പഴനിവേല്മുരുകന്റെ നവപാഷാണ വിഗ്രഹം
ചൊവ്വാഗ്രഹത്തിന്റെ കേന്ദ്രീകൃത ശക്തിയുള്ള സ്ഥാനമായി കരുതുന്ന പഴനിമല കയറ്റവും മുരുകദര്ശനവും ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാന്‍ സഹായിക്കുന്നുവെന്നുമാത്രമല്ല സര്‍വ്വവിധ ഐശ്വര്യവും ജീവിതത്തില്‍ പ്രധാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മലയാളികള്‍ക്ക് മുരുകന്റെ അനുഗ്രഹം ആവോളമുണ്ട്. കാരണം മുരുകദര്‍ശനം പടിഞ്ഞാട്ടാണ്. കേരളക്കരയിലേക്ക് നോക്കിയാണ് സ്വാമിയിരിക്കുന്നത്. കേരളത്തിലും നിരവധി മുരുകക്ഷേത്രങ്ങളുണ്ട്. അതില്‍ ഭൂരിഭാഗവും കിഴക്കോട്ടാണ് ദര്‍ശനമായിരിക്കുന്നത്. അതുകൊണ്ടുതന്നെ നിത്യവും നിരവധി കേരളീയര്‍ പഴനിയില്‍ ദര്‍ശനത്തിനെത്തുന്നു.
ചൊവ്വാഗ്രഹത്തിന്റെ കേന്ദ്രീകൃത ശക്തിയുള്ള സ്ഥാനമായി കരുതുന്ന പഴനിമല കയറ്റവും മുരുകദര്ശനവും ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാന്‍ സഹായിക്കുന്നുവെന്നുമാത്രമല്ല സര്‍വ്വവിധ ഐശ്വര്യവും ജീവിതത്തില്‍ പ്രധാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മലയാളികള്‍ക്ക് മുരുകന്റെ അനുഗ്രഹം ആവോളമുണ്ട്. കാരണം മുരുകദര്‍ശനം പടിഞ്ഞാട്ടാണ്. കേരളക്കരയിലേക്ക് നോക്കിയാണ് സ്വാമിയിരിക്കുന്നത്. കേരളത്തിലും നിരവധി മുരുകക്ഷേത്രങ്ങളുണ്ട്. അതില്‍ ഭൂരിഭാഗവും കിഴക്കോട്ടാണ് ദര്‍ശനമായിരിക്കുന്നത്. അതുകൊണ്ടുതന്നെ നിത്യവും നിരവധി കേരളീയര്‍ പഴനിയില്‍ ദര്‍ശനത്തിനെത്തുന്നു.
തൃശൂരില്‍നിന്നും വടക്കാഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദപുരം വഴി പൊള്ളാച്ചിയിലെത്താം. അവിടെ നിന്നും എഴുപത് കി.മീറ്ററുണ്ട് പഴനിയിലേക്ക്. തൃശൂര്‍- പാലക്കാട് റൂട്ടില്‍ ചന്ദ്രനഗര്‍, കൂട്ടുപാത, കൊഴിഞ്ഞമ്പാറ, ഗോപാലപുരം വഴിയും പൊള്ളാച്ചിയിലെത്താം. പ്രകൃതിഭംഗി ആസ്വദിച്ചുപോകണമെങ്കില് ചാലക്കുടി, അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ, വാല്‍പ്പാറ വഴി നാല്‍പ്പതോളം ഹെയര്‍പിന്‍ വളവ് കയറിയിറങ്ങി പ്രകൃതി സൗന്ദര്യം ആസ്വദിച്ച് പൊള്ളാച്ചിയിലെത്താം.
സമുദ്രനിരപ്പില്‍ നിന്ന് പഴനി സമതലത്തിന് ആയിരത്തിലടിയിലേറെ ഉയരമുണ്ട്. അവിടെ നിന്നും 450 അടി ഉയരമുണ്ട് പഴനിമലയിലേക്ക്. ആ ഉയരം താണ്ടാനായി 689 കല്‍പ്പടവുകള്‍. അടിവാരത്ത് കുടികൊള്ളുന്ന വിഘ്നേശ്വരനെ വണങ്ങിവേണം മുരുകദര്ശനത്തിനായി മല കയറാനാണെന്നാണ് ചിട്ട. പാതയുടെ ഓളങ്ങളിലും മണ്ഡപങ്ങളിലും പരിസരങ്ങളിലുമായി പല രൂപഭാവങ്ങളിലുള്ള 108 വിനായകനെ നമുക്ക് ദര്‍ശിക്കാനാകും. ചൊവ്വാദോഷമുള്ളവര്‍ പടികള്‍ കയറിത്തന്നെ വേണം മുകളിലെത്തി മുരുകനെ ദര്‍ശിക്കുവാന്‍.
ഭാരതീയ ജ്യോതിശാസ്ത്രമനുസരിച്ച് ചൊവ്വാദോഷം പലതരത്തിലുമുള്ള വിഷമതകള്‍ക്ക് കാരണമാണ്. ജാതകത്തില്‍ ചൊവ്വയുടെ സ്ഥിതി അനുസരിച്ചുണ്ടാകുന്ന ചൊവ്വാദോഷം വിവാഹതടസ്സം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സ്വഭാവത്തിലുള്ള ക്രൂരഭാവം തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്. ഇഷ്ടഭാജനങ്ങളുമായി കലഹം, പിത്തരോഗം, മുറിവ്, അപകടങ്ങള്‍, പരസ്ത്രീ താല്‍പ്പര്യം തുടങ്ങിയ ദോഷങ്ങള്‍ അനിഷ്ടസ്ഥാനത്ത് നില്ക്കുന്ന കുജന് ഉണ്ടാക്കുമെന്നാണ് ജ്യോതിഷമതം. ഈശ്വരഭജനം കൊണ്ട് ഈ ദോഷങ്ങള്‍ മാറാവുന്നതാണ്. അതിന് ഏറ്റവും യോജിച്ച ദൈവിക പരിഹാരമാണ് പഴനിമല തീര്‍ത്ഥാടനം.

ദേവശില്‍പ്പി വിശ്വകര്‍മ്മാവ് നവപാഷാണത്തില്‍ നിര്‍മ്മിച്ചതെന്ന് സ്കന്ദപുരാണത്തില്‍ പറയുന്ന ഭഗവാന്റെ വിഗ്രഹത്തിന് നാലടിയോളം ഉയരം കാണും. കൗപീനം മാത്രം ധരിച്ചിരിക്കുന്ന ബാലസന്യാസിയുടെ രൂപമാണ്. കിരീടവും ആടയാഭരണങ്ങളൊന്നുമില്ല. വലതുകയ്യില്‍ ദണ്ഡ് ഉണ്ട്. മുണ്ഡനം ചെയ്ത ശിരസ്സും നിര്ലേപത തളിര്‍ത്ത മുഖമണ്ഡലവും തേജസ്സാര്‍ന്ന കണ്ണുകളും ദര്ശനസുഖമരുളുന്നതാണ്.
അഗസ്ത്യമുനിയുടെ ശിഷ്യരില്‍ പ്രമുഖനും ജ്ഞാനയോഗിയുമായ വിശ്വഗുരു ഭോഗര്‍ സ്വാമിയാണ് മുരുകപ്രതിഷ്ഠ നടത്തുന്നതിനായി പഴനിമല കണ്ടെത്തിയതും അവിടെ ക്ഷേത്രം സ്ഥാപിച്ച് സര്‍വ്വദോഷങ്ങള്‍ക്കും പരിഹാരം നല്കുന്ന നവപാഷാണത്തില്‍ തീര്‍ത്ത മുരുകവിഗ്രഹം പ്രതിഷ്ഠിച്ചതും. അസാധാരണ ഔഷധമൂല്യം ഉള്ളതാണ് സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്ന നവപാഷാണത്തിന്റെ ഈ മിശ്രിതം.
രക്ഷകനായ വിഘ്നേശ്വരന് ഒഴികെ മുരുകസന്നിധിയില് ദേവതകളാരും കുടികൊള്ളുന്നില്ല. ശ്രീകോവിലിന്റെ ചുമരിന് പുറത്ത് വടക്കുഭാഗത്തായി അഗസ്ത്യരുടെ ചെറിയ പ്രതിഷ്ഠ കാണാം.
ദക്ഷിണദേശത്തെ 18 സിദ്ധന്മാരില് ഒരാളായ ഭോഗര്‍ ജ്യോതിഷത്തിലും സിദ്ധവൈദ്യത്തിലും ആചാര്യനായിരുന്നു. ഒരു ചികിത്സാസമ്പ്രദായമായ സിദ്ധവൈദ്യത്തില്‍ യോഗവിദ്യയും നിഗൂഢ മന്ത്രസിദ്ധികളും അടങ്ങിയിരിക്കുന്നു. ഇനി നവപാഷാണങ്ങള്‍ ഏതൊക്കെയാണെന്നറിയാം.
നവപാഷാണങ്ങള്‍ എന്നത് ഒമ്പത് കൊടും വിഷമുള്ള ഔഷധവസ്തുക്കളാണ്. ആകെയുള്ള 64 പാഷാണങ്ങളില്‍ ഒമ്പതെണ്ണം തെരഞ്ഞെടുത്ത് അവയാല്‍ നിര്‍മ്മിക്കുന്നതാണ് നവപാഷാണ വിഗ്രഹം. നവപാഷാണത്തിനുവേണ്ടി മൂലികാ ഔഷധങ്ങള്‍ തെരഞ്ഞെടുത്ത് 473 തരം മൂലികച്ചാറ് ചേര്‍ത്ത് വേണം നവപാഷാണവിഗ്രഹം നിര്‍മ്മിക്കാന്‍. ഇതിനെ മാത്ര(അളവ്)യോടും ചിട്ടയോടുംകൂടി ഉപയോഗിച്ചാല്‍ അത് മികച്ച ഔഷധമാകുന്നു. അതുകൊണ്ടാണ് പുരാതനകാലത്ത് സിദ്ധന്മാര് നവപാഷാണം കൊണ്ട് ദൈവവിഗ്രഹം ഉണ്ടാക്കി അഭിഷേകവും ആരാധനയും ചെയ്തിരുന്നത്.
അഭിഷേകം ചെയ്യുന്ന വേളയില്‍ നവപാഷാണ സ്പര്ശമേല്ക്കുമ്പോള് അഭിഷേകം ചെയ്ത പ്രസാദത്തിന് ഔഷധഗുണമേറുന്നു. ഈ ഒമ്പത് പാഷാണങ്ങള്ക്കുമുള്ള ഔഷധഗുണങ്ങള്‍ ഓരോന്നാണ്.
1. ലിംഗപാഷാണം: ഹൃദയത്തിന് ബലവും ശക്തിയും നല്കുന്നു.
2. കുതിരപാഷാണം: തളര്‍ന്ന ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.
3. കാര്മുകില്പാഷാണം: തലച്ചോറിലെ നീര് എടുക്കുന്നു.
4. രസസിന്ദൂരം: ചര്‍മ്മസംബന്ധിയായ വ്യാധികളെ അകറ്റുന്നു.
5. വെള്ളപാഷാണം: ധാതുക്കളുടെ കുറവിനെ പരിഹരിക്കുന്നു.
6. രക്തപാഷാണം: നേത്രത്തിന്റെ ന്യൂനതകളെ പരിഹരിക്കുന്നു.
7. കമ്പിനവരസം: ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന ദുഷിച്ച നീരിനെ പുറത്തേയ്ക്ക്
കളയുന്നു.
8. ഗൗരീപാഷാണം: പൊതുവായ ഔഷധഗുണങ്ങള്‍ അടങ്ങിയത്.
9. സീതാപാഷാണം: എല്ലാ പാഷാണങ്ങളെയും പ്രവര്‍ത്തിപ്പിക്കുന്നു.
ഈ ഒമ്പത് പാഷാണങ്ങളെയാണ് നവപാഷാണം എന്ന പേരിലറിയപ്പെടുന്നത്. ഏറ്റവും പഴക്കം ചെന്ന ലോകത്തെ ഏക നവപാഷാണശില പഴനിമുരുകന്റേത് മാത്രമാണ്. മാത്രമല്ല ഈ ശിലയില്‍ നിന്നും താപരശ്മികള്‍ പുറത്തേക്ക് ഗമിക്കുന്നതിനാല്‍ ക്ഷേത്രനട അടയ്ക്കുന്നതിന് മുമ്പായി നിത്യവും ഈ ശില ചന്ദനം കൊണ്ട് മൂടിവയ്ക്കുന്നു.
ആദിഗുരുവായ ശ്രീ ദക്ഷിണാമൂര്‍ത്തിയില്‍ നിന്നും സമാരംഭിച്ച് പല കൈവഴികളായി പിരിയുന്ന അനേകം ഗുരുപരമ്പരകളാല്‍ സമ്പന്നമാണ് ഭാരതം. അവയില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പതിനെട്ട് സിദ്ധന്മാരുടെ സിദ്ധപരമ്പര. അടിസ്ഥാനപരമായി ശൈവസിദ്ധാന്തികളാണ് ഈ സിദ്ധന്മാര്.
ഭാരതമൊട്ടുക്ക് സിദ്ധപരമ്പരയുണ്ടെങ്കിലും പ്രധാനമായും തമിഴകമായിരുന്നു ഇവരുടെ പ്രവര്‍ത്തനകേന്ദ്രം. തമിഴ് ഭാഷയുടെ പുനരുജ്ജീവനത്തിനു കാരണക്കാരനായ അഗസ്ത്യമുനിയുടെ നേതൃത്വത്തില്‍ സിദ്ധന്മാര് ഗ്രന്ഥങ്ങള്‍ വഴിയും വൈദ്യം, ജ്യോതിഷം, യോഗം, ക്രിയ, ചര്യ, ജ്ഞാനം തുടങ്ങി അനേകം വിഷയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
ഈ സിദ്ധന്മാരില് പ്രധാനിയായ ഒരു മഹാസിദ്ധനാണ് ഭോഗര്‍ മഹര്‍ഷി. ബോഗര്‍, പോകര്‍, ഭോഗനാഥര്‍ തുടങ്ങി പല പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. കായകല്‍പ്പ ചികിത്സാ സിദ്ധവൈദ്യം, ക്രിയാകുണ്ഡലിനി, പ്രാണായാമം മുതലായ രഹസ്യ സിദ്ധവിദ്യകളില് അതിനിപുണനായിരുന്നു. തമിഴ് സിദ്ധപാരമ്പര്യത്തില്‍ ഇദ്ദേഹത്തെ വളരെ പ്രാധാന്യത്തോട് ഗണിക്കുന്നു. അഗസ്ത്യമുനിയുടെ ശിഷ്യനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
തമിഴ്നാട്ടിലെ ഒരു വിശ്വകര്‍മ്മ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചതെന്നും കാശിയിലെ സിദ്ധനായ കാലാംഗിനാഥര്‍ ആണ് ഇദ്ദേഹത്തിന് ജ്ഞാനദീഷ നല്‍കിയതെന്നും പറയപ്പെടുന്നു. ഭോഗര്‍ മഹര്‍ഷി രാസവാദവിദ്യ മറ്റ് സിദ്ധന്മാരില് നിന്നും അഭ്യസിച്ചിട്ടുണ്ട്. തമിഴ്സിദ്ധ വൈദ്യപാരമ്പര്യത്തിലെ തലതൊട്ടപ്പനായാണ് ഭോഗര്‍ മഹര്‍ഷി അറിയപ്പെടുന്നത്. പഴനിമലയില്‍ പ്രത്യേക കൂട്ടില്‍ മുരുകവിഗ്രഹം പ്രതിഷ്ഠിച്ചു. പഴനി മുരുകക്ഷേത്രത്തിലെ പൂജാരികള്‍ ഭോഗരുടെ ശിഷ്യനായ പുലിപ്പാണിയുടെ പിന്‍ഗാമികളായാണ് പറയപ്പെടുന്നത്. പഴനിമലയിലെ മുരുകവിഗ്രഹത്തില് അഭിഷേകം ചെയ്യുന്ന പാല്, പഞ്ചാമൃതം തുടങ്ങിയവയ്ക്ക് ഔഷധഗുണമുള്ളതായി പറയപ്പെടുന്നു.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
