ശിവഭൂതഗണങ്ങള്‍ നിര്‍മ്മിച്ച  പറമ്പന്തളി മഹാശിവക്ഷേത്രം

ശിവഭൂതഗണങ്ങള്‍ നിര്‍മ്മിച്ച പറമ്പന്തളി മഹാശിവക്ഷേത്രം

HIGHLIGHTS

നാഗരികമായ യാതൊരു ഭാവപ്പകര്‍ച്ചയുമില്ലാതെ പച്ചപ്പരവതാനിപോലെ പടര്‍ന്നു കിടക്കുന്ന പാടങ്ങളാലും  കുടപോലെ വിടര്‍ന്നു നില്‍ക്കുന്ന മരങ്ങളാലും മനോഹാരിത തുളുമ്പി നിറഞ്ഞൊഴുകുന്ന ജലാശയങ്ങളാലുമൊക്കെ സമ്പുഷ്ടമായ ഉയരമേറിയ പ്രദേശത്ത് കുടികൊള്ളുന്ന അതിപുരാതനക്ഷേത്രം; കുന്നിന്‍മുകളിലെ മഹാക്ഷേത്രം. ഏതാണ്ട് 3500 വര്‍ഷങ്ങള്‍ക്കു മുന്‍പ് പരശുരാമനാല്‍ പ്രതിഷ്ഠിതമായ പറമ്പന്തളി മഹാശിവക്ഷേത്രം.

നൂറ്റിയെട്ടു ശിവാലയങ്ങളിലൊന്ന്...

വിശാലമായ പറമ്പില്‍ ഇരുപത്തിയൊന്നു തളികള്‍ക്ക് ( പടികള്‍ക്ക്) മുകളില്‍ ചെന്നാല്‍ മഹാദേവപ്രതിഷ്ഠ കാണാം. മൂന്നു നിലകളിലായി കാണുന്ന പ്രൗഢഗംഭീരമായ ശ്രീകോവില്‍. പീഠമുള്‍പ്പെടെ ഏകദേശം ആറടിയോളം ഉയരവും അതിനു തക്ക വണ്ണവുമുള്ള ദിവ്യപ്രഭ ചൊരിയുന്ന ശിവലിംഗം. മഹാദേവന്‍ പടിഞ്ഞാറോട്ടു ദര്‍ശനമായി ധ്യാനഭാവത്തില്‍ കുടി കൊള്ളുന്നു. ദക്ഷയാഗം കഴിഞ്ഞ് അതീവ ക്രോധത്തോടെ നിന്ന ഭഗവാന്‍ ശാന്തവും സ്വച്ഛവുമായ സ്ഥലം കണ്ടപ്പോള്‍ അവിടമാണ് തനിക്കു ധ്യാനനിരതനാകാന്‍ പറ്റിയ സ്ഥലമെന്നു കണ്ട് സമുദ്രാഭിമുഖമായി ഏകാന്തമായി തപോധ്യാനത്തില്‍ മുഴുകി കോപവും ക്രോധവും ശമിപ്പിക്കുന്നതായാണ് സങ്കല്‍പ്പം.
എന്തുതന്നെയായാലും ഒരു തപോവനഭൂമിയുടെ എല്ലാ ചിഹ്നങ്ങളും പറമ്പന്തളിയില്‍ ദര്‍ശിക്കാന്‍ കഴിയും. മാടത്തില്‍ അഥവാ മാളികയില്‍ കുടികൊള്ളുന്നതിനാലാകണം ഭഗവാനെ മാടത്തിലപ്പന്‍ എന്ന പേരിലും അറിയപ്പെടുന്നത്.

അന്നൊരിക്കല്‍ ഭഗീരഥന്‍ തന്‍റെ പൂര്‍വികരുടെ ശാപമോക്ഷത്തിനു വേണ്ടി ഗംഗാദേവിയെ തപസ്സു ചെയ്യാന്‍ തുടങ്ങി. വളരെക്കാലത്തെ തപസ്സനുഷ്ഠാനത്തിനു ശേഷമാണ് ഗംഗാദേവി പ്രസാദിക്കുന്നത്.അങ്ങനെ ഗംഗ ഈ ലോകത്തേയ്ക്കൊഴുകാന്‍ തുടങ്ങി.
അതീവ ശബ്ദത്തോടും ശക്തിയോടും കൂടി ഭൂലോകത്തേക്കു പതിക്കുമ്പോള്‍ ആ ശക്തി താങ്ങാന്‍ മഹാദേവനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നതിനാല്‍ ഭഗീരഥന്‍ ഭഗവാന്‍ ശിവനെ തപസ്സു ചെയ്തു പ്രീതി സമ്പാദിക്കുന്നു.

അങ്ങനെ സകല ശക്തിയോടും കൂടി സംഹാരരുദ്രയെപ്പോലെ ശിവനെപ്പോലും ഒഴുക്കിക്കളയാമെന്ന അഹംഭാവത്തോടും അഹങ്കാരത്തോടും കൂടി ശിവന്‍റെ തിരുജടയിലേക്ക് ഗംഗ പതിക്കുന്നു.

തന്‍റെ ശക്തിയെ വെല്ലാന്‍ കഴിയുന്ന ആരും ഭൂലോകത്തില്ലെന്ന അഹങ്കാരത്തോടെ ജടയില്‍ പതിച്ച ഗംഗയ്ക്ക് പിന്നെ വഴികാണാനാകാതെ ഭഗവാന്‍റെ ജട പടലങ്ങളിലൂടെ അനേക വര്‍ഷം ചുറ്റിത്തിരിയേണ്ടിവന്നു.

ഗംഗാദേവിപോലും അപ്രത്യക്ഷയായി മാറിയ ആ തിരുജട വ്യാപിച്ചു കിടന്നിരുന്ന പറമ്പന്തളിയെന്ന ഭൂമി സമ്മാനിച്ച ചൈതന്യത്തെക്കുറിച്ചു പറയുവാന്‍ ഏതൊരു പണ്ഡിതനും വാക്കുകള്‍ തിരയേണ്ടിവരും. അത്രയ്ക്ക് വിസ്മയം നിറഞ്ഞതാണ് പറമ്പന്തളി മഹാദേവക്ഷേത്രവും ക്ഷേത്രം കുടികൊള്ളുന്ന ഭൂമികയും.

ഒരിക്കല്‍ വില്ല്വമംഗലം സ്വാമി പറമ്പന്തളിയില്‍ മഹാദേവ ദര്‍ശനത്തിനായെത്തി. അമ്പല ഭൂമിയിലെത്തിയ സ്വാമിയാര്‍ അമ്പലത്തിനു മുന്നിലെ വള്ളിച്ചെടികളും വേരുകളും കണ്ട് ഒരു നിമിഷം മിഴിച്ചു നിന്നു.  അദ്ദേഹം തറയില്‍ കമിഴ്ന്നിരുന്ന് ആ പടര്‍പ്പുകളും വേരുകളും വകഞ്ഞുമാറ്റി മുട്ടിലിഴഞ്ഞാണ് ഭഗവദ്ദര്‍ശനത്തി നെത്തിയതെന്നു പറയപ്പെടുന്നു. വള്ളിപ്പടര്‍പ്പുകളും വേരുകളും മഹാദേവന്‍റെ ജടയും താടിയുമാണെന്നു മനസ്സിലാക്കിയ വില്ല്വമംഗലം ശിവമന്ത്രമുരുവിട്ടാണ് അവിടെ നിന്നും യാത്രയായത്.

ഇന്നും അമ്പലത്തിനു ചുറ്റുമുള്ള മരങ്ങളും വള്ളിപ്പടര്‍പ്പുകളും വേരുകളും മുറിച്ചു മാറ്റാറില്ല. അവയെ തൊടാതെയാണ് ഭക്തര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത്. ആ പ്രദേശം മുഴുവന്‍ ഒരു കാലത്ത് ക്ഷേത്രം വകയായിരുന്നു.  ഇരുപത്തിയൊന്ന് ബ്രാഹ്മണ കുടുംബക്കാരായിരുന്നു അന്ന് അമ്പലവും വസ്തുവകകളും സൂക്ഷ്മതയോടെ നടത്തിപ്പോന്നത്. പിന്നെ കുടുംബങ്ങള്‍ പലതും ക്ഷയിച്ചു ശിഥിലമായതോടെ നടത്തിപ്പവകാശം ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്ക് വിട്ടുകൊടുത്തു. 

ഇന്നും ഊരാണ്മക്കാര്‍ അവര്‍ തന്നെ. നടത്തിപ്പില്‍ കൊച്ചിന്‍ ദേവസ്വത്തിനും ചുമതലയുണ്ട്. അമ്പല പരിസരത്ത് ഒരു കിണര്‍ ഇതുവരെ ഉണ്ടായിട്ടില്ല. താഴ്വാരത്തുള്ള ചിറയില്‍ നിന്നാണ് ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള വെള്ളം എത്തിക്കുന്നത്. ശ്രീകോവിലിനുള്ളിലെ ശിവപ്രതിഷ്ഠയ്ക്കു പിന്നില്‍ നൂലിട്ടാല്‍ എത്തിപ്പെടാത്ത ആഴത്തില്‍ ഒരു കിണര്‍ ഉണ്ടെന്ന് പഴമക്കാര്‍ പറയുന്നുണ്ട്. ആ കിണറിലേക്ക് ആരും എത്തിനോക്കാന്‍ പാടില്ലെന്നാണ് വയ്പ്.

മുന്‍പൊരിക്കല്‍ അവിടെ പൂജ നടത്തിയിരുന്ന മേല്‍ശാന്തി കിണറിന്‍റെ ആഴമറിയാനായി അതിലേയ്ക്ക് എത്തി നോക്കി. കിണറ്റിലേക്കു നോക്കിയ ശേഷം മേല്‍ശാന്തിക്ക് കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ ചെയ്ത ശേഷം വീണ്ടും കാഴ്ച തിരിച്ചു കിട്ടിയതായും ഒരു ചൊല്ലുണ്ട്. അന്നൊക്കെ ആ കിണറ്റിലെ വെളളമാണ് ക്ഷേത്രാവശ്യങ്ങള്‍ക്കുപയോഗിച്ചതെന്നും ഇപ്പോള്‍ ആ കിണര്‍വെള്ളം ഉപയോഗിക്കുന്നില്ലെന്നും ഏറെക്കാലം അവിടെ മേല്‍ശാന്തിയായിരുന്ന സുന്ദരന്‍ നമ്പൂതിരി പറയുന്നു.

യഥാര്‍ത്ഥത്തില്‍ മുല്ലശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലെന്നാണ് ഐതിഹ്യം. ഒറ്റരാത്രി കൊണ്ട് ശിവഭൂതഗണങ്ങള്‍ നിര്‍മ്മിച്ചതാണെന്നും നേരം വെളുക്കാറായപ്പോള്‍ ദേവന്മാര്‍ കോഴിയുടെ ശബ്ദത്തില്‍ കൂവിയപ്പോള്‍ പണിനിര്‍ത്തി ശിവഭൂതഗണങ്ങള്‍ യാത്രയായെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. അതിന്‍റെ പല അടയാളങ്ങളും അവിടെയുള്ളതായി കാണുന്നുണ്ട്.
ക്ഷേത്രത്തിന്‍റെ തറയില്‍ ഇന്നും പൗരാണികമായ വട്ടെഴുത്തുകള്‍ കാണുന്നുണ്ട്. ആര്‍ക്കും അതു വായിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിന്‍റെ ചുറ്റുപാടും നശിപ്പിച്ചു. ക്ഷേത്രം പൊളിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തൊള്ളായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രപുന:രുദ്ധാരണം നടത്തിയതായി ശിലാലിഖിതത്തിലുണ്ട്. നന്ദീശ്വരനില്ലാത്ത ശിവക്ഷേത്രമാണ് മുല്ലശ്ശേരി പറമ്പന്തളിയിലേത്. അതുപോലെ നമസ്ക്കാര മണ്ഡപവുമില്ല.

മഹാദേവന്‍റെ ഇടതുഭാഗത്തായി പടിഞ്ഞാറ് ദര്‍ശനവുമായി സുബ്രഹ്മണ്യസ്വാമിയുടെ അമ്പലമാണ്. തുലാമാസത്തിലെ ഷഷ്ഠിയാണ്  ഇവിടുത്തെ പ്രധാന ഉത്സവം. പതിനെട്ടു കരകളില്‍ നിന്നും ദേശക്കാവടികള്‍ ആഘോഷമായെത്തുന്നു. ഓരോ കരകളില്‍ നിന്നും ശൂലധാരികളും ധാരാളം വരുന്നുണ്ട്. ഇത് മുല്ലശ്ശേരിക്കാരുടെ ദേശീയോത്സവം എന്നു വേണമെങ്കില്‍ പറയാം. മഹാദേവനു പ്രധാനം ശിവരാത്രിയാണ്.  മുരുകന്‍റെ അമ്പലത്തിനടുത്തായി വടക്കോട്ടു ദര്‍ശനമായി വിനായകനുണ്ട്. 

നാലമ്പലത്തിനു പുറത്തായി ബ്രഹ്മരക്ഷസ്സ്, സര്‍പ്പക്കാവ്, ദേവീക്ഷേത്രം എന്നിവയുമുണ്ട്.
തൃശൂരില്‍ നിന്നും കാഞ്ഞാണി- ഗുരുവായൂര്‍ റൂട്ടില്‍ മുല്ലശ്ശേരി പറമ്പന്തളി ക്ഷേത്രത്തിലേക്ക് ഇരുപത്തിരണ്ടുകിലോമീറ്ററും ഗുരുവായൂരില്‍ നിന്നും ചാവക്കാട്- പാവറട്ടി വഴി ക്ഷേത്രത്തിലേക്ക് ഒന്‍പതു കിലോമീറ്ററുമാണ്. ദിനവും രാവിലെ അഞ്ചരയ്ക്ക് നട തുറക്കും. പത്തരയ്ക്ക് അടച്ചു കഴിഞ്ഞാല്‍ വൈകിട്ട് അഞ്ചരയ്ക്ക് തുറന്ന് രാത്രി ഏഴരയ്ക്ക് നട അടയ്ക്കും.

പറമ്പന്തളി മഹാദേവന്‍റെ അനുഗ്രഹം തേടി ദിനവും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.  ശിവകടാക്ഷം എല്ലാവരിലേയ്ക്കും ശരണമായെത്തുന്നു.

സ്വാമി പ്രേമസരസ്വതി
(9447725649)

 

 

Photo Courtesy - jyothisharathnam