ഓണം: ഗൃഹാതുര ഓര്‍മ്മകളുടെ നിറക്കൂട്ട്

ഓണം: ഗൃഹാതുര ഓര്‍മ്മകളുടെ നിറക്കൂട്ട്

HIGHLIGHTS

കേരളത്തിന്‍റെ ദേശീയോത്സവമായ ഓണം ഗൃഹാതുര ഓര്‍മ്മകളുടെ നിറക്കൂട്ടാണ്. സങ്കല്‍പ്പങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സമ്മിശ്രമായ ആഘോഷമായി ഓണം മാറിയിട്ട് എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. കാലം മാറി ആചാരങ്ങള്‍ പലതും അപ്രത്യക്ഷമായി. എങ്കിലും ഓണത്തിന്‍റെ പകിട്ടിന് തെല്ലും കുറവുണ്ടായതായി തോന്നുന്നില്ല. സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും ഉത്സവമാണ് ഓണം. വലുപ്പച്ചെറുപ്പമില്ലാതെ നമ്മളെല്ലാം ഒന്നാണെന്ന സന്ദേശം നല്‍കിയ ഒരു ഭരണാധികാരി, മഹാബലി നമുക്കുണ്ടായിരുന്നു എന്നോര്‍മ്മിക്കാനുള്ള അവസരം കൂടിയാണിത്. മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കാന്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമായ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. 

 

ണം ഒരു ആഘോഷമല്ല വികാരമാണ്. ആണ്ടിലൊരിക്കല്‍ നാടുകാണാനെത്തുന്നത് മാവേലി മാത്രമല്ല, നല്ല ഓര്‍മ്മകളുമായി എത്തുന്ന കൂട്ടുകാരും കുടുംബക്കാരുമാണ്. ആ ഒത്തുചേരലാണ് ആഹ്ലാദം. ആ ആഹ്ലാദമാണ് ഓണം എന്ന വികാരം. സദ്യവട്ടം നിറയ്ക്കുന്നത് വയറല്ല മനസ്സാണ്. ഓണക്കോടി അണിയുമ്പോള്‍ കിട്ടുന്നത് പുതുക്കോടിയുടെ സുഖമല്ല, സ്നേഹത്തില്‍ പൊതിഞ്ഞ രോമാഞ്ചമാണ്. എല്ലാ സന്തോഷവും തരുന്ന തിരുവോണം. അതിന് എത്തുന്ന മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രകൃതിയും മനുഷ്യനും.

എന്തോ ആഘോഷമുണ്ടെന്ന് തിരിച്ചറിഞ്ഞ് ചെടികള്‍ പൂക്കള്‍ വിരിയിക്കും. കതിരിട്ടപാടത്ത് കൊയ്ത്ത് കഴിയും. തോട്ടങ്ങളില്‍ പച്ചക്കറി വിളവെടുപ്പിന് തയ്യാറാകും. എല്ലാവരേയും ഒരുമിച്ച് കാണാനും ഒരുമിച്ചുണ്ണാനും മനസ്സില്‍ ആഗ്രഹം ആരുമറിയാതെ ജനിക്കും. ജാതിമതവര്‍ഗ്ഗവര്‍ണ്ണ ഭേദമില്ലാതെ കേരളത്തിന്‍റെ ദേശീയ ഉത്സവത്തെ ആഘോഷമാക്കാന്‍ എല്ലാവരും ഒരുങ്ങി. കാലാകാലങ്ങളായി ആഘോഷിക്കുന്ന ഓണത്തെപ്പറ്റി പല ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലും അന്നും ഇന്നും എന്നും കഥാതന്തു മഹാബലി എന്ന മാവേലിത്തമ്പുരാനാണ്.

പ്രഹ്ലാദപുത്രനായ വീരോചനപുത്രനാണ് മഹാബലി. വലിയ ത്യാഗം ചെയ്തവര്‍ എന്നാണ് മഹാബലി എന്ന വാക്കിനര്‍ത്ഥം. ഇദ്ദേഹത്തിന്‍റെ ഭരണം ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു. ഈ കാലത്ത് മാനുഷരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും ഒന്നുംതന്നെ അവര്‍ക്കിടയിലില്ലായിരുന്നു. മഹാബലിയുടെ ഭരണത്തിന്‍ അസൂയാലുക്കളായ ദേവന്മാരുടെ അഭ്യര്‍ത്ഥനപ്രകാരം മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി.

ദേവമാതാവായ അദിതിയുടെ പുത്രനായി മഹാവിഷ്ണു അവതരിച്ചതത്രെ വാമനന്‍. മഹാബലി വിശ്വജിത് യാഗം നടത്തുന്നതിനിടെയാണ് വാമനന്‍ എത്തിയത്. അദ്ദേഹം മഹാബലിക്ക് കൊടുത്ത വാക്കുപ്രകാരം വര്‍ഷം തോറും മഹാവിഷ്ണുവിന്‍റെ ജന്മനക്ഷത്രമായ തിരുവോണനാളില്‍ മഹാബലി തന്‍റെ പ്രജകളെ കാണാനെത്തുന്നുവെന്നാണ് ഒരു ഐതിഹ്യം.

മാവേലിയെ എതിരേല്‍ക്കാന്‍ ആദ്യമൊരുക്കുക വലിയ പൂക്കളമാണ്. അത്തം മുതല്‍ പത്തുനാള്‍ പൂക്കളമൊരുക്കും. അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ല്. പത്താംനാള്‍ തിരുവോണത്തിന് കൂറ്റന്‍ പൂക്കളമൊരുക്കും. പല നിറങ്ങളിലുള്ള പൂക്കളമിട്ട് കളമൊരുക്കുന്നത് മലയാളക്കരയുടെ സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ഭാവം ഓരോ മലയാളിയുടെയും ഹൃദയാന്തര്‍ഭാഗത്ത് ഉള്ളതിന് തെളിവാണ്.

പണ്ട് കേരളത്തിലെ കാര്‍ഷിക പശ്ചാത്തലവും ഗ്രാമീണ ജീവിതശൈലിയുമാണ് പൂക്കളത്തിന്‍റെയും സദ്യയുടെയും അടിസ്ഥാനം. പാടങ്ങളിലും പറമ്പുകളിലും നാടന്‍പൂക്കളുടെ സമൃദ്ധിയായിരുന്നു. പാടത്ത് അരി, പാടവരമ്പത്ത് പൂക്കള്‍. ചിങ്ങത്തിലെ കൊയ്ത്തുത്സവത്തെ പൊന്നോണമാക്കി മാറ്റിയിരുന്നത് ഇവയായിരുന്നു. കര്‍ഷകരുടെ വിയര്‍പ്പുതുള്ളികള്‍ കതിര്‍ക്കറ്റകളായി. ആ സമൃദ്ധിയെ വരവേല്‍ക്കാന്‍ പ്രകൃതിപോലും ഒരുങ്ങുമ്പോള്‍ പൂവിരിയുന്നു.

ഓണം കേരളീയരുടെ സാംസ്ക്കാരിക ദേശീയ ഉത്സവമാണ്. സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും സമത്വത്തിന്‍റെയും സത്യത്തിന്‍റെയും നന്മയുടെയും ത്യാഗത്തിന്‍റെയും അടയാളം കൂടിയാണിത്. ഓണത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശം തിരുവല്ല തിരുവാറ്റ ശാസനത്തിലാണുള്ളത്. എ.ഡി. 861 ലെ ശാസനത്തിന് മൂവിലേടത്തുമഠം ശാസനമെന്നും പേരുണ്ട്. അന്ന് കേരളം ഭരിച്ചിരുന്ന സ്ഥാണുരവിയുടെ പതിനേഴാം ഭരണവര്‍ഷത്തിലേതാണ് ശാസനം. ഒരു ചേന്നന്‍ ചേന്നനാര്‍ ആവണി ഓണം കൊടുക്കാന്‍ ഭൂമിദാനം ചെയ്തുവെന്നും അതിലൊരു വരുമാനം കൊണ്ട് ഓണസദ്യ നടത്തണമെന്നും മുടക്കിയാല്‍ പിഴ ഒടുക്കണമെന്നുമാണ് ശാസനത്തിന്‍റെ ഏകദേശ രൂപം. ഓണസദ്യയുടെ വിഭവങ്ങള്‍ പ്രത്യേകം പറയുന്നുണ്ട്. നെയ്യും പയറും ശര്‍ക്കരയും വാഴപ്പഴവും. ഇന്നത്തെ ഓണസദ്യയോട് താരതമ്യം ചെയ്യുമ്പോള്‍ അന്നത്തെ ഓണസദ്യക്ക് ഗമയില്ലായിരിക്കാം. ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതും നമ്മുടെ പൂര്‍വ്വികര്‍ക്ക് ആഡംബരമായിരുന്നിരിക്കണം.

പരശുരാമന്‍ കേരളം സൃഷ്ടിച്ച് തൃക്കാക്കരയില്‍ വെച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുകയും ഇനി എപ്പോഴെങ്കിലും തന്‍റെ ആവശ്യം വരികയാണെങ്കില്‍ സ്മരിച്ചാല്‍ ആ സമയം എത്താമെന്ന് വാക്ക് നല്‍കുകയും ചെയ്തു. ബ്രാഹ്മണര്‍ ഇത് പരീക്ഷിക്കാന്‍ വേണ്ടി ആവശ്യങ്ങള്‍ ഇല്ലാഞ്ഞിട്ടും പരശുരാമനെ സ്മരിച്ചു. ഇത് മനസ്സിലാക്കിയ അദ്ദേഹം ബ്രാഹ്മണരെ ശപിക്കുകയും വര്‍ഷത്തില്‍ ഒരിക്കല്‍ തൃക്കാക്കരയില്‍ പ്രത്യക്ഷപ്പെടുമെന്നും അന്ന് എല്ലാവരും ഉത്സവമായി ആഘോഷിക്കണമെന്നും അരുളി ചെയ്തു. ഈ ദിവസത്തിന്‍റെ സ്മരണ പുതുക്കലാണ് ഓണമെന്നും ഒരു അഭിപ്രായമുണ്ട്.

മഹോദയപുരം തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാള്‍ രാജാക്കന്മാരുടെ കീഴില്‍ ഭരണം നടത്തിയിരുന്ന കാല്‍ക്കരെ നാട്ടുരാജാക്കന്മാരുടെ തലസ്ഥാനം എന്ന നിലയില്‍ തൃക്കാക്കര കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായിരുന്നു. കാല്‍ക്കരെ രാജാക്കന്മാരിലെ ഒരു പ്രമുഖ ഭരണാധികാരിയായിരുന്ന മഹാബലി പെരുമാളിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഓണം ആഘോഷിക്കാന്‍ തുടങ്ങിയത് എന്ന ഐതിഹ്യവുമുണ്ട്.

ഓണം പൂക്കളുടേത് മാത്രമല്ല, കലകളുടേതുമാണ്. കേരളമാകെ കലയുടെ കേളികൊട്ടുയരും. താളരാഗനാദ നിബദ്ധമാണ് ഓരോ ഓണക്കാലവും. കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനും പ്രകടിപ്പിക്കാനുമുള്ള അവസരം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വൈവിധ്യമുള്ള കലാരൂപങ്ങളാണ് അരങ്ങിലെത്തുക. തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര, പുലികളി, ഓണവില്ല്, തിരുവാതിരക്കളി, ഓണത്തല്ല്, സംഗീത പരിപാടികള്‍, തുമ്പിതുള്ളല്‍, വള്ളംകളി, കഥകളി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍. ഗായകരുടെയും വാദ്യോപകരണക്കാരുടെയും മേളനം ക്ഷേത്രാങ്കണങ്ങളും പൊതുവേദികളും സംഗീതസാന്ദ്രമാക്കും.

തിരുവോണം മലബാറില്‍ ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ആഘോഷമാണെന്നും വര്‍ഷാവസാനം തിരുവോണത്തിന്‍റെ തലേന്നാളായി കാണുന്നെന്നും മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ പറയുന്നു.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തില്‍ പ്രധാനം ഓണസദ്യ തന്നെയാണ്. തിരുവോണ നാളിലാണ് സകുടുംബമുള്ള ഓണസദ്യ. കുറഞ്ഞത് പതിനഞ്ചുതരത്തിലുള്ള വിഭവങ്ങളുണ്ടായിരിക്കും. തറവാടുകളില്‍ വല്യകാരണവരും മുത്തച്ഛനും മുത്തശ്ശിയും കാര്യങ്ങളെ നിയന്ത്രിക്കും. ഇപ്പോള്‍ അണുകുടുംബങ്ങളായെങ്കിലും ഓണത്തിന് ഒത്തുചേരുകയെന്നത് മലയാളി മറക്കുന്നില്ല. ഓണക്കോടികളാണ് തിരുവോണനാളിലെ താരം. ഓണക്കോടി നല്‍കുന്നതും കിട്ടുന്നതും വളരെയധികം ആനന്ദപ്രദായകമായ അനുഭവമാണ്. ജാതിമത ചിന്തകളില്ലാതെ എല്ലാവരുടേയും സഹകരണം ലഭ്യമാകുന്ന ആഘോഷമാണ് ഇന്നും ഓണം. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ലിന് പിന്നില്‍ ഈ ആഘോഷത്തിന്‍റെ പ്രാധാന്യമാണ് കാണിക്കുന്നത്.

പിള്ളേരോണം മുതല്‍ കന്നിയോണം വരെ

കര്‍ക്കിടകമാസത്തെ തിരുവോണമാണ് പിള്ളേരോണം. കുഞ്ഞോണം, പിള്ളേരോണം എന്നൊക്കെ വിളിപ്പേരുള്ള ഈ ദിനം തൊട്ട് ഇരുപത്തെട്ടാം നാളാണ് ചിങ്ങത്തിരുവോണമെത്തുക. ഈ ദിവസം ഗൃഹഭരണം കുഞ്ഞുങ്ങളെ ഏല്‍പ്പിച്ച് മുതിര്‍ന്നവര്‍ മാറിനില്‍ക്കും.

വിഷുവിന് വെള്ളരിക്കയാണ് താരമെങ്കില്‍ തിരുവോണത്തിന് മത്തനും കുമ്പളങ്ങയുമാണ് പ്രധാനികള്‍. ഉത്രം നാളില്‍ തിരുമുറ്റത്ത് ഒരു പീഠത്തില്‍ തെക്കുവടക്കായി കുമ്പളങ്ങ വെച്ചിട്ട് കാരണവര്‍ നീളന്‍ കത്തികൊണ്ട് കണ്ണടച്ച് ഒരു വെട്ട്. ഒത്തനടുക്കുനിന്നു രണ്ടായി മുറിഞ്ഞാല്‍ സദ്ഫലങ്ങള്‍. ഇടത്തെ മുറി ചെറുതായാല്‍ സമ്പത്ത്. വലുതായാല്‍ മൃത്യു. കുമ്പളങ്ങ ചതഞ്ഞാല്‍ അപകടം എന്നിങ്ങനെയാണ് കൂശ്മാണ്ഡ ഫലം. കുമ്പളങ്ങ മുറിച്ച സ്ഥലം മെഴുകിയാണ് പിറ്റേന്ന് അത്തപ്പൂക്കളമൊരുക്കേണ്ടത്.

അത്തം നാളിലിടുന്ന പൂക്കളത്തില്‍ ഇളം മഞ്ഞനിറമാര്‍ന്ന വലിയ പൂവായ മത്തപ്പൂ ഒരു 
പ്രധാന ഇനമാണ്. ശര്‍ക്കരയും തേങ്ങയുമൊക്കെ ചേര്‍ത്ത് വിളഞ്ഞുപഴുത്ത മത്തങ്ങ കൊണ്ടുള്ള പായസം അത്തത്തിന് വിളമ്പും. പായസം കുറുകിയാല്‍ മഴ മാറും, അയഞ്ഞാല്‍ മഴ പെയ്യും അങ്ങനെയാണ് ഇതിന്‍റെ ലക്ഷണം പറയുക.

മൂലം നാളിലെ പൂക്കളം വട്ടത്തില്‍ മെഴുകിയ മൂല തിരിച്ചാണ് തയ്യാറാക്കുക. മൊത്തത്തില്‍ എട്ടുമൂലകള്‍ ഉണ്ടാകും. ആദിത്യന്‍, ഈശാനന്‍, കുബേരന്‍, വായു, വരുണന്‍, നൃതി, യമന്‍, അഗ്നി എന്നിങ്ങനെയാണ് എട്ട് മൂലകള്‍. അഷ്ടദിക് പാലര്‍ക്കായിട്ടാണ് ഈ ദിവസത്തെ കളം.

തിരുവോണത്തിന് ഒരുനാള്‍ മുമ്പുള്ള പൂരാടത്തെ കരിംപൂരാടമെന്നാണ് വിളിക്കുക. കാക്കപ്പൂവിന്‍റെ സമൃദ്ധിയില്‍ വിളങ്ങുന്ന പൂക്കളങ്ങള്‍ കൊണ്ട് പൂരാടം അലങ്കരിക്കപ്പെടുന്നതിനാല്‍ കരിംപൂരാടമെന്നും പറയുന്നു.

ഉത്രാടനാള്‍ ഗുരുവായൂരമ്പലത്തില്‍ കൊടിമരച്ചുവട്ടില്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കുന്ന ദിവസം കൂടിയാണിത്. ഗുരുവായൂരപ്പന് മുന്നില്‍ രാവിലെ ശീവേലിക്കുശേഷം സമര്‍പ്പണം തുടങ്ങും. മേല്‍ശാന്തി ആദ്യത്തെ കാഴ്ചക്കുല സമര്‍പ്പിക്കും. രാത്രി അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ കാഴ്ചക്കുല സമര്‍പ്പിക്കാം. തിരുവോണനാളിലും കാഴ്ചക്കുല സമര്‍പ്പണം ഉണ്ടാകും. ഉത്രാടനാളില്‍ ഇപ്പോള്‍ മിക്കക്ഷേത്രങ്ങളിലും കാഴ്ചക്കുല സമര്‍പ്പണച്ചടങ്ങ് നടക്കാറുണ്ട്.

തിരുവോണനാള്‍ രാവിലെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നാല്‍പ്പത്തൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ മഞ്ഞക്കടമ്പുമരത്തില്‍ നിര്‍മ്മിച്ച് പഞ്ചവര്‍ണ്ണങ്ങള്‍ ചാലിച്ച് പൂശിയ എട്ട് വില്ലുകള്‍ സമര്‍പ്പിക്കുന്നു. നാലരയടി, നാലടി, മൂന്നടി നീളമുള്ള വില്ലുകളില്‍ ദേവീദേവന്മാരുടെ രൂപങ്ങള്‍ കൊത്തിയിരിക്കും.(മഹാഗണിയിലും വില്ലുകള്‍ തീര്‍ക്കാറുണ്ട്). ഓണം ഭംഗിയായി ആഘോഷിക്കുന്നതിന്‍റെ 'ഉത്രാടപ്പാച്ചി'ലിനെക്കുറിച്ച് ഞാന്‍ മുമ്പെഴുതിയിരുന്നു.

അത്തംപ​ത്തിന് പൊന്നോണം

തിരുവോണ ദിനമാണിത്. അത്തത്തിന്‍റെ പത്താം നാള്‍ വലിയോലക്കുടവട്ടം വലിപ്പത്തില്‍ പൂക്കളമിടുന്നു. മുമ്പിലായി നിരത്തിയ നാക്കിലയില്‍ പത്തിന്‍റെ പൂരമാണ്. പത്തുപൂക്കള്‍ അഥവാ ദശപുഷ്പങ്ങള്‍(മുക്കുറ്റി, തിരുതാളി, വള്ളിയുഴിഞ്ഞ, വിഷ്ണുക്രാന്തി, ചെറൂള, കയ്യൂന്നി, നിലപ്പന, കറുക, മുയല്‍ചെവിയന്‍, പൂവാങ്കുറുന്നല്‍) പത്തിലകള്‍(തഴുതാമ, ചക്രത്തകര, മണിത്തക്കാളി, പയറില, മത്തനില, അഞ്ചിലച്ചി, ഉപ്പൂഞ്ഞല്‍, ചേമ്പില, മുള്ളന്‍ ചീരയില, കുടങ്ങല്‍), പത്തുനെല്‍മണി, പത്തുതേങ്ങ, പത്ത് വാഴപ്പഴം, പത്തെള്ള്, പത്ത് അരിമണി, പത്തുപ്പേരി, പത്തുപണം, പത്തുനൂല് എന്നിവ നിരത്തുന്നു. ആയുരാരോഗ്യ സമ്പല്‍സമൃദ്ധിയാണിവ സൂചിപ്പിക്കുന്നത്.

തിരുവോണനാളിലെ സദ്യയില്‍ മിച്ചം വന്നവ അവിട്ടംനാള്‍ രാവിലെ ഭക്ഷണമാകുന്നു. വെള്ളത്തിലിട്ട ചോറ്(പഴങ്കഞ്ഞി) കട്ടപിടിച്ചിരിക്കും. ഇതാണ് അവിട്ടക്കട്ട. സാമ്പാര്‍, അവിയല്‍, മറ്റുകറികള്‍ തൈരും മേമ്പൊടിയായി ചമ്മന്തിയും ചേര്‍ത്ത് അവിട്ടക്കട്ട പൊട്ടിക്കുന്നു.(അകത്താക്കുന്നു)

ഓണത്തിന്‍റെ പതിനാറാം നാളാണ് മകം. ഓണച്ചടങ്ങുകളുടെ പരിസമാപ്തി കുറിക്കുന്നത് അന്നാണ്. 'പതിനാറാം മകം,' 'ഓണത്തിന്‍റെ വാല്‍' എന്നൊക്കെ പേരുള്ള ഈ ദിനം നെല്‍ച്ചെടിയുടെ ജന്മദിനം കൂടിയാണ്. തിരുവോണത്തിന്‍റെ ഇരുപത്തെട്ടാം നാളില്‍ വരുന്ന കന്നിയോണമാണത്രേ 'വാലോണം.' കര്‍ക്കിടക ഓണം 'തലയോണവും.چ ഇരുപത്തെട്ടുകൂട്ടം വിഭവങ്ങളോടുകൂടിയ സദ്യ അന്ന് നിര്‍ബന്ധമായിരുന്നു.

മഴയും വെയിലും മാറിയെത്തിയാലും മലയാളികളുടെ ഓണാഘോഷത്തിന് തെല്ലും മാറ്റുകുറയുകയില്ല. പൂക്കളവും ഓണക്കോടിയും ഓണസദ്യയുമില്ലാതെ ഒരു ഓണക്കാലവും കടന്നുപോകുകയുമില്ല.

ജ്യോതിഷരത്നത്തിന്‍റെ എല്ലാ  വായനക്കാര്‍ക്കും ഓണാശംസകള്‍.

ബാബുരാജ് പൊറത്തിശ്ശേരി
 9846025010