സമ്പാചലപതിയായ പമ്പാഗണപതി
കലിയുഗവരദനായും, അന്നദാതാവായും, മഹിഷാസുര മര്ദ്ദകനായും, പുലി വാഹനനായുമൊക്കെ ഭക്തകോടികള്‍ ആരാധിക്കുന്ന മലമുകളിലെ ഈ ക്ഷേത്രത്തിലേക്കുള്ള കഠിനയാത്ര ആരംഭിക്കുന്നത് പമ്പാഗണപതിക്ക് നാളീകേരം ഉടച്ച് ഏത്തമിട്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഒരുപരിധിയോളം ശബരിമല അയ്യപ്പനോളം പ്രാധാന്യം ശബരിഗണപതിക്കുമുണ്ട്.
ഗണങ്ങളുടെ അധിപനാണ് ഗണപതി അഥവാ ഗണേശന്. ആധ്യാത്മിക മാര്‍ഗ്ഗത്തിലും ലോകവ്യവഹാരങ്ങളിലുമുണ്ടാകുന്ന വിഘ്നങ്ങളൊക്കെയും ഗണപതിയുടെ അനുഗ്രഹം ലഭിച്ചാല്‍ ഇല്ലാതാകും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഗണപതിയെ വിഘ്നേശ്വരന് എന്നും വിളിക്കുന്നത്. പ്രപഞ്ചസ്രഷ്ടാവ് കൂടിയായതിനാല്‍ മഹാഗണപതി എന്ന പേരിലും അറിയപ്പെടുന്നു. ഗണേശന്റെ പൂര്‍ണ്ണരൂപമാണ് മഹാഗണപതി. നമ്മുടെ ക്ഷേത്രങ്ങളില്‍ പൊതുവേ ആരാധിക്കപ്പെടുന്നത് മഹാഗണപതിയെയാണ്.
ഏതൊരു നല്ല കാര്യം തുടങ്ങുന്നതിന് മുമ്പ് നമ്മള് ആദ്യം സ്മരിക്കാറുള്ളത് ഗണപതിയെയാണ്. അതിനായി ഗണപതി ഹോമം, ഗണേശപൂജ എന്നിവ നടത്തപ്പെടുന്നു. അതിനാല്‍ ആദ്യപൂജിതന്‍, മംഗളമൂര്‍ത്തി എന്നീ പേരുകളിലും ഗണപതി അറിയപ്പെടുന്നു.

കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുമ്പോള്‍ നാവിലും കൈകളിലും നിറയുന്ന ആദ്യാക്ഷരം ഗണപതിസ്തുതിയാണ്. 'ഓം ഹരിശ്രീ ഗണപതയെ നമഃ' എന്ന സ്തുതി. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠ കാണാം. ആ നിലയില്‍ നമ്മുടെ ആരാധനാമൂര്‍ത്തികളില്‍ ഒരുപരിധിവരെ, പ്രഥമസ്ഥാനീയനായിട്ടുപോലും ഗണപതിയെ വിശേഷിപ്പിക്കാം.
പരമശിവന്റെയും പാര്‍വ്വതി ദേവിയുടേയും പുത്രനായി ഗണപതി അവതരിച്ചു എന്നാണ് പുരാണം പറയുന്നത്. ആ ദിവസമാണ് ലോകമെങ്ങുമുള്ള ഗണേശഭക്തന്മാര് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. അത്തം ചതുര്‍ത്ഥി എന്നും ഈ ദിവസത്തെ അറിയപ്പെടുന്നു. ഗണേശപൂജയ്ക്ക് ഇതിലും നല്ലൊരു ദിവസം ഇല്ലെന്നാണ് ആചാര്യന്മാര് പറയുന്നത്. കേരളത്തിലെ ഗണപതിക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യത്തോടെയാണ് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്.
പമ്പാഗണപതി
പമ്പാസരസ്തടം ലോക മനോഹരം
സംപ്രാപ്യവിസ്മയം പുണ്ടരുളീടിനാന്
ക്രോശമാത്രം വിശാലം വിശദാമൃതം
ക്ലേശവിനാശനം ജന്തുപൂര്ണ്ണ സ്ഥലം
ഉല്ഫുല്ല പത്മകല്ഹാര കുമുദനീ-
ലോല്പലമാണ്ഡിതം ഹംസകാരണ്ഡവ
ഷഡ്പദ കോകിലകുക്കുടകോയഷ്ടി
സര്പ്പസിംഹവും വ്യാഘ്രസൂകര സേവിതം
പുഷ്പലതാപരിവേഷ്ടിത പാദപ-
സല്‍ഫലസേവിതം സന്തുഷ്ട ജന്തുകഃ
കണ്ടു കൗതൂഹലം പൂണ്ടു.
ആദികവി പമ്പയെ വര്‍ണ്ണിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ആ പമ്പയിലാണ്, ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയിട്ടുള്ള പമ്പാഗണപതി ക്ഷേത്രം.
വര്‍ഷത്തില്‍ കേവലം 127 ദിവസപൂജകള്‍ മാത്രം കൊണ്ട് സന്നിധാനം എന്ന മഹാക്ഷേത്രഖ്യാതി അന്വര്‍ത്ഥമാക്കി കോടാനുകോടി ഭക്തജനങ്ങളുടെ ഭഗവത്കേന്ദ്രമായി പരിലസിക്കുന്ന ഇടമാണല്ലോ ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര സങ്കേതം. കലിയുഗവരദനായും, അന്നദാതാവായും, മഹിഷാസുര മര്ദ്ദകനായും, പുലി വാഹനനായുമൊക്കെ ഭക്തകോടികള്‍ ആരാധിക്കുന്ന മലമുകളിലെ ഈ ക്ഷേത്രത്തിലേക്കുള്ള കഠിനയാത്ര ആരംഭിക്കുന്നത് പമ്പാഗണപതിക്ക് നാളീകേരം ഉടച്ച് ഏത്തമിട്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഒരുപരിധിയോളം ശബരിമല അയ്യപ്പനോളം പ്രാധാന്യം ശബരിഗണപതിക്കുമുണ്ട്.
കാനനമധ്യത്തില്‍ ചൈതന്യപൂര്‍ണ്ണമായി പരിലസിക്കുന്ന ശബരിമല വിശ്വമാനവികതയ്ക്ക് മകുടോദാഹരണമാണെന്നുള്ള കാര്യം അവിസ്മരണീയമാണ്. കേരളോല്പ്പത്തിയോളം പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന ശബരിമല ക്ഷേത്രത്തിന്റെ സ്ഥാപകന്‍ ശ്രീ പരശുരാമ മഹര്ഷിയാണെങ്കില് അദ്ദേഹത്തിന് പിതൃസ്ഥാനീയനായ തന്ത്രവര്യന് താഴമണ്‍ മഠത്തിലെ തന്ത്രിയാണ്, അദ്ദേഹമാണ്, പമ്പാതീരത്ത് സര്വ്വവിഘ്നനിവാരണമൂര്ത്തിയായ ഗണപതിക്ക് സ്ഥാനം കല്‍പ്പിച്ച്, മലകയറുന്ന തീര്‍ത്ഥാടകര്‍ അവിടെ നാളീകേരം ഉടച്ചു പ്രാര്‍ത്ഥിച്ച് തുടക്കം കുറിക്കുവാന്‍ നിര്‍ദ്ദേശിച്ചത്.

എല്ലാ കര്‍മ്മങ്ങളുടെയും ആദ്യാവസാനമൂര്ത്തിയായ വിനായകന് ശബരിമലയാത്രയിലും ആധിപത്യം ലഭിച്ചത് അങ്ങനെയാണ്. പമ്പാതീരത്ത് ബലിയിട്ട് പമ്പാതടത്തില്‍ ശബര്യാശ്രമ സങ്കേതത്തിലാണ് പമ്പാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1968 ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പ്രാക്കുളം ഭാസിയുടെ നിര്‍ദ്ദേശാനുസരണമാണ് പമ്പാതടത്തില്‍ ഇന്ന് കാണുന്ന ക്ഷേത്രപരിവേഷം നിലവില്‍ വന്നത്. അതിന് മുന്‍പ് ഒരു ആലും ആലിന്ചുവട്ടില് ഗണപതിയുടെ ഒരു വിഗ്രഹവും മാത്രമാണുണ്ടായിരുന്നത്. എങ്കിലും ആ ഗണപതിയെ വണങ്ങി നാളീകേരം ഉടച്ച് വിഘ്നങ്ങള്‍ അകറ്റിയിട്ടുമാത്രമേ അന്ന് ഭക്തന് മലചവിട്ടിയിരുന്നുള്ളൂ.
ഇന്നത്തെപ്പോലെ അന്നുപക്ഷേ പമ്പാഗണപതിക്ക് നിത്യപൂജ ഉണ്ടായിരുന്നില്ല. ക്ഷേത്ര പരിവേഷത്തോടൊപ്പമാണ് നിത്യപൂജയ്ക്കും തുടക്കം കുറിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും കഠിനവ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരുന്ന ലക്ഷോപലക്ഷം വരുന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യമായി ഗണപതി ഭഗവാന് മാത്രമല്ല പമ്പയിലുള്ളത്. രാമായണ പുരാണ മൂര്‍ത്തിയായ ശ്രീരാമന്, ഭക്തദേവനായ ആഞ്ജനേയന്, അന്നപൂര്‍ണ്ണേശ്വരിയായ പാര്‍വ്വതിദേവി എന്നിവരും ഗണപതിയോടൊപ്പം പമ്പാതടത്തില്‍ വാണരുളുന്നു.
ഐതിഹ്യമനുസരിച്ച് ഹരിഹര സുതനാണല്ലോ അയ്യപ്പന്. മോഹിനിരൂപം പൂണ്ട വിഷ്ണുവില് മഹാദേവന് ജനിച്ച ദിവ്യന്. മൃഗയാ വിനോദത്തിലേര്‍പ്പെട്ട പന്തളം രാജാവിന് മണികണ്ഠനെ ലഭിക്കുന്നത് ഇതേ പമ്പാതടത്തില്‍ നിന്നുമാണെന്നുള്ളതാണ് അയ്യപ്പചരിതത്തില്‍ പമ്പയ്ക്കുള്ള സ്ഥാനം. അതുകൊണ്ടുതന്നെയാണ് അയ്യപ്പദര്ശനതീര്ത്ഥയാത്രയില് പ്രമുഖമായ ഒരു സ്ഥാനം പമ്പാഗണപതിക്കും ഉള്ളത്.
രണ്ട് മേല്‍ശാന്തിമാരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ക്ഷേത്രച്ചടങ്ങുകള്‍ നടത്തുന്നത്. കൂടാതെ ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തില്‍ ചിങ്ങപ്പുലരിയില്‍ സഹസ്രനാമലക്ഷാര്ച്ചനയും, ചൈതന്യ വര്‍ദ്ധനവിന് കളഭാഭിഷേകവും നടത്തുന്നു. എങ്കിലും പ്രധാന വഴിപാട് എന്നുപറയാവുന്നത് മലകയറുന്ന സ്വാമിയാര് നാളീകേരം ഉടച്ച് ഏത്തമിടുന്നതുതന്നെയാണ്. നിവേദ്യങ്ങളായ മോദകം, ഉണ്ണിയപ്പം, ഹനുമാന് സ്വാമിക്ക് വെണ്ണചാര്‍ത്തല്‍ എന്നീ വഴിപാടുകളുമുണ്ട്.
ശബരിമല കയറുന്നതിന്റെ പ്രധാന കവാടം എന്നുപറയാവുന്ന പമ്പയില്‍, ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രമല്ല നിത്യവും ഭക്തര്‍ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നിത്യപൂജയുമുണ്ട്. പ്രായാധിക്യമോ ശാരീരികാവശതകളോ ഒക്കെ കാരണം മല കയറുവാന്‍ ബുദ്ധിമുട്ടുള്ളവര്‍, പമ്പാഗണപതിക്ക് മുന്നില്‍ ഭജനമിരിക്കുന്നത് കാണാം. മറ്റ് ചിലരാകട്ടെ ക്ഷേത്രത്തില്‍ വച്ചോ വീട്ടില്‍വച്ചോ നിറച്ചുകൊണ്ടുവന്ന കെട്ടുകള്‍ ഒപ്പം വന്ന മറ്റ് സ്വാമിമാരുടെ പക്കല്‍ കൊടുത്തുവിട്ടശേഷം അവര്‍ തിരിച്ചുവരുംവരെ ഭജനയും മറ്റുമായി ഗണപതി സവിധത്തില്‍ കഴിച്ചുകൂട്ടുന്നതും തീര്‍ത്ഥാടനകാലത്തെ പതിവ് കാഴ്ചയാണ്. സന്നിധാനവുമായി ബന്ധപ്പെട്ട ചടങ്ങുകളായ പമ്പവിളക്കും പമ്പാസദ്യയും ഈ മണല്തീരത്താണ് നടത്തുന്നത്.
ഉത്സവാവസാനം ശബരീശന് എഴുന്നെള്ളി, പമ്പാനദിയില്‍ ആറാടുന്നതും ഗണപതിയുടെ തിരുമുന്പിലാണ്. പുരാണ പ്രസിദ്ധമായ ബാലികേറാമല, രാമപാദം, ശബരിപീഠം എന്നീ സ്ഥലങ്ങള്‍ പമ്പാഗണപതിക്ക് ചുറ്റുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
ചുരുക്കിപ്പറഞ്ഞാലെന്നല്ല ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തി സായൂജ്യമടയുന്ന ദിവ്യസന്നിധി കൂടിയാണ് പമ്പാഗണതി ക്ഷേത്രം. സമത്വവും സമഭാവനയും സാഹോദര്യവും ദര്‍ശിക്കുവാന്‍ കഴിയുന്ന ഇവിടം നമ്മുടെ ഗതകാല സംസ്ക്കാരത്തിന്റെ പുണ്യഭൂമിയാണ്.

പമ്പവിളക്കും പമ്പാസദ്യയും
മകരവിളക്ക് കാലത്തെ പ്രധാന ചടങ്ങായ പമ്പവിളക്ക്, പമ്പാസദ്യ എന്നിവ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ്. മഹിഷീ നിഗ്രഹസ്മരണ പുതുക്കി എരുമേലിയില്‍ പേട്ടതുള്ളിയെത്തുന്ന അയ്യപ്പസംഘങ്ങള്‍ വൈകിട്ട് പമ്പയില്‍ എത്തും. സന്ധ്യാവന്ദനത്തിനുശേഷം സംഘത്തിലെ എല്ലാവരും ചേര്‍ന്ന് സദ്യവട്ടത്തെപ്പറ്റി ആലോചിക്കും. അടുത്തദിവസം രാവിലെ എല്ലാവരും ചേര്‍ന്നാണ് സദ്യ ഒരുക്കുന്നത്. പാചകം പൂര്‍ത്തിയാക്കിയശേഷം നിലവിളക്ക് കൊളുത്തി എല്ലാ വിഭവങ്ങളും ആദ്യം അയ്യപ്പസ്വാമിക്ക് വിളമ്പും. പിന്നെയാണ് മറ്റുള്ളവര്‍ കഴിക്കുക.
അന്ന് വൈകിട്ടാണ് പമ്പവിളക്ക്. കാട്ടുകമ്പുകള്‍ കെട്ടിയുണ്ടാക്കിയ വിളക്കുമാടങ്ങള്‍ ശിരസിലേറ്റി ആടിപ്പാടി നൃത്തം ചെയ്താണ് ഭക്തസംഘങ്ങള്‍ ഇത് പമ്പാനദിയില്‍ ഒഴുക്കുന്നത്. ആ ദീപമാലകളില് പമ്പാതീരം ശോഭിക്കുമ്പോള്‍ ഗണപതി ഭഗവാന് എല്ലാം കണ്ട് അനുഗ്രഹം ചൊരിയും എന്നാണ് വിശ്വാസം.
പുതുമന മനുനമ്പൂതിരി
(9447660228)
തയ്യാറാക്കിയത്
പി. ജയചന്ദ്രന്
