പരദൈവങ്ങളെ യഥാവിധി ആരാധിച്ചില്ലെങ്കില്‍

പരദൈവങ്ങളെ യഥാവിധി ആരാധിച്ചില്ലെങ്കില്‍

HIGHLIGHTS

പരദേവത, ഭരദേവത, കുലദൈവം എന്നൊക്കെ പറയുകയും കേള്‍ക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അതെന്താണെന്ന് പക്ഷേ പലര്‍ക്കും അറിയില്ല. തങ്ങളുടെ പരദേവതയെ കണ്ടെത്തുന്നതെങ്ങനെയാണ്. പരദൈവങ്ങളെ യഥാവിധി ആരാധിച്ചില്ലെങ്കില്‍ എന്താണ് ദോഷം ...

 

വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും, പരദേവതയെ ഭക്തിപൂര്‍വ്വം പൂജിക്കണം. അതിലൂടെ മാത്രമേ കുടുംബത്തില്‍ ഐശ്വര്യം സമൃദ്ധിയായി ഉണ്ടാവുകയുള്ളൂ.

പരദേവത, ഭരദേവത, കുലദൈവം എന്നൊക്കെ പറയുകയും കേള്‍ക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അതെന്താണെന്ന് പക്ഷേ പലര്‍ക്കും അറിയില്ല. തങ്ങളുടെ പരദേവതയെ കണ്ടെത്തുന്നതെങ്ങനെയാണ,് പരദൈവങ്ങളെ യഥാവിധി ആരാധിച്ചില്ലെങ്കില്‍ എന്താണ് ദോഷം എന്നും അറിയില്ല.


ഒരു കുടുംബമോ ഒരു വംശമോ പാരമ്പര്യമായി-തലമുറ തലമുറകളായി സേവിച്ചു വരുന്നതും, കുടുംബത്തിന്‍റെയോ വംശത്തിന്‍റെയോ രക്ഷാച്ചുമതലയുള്ളതായി സങ്കല്‍പ്പിക്കപ്പെടുന്നതുമായ ദേവതയാണ് പരദേവത. അതായത് പരദേവത എന്നാല്‍ കുടുംബദേവത എന്നര്‍ത്ഥം. നമ്മുടെ വിശ്വാസമനുസരിച്ച് മനുഷ്യകുലത്തില്‍ പിറന്ന ഏതൊരു വ്യക്തിക്കും ഇങ്ങനൊരു പരദേവതയോ കുലദൈവമോ ഉണ്ടായിരിക്കും. കുടുംബത്തിന്‍റെ അല്ലെങ്കില്‍ വംശത്തിന്‍റെ രക്ഷയുടെ ചുമതലയുള്ളതിനാല്‍ ആ വംശത്തെ രക്ഷിക്കുന്നവന്‍ അഥവാ വഹിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് പരദേവത ഭരദേവതയായത്.

കുലത്തെ സംരക്ഷിക്കുന്നതിനാല്‍, ഒരു കുലത്തിന്‍റെ ദേവതയായതുകൊണ്ട് കുലദേവതയുമായി.

ഓരോ കുടുംബത്തിനും അല്ലെങ്കില്‍ വംശത്തിനും ആചരിക്കേണ്ടതായ ചില ധര്‍മ്മങ്ങളുണ്ട്. കുലത്തെ സംരക്ഷിക്കുന്ന ദേവതതന്നെയാണ് ആവിധ ധര്‍മ്മങ്ങളും ഭരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നത്.

വംശപാരമ്പര്യമനുസരിച്ചുള്ള ധര്‍മ്മങ്ങള്‍ക്കും വ്യക്തിനിഷ്ഠങ്ങളായ ധര്‍മ്മങ്ങള്‍ക്കും ആധാരം  ദേവി തന്നെയാണ്. അതിനാല്‍ ദേവി തന്നെ അവയെല്ലാം പാലിച്ചുകൊണ്ട് നില്‍ക്കുന്നതിനാല്‍ ദേവിയെ ധര്‍മ്മദേവതയായും കരുതപ്പെട്ടുപോരുന്നു.
അങ്ങനെ കുലധര്‍മ്മങ്ങളെ പാലിക്കുന്നതിനാല്‍ പരദേവത ധര്‍മ്മദേവതയുമാകുന്നു. ധര്‍മ്മദേവത വംശപാരമ്പര്യമായി സേവിക്കപ്പെട്ടുവരുന്ന ദേവതയാണ്. ഈവിധം പരദേവത, ഭരദേവത, കുലദേവത, ധര്‍മ്മദേവത എന്നിവയെല്ലാം ഒന്നുതന്നെയാണ്.

ഒരു വ്യക്തിക്ക് അച്ഛന്‍ വഴിയും അമ്മ വഴിയും പരദേവതമാര്‍ ഉണ്ടായിരിക്കും. അപ്പോള്‍ അത് രണ്ടും ഒരുപോലെ ആരാധിക്കപ്പെടേണ്ടവരാണ്. അവിടെ വേര്‍തിരിവോ ഏറ്റക്കുറച്ചിലോ ഉണ്ടാകരുത്. 'എന്തു ചെയ്തു പണ്ടുള്ളോരെന്നറിഞ്ഞതു ചെയ്യണം. ധര്‍മ്മദൈവം പ്രസാദിച്ചേ കുളിര്‍പ്പൂ തറവാടുകള്‍' എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍ പൂര്‍വ്വികര്‍ ആചരിച്ചിരുന്നത് ഏത് വിധമെന്നറിഞ്ഞ് അതേവിധം തന്നെ ആയിരിക്കുകയാണ് വേണ്ടത്.

പലരും ചോദിക്കാറുണ്ട്. പരദേവതാപൂജ ചെയ്തില്ലെങ്കില്‍ എന്താണ് കുഴപ്പമെന്ന്.
തീര്‍ച്ചയായും അതിന് അതിന്‍റേതായ ദോഷദുരിതങ്ങളുണ്ട്. പരദേവതാപൂജ യഥാവിധി ചെയ്തില്ലെങ്കില്‍ കുടുംബങ്ങളില്‍ ദുര്‍മരണങ്ങളും, രോഗദുരിതങ്ങളും, ദാമ്പത്യപ്രശ്നങ്ങളും, ഐശ്വര്യാപചയവും, സാമ്പത്തിക പരാധീനതകളും ഉറപ്പായും അനുഭവിക്കേണ്ടി വരും. അതായത് പരദേവത അഥവാ കുലദൈവം പ്രസാദിച്ചെങ്കില്‍ മാത്രമേ കുടുംബ ഐശ്വര്യം സമൃദ്ധിയായി ഉണ്ടാവുകയുള്ളൂ.

പഴയകാല കുടുംബ വ്യവസ്ഥിതിയില്‍ നിന്നൊക്കെ മാറി പറിച്ചുനടപ്പെടുന്ന 
അണുകുടുംബവ്യവസ്ഥിതിയിലേക്ക് മനുഷ്യന്‍ മാറിയപ്പോള്‍ അവന്‍ ആദ്യം തള്ളിക്കളഞ്ഞത് ഇപ്പറഞ്ഞ പരദേവതാ സങ്കല്‍പ്പത്തെയാണ്. കുലദൈവങ്ങളെയാണ്. അതിന്‍റെ ബുദ്ധിമുട്ടും പ്രയാസവുമൊക്കെയാണ് അവന്‍ അനുഭവിക്കുന്നത്. പുറമേക്ക് എല്ലാം തികഞ്ഞവനെന്ന് തോന്നുമെങ്കിലും കുലദൈവ അപ്രീതി മൂലം, അവനനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവനേ അറിയൂ.

വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും, പരദേവതയെ ഭക്തിപൂര്‍വ്വം പൂജിക്കണം. അതിലൂടെ മാത്രമേ കുടുംബത്തില്‍ ഐശ്വര്യം സമൃദ്ധിയായി ഉണ്ടാവുകയുള്ളൂ.
 

പരദേവതയാരെന്ന് എങ്ങനെ കണ്ടെത്തും?

ഒരു വ്യക്തിയുടെ അല്ലെങ്കില്‍ കുടുംബത്തിന്‍റെ പരദേവതയാരെന്ന് കണ്ടെത്തുവാന്‍ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും. ഇനി അഥവാ കുടുംബ പരദേവത ആരെന്ന് അറിയുവാന്‍ കഴിഞ്ഞില്ലെങ്കില്‍ സകല ദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ്. എങ്ങനയെന്നാല്‍ പരദേവത, കുലദേവത, ഭരദേവത, ധര്‍മ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെത്തന്നെയാണല്ലോ സൂചിപ്പിക്കുന്നത്.

ഇനി, തങ്ങളുടെ ധര്‍മ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധര്‍മ്മദൈവാരാധന നടത്തണമെന്നോ അറിയാത്തവര്‍ക്കും, മൂലകുടുംബത്തില്‍ നിന്ന് വേര്‍പെട്ട് മറ്റ് ദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും താമസിക്കുന്നതിനാല്‍ പരദേവതാപൂജ യഥാവിധി നടത്തുവാന്‍ സാധിക്കാത്തവരും ജഗദ്ജനനിയായ ദേവിയെ ആശ്രയിച്ചാല്‍ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാന്‍. കുടുംബദേവതകള്‍, ഗ്രാമദേവതകള്‍, ദേശദേവതകള്‍ മുതലായ എല്ലാ അംശശക്തികളും ചേര്‍ന്നുനില്‍ക്കുന്നത് ആ മഹാശക്തിയിലാണല്ലോ.

പി. ജയചന്ദ്രന്‍ 

Photo Courtesy - Google