത്രവും ഐതിഹ്യവും ഉറങ്ങിക്കിടക്കുന്ന തൃക്കാക്കര.

പണ്ടൊക്കെ ഓണാവധിക്ക് വിദ്യാലയങ്ങള്‍ അടയ്ക്കുമ്പോള്‍ ബാലികാബാലന്മാര്‍ക്ക് ഓണപ്പനി ബാധിക്കയായി. പൂക്കളം തീര്‍ക്കലാണ് അവരുടെ പ്രധാനജോലി. അത്തം മുതല്‍ തുടങ്ങുന്ന പൂക്കളം തീര്‍ക്കല്‍ ദിവസങ്ങള്‍ കഴിയും തോറും വിപുലമായി തീരുന്നു. ഉത്രാടനാളിലാണ് അതിന്‍റെ പര്യവസാനം. അന്നാണ് ഏറ്റവും വലിയ പൂക്കളം തീര്‍ക്കല്‍. പൂക്കളമിടുന്നതിലുമുണ്ട് ചില ചിട്ടകളൊക്കെ. ദേശഭേദമനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ കാണാം. പൂക്കളിടുന്നതില്‍ മാത്രമല്ല, മറ്റെല്ലാ ഓണച്ചടങ്ങുകളിലും ഇത്തരം വ്യത്യാസങ്ങളുണ്ട്. അത്തം, ചിത്തിര, ചോതി നാളുകളില്‍ വെള്ളപ്പൂക്കള്‍ മാത്രമേ ചിലര്‍ പൂക്കളത്തിനുപയോഗിക്കാറുള്ളൂ. 'മൂലത്തിന് മൂല തിരിച്ച്' എന്നൊരു ചൊല്ല് തന്നെയുണ്ട്. മൂലം നാള്‍ എല്ലായിനം പൂക്കളും ചേര്‍ത്ത് ചതുരാകൃതിയിലാണ് സാധാരണയായി പൂക്കളമൊരുക്കുക.

അത്തത്തിന് തുമ്പയും മുക്കുറ്റിയും പ്രധാനമാണ്. ചിത്തിരയ്ക്ക് പ്രാധാന്യം വെളുത്ത പുഷ്പങ്ങള്‍ക്കാണ്. ചോതിനാളില്‍ പൂക്കളം മുക്കുറ്റിയാല്‍ നിറയ്ക്കണം. വിശാഖത്തിന് വൃത്താകൃതിയില്‍ പൂക്കള്‍ ഇടകലര്‍ത്തി കളമൊരുക്കണം. അനിഴത്തിന് അഞ്ചുനിറത്തിലുള്ള പൂക്കള്‍ കൊണ്ട് അഞ്ച് വരിയായി. തൃക്കേട്ടയ്ക്ക് ആറുനിറത്തിലുള്ള പൂക്കള്‍ കൊണ്ടാവണമെന്നാണ് വിശ്വാസം. മൂലത്തിന് മൂടുവോളം പൂ എന്നാണ് പറയുക. പൂരാടത്തിന് പൂരപ്പറമ്പുവരെ നീളുന്ന പൂക്കളാണ്. കാക്കപ്പൂവ് പ്രധാനമാണ്.

ഉത്രാടനാളില്‍ സമൃദ്ധമായി പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കുന്നു. തിരുവോണനാളില്‍ തൃക്കാക്കരയപ്പന്‍റെ വരവുമായി. മഹാബലിയുടെ ഇഷ്ടപുഷ്പമാണ് തുമ്പ. ചാണകം മെഴുകിയ തറയില്‍ തുമ്പയും തുളസിയും കൊണ്ട് ഒറ്റവരി അത്തത്തിന്. തിരുവോണമാകുമ്പോള്‍ അത് പത്ത് വരിയാകും.

രാവേറും വരെയുള്ള ഒരുക്കങ്ങളുടെ ദിവസമാണ് ഉത്രാടനാള്‍. തൊടുകറികളും ചെറുകറികളും തയ്യാറാക്കുന്നത് മുതല്‍ അര്‍ദ്ധരാത്രിയോടെ വീടും പരിസരവും അടിച്ചുവാരി പൂക്കളമിടുന്നതുവരെ ശ്വാസം വിടാതെയുള്ള പാച്ചില്‍ തന്നെ. അത്തം മുതല്‍ പൂക്കളമിട്ടു തുടങ്ങുമെങ്കിലും തിരുവോണനാളിലെ പൂക്കളമാകണം കെങ്കേമം. ഓരോ വീട്ടുമുറ്റത്തുമെത്തുമ്പോള്‍ മാവേലിത്തമ്പുരാന്‍ ആദ്യം കാണേണ്ടത് വര്‍ണ്ണസമൃദ്ധമായ പൂക്കളമാകണമെന്നാണ് സങ്കല്‍പ്പം.

തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് വയ്ക്കുന്നവര്‍ അരിമാവ് കൊണ്ട് കോലം വരച്ച് നേദിക്കണമത്രെ. പൂവടയും പഴം നുറുക്കും ഇലയിലൊരുക്കുന്നതാണ് നേദ്യം. കുട്ടികളും മുതിര്‍ന്നവരും നേരത്തെ കുളിച്ചൊരുങ്ങി ഓണക്കോടിയണിഞ്ഞ് തുമ്പിതുള്ളല്‍, ഊഞ്ഞാലാട്ടം, ഉറിയടി, ഓണപ്പാട്ട് തുടങ്ങിയ കളികളില്‍ ഏര്‍പ്പെടുന്നതും നമ്മുടെ പരമ്പരാഗത ഓണസങ്കല്‍പ്പത്തില്‍പ്പെടുന്നു.

അകത്തളത്തില്‍ ചമ്രം പടിഞ്ഞിരുന്ന് തൂശനിലയില്‍ തുമ്പപ്പൂചോറ് വിളമ്പിയാണ് ഓണസദ്യ കഴിക്കേണ്ടത്. ചിട്ടവട്ടങ്ങളനുസരിച്ച് ആസ്വദിച്ച് കഴിക്കണം. ഒരുമിച്ച് ഇരിക്കുകയും കഴിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നതാണ് സദ്യയുടെ ചിട്ട.

മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും തിര്യക്കുകള്‍ക്കും വരെ ഓണം സംബന്ധിച്ച് പ്രത്യേക ഭക്ഷണം നല്‍കാറുണ്ട്. തേങ്ങാപ്പൂളും ഉപ്പുമڋാപ്പൂളും ചേര്‍ത്ത് കന്നുകാലികള്‍ക്ക് ചോറോ കഞ്ഞിയോ കൊടുക്കും. തിരുവോണത്തിന്‍നാള്‍ സന്ധ്യയ്ക്ക് പുരയ്ക്ക് ചുറ്റും താഴത്തെ വരാന്തയിലോ മുറ്റത്തോ നറുക്കിലയില്‍ തിരി കത്തിച്ചുവെച്ച് അതിനോട് ചേര്‍ത്ത് പായസം തുള്ളി തുള്ളിയായി ഒഴിക്കുന്നു. ഉറുമ്പുകള്‍ക്ക് ഓണത്തിന്‍റെ വിഹിതം കൊടുക്കുന്ന ഉറുമ്പൂട്ടാണത്.


ശ്രീരാഗം, ഇരിങ്ങാലക്കുട
 

Photo Courtesy - Google