വിഗ്രഹം ഒന്ന്  ഭാവങ്ങള്‍ പലത് - പാടൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം

വിഗ്രഹം ഒന്ന് ഭാവങ്ങള്‍ പലത് - പാടൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം

HIGHLIGHTS

എന്നേത്തേടി എന്തിന് മൂകാംബികവരെ വരണം! ഞാന്‍ ഇവിടെത്തന്നെ ഉണ്ടല്ലോ. പാടൂര്‍ കാര്‍ത്ത്യായനിയില്‍ എന്‍റെ സാന്നിധ്യമുണ്ട്.' ഉണര്‍ന്ന് എഴുന്നേറ്റപ്പോള്‍ ഏവരും ഉന്മേഷവാന്മാര്‍. ദേഹവേദന ആര്‍ക്കും തന്നെയില്ല. നവരാത്രിക്കാലം തീരാന്‍ ഇനി മൂന്നുദിവസം മാത്രം ബാക്കി. മൂകാംബികയില്‍ മോഹിച്ച മൂന്നുദിവസത്തെ ഭജനം സരസ്വതിസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന പാടൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ അവര്‍ ആചരിച്ചു.ഭക്തിയുടെ ആനന്ദ നിര്‍വൃതിയോടെ തീര്‍ത്ഥയാത്ര പരിപൂര്‍ണ്ണമായിത്തീര്‍ന്നു. പാടൂര്‍ കാര്‍ത്ത്യായനി വിഗ്രഹത്തില്‍ സരസ്വതിദേവിയുടെ സാന്നിദ്ധ്യമുള്ളതായി വിശ്വസിച്ചുപോരുന്നു.

ദേവിയുടെ ഐശ്വര്യഭാവങ്ങള്‍ അനവധിയാണ്. യഥാര്‍ത്ഥത്തില്‍ അത് പ്രകൃതിയുടെ ഭാവങ്ങള്‍ പോലെയാണ.് ഒരേ ബിംബത്തില്‍ ഒട്ടനവധി ഭാവങ്ങളെ തിരിച്ചറിയുന്ന വൈവിധ്യമാണ് ദേവി പ്രതിഷ്ഠകളില്‍ ഏറെയും. മാതൃ ഭാവമാര്‍ന്ന ദേവീസങ്കല്‍പ്പത്തില്‍ മാതാവിന്‍റെ സ്നേഹവാത്സല്യം തന്നെയാണ് ഭക്തര്‍ തേടി എത്തുന്നതും, ദേവി നല്‍കുന്നതും. പാലക്കാട് പാടൂര്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ വലം വെച്ചപ്പോള്‍ ദേവിയുടെ അനവധി ഐശ്വര്യകലകളാണ് ഓരോ വലം വയ്പ്പിലും ഭക്തിയില്‍ നിറഞ്ഞുവന്നത്.

പാലക്കാടിന്‍റെ സൗന്ദര്യം പ്രത്യേകിച്ച് എടുത്തുപറയേണ്ടതായിട്ടില്ല. പച്ചപ്പാടങ്ങളും മലനിരകളും ചേര്‍ന്ന പാലക്കാടന്‍ പ്രകൃതിയുടെ വശ്യത അപാരം തന്നെയാണ്. മറ്റ് ദേശങ്ങളിലെപ്പോലെ വീടുകളുടെ ബാഹുല്യത പാലക്കാടന്‍ ഗ്രാമങ്ങളിലില്ല എന്നതാണ് പ്രകൃതിയുടെ നേര്‍ക്കാഴ്ച നല്‍കുന്ന വശ്യതയ്ക്ക് കാരണം. പാടൂര്‍ ഗ്രാമത്തിന്‍റെ തിലകക്കുറി എന്നപോലെയാണ് പാടൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിന്‍റെ വശ്യസൗന്ദര്യം. പാടൂര്‍ ഗ്രാമത്തിന്‍റെ വടക്കുഭാഗത്തായി ഒഴുകുന്ന ഗായത്രി പുഴയുടെ തീരത്താണ് പാടൂര്‍ കാര്‍ത്ത്യായനീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാടത്തിന്‍റെ നടുവിലൂടെ ചെറിയൊരു പാത, അമ്പലമുറ്റം വരെ. എല്ലാ വിധാനങ്ങളും ചേര്‍ന്ന ചെറിയൊരു അമ്പലം എന്നുതന്നെ പറയാം. ദേവിയുടെ ഐശ്വര്യം ക്ഷേത്രത്തിന്‍റെ നാലകത്തും ചുറ്റുപാടും നിറഞ്ഞുനില്‍ക്കുന്നതായി തോന്നപ്പെടുന്ന അന്തരീക്ഷം.

ക്ഷേത്ര ഐതിഹ്യത്തിലേയ്ക്ക് കടന്നാല്‍, ഇവിടെ ഭഗവതി സ്വയംഭൂവാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ദേശത്തില്‍ സ്വയം ആവിര്‍ഭവിച്ചതാണ് ഭഗവതി ചൈതന്യമെന്ന്  ഏവരും കരുതുന്നു. ക്ഷേത്ര അവകാശം പൂവള്ളിമനക്കാര്‍ക്കാണ്. മുന്‍കാലത്ത് ഈ ക്ഷേത്രം നിന്നിരുന്ന ദേശം പൂവള്ളി മനയുടെ അധീനത്തിലായിരുന്നിരിക്കാം.

പാടൂര്‍ കാര്‍ത്ത്യായനി

പടിഞ്ഞാറ് ദര്‍ശനമായിട്ടാണ്  കാര്‍ത്ത്യായനി ദേവിയുടെ ശ്രീകോവില്‍. പടിഞ്ഞാറ് ദര്‍ശനമായിട്ടുള്ള പ്രതിഷ്ഠകള്‍. ഉഗ്രരൂപ സങ്കല്‍പ്പമായി പൊതുവേ കരുതപ്പെടുന്നു. എന്നാല്‍ പാടൂര്‍ കാര്‍ത്ത്യായനി ഭാവം ഉഗ്രമൂര്‍ത്തിയല്ല. അനവധി ഭാവങ്ങള്‍ ചേര്‍ന്ന ദേവതയായിട്ടാണ് ഭഗവതിയെ ഏവരും വിശ്വസിച്ചുപോരുന്നത്. ഭക്തന്‍റെ ചിന്തകള്‍ക്കനുസരിച്ച് ഭക്തി വാത്സല്യഭാവം മാറുന്ന ഭഗവതിയാണ് ഇവിടെ ശ്രീലകത്തെ ഭഗവതി.

വിദ്യാവിലാസിനിയായ ഭഗവതി

സരസ്വതിദേവീസങ്കല്‍പ്പം, സരസ്വതിദേവി സാന്നിദ്ധ്യം എല്ലാ ക്ഷേത്രങ്ങളിലും സാന്നിധ്യകലയാണ്. ഇവിടെ പാടൂര്‍ ക്ഷേത്രത്തില്‍ കാര്‍ത്ത്യായനി ബിംബത്തില്‍ സരസ്വതി ദേവിയുടെ സാന്നിധ്യകല നിറഞ്ഞിരിക്കുന്നതായി വിശ്വസിച്ചുപോരുന്നു. ഇത് ക്ഷേത്രസംബന്ധിയായ ഒരു ഐതിഹ്യകഥയാണ്. പണ്ട് തെക്കുനിന്ന് ഒരു കൂട്ടം സന്യാസിമാര്‍ മൂകാംബികാദര്‍ശനത്തിനായി യാത്ര തിരിച്ചു. യാത്രാമദ്ധ്യേ അവര്‍ അടുത്തുള്ള വഴിയമ്പലത്തില്‍ രാത്രി ചെലവഴിക്കാനായി കയറി. സന്ധ്യ കഴിഞ്ഞപ്പോള്‍ മുതല്‍ അവരില്‍ പലര്‍ക്കും വല്ലാത്ത ദേഹാസ്വാസ്ഥ്യം തുടങ്ങി. ഔഷധസേവ ചെയ്തിട്ടും അവരുടെ ദേഹവേദന മാറുന്നില്ല.

നവരാത്രിക്കാലത്ത് മുകാംബികയില്‍ ഭജനം പാര്‍ക്കാനായിരുന്നു അവര്‍ യാത്ര ആരംഭിച്ചത്. കൂട്ടത്തില്‍ പലര്‍ക്കും എഴുന്നേറ്റുനടക്കാന്‍ പോലും ആവാത്ത ശാരീരിക വിഷമതകള്‍. മൂകാംബിക ദര്‍ശനവും, ഭജനവും മുടങ്ങും എന്നത് ഏവര്‍ക്കും ഉറപ്പായി. ശുദ്ധഭക്തിയില്‍, ദേവീ ചിന്തയില്‍ നിരാശ ഏവരിലും പടര്‍ന്നു. രാവേറെ നേരം ഇപ്രകാരം ചിന്തിച്ച് വിഷമിച്ച് എപ്പഴോ അറിയാതെ അവര്‍ ഉറങ്ങിപ്പോയി. ഉറക്കത്തിന്‍റെ ഏതോ യാമത്തില്‍ ഒരു ദിവ്യസ്വപ്നം കണ്ടാണ് ഏവരും ചാടിയെഴുന്നേറ്റത്.

'എന്നേത്തേടി എന്തിന് മൂകാംബികവരെ വരണം! ഞാന്‍ ഇവിടെത്തന്നെ ഉണ്ടല്ലോ. പാടൂര്‍ കാര്‍ത്ത്യായനിയില്‍ എന്‍റെ സാന്നിധ്യമുണ്ട്.' ഉണര്‍ന്ന് എഴുന്നേറ്റപ്പോള്‍ ഏവരും ഉന്മേഷവാന്മാര്‍. ദേഹവേദന ആര്‍ക്കും തന്നെയില്ല. നവരാത്രിക്കാലം തീരാന്‍ ഇനി മൂന്നുദിവസം മാത്രം ബാക്കി. മൂകാംബികയില്‍ മോഹിച്ച മൂന്നുദിവസത്തെ ഭജനം സരസ്വതിസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന പാടൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ അവര്‍ ആചരിച്ചു.ഭക്തിയുടെ ആനന്ദ നിര്‍വൃതിയോടെ തീര്‍ത്ഥയാത്ര പരിപൂര്‍ണ്ണമായിത്തീര്‍ന്നു. പാടൂര്‍ കാര്‍ത്ത്യായനി വിഗ്രഹത്തില്‍ സരസ്വതിദേവിയുടെ സാന്നിദ്ധ്യമുള്ളതായി വിശ്വസിച്ചുപോരുന്നു.

ദേവീസങ്കല്‍പ്പകലകളാല്‍ നിറഞ്ഞുനില്‍ക്കുന്ന വിഗ്രഹമായിട്ടാണ് ഏവരും കരുതി ആരാധിച്ചുപോരുന്നത്. ഭക്തിയുടെ അനുഭവസാക്ഷ്യം തന്നെയാണ് ഈ ശ്രീലകം. ജീവിതവിജയത്തിനായി ദേവിയെ ആശ്രയിക്കാത്തവനായി ആരും തന്നെ ഈ ദേശത്തിലില്ല എന്നതാണ് ഭക്തരുടെ അഭിപ്രായം.

നാരായണന്‍ പോറ്റി