അക്ഷരപുണ്യമേകുന്ന സന്നിധി -പള്ളിയറക്കാവ് സരസ്വതി ദേവി ക്ഷേത്രം
പള്ളിയറക്കാവ് സരസ്വതി ദേവി ക്ഷേത്രം മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് വടക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മാവേലിക്കര കോവിലകവുമായി അഭേദ്യബന്ധമുള്ള ഈ ക്ഷേത്രത്തില്‍ സരസ്വതിദേവിയാണ് പ്രതിഷ്ഠ. ഉപദേവനായി മഹാഗണപതിയുമുണ്ട്. അക്ഷരദേവതയായും, സര്‍വ്വകലകളുടെയും അധിപതിയായും അനുഗ്രഹപ്രദായിനിയായും വാണരുളുന്ന പള്ളിയറകാവ് സരസ്വതി ദേവി കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കേരളപാണിനി എ.ആര്. രാജരാജ വര്‍മ്മ, ഇരയിമ്മന്‍ തമ്പി തുടങ്ങിയ അക്കാലത്തെ പ്രമുഖ എഴുത്തുകാരുടെയെല്ലാം ഇഷ്ടദേവതയായിരുന്നു.
മാവേലിക്കര ക്ഷേത്രങ്ങളുടെ നഗരമാണ്. വര്‍ഷത്തില്‍ പത്തുദിവസം ഉത്സവം കൊണ്ടാടുന്ന പതിമൂന്നില്‍പ്പരം മേജര്‍ ക്ഷേത്രങ്ങളാണ് മാവേലിക്കരയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. അതില്‍ ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ചെട്ടികുളങ്ങര ക്ഷേത്രവും ഉള്‍പ്പെടും.
പള്ളിയറക്കാവ് സരസ്വതി ദേവി ക്ഷേത്രം മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് വടക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മാവേലിക്കര കോവിലകവുമായി അഭേദ്യബന്ധമുള്ള ഈ ക്ഷേത്രത്തില്‍ സരസ്വതിദേവിയാണ് പ്രതിഷ്ഠ. ഉപദേവനായി മഹാഗണപതിയുമുണ്ട്. അക്ഷരദേവതയായും, സര്‍വ്വകലകളുടെയും അധിപതിയായും അനുഗ്രഹപ്രദായിനിയായും വാണരുളുന്ന പള്ളിയറകാവ് സരസ്വതി ദേവി കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കേരളപാണിനി എ.ആര്. രാജരാജ വര്‍മ്മ, ഇരയിമ്മന്‍ തമ്പി തുടങ്ങിയ അക്കാലത്തെ പ്രമുഖ എഴുത്തുകാരുടെയെല്ലാം ഇഷ്ടദേവതയായിരുന്നു.
തിരുവിതാംകൂര്‍ രാജവംശം നിലനിര്‍ത്തുവാന്‍ കണ്ണൂര്‍ ചിറക്കല്‍ രാജവംശത്തിന്റെ തുടര്‍ച്ചയായി ഒരു താവഴി മാവേലിക്കരയില്‍ സ്ഥാപിക്കുകയും അവിടെ നിന്നുള്ള സ്ത്രീ പ്രജകളെ പല കാലഘട്ടങ്ങളിലായി ദത്തെടുത്തുപോയിട്ടുള്ള ചരിത്രവും പലര്‍ക്കും അറിവുള്ളതാണ്.
നവരാത്രിയാണ് പള്ളിയറക്കാവ് ദേവിയുടെ മുന്പില് ഭക്തര്‍ സമര്‍പ്പിക്കുന്ന വലിയ ഉത്സവം. പത്താമുദയ ദിവസം പുതിയ കാവില്‍ ഭഗവതിയും പള്ളിയറക്കാവില്‍ ഭഗവതിയും ഒത്തുചേര്‍ന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന കൂടി എഴുന്നെള്ളത്തും വളരെ വളരെ വിശേഷപ്പെട്ടതാണ്.
വിജയദശമി ദിവസം നൂറുകണക്കിന് രക്ഷിതാക്കള്‍ അവരുടെ കുഞ്ഞുങ്ങളുടെ ആദ്യക്ഷരം കുറിക്കുന്നതിനായി ഭഗവതിയുടെ നടയിലെത്തും. എല്ലാ മാസങ്ങളിലും ഉള്ള പൗര്‍ണ്ണമി പൂജയും വിശേഷമാണ്.
വെളുത്തപുഷ്പങ്ങള്‍ കോര്‍ത്ത മാല ചാര്‍ത്തി പ്രാര്‍ത്ഥിക്കുന്നതാണ് ഭഗവതിക്ക് പ്രിയങ്കരം. മുന്‍ ദുബായ് സ്ഥാനപതിയും രാഷ്ട്രപതിയുടെ ഉപദേശകനുമായിരുന്ന വേണുരാജാമണിക്ക് മാവേലിക്കരയുമായി ബന്ധം പറയുമ്പോള്‍ ഒക്കെ പള്ളിയറക്കാവ് സരസ്വതി ക്ഷേത്രത്തെ ഓര്‍ക്കാറുണ്ട്. കൂടാതെ എഴുത്തുകാരായ എന്‍.പി. ചെല്ലപ്പന്‍പിള്ള, പ്രൊഫ. നരേന്ദ്രപ്രസാദ് പോലുള്ളവരും വാദ്യകലാകാരന്മാരായ വാരണാസി സഹോദരന്മാര്, മൃദംഗവിദ്വാന്മാര്‍ മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍, അഭിനയരംഗത്ത് മാവേലിക്കര പൊന്നമ്മ, വേലുക്കുട്ടി നായര്‍, എസ്.ആര്. രാജു തുടങ്ങിയ പ്രതിഭാധനര്‍ അവര്‍ക്ക് ഏത് പുരസ്കാരം ലഭിച്ചാലും അത് പള്ളിയറക്കാവിലമ്മയുടെ അനുഗ്രഹം കൊണ്ടാണെന്ന് പറയാറുണ്ടായിരുന്നു.
ഒരിക്കല്‍ വലിയ വിദൂഷകനായിരുന്ന കോട്ടയം കോവിലകത്തെ ഒരു തമ്പുരാന് മാവേലിക്കര വന്നുതാമസിക്കുന്ന കാലത്ത് ക്ഷേത്രത്തില്‍ പോകുന്ന കാര്യം ഭക്തര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നമ്മുടെ കോട്ടയത്ത് മൂകാംബികദേവിയുടെ സാന്നിധ്യം പനച്ചിക്കാട് ദേവിക്ഷേത്രത്തില്‍ ഉണ്ടല്ലോ, അവിടുത്തെ ഭക്തനുമാണല്ലോ താന്‍ എന്നു ഉള്ളില്‍ കരുതി, പിന്നെ ഇവിടെ തൊഴേണ്ട കാര്യം ഉണ്ടോ എന്ന് ചെറിയ പുച്ഛത്തോടെ ചോദിച്ചു. അന്നേദിവസം രാത്രിയില്‍ തമ്പുരാന് ഓലയില്‍ എന്തോ എഴുതാന്‍ ശ്രമിക്കുമ്പോള്‍ നാരായത്തിന് വലിയ ഭാരം അനുഭവപ്പെടുകയും ഒരക്ഷരം പോലും എഴുതാനാവാതെ വിഷമിക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ ഇക്കാര്യം കോവിലകത്തെ സ്വകാര്യക്ഷേത്രത്തില്‍ പൂജ നടത്തുന്ന തിരുമേനിയോട് അന്വേഷിച്ചു. തലേന്ന് നടന്ന സംഭവം അറിയാത്ത തിരുമേനി രണ്ട് അരളി വെള്ളപ്പൂക്കള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും മന്ത്രം ചൊല്ലി സമര്‍പ്പിച്ചു. തമ്പുരാന് നിന്നതിനു വടക്കുവശം ഈ അരളിപ്പൂക്കള്‍ രണ്ടും വീണുകിടന്നു. അത്ഭുതം എന്ന് തോന്നിയ തമ്പുരാനോട് കോവിലകത്തിന് വടക്കുള്ള സരസ്വതിക്ഷേത്രത്തില് പോയി സമസ്താപരാധം പറഞ്ഞാല്‍ വീണ്ടും നാരായം ചലിക്കുമെന്നും പറഞ്ഞ ഒരു അനുഭവം പണ്ടുള്ളവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
തലക്കനമോ അഹങ്കാരമോ തീരെ ഇല്ലാതെ, പ്രാര്‍ത്ഥിക്കുന്ന ഭക്തരെ അകമഴിഞ്ഞ് പള്ളിയറക്കാവ് സരസ്വതിദേവി അനുഗ്രഹിക്കും.
എത്തിപ്പെടാന്‍: മാവേലിക്കര (ബുദ്ധജംഗ്ഷനുസമീപം) റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1.5 കി.മീ ദൂരം.ബസ്സ്റ്റേഷനില് നിന്നും 400 മീറ്റര്‍ മാത്രം ദൂരം, ഫോണ്‍: 9446116776
