ഓണം യൗവ്വനഘോഷം

ഓണം യൗവ്വനഘോഷം

HIGHLIGHTS

ചിങ്ങത്തിലെ തിരുവോണനാളുകള്‍ കൗമാരത്തിനും യൗവ്വനത്തിനും ബഹളങ്ങളുടേയും ഒത്തുചേരലുകളുടെയും ആഘോഷമാണ്.

തിരുവോണനാളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കും, നാലുമണിക്കുമെല്ലാം ഓണസദ്യ കഴിക്കാന്‍ വീട്ടിലേയ്ക്ക് ഓടിക്കയറിവന്ന ഓര്‍മ്മകള്‍ പങ്കിടുന്നവര്‍ പലരുമുണ്ട്. അമ്മയുടേയും, അച്ഛന്‍റേയും, മറ്റ് ബന്ധുക്കളുടേയും വായില്‍ നിന്ന് കിട്ടിയ വഴക്കുകള്‍ക്ക്, പാല്‍പ്പായസത്തിനേക്കാളും, പഴപ്രഥമനെക്കാളും മധുരം തോന്നിയ നാളുകളായിരുന്നു അത്.

ഓണത്തിന്‍റെ ആഘോഷമെന്നത് തികച്ചും  ബഹളപൂരിതമായ ചുറ്റുപാടുകള്‍ തന്നെയാണ്. 'പൂപ്പൊലി പൊലി പൂവേ; നല്ല ഒരോണമുണ്ടല്ലോ പോന്നുവരുന്നു' എന്ന ഓണപ്പാട്ടില്‍ എല്ലാ പ്രായക്കാരും ഓണത്തെ എപ്രകാരമാണ് കൊണ്ടാടുന്നതെന്ന് വളരെ രസകരമായി വിവരിച്ചിട്ടുണ്ട്. ബാല്യവും കൗമാരവും യൗവ്വനവുമാണ് ഓണബഹളങ്ങളില്‍ ഏവരേയും ഏറെ സ്വാധീനിച്ചിട്ടുള്ളത്.

ജീവിതത്തിന്‍റെ വലിയ പ്രാരാബ്ധങ്ങള്‍ നമ്മളെ വലുതായി ബാധിക്കാത്ത കാലയളവുകളാണ് ഈ കാലഘട്ടം. മഹാബലിയുടെ കഥയും, ഐതിഹ്യവും, ഐശ്വര്യവുമൊന്നും ഈ പ്രായത്തില്‍ നമ്മുടെ ചിന്തകളെ അധികമായി ബാധിക്കാറില്ല. സര്‍വ്വ സ്വാതന്ത്ര്യത്തോടെ അടിച്ചുപൊളിക്കാന്‍ കുറച്ചുദിവസങ്ങള്‍. പുതുവസ്ത്രങ്ങള്‍, ഓണവിഭവങ്ങള്‍, അങ്ങനെ കുറെ മധുരസങ്കല്‍പ്പങ്ങളിലൂടെ കഴിച്ചുകൂട്ടുന്ന ദിവസങ്ങള്‍.

ഇക്കുറി ഓണം അടിച്ചുപൊളി ചിന്തകളുടെ ചെറുചിത്രങ്ങളായിട്ടാണ് വായനക്കാരുടെ മുന്നിലെത്തുന്നത്. പുതിയ ചിന്തകളില്‍ ഓണപ്പൂക്കള്‍, ക്രിസാന്തിമവും, കട്ട് റോസും, മെരി ഗോള്‍ഡും, ആസ്റ്ററുമൊക്കെയായിട്ടാണ് എത്തുന്നത്. ഈ പൂക്കളവും ഓണവര്‍ണ്ണങ്ങളും ചിരിയും ബഹളങ്ങളും മത്സരങ്ങളും ചേര്‍ന്ന കൗതുകമാണ്.

ഓണസുന്ദരിയായി വന്നത് 'കാര്‍ത്തു'വാണ്. ബാലതാരമായിട്ടും, സിനിമാതാരമായിട്ടും നര്‍ത്തകിയായിട്ടും അഭ്രപാളികളില്‍ തന്‍റെ മികവ് തെളിയിച്ച മിടുക്കിയാണ് കാര്‍ത്തു. തിരുവനന്തപുരം കലാനിധിയുടെ അവാര്‍ഡ് ജേതാവ് കൂടിയാണ് ഈ കൊച്ചുമിടുക്കി.

കാര്‍ത്തുവിന് ജോഡിയായി വന്നത് മഹാദേവനാണ്. മഹാദേവന്‍ തികഞ്ഞ കലാകാരനാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒട്ടുമുക്കാല്‍ നൃത്തകലകളിലും പ്രാവീണ്യം നേടിയ ചെറുപ്പക്കാരനാണ് മഹാദേവന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി വെസ്റ്റേണ്‍ നൃത്തം ആധികാരികമായി പഠിക്കുകയാണ്. ആറാം സെമസ്റ്റര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. അനവധി ആല്‍ബങ്ങളിലും സീരിയലുകളിലും തന്‍റെ അഭിനയപ്രതിഭ തെളിയിച്ച ചെറുപ്പക്കാരനാണ് മഹാദേവന്‍. ഇവര്‍ക്കൊപ്പം കളിചിരിയുമായി അയല്‍വീട്ടിലെ ദേവനന്ദയും എത്തി.

കാര്‍ത്തിയും മഹാദേവനും ദേവനന്ദയും ഓണത്തിമിര്‍പ്പിലായിരുന്നു. സന്തോഷത്തിന്‍റെ പൂര്‍ണ്ണ ഭാവങ്ങളായി തിരുവോണ നിമിഷങ്ങള്‍ തെളിയുകയായിരുന്നു. തിരുവനന്തപുരത്തെ പ്രധാന കലാസാംസ്ക്കാരിക സമിതിയായ കലാനിധിയാണ് മഹിളയ്ക്കായി പൂക്കളങ്ങള്‍ തീര്‍ക്കാന്‍ മുന്നില്‍ നിന്നത്. കലാനിധിയിലെ ഗീതാമാഡത്തിനെ പ്രത്യേകം സ്മരിക്കാതിരിക്കാന്‍ തരമില്ല. എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.


ഫോട്ടോ: പ്രദീപ്കൃഷ്ണന്‍
മോഡല്‍: കാര്‍ത്തി- മഹാദേവ്