പാണ്ഡവ ദൂത പെരുമാള്‍  ക്ഷേത്രം കാഞ്ചീപുരം

പാണ്ഡവ ദൂത പെരുമാള്‍ ക്ഷേത്രം കാഞ്ചീപുരം

HIGHLIGHTS

ഭഗവാന്‍ കൃഷ്ണന്‍ പാണ്ഡവദൂതനായി 'പാണ്ഡവ ദൂത പെരുമാള്‍' എന്ന ദിവ്യനാമധേയത്തില്‍ കുടികൊണ്ട് ഭക്തരില്‍ അനുഗ്രഹം ചൊരിയുന്ന ക്ഷേത്രം തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്നു. രോഹിണി നക്ഷത്രത്തില്‍ ജനിച്ചവര്‍ ഇവിടെയെത്തി ഭഗവാനോട് പ്രാര്‍ത്ഥിച്ചാല്‍ അവരുടെ സര്‍വ്വദോഷങ്ങളും മാറും എന്നാണ് വിശ്വാസം.

ഗവാന്‍ കൃഷ്ണന്‍ പാണ്ഡവദൂതനായി 'പാണ്ഡവ ദൂത പെരുമാള്‍' എന്ന ദിവ്യനാമധേയത്തില്‍ കുടികൊണ്ട് ഭക്തരില്‍ അനുഗ്രഹം ചൊരിയുന്ന ക്ഷേത്രം തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്നു. രോഹിണി നക്ഷത്രത്തില്‍ ജനിച്ചവര്‍ ഇവിടെയെത്തി ഭഗവാനോട് പ്രാര്‍ത്ഥിച്ചാല്‍ അവരുടെ സര്‍വ്വദോഷങ്ങളും മാറും എന്നാണ് വിശ്വാസം. കൃഷ്ണാവതാരത്തിന്‍റെ ലക്ഷ്യം തന്നെ അധര്‍മ്മത്തെ നിഗ്രഹിച്ച് ധര്‍മ്മത്തെ പുനഃസ്ഥാപിക്കുക എന്നതാണ്. അതിനായി ഭഗവാന്‍ കൃഷ്ണന്‍ നടത്തിയ ലീലകള്‍ കുറച്ചൊന്നുമല്ല. പാണ്ഡവരെ കാക്കാന്‍ അദ്ദേഹം ലീലകള്‍ നടത്തി പാണ്ഡവദൂതന്‍ എന്ന പേരില്‍ ഭൂലോകവാസം നടത്തുന്ന ക്ഷേത്രമാണിത്.

പാണ്ഡവരില്‍ മൂത്തവനായ ധര്‍മ്മപുത്രര്‍ തന്‍റെ വല്യച്ഛന്‍റെ മക്കളായ കൗരവരുമായി ചൂതാടി രാജ്യത്തേയും പത്നിയേയും നഷ്ടപ്പെടുത്തി. പാണ്ഡവരെ സഹായിക്കാന്‍ പാണ്ഡവ ദൂതനായി കൃഷ്ണന്‍ പാണ്ഡവര്‍ ഓരോരുത്തര്‍ക്കും ഓരോന്ന് വീതം അഞ്ചുവീടുകളെങ്കിലും നല്‍കണമെന്ന് ദുര്യോധനനോട് ആവശ്യപ്പെട്ടു. 

കൃഷ്ണനെ അപമാനിക്കുവാന്‍ തീരുമാനിച്ച ദുര്യോധനന്‍ കൃഷ്ണന് ഇരിക്കാന്‍ വേണ്ടി വെച്ച ആസനത്തിന് താഴെ ഒരു നിലവറയുണ്ടാക്കി അതിനുമീതെ പച്ചിലകളിട്ട് മൂടിവെച്ചു. കൃഷ്ണന്‍ ഒന്നുമറിയാത്തവനെപ്പോലെ ആ കസേരയില്‍ വന്നിരുന്നു. കൗരവര്‍ പദ്ധയിട്ട പ്രകാരം തന്നെ കൃഷ്ണന്‍ നിലവറയിലേക്ക് ചരിഞ്ഞുവീണു. അവിടെ കൃഷ്ണനോട് പോരിടാന്‍ ചില മല്ലന്മാര്‍ കാത്തിരിപ്പുണ്ടായിരുന്നു. കൃഷ്ണന്‍ ആ മല്ലന്മാരുമായി പോരിട്ട് അവരെ നിഗ്രഹിച്ചുകൊണ്ട് തന്‍റെ വിശ്വരൂപമെടുത്തു.

വളരെക്കാലത്തിനുശേഷം വൈശമ്പായനന്‍ എന്ന മഹര്‍ഷിയില്‍ മഹാഭാരതം കേള്‍ക്കുവാനായി ജനമേജയന്‍ എന്ന മഹാരാജാവ് എത്തി. മഹര്‍ഷി ആ കഥ പറയവേ 'കൃഷ്ണന്‍ ദൂത് പോയപ്പോള്‍, നിലവറയില്‍ വെച്ച് എടുത്ത വിശ്വരൂപദര്‍ശനം തനിക്കും ദര്‍ശിക്കണം അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമേകണമെന്നും ജനമേജയന്‍ മഹര്‍ഷിയോട് ആവശ്യപ്പെട്ടു. 

വൈശവമ്പായന മഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ജനമേജയന്‍ കാഞ്ചീപുരത്തെത്തി തപസ്സനുഷ്ഠിച്ച് ഭഗവാന്‍റെ ആ വിശ്വരൂപദര്‍ശനം നേടി.'
ഇവിടെയുള്ള ശിലാഫലകങ്ങളില്‍ ഈ കൃഷ്ണന്‍റെ പേര് 'ദൂതഹരി' എന്ന് കുറിച്ചിരിക്കുന്നു. ഇരുപത്തിയഞ്ച് അടി ഉയരമുള്ള കൃഷ്ണശിലയാണിത്. ഭഗവാന്‍ ഇരിക്കുന്ന രൂപം അപൂര്‍വ്വമായിട്ടേ ദര്‍ശിക്കാനാവൂ. ഇവിടെ ഇരിക്കുന്ന വിശ്വരൂപമാണ് കൃഷ്ണന്‍റേത്. മറ്റെവിടെയും കാണാനാവാത്ത അത്ഭുതദൃശ്യം എന്നുതന്നെ വിശേഷിപ്പിക്കാം. ഭഗവാന്‍റെ അടുത്തായി സത്യഭാമ, രുഗ്മിണി എന്നിവരേയും കാണാം.

നരസിംഹമൂര്‍ത്തി യോഗനിലയില്‍ ദര്‍ശനമരുളുന്നു. പാര്‍വ്വതീദേവിയുടെ പിതാവ് ദക്ഷന് ഇരുപത്തിയേഴ് പുത്രിമാരുണ്ട്. ഇവരില്‍ രോഹിണി ഇവിടെ വന്ന് കൃഷ്ണനോട് പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ചന്ദ്രനെ കാണാനായി ലഭിക്കുവാനുള്ള മഹാഭാഗ്യം നേടി എന്നാണ് ഐതിഹ്യം. രോഹിണി തനിക്ക് വിശ്വരൂപ ദര്‍ശനം നല്‍കിയ കൃഷ്ണനെ ദിവസവും ഇവിടെയെത്തി മറഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കുന്നതായിട്ടും ഐതീഹ്യമുണ്ട്. അതുകൊണ്ട് രോഹിണി നക്ഷത്രത്തില്‍ ജനിച്ചവര്‍ ഈ ക്ഷേത്രത്തിലെത്തി കൃഷ്ണനെ ദര്‍ശിച്ച് തങ്ങളുടെ ദോഷങ്ങള്‍ മാറാന്‍ വഴിപാട് നടത്തി പ്രാര്‍ത്ഥിക്കുന്നു.

കൃഷ്ണന്‍ തന്നെ രോഹിണി നാളില്‍ ജനിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. കൃഷ്ണന്‍ തന്‍റെ പാദങ്ങള്‍ ഭൂമിയില്‍ ഊന്നിനില്‍ക്കുന്ന ക്ഷേത്രമാണിത് എന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ഇവിടെ അംഗപ്രദക്ഷിണം ചെയ്യുന്നവരുടെ എഴുപത്തിരണ്ടായിരം നാഡികളും തുടിപ്പോടുകൂടി പ്രവര്‍ത്തിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ബുധന്‍, ശനി ദിവസങ്ങളിലും രോഹിണി നക്ഷത്ര ദിവസങ്ങളിലും അഷ്ടമിതിഥികളിലും ഇവിടെ പ്രത്യേകവഴിപാടുകള്‍ നടത്തപ്പെടുന്നു. 

കാഞ്ചീപുരത്തെ വിശ്വപ്രസിദ്ധമായ ഏകാംബരേശ്വര(ശിവന്‍) ക്ഷേത്രത്തിനടുത്തായിട്ടാണ് പാണ്ഡവദൂത പെരുമാള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവദൂത പെരുമാളിനെ തൊഴുത് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ഈ കൃഷ്ണന്‍റെ ഉപാസകനായാല്‍ ഭഗവാന്‍ ആപല്‍ബാന്ധവനായി എപ്പോഴും ഭക്തന്‍റെ ഒപ്പം ഉണ്ടാവുമെന്നാണ് ഭക്തവിശ്വാസം.

അജയന്‍