തിരുവോണനാള്‍  ശ്രീപത്മനാഭന്‍റെ മുന്നില്‍ ഓണവില്ല് സമര്‍പ്പണം

തിരുവോണനാള്‍ ശ്രീപത്മനാഭന്‍റെ മുന്നില്‍ ഓണവില്ല് സമര്‍പ്പണം

HIGHLIGHTS

തിരുവോണനാള്‍ വ്രതനിഷ്ഠയോടെ ശ്രീപത്മനാഭ സ്വാമിയെക്കണ്ട് താണുവണങ്ങുന്നത് പഴമക്കാരുടെ ചര്യതന്നെയാണ്. കിഴക്കേക്കോട്ടയിലെ അഗ്രഹാരത്തെരുവുകളില്‍ അധിവസിക്കുന്നവരില്‍ മിക്കവര്‍ക്കും എല്ലാദിനവും തുടങ്ങുന്നത് പത്മനാഭനെ കുമ്പിട്ടുകൊണ്ടാണ്. അവര്‍ക്കും തിരുവോണനാളിലെ ദര്‍ശനം വിശേഷപ്പെട്ടതാണ്. അഭൂതപൂര്‍വ്വമായ തിരക്കാണ് ഓരോ കൊല്ലവും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉണ്ടാകാറുള്ളത്. തിരക്ക് അവഗണിച്ചുകൊണ്ട് ഭഗവാനെക്കണ്ട് സായൂജ്യം അടയാന്‍ തിരുവോണനാളില്‍ തന്നെ ഭക്തര്‍ എത്തുന്നതിന് പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. എന്താണെന്നല്ലേ? അന്നാണ് ഭഗവാന് മുന്നില്‍ ഓണവില്ല് സമര്‍പ്പിക്കുന്നത്. എന്താണ് ഓണവില്ല്?

സമ്പല്‍സമൃദ്ധിയുടെയും സന്തോഷത്തിന്‍റേയും നാളാണ് തിരുവോണം. അത് ഒത്തുചേരലിന്‍റേയും സദ്യവട്ടങ്ങളുടേയും ആഘോഷമാണല്ലോ. എന്നാല്‍ വിശ്വാസികള്‍ക്ക് ഇത് വ്രതശുദ്ധിയുടെ നാള്‍ കൂടിയാണ്. വിശിഷ്യാ തലസ്ഥാനവാസികള്‍ക്ക്. 

തിരുവോണനാള്‍ വ്രതനിഷ്ഠയോടെ ശ്രീപത്മനാഭ സ്വാമിയെക്കണ്ട് താണുവണങ്ങുന്നത് പഴമക്കാരുടെ ചര്യതന്നെയാണ്. കിഴക്കേക്കോട്ടയിലെ അഗ്രഹാരത്തെരുവുകളില്‍ അധിവസിക്കുന്നവരില്‍ മിക്കവര്‍ക്കും എല്ലാദിനവും തുടങ്ങുന്നത് പത്മനാഭനെ കുമ്പിട്ടുകൊണ്ടാണ്. അവര്‍ക്കും തിരുവോണനാളിലെ ദര്‍ശനം വിശേഷപ്പെട്ടതാണ്. അഭൂതപൂര്‍വ്വമായ തിരക്കാണ് ഓരോ കൊല്ലവും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉണ്ടാകാറുള്ളത്. തിരക്ക് അവഗണിച്ചുകൊണ്ട് ഭഗവാനെക്കണ്ട് സായൂജ്യം അടയാന്‍ തിരുവോണനാളില്‍ തന്നെ ഭക്തര്‍ എത്തുന്നതിന് പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. എന്താണെന്നല്ലേ? അന്നാണ് ഭഗവാന് മുന്നില്‍ ഓണവില്ല് സമര്‍പ്പിക്കുന്നത്.
എന്താണ് ഓണവില്ല്?

പലര്‍ക്കും ഓണപ്പാട്ടുകളിലും ലളിതഗാനങ്ങളിലും മാത്രം കേട്ടുപരിചയമുള്ള സംഗതിയാണ് ഓണവില്ല് എന്നത്. എന്നാല്‍ ഇതിന് പിന്നില്‍ സുദീര്‍ഘമായ ഒരു ഐതിഹ്യവും വിശ്വാസപ്രമാണവുമുണ്ട്. ഇത് ഇങ്ങനെ വായിക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിവസം പുലര്‍ച്ചെ പത്മനാഭസ്വാമിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന അപൂര്‍വ്വ കലാസൃഷ്ടിയാണ് ഓണവില്ല്. ഇതൊരു മഹത്തായ ചിത്രരചനയാണ്. 

പുരാണകഥകള്‍ ആലേഖനം ചെയ്ത ഓണവില്ല് അഥവാ പള്ളിവില്ല് തയ്യാറാക്കുവാനും അത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുമുള്ള അവകാശവും കരമന മേലാറന്നൂര്‍ വിളയില്‍വീട് കുടുംബത്തിന് മാത്രമാണ്. ക്ഷേത്രസ്ഥപതി സ്ഥാനീയരും ആസ്ഥാന വാസ്തുശില്‍പ്പികളുമാണ് ഈ കുടുംബക്കാര്‍. ഒരുപക്ഷേ, കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര ആചാരങ്ങളില്‍ ഒന്നാകാം ഓണവില്ല് സമര്‍പ്പണം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കമുണ്ട് ഈ ചടങ്ങിന് എന്നാണ് വിശ്വാസം. ഇടക്കാലത്ത് നിലച്ചുപോയ വില്ല് സമര്‍പ്പണം എ.ഡി. 1425 ല്‍ വീര ഇരവിവര്‍മ്മയുടെ ഭരണകാലത്ത് പുനരാരംഭിച്ചതായി മതിലകം രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. 1731 ല്‍ മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രം പുതുക്കിപ്പണിതപ്പോള്‍ വിളയില്‍ വീട്ടിലെ പൂര്‍വ്വികനായ അനന്തപത്മനാഭന്‍ മൂത്താശാരി ആയിരുന്നു ക്ഷേത്രസ്ഥപതി. കിഴക്കേ ഗോപുരവാതില്‍ കയറി കാണിക്കവഞ്ചിയുടെ സമീപത്തെ തൂണില്‍ ഇദ്ദേഹത്തിന്‍റെ ശില്‍പ്പവുമുണ്ട്.

ഓണവില്ലിന്‍റെ ഐതിഹ്യം മഹാബലിയുമായി ബന്ധപ്പെട്ടതാണ്. തനിക്ക് മുന്നില്‍ വിശ്വരൂപം കാട്ടിയ വാമനനോട് വിഷ്ണുവിന്‍റെ പത്തവതാരങ്ങളും അവയുടെ ഉപകഥകളും കൂടി കാട്ടിക്കൊടുക്കണമെന്ന് മഹാബലി അപേക്ഷിച്ചുവത്രേ. ഈ സമയം വിഷ്ണു വിശ്വകര്‍മ്മദേവനെ പ്രത്യക്ഷപ്പെടുത്തി. അങ്ങനെ വിശ്വകര്‍മ്മാവ് ആദ്യ ഓണവില്ല് രചന നടത്തിയെന്നാണ് ഐതിഹ്യം. തന്‍റെ സന്നിധിയില്‍ എല്ലാവര്‍ഷവും എത്തുന്ന മഹാബലിക്ക് കാലാകാലങ്ങളില്‍ വിശ്വകര്‍മ്മജരെ കൊണ്ട് അവതാര ചിത്രങ്ങള്‍ വരച്ചുകാണിച്ചുനല്‍കുമെന്നും മഹാബലിക്ക് ഭഗവാന്‍ വാഗ്ദാനം നല്‍കിയിരുന്നത്രേ. ഓണവില്ലിന്‍റെ ഐതിഹ്യം ഇങ്ങനെയാണ്.

കടമ്പുവൃക്ഷത്തിന്‍റെയും മഹാഗണിയുടെയും തടികളാണ് ഓണവില്ല് നിര്‍മ്മിക്കുവാനായി ഉപയോഗിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളങ്ങളിലാണ് വില്ലുണ്ടാക്കുക. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്‍റെ ആകൃതിയിലാണ് വില്ല് നിര്‍മ്മിക്കുന്നത്. വഞ്ചിനാടിന്‍റെ പ്രതീകമാണിത്. ഓരോ ജോഡി വീതം 12 വില്ലുകളാണ് ക്ഷേത്രത്തിലേയ്ക്കായി നിര്‍മ്മിക്കുക. പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ഓണവില്ലില്‍ ഉപയോഗിക്കുക. 

41 ദിവസം വ്രതമെടുത്താണ് കുടുംബക്കാര്‍ ഇതിന്‍റെ ചിത്രരചന പൂര്‍ത്തിയാക്കുന്നത്. ദശാവതാരംവില്ല്, അനന്തശയനം വില്ല്, ശ്രീരാമപട്ടാഭിഷേകം വില്ല്. കൃഷ്ണലീലവില്ല്, ശാസ്തവില്ല്, വിനായകവില്ല് എന്നിങ്ങനെ പുരാണം വിവരിക്കുന്ന വില്ലുകളാണ് ഇവിടെ തയ്യാറാക്കുന്നത്. ഓണവില്ലെന്ന പേരില്‍ പണ്ട് ഒരു വാദ്യവും നിലവിലുണ്ടായിരുന്നു. തെങ്ങിന്‍തടിയുടെ പാത്തി വളച്ചുകെട്ടി അതിന്‍റെ ഞാണിലാണ് ഈ വാദ്യം വായിച്ചിരുന്നത്.

തിരുവോണനാള്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഓണവില്ല് സമര്‍പ്പണം. ഓണവില്ലുമായെ ത്തുന്ന വിളയില്‍വീട് കുടുംബത്തിന് വലിയ സ്വീകരണമാണ് പത്മനാഭന്‍റെ നടയില്‍ ലഭിക്കുക. തുടര്‍ന്ന് അകത്തേക്ക് പുറപ്പെടും. ശേഷം ഓരോ ജോഡി വില്ലുകളും അതാത് ദേവവിഗ്രഹങ്ങളില്‍ സമര്‍പ്പിക്കും. ഇതാണ് ചടങ്ങ്. ഇതുകണ്ട് ദര്‍ശനസായൂജ്യം അടയാനാണ് ഭക്തര്‍ വരിനിന്ന് അകത്തളത്തിലേക്ക് എത്തുന്നത്.

ദര്‍ശനം തുടരുന്നു

തിരുവോണനാളില്‍ ക്ഷേത്രദര്‍ശനം ശ്രീപത്മനാഭന്‍റെ മുന്നില്‍ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. പുലര്‍ച്ചെ 3.30 ന് പത്മനാഭന്‍റെ നട ഭക്തര്‍ക്കായി തുറക്കും. അപ്പോഴേ വലിയ നിരയാകും ക്ഷേത്രാങ്കണത്തില്‍ രൂപപ്പെട്ടിരിക്കുക. ഓണവില്ലിന്‍റെ സമര്‍പ്പണം ദര്‍ശിച്ചശേഷം ഭക്തരില്‍ നല്ലൊരുപങ്കും തൊട്ടടുത്തുള്ള ശ്രീകണ്ഠേശ്വരത്തപ്പനെക്കൂടി വണങ്ങാനായി ചെല്ലും. അവിടെ മഹാദേവന്‍റെ സന്നിധി എല്ലാദിവസവും രാവിലെ നാലുമണിക്ക് തന്നെ തുറക്കും. മഹാദേവനെ തൊഴുതാല്‍ പിന്നെ ആറ്റുകാലിലേക്കായി യാത്ര. അഞ്ച് മണിക്കാണ് അവിടെ നിര്‍മ്മാല്യദര്‍ശനം. ഓണവില്ല് കണ്ട് മടങ്ങുമ്പോഴേക്കും നിര്‍മ്മാല്യം കഴിഞ്ഞിട്ടുണ്ടാകും. എന്നിരുന്നാലും അമ്മയെക്കണ്ട് വണങ്ങി സങ്കടങ്ങള്‍ ഉണര്‍ത്തിച്ചശേഷമാകും ഭക്തര്‍ മടങ്ങുക.

 

Photo Courtesy - Google