പവിത്രവും ചൈതന്യതയാര്‍ന്നതുമായ തമിഴ്നാട്ടിലെ പഞ്ചകൃഷ്ണക്ഷേത്രങ്ങള്‍

പവിത്രവും ചൈതന്യതയാര്‍ന്നതുമായ തമിഴ്നാട്ടിലെ പഞ്ചകൃഷ്ണക്ഷേത്രങ്ങള്‍

HIGHLIGHTS

നാടെങ്ങും കൃഷ്ണന് ക്ഷേത്രങ്ങളുണ്ട്. ഉത്തരേന്ത്യയിലെ പഞ്ചദ്വാരകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചുക്ഷേത്രങ്ങളെ പോലെതന്നെ തമിഴ്നാട്ടിലുള്ള പഞ്ചകൃഷ്ണക്ഷേത്രങ്ങളും വളരെ പവിത്രവും ചൈതന്യതയാര്‍ന്നതുമാകുന്നു. ആഴ്വാര്‍മാര്‍ ഭാസുരങ്ങള്‍ പാടി പ്രകീര്‍ത്തിച്ച ക്ഷേത്രങ്ങളാണ് ഇവ. മാത്രമല്ല ദിവ്യദേശങ്ങളില്‍പെട്ടവയാണീ ക്ഷേത്രങ്ങള്‍ എന്നതും സവിശേഷതയാണ്. ആ അഞ്ച് ക്ഷേത്രങ്ങളെക്കുറിച്ച്...

 

നാടെങ്ങും കൃഷ്ണന് ക്ഷേത്രങ്ങളുണ്ട്. ഉത്തരേന്ത്യയിലെ പഞ്ചദ്വാരകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചുക്ഷേത്രങ്ങളെ പോലെതന്നെ തമിഴ്നാട്ടിലുള്ള പഞ്ചകൃഷ്ണക്ഷേത്രങ്ങളും വളരെ പവിത്രവും ചൈതന്യതയാര്‍ന്നതുമാകുന്നു. ആഴ്വാര്‍മാര്‍ ഭാസുരങ്ങള്‍ പാടി പ്രകീര്‍ത്തിച്ച ക്ഷേത്രങ്ങളാണ് ഇവ. മാത്രമല്ല ദിവ്യദേശങ്ങളില്‍പെട്ടവയാണീ ക്ഷേത്രങ്ങള്‍ എന്നതും സവിശേഷതയാണ്. ആ അഞ്ച് ക്ഷേത്രങ്ങളെക്കുറിച്ച്...

തിരുക്കണ്ണമങ്കൈ

പാല്‍ക്കടലില്‍ നിന്നും അവതരിച്ച മഹാലക്ഷ്മി എഴുന്നെള്ളി  തപസനുഷ്ഠിച്ച് ഭഗവാനെ പരിണയിച്ചതിനാല്‍ ഈ പുണ്യസ്ഥലത്തിന് കൃഷ്ണമംഗള ക്ഷേത്രം എന്ന് പേരുണ്ടായി. പാല്‍ക്കടലില്‍ നിന്നും പുറത്തുവന്ന് ഇവിടെ വിവാഹം കഴിച്ചതിനാല്‍ ഈ പുണ്യസ്ഥലത്തിന് പെരുംപുറ കടല്‍ എന്ന തിരുനാമവും ഉണ്ടായി. ഭക്തര്‍ക്ക് പെട്ടെന്ന് മുക്തിയേകുന്നതിനാല്‍ തിരുക്കണ്ണമലൈയില്‍ കുടികൊള്ളുന്ന ഭഗവാന് ഭക്തവത്സലന്‍ എന്നും വിശേഷണമുണ്ട്. ശിവന്‍ വെവ്വേറെ ദിവ്യരൂപങ്ങളില്‍ ഈ ക്ഷേത്രത്തിന്‍റെ നാലുദിക്കുകളിലും കാവല്‍ നില്‍ക്കുന്നതായിട്ടാണ് ഐതിഹ്യം. വിവാഹം, ജ്ഞാനം എന്നിവ കരഗതമാവാന്‍ ഈ വിഷ്ണു അനുഗ്രഹം വര്‍ഷിക്കുന്നു. തിരുവാരൂര്‍ ജില്ലയില്‍ തിരുക്കണ്ണമങ്കൈ എന്ന ഗ്രാമത്തിലാണ് ശ്രീഭക്തവത്സല പെരുമാള്‍ ക്ഷേത്രം സ്ഥിതി  ചെയ്യുന്നത്.

തിരുകണ്ണങ്കുടി

വസിഷ്ഠ മഹര്‍ഷി വെണ്ണക്കട്ടികൊണ്ട് ഒരു കൃഷ്ണവിഹ്രഹമുണ്ടാക്കി പൂജിച്ചുപോരുന്നു. അദ്ദേഹത്തെ അനുഗ്രഹിക്കാന്‍ ആഗ്രഹിച്ച ഭഗവാന്‍ കൃഷ്ണന്‍ ഒരു ബാലന്‍റെ രൂപത്തില്‍ അവിടെയെത്തി ആ വെണ്ണ കൃഷ്ണനെ വിഴുങ്ങി. താന്‍ വെണ്ണ കൊണ്ടുണ്ടാക്കിയ കൃഷ്ണനെ വിഴുങ്ങിയ ആ ബാലനെ വസിഷ്ഠന്‍ തുരത്തി  ഓടിച്ചു. ഓട്ടത്തിനിടയില്‍ ബാലന്‍ അവിടെയുള്ള ഒരു മകിഴമരത്തിന്‍റെ പിന്നില്‍ ഒളിഞ്ഞു. അവിടെ തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്ന ചില മഹര്‍ഷിമാര്‍ കുസൃതി കാണിച്ചെത്തിയ ബാലനെ ആ മരത്തില്‍ കെട്ടിയിട്ടു. 

അതിനുശേഷം അത് സാക്ഷാല്‍ കൃഷ്ണന്‍ തന്നെയാണെന്ന് അവര്‍ക്ക് ബോധ്യപ്പെടവേ മഹര്‍ഷിമാര്‍ കെട്ടുകള്‍ അഴിച്ചുവിട്ടു. എന്നിട്ട് മാപ്പപേക്ഷിച്ചു. സന്താനഭാഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നവര്‍ ഭഗവാന്‍റെ അനുഗ്രഹത്താല്‍ പ്രാര്‍ത്ഥന സഫലമായി കുട്ടി പിറന്നശേഷം ഇവിടെയെത്തി പാല്‍പായസം വഴിപാടായി നേദിച്ച് പ്രാര്‍ത്ഥിക്കുന്നു. ഈ ക്ഷേത്രവും തിരുവാരൂര്‍ ജില്ലയില്‍ തന്നയാണ്. തിരുവാരൂര്‍ നാഗപട്ടണം ഹൈവേയില്‍ സിക്കല്‍ എന്ന സ്ഥലത്തുനിന്നും രണ്ടുകിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ലോകനാഥ പെരുമാള്‍ എന്ന നാമധേയത്തിലാണ് ഭഗവാന്‍ ഇവിടെ കുടികൊണ്ട് ഭക്തരില്‍ അനുഗ്രഹം വര്‍ഷിക്കുന്നത്.

കപിസ്ഥലം

പാപനാശത്തിനടുത്താണ് കപിസ്ഥലം സ്ഥിതി ചെയ്യുന്നത്. ഗജേന്ദ്രമോക്ഷം അരങ്ങേറിയ പുണ്യസ്ഥലമാണിത്. അതുകൊണ്ട് ഭഗവാന് ഇവിടെ ഗജേന്ദ്രവരപ്പെരുമാള്‍ എന്നാണ് പേര്. ഭുജംഗശയനമൂര്‍ത്തിയായി ഭഗവാന്‍ എഴുന്നെള്ളിയിരിക്കുന്നു ഇവിടെ. കപി എന്നാല്‍ വാനരന്‍ എന്നാണ് അര്‍ത്ഥം. വാനരനായ ഹനുമാന് ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ഭഗവാന്‍ ദര്‍ശനമരുളി അനുഗ്രഹിച്ചതിനാല്‍ ഈ പുണ്യസ്ഥലത്തിന് കപിസ്ഥലം എന്നപേരുണ്ടായി.

കപിസ്ഥലത്ത്  കുടികൊള്ളുന്ന ഭഗവാനോട് നമ്മുടെ ആവശ്യം പറഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍, ആ ക്ഷണം തന്നെ തന്‍റെ വാഹനമായ ഗരുഡന്‍റെ പുറത്തുകയറി പറന്നെത്തി ഗജേന്ദ്രനെ അനുഗ്രഹിച്ച പോലെ ഭക്തരേ അനുഗ്രഹിച്ച് അവരുടെ കുറവുകള്‍ തീര്‍ത്തുതരുമെന്നാണ് ഭക്തവിശ്വാസം. തഞ്ചാവൂര്‍ ജില്ലയിലെ  പാപനാശത്തിനടുത്തുള്ള തിരുക്കവിത്തലം എന്ന സ്ഥലത്താണ് നൂറ്റിയെട്ട ദിവ്യക്ഷേത്രങ്ങളില്‍ ഒന്‍പതാമത്തേതായ കപിസ്ഥലം ഗജേന്ദ്രവരദരാജപ്പെരുമാള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുക്കണ്ണപുരം

നാഗപട്ടണം ജില്ലയിലെ പുരാതനമായ കൃഷ്ണപുരമാണ് പില്‍ക്കാലത്ത് തിരുക്കണ്ണപുരം എന്ന പേരില്‍ പ്രസിദ്ധമായത്. ഒരിക്കല്‍ കണ്വമഹര്‍ഷി ഭഗവാന്‍റെ അഷ്ടാക്ഷരമന്ത്രം ഏത് ക്ഷേത്രത്തില്‍ ജപിക്കുന്നതാണ് ശ്രേഷ്ഠം എന്ന് നാരദനോട് ആരായവേ അതിന് നാരദന്‍ ഉപരിശിരവസു എന്ന രാജാവിനാല്‍ കൃഷ്ണാരണ്യത്തില്‍ നിര്‍മ്മിക്കപ്പെട്ട കണ്ണപുരത്ത് ചെല്ലൂ എന്ന് പറഞ്ഞു. അതുപ്രകാരം കണ്ണപുരത്ത് എത്തിയ കണ്വമഹര്‍ഷി ദീര്‍ഘകാലം അഷ്ടാക്ഷരമന്ത്രം ഓതി ഭഗവാന്‍റെ ദര്‍ശനം നേടി. ആദികാലത്ത് കണ്വമഹര്‍ഷിയുടെ പേരില്‍ കണ്വപുരം എന്നും പിന്നീട് കൃഷ്ണപുരം എന്നും അറിയപ്പെട്ടിരുന്നു. ഇവിടം പിന്നീട് കണ്ണപുരവും തിരുക്കണ്ണപുരവുമായി പരിണമിച്ചു. നീലമേഘപ്പെരുമാള്‍ എന്ന് ശ്രീകോവില്‍ മൂര്‍ത്തിയുടെ ദിവ്യനാമം. ഉത്സവമൂര്‍ത്തിക്ക് ശൗരിരാജപ്പെരുമാള്‍ എന്നുമാണ് പേര്.

പണ്ട് ഇവിടെ പൂജകള്‍ ചെയ്തുവന്ന രങ്കഭട്ടര്‍ എന്ന പൂജാരി രാജാവിന് നല്‍കിയ പ്രസാദ പുഷ്പത്തില്‍ തലമുടി പെട്ടതിനാല്‍ രാജാവിന്‍റെ കോപത്തിന് പാത്രീഭൂതനായി. രാജാവിന്‍റെ ദേഷ്യം ശമിപ്പിക്കുന്നതിനായി ഭട്ടര്‍ ഭഗവാന്‍ ഏതു വിധേനയും തന്നെ സംരക്ഷിക്കും എന്ന വിശ്വാസത്തില്‍ അത് പെരുമാളിന്‍റെ ശൗരിയിലുണ്ടായിരുന്ന തലമുടിയാണ് എന്നുപറഞ്ഞു. അടുത്ത ദിവസം രാവിലെ രാജാവ് എത്തി ക്ഷേത്രം തുറന്നുനോക്കിയപ്പോള്‍ ഭഗവാന്‍ ശൗരി ധരിച്ചു നില്‍ക്കുന്ന അത്ഭുത കാഴ്ചയാണ് കണ്ടത്. അന്ന് മുതല്‍ ശൗരിരാജ പെരുമാള്‍ എന്നും ഭഗവാന് പേരുകിട്ടി. മാത്രമല്ല ക്ഷേത്രവും ശൗരി രാജപെരുമാള്‍ ക്ഷേത്രം എന്നറിയപ്പെട്ടു. ബന്ധുക്കളുടെ ചതിയില്‍പെട്ട് ദുഃഖിക്കുന്നവര്‍ ഈ വിഷ്ണുവിനെ തൊഴുതുപ്രാര്‍ത്ഥിച്ചാല്‍ വിഷമങ്ങള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം. നാഗപട്ടണത്തുനിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ അകലെയായിട്ടാണ് തിരുക്കണ്ണപുരം സ്ഥിതി ചെയ്യുന്നത്. തിരുവാരൂര്‍ നിന്നും നന്നിലം വഴി പതിനെട്ട് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചും ഇവിടെയെത്താം.

തിരുക്കോവിലൂര്‍

നേരത്തെ പറഞ്ഞ നാല് ദിവ്യക്ഷേത്രങ്ങളും ചോളനാട്ടിലെ ദിവ്യക്ഷേത്രങ്ങളായിരുന്നുവെങ്കില്‍ തിരുക്കോവിലൂര്‍ നാടുനാട്ട് ദിവ്യദേശമാണ്. വിഴുപ്പുറം തിരുവണ്ണാമലൈ എന്നീ നഗരങ്ങള്‍ക്ക് മധ്യത്തിലായിട്ടാണ് തിരുക്കോവിലൂരില്‍ കൃഷ്ണന്‍ എഴുന്നെള്ളിയിട്ടുള്ളത്. ശിശുവായ കണ്ണന് കാവലായി ഇവിടെ ദുര്‍ഗ്ഗയും അനുഗ്രഹം വര്‍ഷിക്കുന്നു. മൂന്ന് ലോകങ്ങളും അളന്ന ത്രിവിക്രമനായിട്ടാണ് ഭഗവാന്‍ ഇവിടെ ശ്രീകോവിലില്‍ കുടികൊള്ളുന്നത്. ഉത്സവമൂര്‍ത്തിക്ക് ഗോപാലന്‍ എന്നാണ് പേര്. ആയര്‍ കുലത്തില്‍ അവതരിച്ച കണ്ണന്‍ ആയതുകൊണ്ട് ആയനാര്‍ എന്നും ഭക്തര്‍ ഭക്തിയോടെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. വിവാഹവരം, സന്താനഭാഗ്യം, പദവി, ഉയര്‍ച്ച, ഉദ്യോഗക്കയറ്റം എന്നിവയ്ക്കായി ഭഗവാനോട് പ്രാര്‍ത്ഥിച്ചാല്‍ ക്ഷിപ്രപ്രസാദിയായി ഭഗവാന്‍ അനുഗ്രഹം നിറവേറ്റി കൊടുക്കും എന്നാണ് ഭക്തവിശ്വാസവും അനുഭവവും.

പഞ്ചകൃഷ്ണക്ഷേത്രങ്ങളില്‍ കുടികൊണ്ട് അനുഗ്രഹം വര്‍ഷിക്കുന്ന ശ്രീകൃഷ്ണനെ നേരില്‍ ദര്‍ശിച്ചുപ്രാര്‍ത്ഥിക്കാനായാല്‍ അത് ജന്മസുകൃതമെന്നാണ് ഭക്തവിശ്വാസം.

വിഷ്ണുദാസന്‍

Photo Courtesy - Google