പാപസാമ്യവും  വിവാഹവും ബന്ധിതമോ?

പാപസാമ്യവും വിവാഹവും ബന്ധിതമോ?

HIGHLIGHTS

വിവാഹത്തിലൂടെ പങ്കാളിയുടെ ആയുസ് കുറയുകയോ കൂടുകയോ ചെയ്യുന്നില്ല. ആയുസ് സുനിശ്ചിതമാണ്. അതായത് മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്തത്.  അതുകൊണ്ട് പാപസാമ്യമില്ല എന്ന പേരില്‍ വിവാഹാഘോഷങ്ങളില്‍ നിന്ന് പിന്മാറാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.

 

പൊരുത്തപരിശോധനയില്‍ പാപസാമ്യത്തിന് പ്രസക്തിയില്ല

പാപസാമ്യത്തെപ്പറ്റി വിവരിക്കുന്നതിന് മുന്‍പായി, നമ്മുടെയിടയില്‍ എങ്ങനെയോ ഒരു നാട്ടാചാരം പോലെ പരക്കെ പ്രചരിച്ച, ഫലശൂന്യം എന്നുതന്നെ പറയേണ്ട പൊരുത്തശോധനാരീതിയെപ്പറ്റി ഒരു മുഖവുര ആവശ്യമാണ്. ഇന്നത്തെ പൊരുത്തശോധനാരീതിക്ക് പ്രചാരം വന്നിട്ട് കഷ്ടിച്ച് അന്‍പതുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നുപറയാം. പണ്ടുകാലത്ത് ഒരു പെണ്‍കുട്ടി വിവാഹപ്രായമായാല്‍ 'ആലോചന' നടത്തുമ്പോള്‍ വരുന്ന വരന്‍റെ വീട്ടുകാര്‍ നല്ല തറവാടുകാര്‍ ആണോ എന്നുനോക്കും. അവര്‍ക്ക് നല്ല സാമ്പത്തികശേഷിയുണ്ടോ എന്നും പയ്യന് നല്ല ജോലിയുണ്ടോ എന്നുമൊക്കെ നോക്കും. ആ ഭാഗങ്ങള്‍ ശരിയാണെങ്കില്‍ മറ്റ് കാര്യങ്ങളുമായി മുന്നോട്ടുപോകാം എന്ന് തീരുമാനിക്കും.

ഇന്നും ഇത്രയൊക്കെത്തന്നെയെ  വേണ്ടൂ. പണ്ട് ചിലര്‍ നക്ഷത്രപ്പൊരുത്തം നോക്കിയെന്നുവരും. ഇന്ന് കര്‍ശനമായ പൊരുത്തശോധനയ്ക്കുശേഷം അനുവദിക്കപ്പെടുന്ന അല്ലെങ്കില്‍ ശുപാര്‍ശ ചെയ്യപ്പെടുന്ന വിവാഹബന്ധങ്ങളില്‍ പകുതിയും പരാജയപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതേ പഠനത്തില്‍ തന്നെ ജ്യോതിഷമാര്‍ഗ്ഗം അവലംബിക്കാതെ വിവാഹിതരായവരില്‍ ഇത്രയും മാത്രമേ പരാജയപ്പെടുന്നതായി കണ്ടിട്ടുള്ളൂ. ഇതില്‍ രണ്ടാമത് പറഞ്ഞവര്‍ കാര്യങ്ങള്‍ ഭാഗ്യത്തിന് വിടുകയാണ് ചെയ്യുന്നത്. ജ്യോതിഷമാര്‍ഗ്ഗം സ്വീകരിച്ച് വിവാഹിതരാകുന്നവരും ഫലത്തില്‍ അതുതന്നെയാണ് ചെയ്യുന്നത്. ഇന്ന് നാം അവലംബിക്കുന്ന പൊരുത്തശോധനാരീതിയില്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത് എന്ന് നോക്കാം. ഒന്ന് ജാതകങ്ങളില്‍ പാപസാമ്യം പരിശോധിക്കുന്നത്. രണ്ട് കുജദോഷം പരിശോധിക്കുന്നത്. മൂന്ന് ദശാസന്ധി പരിശോധന. നാല് നക്ഷത്രപ്പൊരുത്ത ചിന്ത. ഇതില്‍ പാപസാമ്യത്തെപ്പറ്റി ആദ്യം വിവരിക്കാം.

പാപസാമ്യം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്

കേരളത്തിലെ ജ്യോതിഷികള്‍ മുഖ്യമായും ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരാഹമിഹിരാചാര്യനാല്‍ ആവിഷ്ക്കരിക്കപ്പെട്ട ബൃഹജ്ജാതകം എന്ന ഗ്രന്ഥമാണ് അടിസ്ഥാനമായി സ്വീകരിച്ചുവരുന്നത്. ഇതിന് ഹോരാശാസ്ത്രം എന്നും പേരുണ്ട്. ഭാരതത്തില്‍ ഇതിനും എത്രയോ മുന്‍പ് വ്യാസപിതാവായ പരാശരമുനിയാല്‍ ആവിഷ്ക്കരിക്കപ്പെട്ട ബൃഹത് പരാശരഹോരാ ശാസ്ത്രമാണ് അടിസ്ഥാനഗ്രന്ഥമായി കണക്കാക്കുന്നത്. ഈ ഗ്രന്ഥങ്ങളുടെ ആധികാരികത ഇന്നുവരെയും ചോദ്യം ചെയ്യപ്പെടാതെ നിലകൊള്ളുകയും ചെയ്യുന്നു എന്നതും പ്രസ്താവ്യമാണ്.

ഈ ആചാര്യന്മാര്‍ സ്ത്രീജാതകത്തിലെ ഏഴാം ഭാവത്തിലെ അല്ലെങ്കില്‍ അഷ്ടമത്തിലെ(എട്ടാം ഭാവത്തിലെ) കുജന്‍(ചൊവ്വ) ഭര്‍തൃമരണം ഉണ്ടാക്കുമെന്ന് പറഞ്ഞതാണ് ചൊവ്വാദോഷം എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജച്ചത്. പരാശരന്‍ അഭിപ്രായപ്പെട്ടതായ സ്ത്രീജാതകത്തിലെ വൈധവ്യദോഷം, പുരുഷജാതകത്തില്‍ അതുപോലെ ഭാര്യാമരണത്തിനും ഹേതുവാകുന്നു എന്നും, രണ്ട് ജാതകങ്ങളിലും ഈ ദോഷങ്ങള്‍ ഒരുപോലെ കാണുകയാണെങ്കില്‍ അത് ശുഭമായിരിക്കും എന്ന് സ്മരിക്കണമെന്നും പറയുന്നുണ്ട്. ഇതിന്‍റെ പ്രമാണം താഴെക്കൊടുക്കാം.

സ്ത്രീണാം വൈധവ്യദോയോഗ; പുംസാം ജന്മനിഷേദ് ഭാവേത്
തദാ പത്നീവിനാശസ്യാത് ഉഭയോശ്ചേത് ശുഭം സമൃതം.

ഇതാണ് പാപചിന്തയ്ക്ക് ആധാരമായ പ്രമാണമായി വന്നത്. രണ്ട് ജാതകങ്ങളിലും ഒരുപോലെ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അത് നല്ലതാണെന്ന് ഓര്‍ക്കണമെന്നാണ് പ്രമാണം. അത് മാത്രമേ സ്വീകരിക്കാവൂ എന്ന് അര്‍ത്ഥമില്ല. അങ്ങനെ കാണുന്നുവെങ്കില്‍ അത് ദോഷമായി കാണേണ്ടതില്ല എന്നേ അതിന് അര്‍ത്ഥമുള്ളൂ. 

സ്ത്രീജാതകത്തിലെ വൈധവ്യം സൂചിപ്പിക്കുന്ന ഏഴിലെയോ എട്ടിലെയോ ചൊവ്വയുടെ സ്ഥിതി കണ്ടാല്‍ ആ സ്ത്രീ വിവാഹം കഴിക്കുന്ന പുരുഷന്‍റെ ജാതകത്തില്‍ ഇതുപോലെ ഏഴില്‍ ചൊവ്വ ഉണ്ടെങ്കില്‍ മാത്രമേ വിവാഹം അനുവദിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആ സ്ത്രീയുടെ ഭര്‍ത്താവ് വിവാഹശേഷം ഏറെ താമസിയാതെ തട്ടിപ്പോകും എന്നുപറഞ്ഞ് വിവാഹം അനുവദിക്കാതിരിക്കുന്നതാണ് നമ്മുടെ നാട്ടിലെ പതിവ്. മരണം ഉണ്ടാകുവാന്‍ ആ വ്യക്തിയുടെ ആയുസ് അവസാനിക്കുകതന്നെ വണം. പങ്കാളിയുടെ ജാതകത്തിലെ ദോഷം മൂലം മരണം ഒരിക്കലും നേരത്തെ സംഭവിക്കുകയില്ല എന്നോര്‍ക്കുക.

ഇവിടെ ജാതകങ്ങള്‍ പരിശോധിച്ച് അനുഭവങ്ങള്‍ വിവരിക്കുന്ന രീതിയുടെ അടിസ്ഥാനമായ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതില്‍ പ്രധാനമായി മനസ്സിലാക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

1. ഒരു ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥിതിമൂലമുണ്ടാകുന്ന ഗുണവും ദോഷവും ആ വ്യക്തിക്ക് മാത്രമാണ് ബാധകം. ഗുണമായാലും ദോഷമായാലും അവയെല്ലാം പങ്കാളി 'ഷെയര്‍' ചെയ്യുകയാണ്, അല്ലെങ്കില്‍ പങ്കിട്ടനുഭവിക്കുകയാണ്.

ഒരു ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ കൊണ്ട് ആ ജാതകത്തില്‍ ഉടമസ്ഥന് ഇന്നയിന്ന അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നേ സൂചിപ്പിക്കുന്നുള്ളൂ. അപ്പോള്‍ ഇത്തരം ഗ്രഹസ്ഥിതിയുള്ള(ഉദാ: ഏഴില്‍ ചൊവ്വ) ജാതകത്തില്‍ അതിന്‍റെ ഉടമ സാധാരണ ഗതിയില്‍ അധികം ആയുസ് ഇല്ലാത്ത ഒരാളെ വിവാഹം കഴിക്കാനാണ് സാധ്യത എന്നാണ് ആ ജാതകം സൂചിപ്പിക്കുന്നത്. അപ്പോള്‍ നാം എന്ത് വേണം? നല്ല ദീര്‍ഘായുസ്സ് ഉണ്ട് എന്ന് ഉറപ്പുള്ള വ്യക്തിയെയാണ് ഇയാളെക്കൊണ്ട് വിവാഹം കഴിപ്പിക്കേണ്ടത്. 

അതിനാണ് ഈ മഹത്തായ ശാസ്ത്രത്തെ ഉപയോഗിക്കേണ്ടത്. അപ്പോള്‍ മരണം ഒഴികെയുള്ള മറ്റ് ദോഷങ്ങള്‍ മാത്രമായി അനുഭവങ്ങള്‍ ചുരുങ്ങുകയാണുണ്ടാവുക. ഇതേദോഷമുള്ള ഒരു ജാതകമുള്ള വ്യക്തിയെ അന്വേഷിക്കുകയല്ല വേണ്ടത്. ഭര്‍തൃമരണം അല്ലെങ്കില്‍ ഭാര്യാമരണം ഏഴാം ഭാവം കൊണ്ട് ചിന്തിക്കുന്ന മറ്റ് പല കാര്യങ്ങളില്‍ ഒന്ന് മാത്രമാണ്. അതിന് ദീര്‍ഘായുസ്സ് ഉറപ്പുള്ള വ്യക്തിയെ സ്വീകരിക്കുന്നതാണ് പരിഹാരമാര്‍ഗ്ഗം. ആയുര്‍നിര്‍ണ്ണയം സാധ്യമല്ലാത്ത, അല്ലെങ്കില്‍ സൂക്ഷ്മമായി കാണുവാന്‍ വിഷമമുള്ള ഒന്നാണ് എന്നുപറഞ്ഞ് ആ ഉദ്യമത്തില്‍ നിന്ന് ജ്യോതിഷികള്‍ ഒഴിഞ്ഞുമാറുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഇത് ശരിയല്ല എന്നുപറഞ്ഞുകൊള്ളട്ടെ.

2. വിവാഹം പങ്കാളിയുടെ ആയുസ്സിനെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല. വിവാഹം മൂലം പങ്കാളിയുടെ ആയുസ് കുറയുകയില്ല. ആയുസ് സുനിശ്ചിതമാണ്. ആയുസ് അവസാനിക്കുമ്പോള്‍ മാത്രമേ മരണം ഉണ്ടാവുകയുള്ളൂ. പങ്കാളിയുടെ മരണം ജാതകത്തില്‍ സൂചിപ്പിക്കുന്നുവെങ്കില്‍ പങ്കാളിയുടെ ആയുസ് പൂര്‍ത്തിയായാല്‍ മാത്രമേ മരണമുണ്ടാവുകയുള്ളൂ. അതുവരെ മരണം ഒഴികെയുള്ള ദോഷങ്ങള്‍ ആ ഗ്രഹത്തിന്‍റെ സാന്നിദ്ധ്യം മൂലം അനുഭവിക്കുകയാണ് ചെയ്യുക.

3. വിവാഹം മൂലം സംസര്‍ഗ്ഗജന്യമായ ചില ഫലങ്ങള്‍ ഇല്ലാതില്ല. എന്നാല്‍ അവയൊന്നും സ്ഥിരമായ ആയുസിനെ ഒരുതരത്തിലും ബാധിക്കുകയില്ല.

പാപസാമ്യചിന്തയ്ക്ക് വിത്തുപാകിയത് 'ചൊവ്വാദോഷം' എന്ന പ്രതിഭാസമാണ്. അതായത് ചൊവ്വ ലഗ്നം 2, 4, 7, 8, 12 എന്നീ ഭാവങ്ങളില്‍ ഏതിലെങ്കിലും നിന്നാല്‍ ചൊവ്വാദോഷമുണ്ടെന്നും, ഇതുപോലുള്ള സ്ഥാനങ്ങളില്‍ ഏതിലെങ്കിലും ചൊവ്വ എതിര്‍ജാതകത്തിലുണ്ടെങ്കില്‍ മാത്രമേ അതിന് പരിഹാരം ആകുന്നുള്ളൂവെന്നുമുള്ള ചിന്തയാണ് രൂഢമൂലമായ നാട്ടാചാരമായി മാറിയത്. പില്‍ക്കാലത്ത് സ്ത്രീജാതകത്തിലെ ഭര്‍തൃമരണദോഷത്തിന് ചൊവ്വയെക്കൂടാതെയുള്ള ഭാര്യാമരണയോഗങ്ങളും പരിഗണിക്കാന്‍ തുടങ്ങി. അങ്ങനെ ഭാര്യാ-ഭര്‍തൃമരണ സൂചകങ്ങളുള്ള ജാതകങ്ങളെ പാപജാതകങ്ങളെന്നും, ഇത്തരം ദോഷങ്ങള്‍ ഇല്ലാത്തവ ശുദ്ധജാതകങ്ങളെന്നും മുദ്രയടിക്കപ്പെട്ടു. പാപജാതകത്തിന് പാപജാതകം തന്നെ വേണമെന്നും ശുദ്ധജാതകത്തിന് ശുദ്ധജാതകം തന്നെ വേണമെന്നുമുള്ള നിര്‍ബന്ധം മൂലം പല നല്ല വിവാഹാലോചനകളും നടക്കാതെ പോകുന്ന സ്ഥിതി വരെ വന്നുചേരാന്‍ കാരണമായി. വിവാഹം ആലോചിക്കേണ്ട വ്യക്തിക്ക് അത്യുത്തമമായ മേന്മകള്‍ എന്തുതന്നെ ഉണ്ടെങ്കിലും ശുദ്ധജാതകമല്ലെങ്കില്‍ ആ വിവാഹം നടക്കുകയില്ല. പാപജാതകമാണെങ്കിലും തഥൈവ.

പുരുഷജാതകത്തിലെ ഭാര്യാമരണഹേതുക്കളായ മറ്റ് യോഗങ്ങള്‍

1. ഏഴാം ഭാവത്തില്‍ ഒരു പാപഗ്രഹം നില്‍ക്കുകയും ആ പാപനെ മറ്റൊരു പാപന്‍ ദൃഷ്ടിക്കുകയും ചെയ്യുക.

2. ഏഴില്‍ ബലഹീനനായ ഒരു പാപഗ്രഹം നില്‍ക്കുക.

3. ഏഴില്‍ പാപഗ്രഹങ്ങളുടെ വര്‍ഗ്ഗത്തില്‍ നില്‍ക്കുന്ന ഗ്രഹം നില്‍ക്കുക.(ഇവിടെ അല്‍പം വിവരണം ആവശ്യമുണ്ട്. സാധാരണ ഗ്രഹങ്ങളുടെ ഗുണദോഷങ്ങള്‍ ചിന്തിക്കുന്നതിന് ആറുവര്‍ഗ്ഗങ്ങള്‍ പരിഗണിക്കാറുണ്ട്. അവ രാശി, ഹോര, നവാംശകം, ദ്രേക്കാണം, ത്രിംശാംശകം, ദ്വാദശാംശകം എന്നിങ്ങനെയാണ് ആ വര്‍ഗ്ഗങ്ങള്‍. ഇവയുടെയെല്ലാം അധിപന്മാര്‍ പാപഗ്രഹങ്ങളാകുന്നത് നാം ചിന്തിക്കുന്ന 7-ാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ ബലഹാനി സൂചിപ്പിക്കുന്നു)

4. ഏഴില്‍ പുത്രസ്ഥാനാധിപന്‍ അഥവാ അഞ്ചാം ഭാവാധിപന്‍ നില്‍ക്കുന്നത്.

5. ഏഴാം ഭാവാധിപന്‍ ഏഴില്‍ നില്‍ക്കുന്നത്.

6. ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍ ഏഴില്‍ നില്‍ക്കുന്നത്.

7. കര്‍ക്കിടകം ലഗ്നമായി ഏഴില്‍(മകരത്തില്‍) നീചസ്ഥനായ വ്യാഴം നില്‍ക്കുന്നത്.

8. ഇടവലഗ്നത്തിന് ഏഴില്‍   (വൃശ്ചികത്തില്‍) ശുക്രന്‍ നില്‍ക്കുന്നത്.

9. ഏഴാം ഭാവത്തില്‍ പാപയോഗം ചെയ്ത ശുക്രന്‍ നില്‍ക്കുന്നത്.

ഇതെല്ലാം ഭാര്യാനാശയോഗങ്ങള്‍ ആകുന്നു. ഈ പറഞ്ഞ യോഗങ്ങളില്‍ ഏഴാം ഭാവത്തിന് ശുഭഗ്രഹത്തിന്‍റെ ദൃഷ്ടിയോ യോഗമോ ഉണ്ടായെന്നിരിക്കും. എന്നാല്‍ ഭാര്യയുടെ ആയുസ് കുറവാണെങ്കില്‍ മാത്രമേ ഭാര്യാമരണം സംഭവിക്കുകയുള്ളൂ. ആയുസ് കുറവാണെങ്കില്‍ മേല്‍പ്പറഞ്ഞ ദോഷങ്ങള്‍ ഇല്ലെങ്കിലും ഭാര്യമരിക്കും. അപ്പോള്‍ മരണം ഒഴികെയുള്ള ദോഷങ്ങള്‍ ഭാര്യ അനുഭവിക്കാനിടവരും. അതായത് മരണം അല്ലാതെയുള്ള വിരഹം, രോഗദുരിതങ്ങള്‍ എന്നിവ എന്ന് സാരം. ഏതൊരാളും നല്ലതായാലും ദോഷമായാലും അയാളുടെ ജാതകത്തിലെ ഫലങ്ങളാണ് അനുഭവിക്കുക. പങ്കാളിയുടെ ജാതകത്തില്‍ അതെല്ലാം സൂചനയായിട്ടായിരിക്കും കാണുക. 

ജ്യോതിഷത്തില്‍ പുരുഷന് ഭാര്യാമരണം സൂചിപ്പിക്കുന്ന ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒരു ശുഭഗ്രഹത്തിന്‍റെ ദൃഷ്ടിയോ അല്ലെങ്കില്‍ യോഗമോ കൊണ്ട് പരിഹരിക്കപ്പെടും. എന്നാല്‍ സ്ത്രീജാതകത്തില്‍ അത് ഭാഗികമായി മാത്രമേ പരിഹരിക്കപ്പെടുന്നുള്ളൂ.

ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായിക്കാണുമല്ലോ, വിവാഹത്തിലൂടെ പങ്കാളിയുടെ ആയുസ് കുറയുകയോ കൂടുകയോ ചെയ്യുന്നില്ല. ആയുസ് സുനിശ്ചിതമാണ്. അതായത് മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്തത്. പാപസാമ്യം ആയുര്‍വേദത്തിന് പരിഹാരമേയല്ല. അതുകൊണ്ട് പാപസാമ്യമില്ല എന്ന പേരില്‍ വിവാഹാഘോഷങ്ങളില്‍ നിന്ന് പിന്മാറാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.

പി. ജയചന്ദ്രന്‍