പന്തളം വലിയ തമ്പുരാനും ശ്രീ അയ്യപ്പന്‍റെ പിതൃസ്ഥാനീയനും -തിരുവോണം നാള്‍ ആര്‍. രാമവര്‍മ്മ രാജാ

പന്തളം വലിയ തമ്പുരാനും ശ്രീ അയ്യപ്പന്‍റെ പിതൃസ്ഥാനീയനും -തിരുവോണം നാള്‍ ആര്‍. രാമവര്‍മ്മ രാജാ

HIGHLIGHTS

രാജ്യവും, രാജഭരണവും, രാജപ്രൗഡിയുമില്ലെങ്കിലും ജനങ്ങള്‍ക്കും, ഭക്തര്‍ക്കും പന്തളം വലിയ തമ്പുരാന്‍ ഈശ്വരതുല്യനാണത്രേ. അയ്യപ്പന്‍റെ ഐതിഹ്യ കഥയുടെ പുണ്യമാണ് പന്തളത്തിനും, വലിയ തമ്പുരാനും ജനങ്ങള്‍ നല്‍കുന്ന ഭക്ത്യാദരവുകള്‍. പന്തളം രാജാവായിരുന്ന തിരുവനന്തപുരം പെരുന്താന്നിയില്‍ മകയിരം നാള്‍ രാമവര്‍മ്മ രാജായുടെ വിയോഗത്തെ തുടര്‍ന്നാണ് 2023 ല്‍ തിരുവോണം നാള്‍ ആര്‍. രാമവര്‍മ്മ രാജായ്ക്ക് നിയോഗം ലഭിക്കുന്നത്.

 

രാജ്യവും, രാജഭരണവും, രാജപ്രൗഡിയുമില്ലെങ്കിലും ജനങ്ങള്‍ക്കും, ഭക്തര്‍ക്കും പന്തളം വലിയ തമ്പുരാന്‍ ഈശ്വരതുല്യനാണത്രേ. അയ്യപ്പന്‍റെ ഐതിഹ്യ കഥയുടെ പുണ്യമാണ് പന്തളത്തിനും, വലിയ തമ്പുരാനും ജനങ്ങള്‍ നല്‍കുന്ന ഭക്ത്യാദരവുകള്‍.
പന്തളം രാജാവായിരുന്ന തിരുവനന്തപുരം പെരുന്താന്നിയില്‍ മകയിരം നാള്‍ രാമവര്‍മ്മ രാജായുടെ വിയോഗത്തെ തുടര്‍ന്നാണ് 2023 ല്‍ തിരുവോണം നാള്‍ ആര്‍. രാമവര്‍മ്മ രാജായ്ക്ക് നിയോഗം ലഭിക്കുന്നത്.

വലിയ തമ്പുരാന്‍റെ വാക്കുകള്‍ ഇങ്ങനെ- ഈശ്വരനിയോഗമാണിത്. അതിനാല്‍ ഞാന്‍ കൂടുതല്‍ വിനീതനാകുന്നു. സര്‍വ്വതും അയ്യപ്പതൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു. പന്തളം കൊട്ടാരത്തില്‍ എല്ലാവരുടേയും അരുമയായൊരു കുഞ്ഞ് പൈതല്‍ ഓടിനടക്കുന്നത് ചെറുപ്പത്തില്‍ സ്ഥിരമായി സ്വപ്നം കാണുമായിരുന്നു. ഇത്തരമൊരു നിയോഗം ഉണ്ടാകുമെന്നുള്ള അറിയിപ്പായിരുന്നതെന്ന് മനസ്സിലാക്കാന്‍ കാലമേറെ കഴിയേണ്ടി വന്നു. 89-ാമത്തെ വയസ്സിലാണ് ഈ നിയോഗം ലഭിക്കുന്നത്.

പന്തളം കൈപ്പുഴ വടക്കേക്കൊട്ടാരം(വടക്കേമുറി) പുത്തന്‍ കോയിക്കല്‍ അംബാലിക തമ്പുരാട്ടിയുടേയും, പനച്ചിക്കാട് കീഴിപ്രം ഇല്ലത്ത് സി.ഡി നാരായണന്‍ നമ്പൂതിരിയുടെയും മകനായി ജനനം. വിധിപ്രകാരമുള്ള ഉപനയനം കഴിഞ്ഞ് അച്ഛനോടൊപ്പമായിരുന്നു ആദ്യശബരിമല യാത്ര. അമ്മുമ്മ പറഞ്ഞുതന്ന അയ്യപ്പചരിതങ്ങള്‍ ഓര്‍ത്താണ് മലകയറ്റം. ഉറക്കെ ശരണം വിളിച്ചാല്‍ ആപത്തുകള്‍ ഒഴിഞ്ഞുപോകുമെന്നുള്ള അമ്മൂമ്മയുടെ വാക്കുകള്‍ ഓര്‍ത്ത്  ഉറക്കെ ശരണം വിളിച്ചാണ് അയ്യപ്പസന്നിധിയിലെത്തിയത്. അല്‍പ്പം കൂടി മുതിര്‍ന്നതോടെ അമ്മാവന്‍മാരോടൊപ്പമായിരുന്നു അയ്യപ്പസന്നിധിയില്‍ എത്തിയിരുന്നത്. 50 ലധികം തവണ അയ്യപ്പനെദര്‍ശിച്ചിട്ടുണ്ട്. തീവ്രവ്രതമെടുത്താണ് അയ്യപ്പനരികില്‍ എത്തിയത്. കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ കൊട്ടാരത്തില്‍ എത്തിയപ്പോഴും അയ്യപ്പവിശ്വാസത്തിന് കോട്ടം ഭവിച്ചില്ല. എപ്പോഴും മനസ്സില്‍ തെളിയുന്ന രൂപം മഹാദേവന്‍റേയും, അയ്യപ്പസ്വാമിയുടേയും.

പത്താം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ടൈപ്പ് റൈറ്റിംഗ് പഠിച്ച് കൊല്‍ക്കത്തയിലേക്ക് വണ്ടികയറി. എയര്‍പോര്‍ട്ടില്‍ കുറച്ചുകാലം ജോലി ചെയ്ത് പിന്നീട് ദക്ഷിണ റെയില്‍വേയില്‍ ജോലി ലഭിച്ചു. പാലക്കാട് ഡിവിഷന്‍ ഓഫീസ് സൂപ്രണ്ടായിട്ടാണ് 1993 ല്‍ വിരമിച്ചത്. ഇപ്പോള്‍ പാലക്കാട് നഗരിപുറം തുളസീമന്ദിരത്തിലാണ് താമസം.
നാല് തവണ തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം മലകയറിയിട്ടുണ്ട്. 

രാജപ്രതിനിധിയാകാന്‍ നിയോഗം ലഭിച്ചിട്ടില്ല. അതില്‍ പറയത്തക്ക പരിഭവമൊന്നും തോന്നിയിട്ടില്ല. മനസ്സ് നിറയെ അയ്യപ്പസ്വാമി മാത്രം. ഭഗവാനായി വളര്‍ന് വിഗ്രഹത്തില്‍ വിലയം പ്രാപിച്ച മകനെരാജാവായി കാണാനുള്ള പന്തളത്ത് രാജാവിന്‍റെ ആഗ്രഹം, വര്‍ഷത്തിലൊരിക്കല്‍ മകന്‍ സര്‍വ്വാഭരണ വിഭൂഷിതനായി മുമ്പിലെത്തുമ്പോള്‍ ദര്‍ശിച്ച് സന്തോഷിക്കാനും ഭഗവാനായ മകന്‍റെ അനുഗ്രഹം വാങ്ങാനുമുള്ള യാത്ര. അതാണ് മറ്റെങ്ങും കാണാനാകാത്ത പന്തളത്തെ തിരുവാഭരണ യാത്ര.

തിരുവാഭരണ ഘോഷദിനം പന്തളത്ത് എത്താന്‍ ആഗ്രഹമുണ്ട്. ശാരീരിക പ്രയാസങ്ങള്‍ മൂലം അതിന് കഴിയുമോ എന്നറിയില്ല. സെപ്തംബര്‍ 13-ാം തീയതി നവതി ആഘോഷങ്ങള്‍ക്ക് പന്തളം കൊട്ടാരത്തിലെ നിര്‍വ്വാഹക സംഘം ഇവിടെ എത്തിയിരുന്നു. കാലങ്ങള്‍ക്ക് ശേഷം എല്ലാവരേയും കാണാന്‍ ഭാഗ്യമുണ്ടായതില്‍ ഏറെ സന്തോഷം. അയ്യപ്പന്‍റെ അനുഗ്രഹങ്ങള്‍ എല്ലാവര്‍ക്കിം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. പുലാപ്പാറ കുതിരവട്ടം സ്വരൂപത്തില്‍ ശങ്കരി തമ്പുരാട്ടിയാണ് ഭാര്യ. ആശാരാധാ(റിട്ട. അധ്യാപിക കേരളശ്ശേരി എച്ച്.എസ്.എസ്),അശോകന്‍ തമ്പാന്‍(ജനറല്‍ മാനേജര്‍ ജയോണ്‍ ഗ്രൂപ്പ്), അജിത് തമ്പാന്‍(വേങ്ങശ്ശേരി എന്‍.എസ്.എസ് സ്ക്കൂള്‍) എന്നിവരാണ് മക്കള്‍.