മഹാവിഷ്ണുവിന്‍റെ പിറന്നാള്‍ സമ്മാനം
തിരുവോണപ്പുലരി ശ്രീപത്മനാഭസ്വാമിക്ക് മുന്നില്‍ കണി ഉണരുന്നത് ഓണവില്ലിന്‍റെ വര്‍ണ്ണപ്പകിട്ടോടെയാണ്. തിരുവിതാംകൂറിലെ ഓണവിശേഷങ്ങളില്‍ ആത്മീയതയുടെ പൂര്‍ണ്ണതയാണ് പത്മനാഭന്‍റെ തിരുവോണവില്ല്. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ ഭഗവാന് സമര്‍പ്പിക്കുന്നതാണ് തിരുവോണവില്ല്. പത്മനാഭന്‍റെ മുന്നില്‍ സമര്‍പ്പിക്കുന്ന ഓണവില്ല് മഹാരാജാവ് രാജകൊട്ടാരത്തില്‍ ഭക്തിപൂര്‍വ്വം കൊണ്ടുവയ്ക്കുന്നു. വരുന്ന ഒരു വര്‍ഷക്കാലം തിരുവിതാംകൂറിന്‍റെ ഐശ്വര്യത്തിന് കാരണമായിത്തീരുകയാണ് ഈ ദിവ്യസാന്നിധ്യം. ഓണവില്ല് വീടുകളിലും, വ്യവസായ സ്ഥാപനങ്ങളിലും വയ്ക്കുന്നത് സകല ഐശ്വര്യങ്ങള്‍ക്കും കാരണമായിത്തീരും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
തിരുവോണപ്പുലരി ശ്രീപത്മനാഭസ്വാമിക്ക് മുന്നില്‍ കണി ഉണരുന്നത് ഓണവില്ലിന്‍റെ വര്‍ണ്ണപ്പകിട്ടോടെയാണ്. ശ്രീപത്മനാഭസ്വാമിയുടെ പള്ളിവില്ലിനെ(ഓണവില്ല്)ക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അപൂര്‍വ്വംതന്നെയാണ്. തിരുവിതാംകൂറിലെ ഓണവിശേഷങ്ങളില്‍ ആത്മീയതയുടെ പൂര്‍ണ്ണതയാണ് പത്മനാഭന്‍റെ തിരുവോണവില്ല്. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ ഭഗവാന് സമര്‍പ്പിക്കുന്നതാണ് തിരുവോണവില്ല്.
പത്മനാഭസ്വാമിക്കുള്ള തിരുവോണക്കാഴ്ചയായി ഈ ഓണവില്ലിനെ പലരും കരുതാറുണ്ട്. എന്നാല്‍ ഈ ഓണവില്ല് ഭഗവാന് നല്‍കുന്ന പിറന്നാള്‍ കാഴ്ചയാണ്. തിരുവോണം മഹാവിഷ്ണുവിന്‍റെ നക്ഷത്രമാണ്. ഭഗവാന് പിറന്നാള്‍ സമ്മാനം കൂടിയാണ് ഓണവില്ല് അഥവാ പള്ളിവില്ല്.

ഓണവില്ലും ചരിത്രവും
ഓണവില്ല് എന്നത് ചരിത്രസത്യമാണ്. ഐതിഹ്യകഥയല്ല എന്നതാണ് ആദ്യമായി നാം തിരിച്ചറിയേണ്ടത്. ഭക്തിയില്‍ ചരിത്ര സംഭവവും ഐതിഹ്യസംഭവങ്ങളുമുണ്ട്. ചരിത്രമെന്നാല്‍ ഭക്തിയുടെ അനുഭവസാക്ഷ്യമാണ്.
പത്മനാഭസ്വാമിക്ക് ക്ഷേത്രശില്‍പ്പിയായ തച്ചന്‍ കാഴ്ചവച്ചതാണ് പത്മനാഭപ്രിയമായ ഓണവില്ല്. പത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ ക്ഷേത്രശില്‍പ്പി(തച്ചന്‍) ഭഗവാന് സമര്‍പ്പിച്ചതാണ് ഓണവില്ല് എന്നാണ് ചരിത്രം. തിരുവനന്തപുരം, കരമന, വാണിയംമൂലവിളയില്‍വീട് മൂത്താശ്ശാരി കുടുംബക്കാര്‍ക്കാണ് പള്ളിവില്ല് നിര്‍മ്മിക്കാനുള്ള അവകാശം. ഈ പരമ്പരയിലെ ഒരു പൂര്‍വ്വികനായിരുന്നു പത്മനാഭക്ഷേത്രനിര്‍മ്മിതിയുടെ പ്രധാനിയായി നിലകൊണ്ടത്. അതിനാല്‍ ഈ പരമ്പരയിലെ പിന്‍മുറക്കാര്‍ക്ക് പള്ളിവില്ലിനുള്ള പിന്‍തുടര്‍ച്ചാവകാശം ലഭിച്ചു. പകല്‍ പത്തുമണിയോടെയാണ് വിളയില്‍വീട്ടില്‍ എത്തിയത്.
ഇത് ഒരു കൂട്ടുകുടുംബമായി ഇന്നും തുടരുകയാണ്. ജ്യേഷ്ഠാനുജന്മാര്‍ അഞ്ചുപേരും ഒത്തുചേര്‍ന്നു. പള്ളിവില്ലിന്‍റെ ചരിത്രവും ഉത്പത്തിയും ഐതിഹ്യവും അവര്‍ ഏറെ വൈകാരികമായിത്തന്നെ വിവരിച്ചു. കേട്ടറിഞ്ഞ കഥകളും, കണ്ട് ശീലിച്ച പള്ളിവില്ലും മുന്നില്‍ സാക്ഷ്യമായി നില്‍ക്കുകയാണ്. പക്ഷേ ചിന്തകളില്‍ മരപ്പലകയും ഏന്തി നില്‍ക്കുന്ന ഒരു മൂത്താശ്ശാരിയുടെ ചിത്രമായിരുന്നു അപ്പോഴെല്ലാം തെളിഞ്ഞുനിന്നത്. ഭക്തിയുടെ അപൂര്‍വ്വമായ ഒരു ചിത്രം പോലെ ആ മൂത്താശ്ശാരി ചിന്തകളിലേയ്ക്ക് കടന്നുവരുകയായിരുന്നു. പള്ളിവില്ലിന്‍റെ ഐതിഹ്യവുമായി... പത്മനാഭന്‍റെ ഭക്തവാത്സല്യമായി, ഭക്തന്‍റെ മനസ്സിനെ തിരിച്ചറിയുന്ന വൈഷ്ണവചരിത്രം ഇവിടെ ഒരു മരപ്പലകയില്‍ ചിത്രങ്ങളായി തെളിയുകയാണ്.

കാണിക്കയായി മരപ്പലക
പത്മനാഭന്‍റെ ക്ഷേത്രം അതിഗംഭീരമായി പുതുക്കിപ്പണിത കാലം. ക്ഷേത്രത്തില്‍ കലശാഭിഷേകം അതിഗംഭീരമായി നടക്കുകയാണ്. മഹാരാജാവ് പത്മനാഭന് സ്വര്‍ണ്ണാഭരണങ്ങളും നവരത്നകിരീടവും കാഴ്ചവെച്ചു. അവരാല്‍ കഴിയുന്നതുപോലെ സാമന്തന്മാരും, പ്രഭുക്കളും, ഇടപ്രഭുക്കളും സ്വര്‍ണ്ണത്തളികകളും, വെള്ളിത്തളികകളും, പണക്കിഴികളും തിരുമുല്‍ക്കാഴ്ചയായി പത്മനാഭന് നല്‍കി. വാദ്യമേളങ്ങളും, സ്തുതിഗാനങ്ങളും ഉച്ചത്തില്‍ മുഴങ്ങി. ക്ഷേത്രം ഭക്തിലഹരിയില്‍ മുഴുകി.
ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരത്തിന് വെളിയില്‍ ഒരാള്‍ ഭഗവാനെ മനസ്സില്‍ ധരിച്ച് കൈകള്‍ കൂപ്പിനില്‍ക്കുകയാണ്. ചേര്‍ത്തു പിടിച്ചിരിക്കുന്ന കൈകളില്‍ ഒരു മരപ്പലകയുണ്ട്. ക്ഷേത്രശില്‍പ്പിയായ മുത്താശ്ശാരി ക്ഷേത്രത്തിന് വെളിയില്‍നിന്ന് ഭഗവാനെ ഹൃദയത്തിലേയ്ക്ക് ആവാഹിക്കുകയാണ്.
സ്വര്‍ണ്ണനിധികളാല്‍ പത്മനാഭന്‍റെ ഭണ്ഡാരം നിറയുമ്പോള്‍, ഭഗവാന് സമര്‍പ്പിക്കാന്‍ ധനമായി യാതൊന്നും കൈവശമില്ലാത്ത തച്ചന്‍, തേച്ചുമിനുക്കിയ ഒരു പലകക്കഷണവും കയ്യിലേന്തി ഭഗവാനെ ചിന്തിച്ചുനില്‍ക്കുകയാണ്. മനസ്സില്‍ നിറഞ്ഞ ഭഗവാന്‍റെ രൂപത്തെ ആ പലകമേല്‍ ചെറുതായി കോറിവെച്ചു. ശ്രീലകത്തെ തേവരെ പലകയില്‍ നോക്കിയും കണ്ണീരുതിര്‍ത്തും ഭക്തന്‍ നിസ്സഹായനായി.
അകത്തെ വാദ്യമേളങ്ങള്‍ പുറത്തേയ്ക്കിറങ്ങി വരുന്നതായി തച്ചന് തോന്നി. അവന്‍ അല്‍പ്പാല്‍പ്പം ഒതുങ്ങി മാറിമാറി നിന്നു. അയിത്തമുള്ള കാലമാണ്. താഴ്ന്ന ജാതിക്കാര്‍ ദൂരെ മാറിനില്‍ക്കണമല്ലോ. വിളക്കും വാദ്യവും പ്രധാന പൂജാരിയും ഗോപുരം കടന്ന് പുറത്തേയ്ക്ക് വരുന്നു.
തച്ചന്‍ പരിഭ്രമത്തോടെ പിന്‍വാങ്ങാന്‍ ശ്രമിച്ചു.
'നില്‍ക്കൂ, തച്ചന്‍ നിങ്ങള്‍ അവിടെ നില്‍ക്കൂ.' നമ്പിമാരില്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് തന്‍റെ അടുത്തേയ്ക്ക് ഓടിവരുന്നു. ഭയപ്പാടോടെ തച്ചന്‍ അടിമുറി വിറച്ചുപോയി. സമീപത്തായി എത്തിയ നമ്പി ഏറെ അത്ഭുതത്തോടെ ചോദിച്ചു.
മൂത്താശ്ശാരീ, താങ്കള്‍ ഭഗവാന് സമര്‍പ്പിക്കാന്‍ ദിവ്യമായി എന്താണ് കൊണ്ടുവന്നിരിക്കുന്നത്. ശ്രീലകത്ത് നിന്ന് അശരീരി കേട്ടു എന്നാണ് വൈദികര്‍ പറഞ്ഞത്. 'തച്ചന്‍ കൊണ്ടുവന്ന കാണിക്കയാണ് എനിക്ക് ഏറെ പ്രിയം' എന്ന്.
നമ്പിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തന്‍റെ കയ്യിലിരുന്ന മരപ്പലക മാറോട് ചേര്‍ത്തുപിടിച്ച് തലചായ്ച്ച് നിന്നു.
തല അല്‍പ്പമൊന്നുയര്‍ത്തിയപ്പോള്‍ വാദ്യമേളങ്ങളും വിളക്കുകളും പൂജാരിമാരും തന്‍റെ മുന്നില്‍ നില്‍ക്കുന്നു. പരമസാത്വികനായ പൂജാരി തന്‍റെ മുന്നില്‍ കൈകള്‍ നീട്ടി നില്‍ക്കുന്നു. തച്ചന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തലയില്‍ മിന്നല്‍പ്പിണറുകള്‍ മിന്നിമാറി.പ്രഭുക്കളുടെ നടുവിലൂടെ വിശ്വകര്‍മ്മജന്‍ സോപാനത്തോളം ആനയിക്കപ്പെട്ടു. ഭഗവാന്‍റെ രൂപം കോറിയിട്ട മരപ്പലക ഭക്തന്‍ തിരുനടയില്‍ വെച്ചു. തൃപ്പാദത്തില്‍ സമര്‍പ്പിച്ചിരുന്ന രത്നവൈഡൂര്യങ്ങളെ വകഞ്ഞുമാറ്റി ഭക്തന്‍റെ മരപ്പലക പത്മനാഭന്‍റെ പീഠത്തില്‍ ചേര്‍ന്നുനിന്നു. മരപ്രഭുവായി പത്മനാഭന്‍ മന്ദസ്മിതം തൂകി.
തിരുവോണനാളില്‍ പത്മനാഭന് സമര്‍പ്പിക്കുന്ന ഓണവില്ലിന്‍റെ ഭക്തി ചരിത്രമാണ് ഇത്. ഭക്തന്‍റെ സമര്‍പ്പണത്തെയാണ് ഭഗവാന്‍ എപ്പോഴും സ്വീകരിക്കുക എന്നത് മറ്റൊരു സാക്ഷ്യത്തിലൂടെ നമ്മള്‍ക്ക് കാട്ടിത്തന്നതാണ് ഓണവില്ലിന്‍റെ മഹത്വം. എന്നാല്‍ ഭഗവാന്‍റെ അനുഗ്രഹം ഇവിടേയും ഒതുങ്ങുന്നില്ല.
ഓണവില്ല് സകല ഐശ്വര്യങ്ങള്‍ക്കും കാരണമായിത്തീരും എന്ന അനുഗ്രഹവും ഭഗവാന്‍ ഭക്തര്‍ക്ക് നല്‍കി. പത്മനാഭന്‍റെ മുന്നില്‍ സമര്‍പ്പിക്കുന്ന ഓണവില്ല് മഹാരാജാവ് രാജകൊട്ടാരത്തില്‍ ഭക്തിപൂര്‍വ്വം കൊണ്ടുവയ്ക്കുന്നു. വരുന്ന ഒരു വര്‍ഷക്കാലം തിരുവിതാംകൂറിന്‍റെ ഐശ്വര്യത്തിന് കാരണമായിത്തീരുകയാണ് ഈ ദിവ്യസാന്നിധ്യം.

സകല സമൃദ്ധിയും നല്‍കുന്ന ഓണവില്ല്
ഓണവില്ല് വീടുകളിലും, വ്യവസായ സ്ഥാപനങ്ങളിലും വയ്ക്കുന്നത് സകല ഐശ്വര്യങ്ങള്‍ക്കും കാരണമായിത്തീരും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓണവില്ലിന്‍റെ ആകൃതിയില്‍ പലതും ചന്തയില്‍ വാങ്ങാന്‍ ലഭിക്കും. എന്നാല്‍ അവയൊന്നും വാങ്ങിവയ്ക്കരുത്. നിങ്ങള്‍ മനസ്സില്‍ കരുതുന്ന ഐശ്വര്യം ലഭിക്കാന്‍ മൂത്താശ്ശാരിയുടെ കളരിയില്‍ പണിത് പരദേവതാ മന്ത്രങ്ങളാല്‍ പൂജിച്ചെടുത്ത പള്ളിവില്ല് തന്നെ വാങ്ങിവയ്ക്കണം. വീടുകളില്‍ അവ എപ്രകാരം വയ്ക്കണം എന്ത് മന്ത്രം ജപിക്കണം എന്നിവയെല്ലാം മൂത്താശ്ശാരി കുടുംബത്തിലെ പിന്‍മുറക്കാര്‍ നിങ്ങള്‍ക്ക് പറഞ്ഞുനല്‍കും. അബദ്ധം പറ്റി ഗ്രഹപ്പിഴ വാങ്ങിവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഏവര്‍ക്കും പത്മനാഭഭാഗ്യത്താല്‍ നല്ലൊരു ഓണം ആശംസിക്കുന്നു.
കത്താചാരി, ബിന്‍കുമാര്‍ ആചാരി.
(9633928852)
തയ്യാറാക്കിയത്:
നാരായണന്‍പോറ്റി
