
ശിവശയന പ്രതിഷ്ഠയുള്ള പ്രപഞ്ചത്തിലെ ഏക സന്നിധി -പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം
സര്‍വ്വ ദേവീദേവന്മാരുടേയും സാന്നിദ്ധ്യമുള്ള ഈ ഭഗവത് സന്നിധിയിലാണ് ശിവഭഗവാന്‍ ആദ്യമായി പ്രദോഷത്തില്‍ നടനം ആടിയതെന്നും വിശ്വസിക്കുന്നു. രാമേശ്വര തീര്‍ത്ഥാടനത്തിന്‍റെ അതേ ഫലങ്ങള്‍ തന്നെയാണ് ഈ ക്ഷേത്ര ദര്‍ശനത്താല്‍ സാധ്യമാകുന്നത്. പള്ളികൊണ്ടേശ്വര്‍ ക്ഷേത്ര ദര്‍ശനത്താല്‍ സര്‍വ്വരോഗദുരിതങ്ങള്‍ ശമിക്കും. വിഷഭയം അവസാനിക്കും. ശിവജ്ഞാനം ലഭിക്കും.
ശിവഭഗവാന്‍റെ ശയനപ്രതിഷ്ഠയുമുള്ള പ്രപഞ്ചത്തിലെ ഏക ക്ഷേത്രസന്നിധിയാണ് പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം. തിരുപ്പതി- ചെന്നൈ ഹൈവേയില്‍ തമിഴ്നാട്- ആന്ധ്ര അതിര്‍ത്തിയില്‍ ചിറ്റൂര്‍ ജില്ലയിലെ ഊറ്റുകോട്ട ഗ്രാമത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള സുരട്ടുപള്ളിയിലാണ് ഭഗവാന്‍റെ അത്യപൂര്‍വ്വ പ്രതിഷ്ഠയുള്ള ഈ പുണ്യ സന്നിധി. ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ 'പള്ളി കൊണ്ടേശ്വന്‍' എന്ന നാമത്തിലാണത്രേ ഭഗവാന്‍ ഇവിടെ അറിയപ്പെടുന്നത്.
ഐതിഹ്യം
ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴികടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ ഹാലാഹലം എന്ന അത്യുഗ്ര വിഷം വമിക്കാന്‍ തുടങ്ങി. ഹാലാഹലത്തിന്‍റെ രൂക്ഷത കാരണം ദേവന്മാരും, അസുരന്മാരും പ്രാണരക്ഷാര്‍ത്ഥം നിലവിളക്കുകൊണ്ട് ഓടിയൊളിച്ചു. ഇരുകൂട്ടരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച് അഭയം പ്രാപിച്ചു.
മൂന്ന് ലോകങ്ങള്‍ക്കുവേണ്ടി ഭഗവാന്‍ ഹാലാഹലത്തെ ഞാവല്‍പ്പഴത്തിന്‍റെ ആകൃതിയിലാക്കി വിഴുങ്ങി. പരിഭ്രമിച്ചുപോയ പാര്‍വ്വതിദേവി ഉടന്‍ തന്നെ ഭഗവാന്‍റെ കണ്ഠത്തില്‍ അമര്‍ത്തിപ്പിടിച്ചു. വിഷം ഉള്ളിലേയ്ക്ക് ഇറങ്ങാതെ കണ്ഠത്തില്‍ തന്നെ ഉറച്ചുനിന്നു. ഭഗവാന്‍റെ കണ്ഠം നീലശോഭയോടെ തിളങ്ങി. അങ്ങനെ ശിവന്‍ ത്യാഗത്തിന്‍റെ ദേവനായി നീലകണ്ഠനായി അറിയപ്പെട്ടു. തുടര്‍ന്ന് ഭഗവാന്‍ മോഹാലസ്യപ്പെട്ട് വീണത്രേ. ദേവി ഭഗവാന്‍റെ ശിരസ്സ് പിടിച്ച് മടിയില്‍ വച്ചു. മുപ്പത്തിമുക്കോടി ദേവന്മാരും ഭഗവാന്‍റെ അരികിലെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു ദേവിയുടെ മടിയില്‍ തലചായ്ച്ച് മയങ്ങി പള്ളികൊണ്ടേശ്വരനായി.
പിന്നെ നന്ദനത്തില്‍ ആറാടിച്ചു. അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ 'സുരതര്‍ പള്ളി' എന്നും കാലാന്തരത്തില്‍ സുരട്ടുപള്ളി എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമാവുകയും ചെയ്തു.
ക്ഷേത്രത്തിലുള്ള പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ കാണാനാകും.
വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തി ശിവഭഗവാനെ പൂജ ചെയ്തുപോന്നു. മഹര്‍ഷിയുടെ പൂജയില്‍ സന്തുഷ്ടനായ മഹേശ്വന്‍ സ്വയംഭൂ ലിംഗമായി പ്രത്യക്ഷനായത്രേ. ക്ഷേത്രത്തിലെ മറ്റൊരു ശ്രീകോവില്‍ ഈ സ്വയംഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. 'വാല്‍മീകീശ്വരന്‍' എന്ന പേരിലാണ് വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നത്.
രാവണവധത്തിനുശേഷം ശ്രീരാമഭഗവാന്‍, സീതാദേവി, ലക്ഷ്മണ, ഭരതശത്രുഘ്ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളില്‍ ശിവഭഗവാന്‍ പ്രതിഷ്ഠിച്ച ശിവലിംഗവും ഇവിടുണ്ട്. 'രാമലിംഗേശ്വരന്‍' എന്ന നാമത്തില്‍ വിഖ്യതമായ ശിവലിംഗം ക്ഷേത്രത്തിലെ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് 'അപര രാമേശ്വരം' എന്നും ഈ ക്ഷേത്രപുണ്യ സന്നിധി അറിയപ്പെടുന്നു. രാമേശ്വര തീര്‍ത്ഥാടനത്തിന്‍റെ അതേ ഫലങ്ങള്‍ തന്നെയാണ് ഈ ക്ഷേത്ര ദര്‍ശനത്താല്‍ സാധ്യമാകുന്നത്. പാര്‍വ്വതിദേവി 'മരതാംബിക' എന്ന പേരിലാണ് ഇവിടെ കുടികൊള്ളുന്നത്.
വളര്‍ന്നുകൊണ്ടിരിക്കുന്ന സാളഗ്രാമ ഗണപതിയും ക്ഷേത്രത്തിലുണ്ട്. വിഷ്ണു, മുരുകന്‍, ശ്രീരാമന്‍, സീത, ഹനുമാന്‍, കാലഭൈരവന്‍, വാല്‍മീകി, ചണ്ഡികേശ്വരന്‍, മഹാലക്ഷ്മി, നവഗ്രഹങ്ങള്‍, മാര്‍ക്കണ്ഡേയന്‍, നാരദന്‍, അഗസ്ത്യന്‍, ആദിശങ്കരന്‍ എന്നിവരുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. ലവകുശന്മാരുടെ പാദമുദ്ര പതിഞ്ഞ പീഠവും ഇവിടുണ്ട്. അപ്പര്‍, സുന്ദര്‍, തിരുജ്ഞാനസംബന്ധര്‍ തുടങ്ങിയ ശൈവജ്ഞാനികള്‍ തേവാരം പാടി സ്തുതിച്ച മഹാക്ഷേത്രമാണിത്. ക്ഷേത്രസന്നിധിയാകെ വേപ്പ് തുടങ്ങിയ ക്ഷേത്ര സസ്യങ്ങള്‍ പന്തലിച്ച് നില്‍ക്കുന്നത് ശ്രദ്ധേയമായ കാഴ്ചയാണ്. ഗംഗാനദിക്ക് സമമെന്ന് കരുതുന്ന 'അരണി' നദിക്ഷേത്രത്തിന് സമീപത്തുകൂടി ഒഴുകുന്നു.
സര്‍വ്വ ദേവീദേവന്മാരുടേയും സാന്നിദ്ധ്യമുള്ള ഈ ഭഗവത് സന്നിധിയിലാണ് ശിവഭഗവാന്‍ ആദ്യമായി പ്രദോഷത്തില്‍ നടനം ആടിയതെന്നും വിശ്വസിക്കുന്നു. ആദ്യമായി പ്രദോഷപൂജ നടന്നതും ഇവിടെയാണെന്നാണത്രേ വിശ്വാസം. പ്രദോഷ ക്ഷേത്രമെന്നും ഇവിടം അറിയപ്പെടുന്നു.
പള്ളികൊണ്ടേശ്വര്‍ ക്ഷേത്ര ദര്‍ശനത്താല്‍ സര്‍വ്വരോഗദുരിതങ്ങള്‍ ശമിക്കും. വിഷഭയം അവസാനിക്കും. ശിവജ്ഞാനം ലഭിക്കും.
വിഷ്ണുദാസന്‍
Photo Courtesy - Google